അരുണിമ – 2

കാട്ടുവഴിയിൽ നിന്ന് അഞ്ച് നാൾ മുമ്പ് ബി.എസ് എഫ് ജവാൻമാർ പിടികൂടി ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ ‘ഉപേക്ഷിക്കുമ്പോൾ’ ഇവിടെ ഇങ്ങിനെ പെട്ടുപോകുമെന്ന് അരുൺ കരുതിയിരുന്നില്ല. ബർമ്മയിലേക്ക് പോകാൻ അരുണാചൽ വഴി എറെ കഷ്ടപ്പെട്ട് ഇവിടെ എത്തിയതാണ്. ബർമ്മയിൽ കലാപമാണെന്നും അവിടേക്ക് പോകാൻ കഴിയില്ലെന്നും അറിയാതെ തുടങ്ങിയ യാത്ര. അരുണിമ അത്രമേൽ ആഗ്രഹമായി സിരകളിൽ ഒഴുകുമ്പോൾ എന്ത് തടസ്സങ്ങൾ?. കാണണം, കൈപിടിച്ച് കൂടെ കൊണ്ടു പോരണം. ആ ചിന്തയിലാണ് മ്യാൻമാർ അതിർത്തിയിലേക്ക് എത്തിയത്. മ്യാൻമാറിലേക്കുള്ള കവാടം ഇന്ത്യ മ്യാൻമാർ ഫ്രണ്ട് ഷിപ്പ് റോഡിൽ. ആ പാലം കടന്ന് പോകും മുമ്പെയാണ് ബി.എസ് എഫ് ജവാൻമാർ പിടികൂടിയത്.

ഏറെ നാളെത്തെ ശാന്തതയ്ക്ക് ശേഷം മ്യാൻമാറിൻ്റെ അധികാരം പട്ടാളം പിടിച്ചിരിക്കുന്നു. തെരുവുകളിൽ കലാപം. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാരടക്കം ആയിരങ്ങൾ ജയിലുകളിൽ. വഴികളടച്ച് പട്ടാളം റോന്ത് ചുറ്റുകയാണ്. അതിർത്തി കടന്നെത്തുന്നവർ വെടിയേറ്റ് വീഴുകയോ ജയിലിലെത്തുകയോ ചെയ്യുന്നു.

‘ അരുൺ നിങ്ങൾക്ക് അവിടേക്ക് പോകാൻ കഴിയില്ല. അവിടെ കലാപമാണ്. നിങ്ങളെ കാത്തിരിക്കുന്നത് ജയിലോ മരണമോ ആവും. നിങ്ങൾ തിരികെ പോകൂ’. ബിഎസ് എഫ് ഓഫീസറുടെ ശാന്തമായ വാക്കുകൾ.

‘ഇല്ല സാർ … എനിക്ക് പോയേ പറ്റൂ അതിർത്തി തുറക്കുന്നത് വരെ ഞാനിവിടെ കാത്തിരിക്കാം’

‘എവിടെ …?’

‘ഇവിടെ… ഈ മലമടക്കുകളിലെ എതെങ്കിലും കുടിലിൽ ഈ മനുഷ്യർക്കൊപ്പം എന്തെങ്കിലും ജോലി ചെയത് കഴിഞ്ഞോളാം. എത്രയോ രാജ്യങ്ങളിൽ, എത്രയോ തെരുവുകളിൽ അലഞ്ഞിട്ടുണ്ട്. കടത്തിണ്ണകളിൽ, കുടിലുകളിൽ, അവശരായ മനുഷ്യർക്ക് ഒപ്പം പട്ടിണിയിൽ കഴിഞ്ഞിട്ടുണ്ട്. ‘

‘ശരി നിങ്ങളുടെ ഇഷ്ടം … പക്ഷെ ഒരിക്കലും നിങ്ങളാപാലം കടന്ന് പോകരുത്. ചുറ്റിലും കാഴ്ചക്കാരായി എത്തിയ കുറെ പഴയ മനുഷ്യരുടെ ഇടയിൽ അരുണിനെ ഒഴിവാക്കി ബി എസ് എഫ് വാഹനം പോയി.

ഭാവഭേദങ്ങളില്ലാത്ത ആ മനുഷ്യർക്കിടയിൽ അൽപ്പനേരം അരുൺ അവരെ നോക്കി നിന്നു. പ്രായം പകുത്തെടുത്ത വരണ്ട മുഖങ്ങളിൽ ആഴത്തിലുറപ്പിച്ച മങ്ങിയ കണ്ണുകളുള്ള മഞ്ഞമനുഷ്യർ.

മ്യാൻമാറിലേക്ക് പോയെ പറ്റൂ. ബി എസ് എഫ് ജവാന്മാരുടെ അൽപ്പം മുമ്പുള്ള ഉപദേശം കണക്കിലെടുക്കാതെ അരുൺ ആ ഇരുമ്പ് പാലത്തിന് ചുവട്ടിലേക്ക് നടന്നു. പാലത്തിലെ ഇന്ത്യാ മ്യാൻമാർ ഫ്രണ്ട്ഷിപ്പ് റോഡ് എന്ന ബോർഡും കടന്ന് മുന്നോട്ട്. കാട്ടാറിന് കുറുകെയുള്ള ആ ചെറുപാലത്തിൽ അവനെ തടയാൻ ആളുകളാരും ഉണ്ടായിരുന്നില്ല. പാലം കടന്ന് റോഡിലിറങ്ങി നോക്കി, ആരുമില്ല. വളവ് തിരിഞ്ഞ് മലനിരകളുടെ തുടക്കമായപ്പോൾ എവിടെ നിന്നാണ് അവർ വന്നതെന്ന് അരുൺ കണ്ടില്ല. പട്ടാളക്കാർ, മ്യാൻമാർ പട്ടാളം. അവർ അവനെ പിടിച്ചു ഉലയ്ക്കുമ്പോഴേക്കും അവരുടെ വണ്ടിയും എത്തി.

ചോദ്യങ്ങൾക്കും സംസാരങ്ങൾക്കും മുമ്പെ മുഖത്തേറ്റ അടിയിൽ അവൻ ഉലഞ്ഞ് പോയി. ചോദ്യങ്ങൾക്കുത്തരം കാക്കുമുമ്പെ പുറകിൽ നിന്ന് ചവിട്ടിവീഴ്ത്തി. പിടിച്ചെഴുന്നേൽപ്പിച്ച് റോഡരുകിൽ കുനിച്ചിരുത്തുമ്പോൾ തൻ്റെ തലക്ക് നേരെ ചൂണ്ടപ്പെട്ടിട്ടുള്ള തോക്കുകൾ ഒരുമാത്ര അരുൺ കണ്ടു. മരണമിങ്ങെത്തിയോ?. മുഖം എവിടെയോ മുറിഞ്ഞ് താടിരോമങ്ങൾക്കിടയിലൂടെ ചോര താഴേക്ക് ഒഴുകുന്നത് അവൻ അറിഞ്ഞു.

അരുണിമാ… നിന്നെ കാണാതെ ഞാനിതാ കൊല്ലപ്പെടാൻ പോകുന്നു… നീ അറിയുന്നോ നിന്നെ തേടി എത്തിയ ഞാൻ നിൻ്റെ നാട്ടിൽ, നിൻ്റെ മണ്ണിൽ, നിൻ്റെ ഹൃദയതാളത്തിന് ചുവട്ടിൽ മരണത്തെ നോക്കി കാണുന്നു എന്ന്. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ നിൻ്റെ ഓർമ്മകൾക്കുള്ളിലൂടെ എന്നെ തുരന്ന് ഒരു തീയുണ്ട കടന്ന് പോകും. ഒരു പിടച്ചിലിൽ ഞാൻ ഇല്ലാതാകും. പ്രിയേ നീ അറിയുമോ ഞാൻ നിന്നെ തേടി എത്തിയിരുന്നുവെന്ന്.

അരുണിൻ്റെ പ്രാണനുമേലെ ഇരുൾ വന്ന് മൂടി.

( തുടരും )

 
കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.