അരുണിമ – 13

കണ്ണുകളിൽ ഊറിയ നനവിന് മുന്നിൽ കണ്ട് മറന്ന ഒരു മുഖമെത്തിയത് എപ്പോഴാണെന്നറിയില്ല. അത് അയാളാണ്, മധുരം നിറച്ച മുളംതണ്ടുകൾ ചുട്ടെടുത്ത് വിൽപ്പന നടത്തുന്നയാൾ. അരുണിമയെ കണ്ട ആദ്യ യാത്രയിൽ അയാളിൽ നിന്ന് മധുരം വാങ്ങികഴിച്ചത് അരുണിന് ഓർമ്മവന്നു. കുറച്ച് നാൾ കൊണ്ട് ആ മനുഷ്യൻ വൃദ്ധനായതുപോലെ. ചിരി മാഞ്ഞ മുഖത്തോടെ ആശ്ചര്യപ്പെട്ട് അയാൾ അരുണിനെ നോക്കി. നൂറായിരം ചോദ്യങ്ങളോടെ അരുണും.

ഈ നാട്ടിലേക്ക് സാർ വരേണ്ടായിരുന്നു. ഇവിടെ ഇനി ആരുമില്ല, എല്ലാം നശിച്ചു. ഓരോരുത്തരെയും അവർ കൊന്നുകളഞ്ഞു. കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല. പ്രാണൻ കിട്ടിയവർ കിട്ടിയതുംകൊണ്ട് മലനിരകൾ താണ്ടി പോയി. അയാളുടെ വർത്തമാനങ്ങളിൽ കണ്ണുനീരിൻ്റെ നനവുണ്ടായിരുന്നു.

അരുണിമ….?

2023 ഫെബ്രുവരിയിൽ ആദ്യ ആഴ്ചയിൽ സാഹിങ്ങ് മേഖലയിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പട്ടാളവാഴ്ചക്ക് എതിരെ യുവാക്കളും ജനാധിപത്യവിശ്വാസികളും ഗോത്രവർഗപ്പോരാളികളും കൂട്ടുചേർന്നു. പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് എന്ന പ്രതിവിപ്ലവ സംഘടനയുടെ രൂപീകരണമായി. പട്ടാളവും പീപ്പിൾസ് ഡിഫൻസ് ഫോഴ്സുമായി നിരന്തരമായ ഏറ്റുമുട്ടലുകളായി. പട്ടാളം വീടുകൾ കയറി ഇറങ്ങി. കണ്ണിൽ കണ്ടെതെല്ലാം തച്ചുതകർത്തു. യുവാക്കളെ കൊന്നു തള്ളി. സ്ത്രീകളെ ക്രൂരമായി ബലാൽസംഗം ചെയതു. ഒട്ടേറെപ്പേരെ പിടികൂടി കൊണ്ടുപോയി .

ഉയർന്ന കുന്നിൻപുറങ്ങളിൽ പതിയിരുന്ന് പോരാളികൾ പട്ടാള വാഹനങ്ങൾ അക്രമിച്ചു. ഒട്ടേറെ പട്ടാളക്കാരും കൊല്ലപ്പെട്ടു. പട്ടാളം പതിയെ പിൻവാങ്ങി. പക്ഷെ അത് ഗ്രാമത്തിന് മീതെ തീമഴ പെയ്യിക്കാനായിരുന്നു. റഷ്യയിൽ നിന്ന് വാങ്ങിയ യുദ്ധവിമാനങ്ങൾ ഒരു ശത്രുരാജ്യത്തോടെന്നവണ്ണം സ്വന്തം ജനതക്ക് മേൽ തീമഴയായ്.
സാഹിങ്ങിലെ ഓരോ ഗ്രാമവും ഭസ്മമായി. അരുണിമയുടെ കബെലാൺ ഗ്രാമം ജീവനേതുമില്ലാതെ തകർക്കപ്പെട്ടു. 170 ജീവനുകൾ അവിടെ മാത്രം ഇല്ലാതായി.

സർ ഇവിടെ ആരുമില്ല. കാണുവാൻ ഒന്നുമില്ല. അയാൾ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

അരുണിമ…..?

ആ ചോദ്യം അയാളുടെ കണ്ണുകളിൽ ചെറു തിളക്കമുണ്ടാക്കി. നിങ്ങൾക്ക് അരുണിമയെ കാണണമോ..?

ഇരാവതിയുടെ തീരത്തുകൂടെ അരുൺ അയാളുടെ പിന്നാലെ നടന്നു. കത്തിയമർന്ന കുടിലുകളുടെ അസഹനീയ കാഴ്ചകളിലൂടെ. കാലമെത്തു മുമ്പെ പൊലിഞ്ഞു പോയ ആത്മാക്കൾക്കിടയിലൂടെ. മനുഷ്യൻ്റെ മണത്തിന് മേൽ മരണത്തിൻ്റെ മണം പേറുന്ന വഴിയിലൂടെ നിശബ്ദനായി അവർ നടന്നു.

പുതുതായി കെട്ടിഉയർത്തിയ മൂന്ന് നാല് കുടിലുകൾക്ക് മുന്നിൽ ആ യാത്ര അവസാനിച്ചു. അകത്തും പുറത്തുമായി നിശബ്ദരായി കുറച്ച് മനുഷ്യർ . കുടിലുകളുടെ തറയിൽ വെറും നിലത്ത് വീണു പോയതുപോലെ ചിലർ. അങ്ങെ അറ്റത്തെ കുടിലിന് മുന്നിലെ തൂണിൽ ചാരിയിരിക്കുന്ന രൂപത്തിന് നേരെ അയാൾ വിരൽ ചൂണ്ടി.

അരുൺ ഞെട്ടലോടെ ആരൂപത്തെ തിരിച്ചറിഞ്ഞു. അരുണിമ …..

നിറങ്ങളേതുമില്ലാത്ത ആകാശ ചുവട്ടിൽ ആകുലരായ മനുഷ്യരുടെ നെടുവീർപ്പുകൾക്കിടയിൽ അവർ പരസ്പരം കണ്ടു. ആ കാഴ്‌ച, ആ കൂടിച്ചേരൽ, എത്രയോ വട്ടം അരുൺ സ്വപ്നം കണ്ടിരുന്നു . തൊട്ടും തലോടിയും വാരിപ്പുണർന്നും ചുംബിച്ചും മതിവരുവോളം പരസ്പരം നോക്കി കാണുന്ന കാഴ്ചയുടെ കിനാവിലായിരുന്നു അയാളുടെ യാത്ര.

മഞ്ഞ് വീണ് വിളറി വെളുത്തപോൽ നിറങ്ങൾ അലിഞ്ഞുപോയ മുഖവുമായി നിർവ്വികാരമായി അവൾ അയാളെ നോക്കി നിന്നു. പ്രണയം ഒഴിഞ്ഞു പോയ മിഴികളിൽ കാലമേൽപ്പിച്ച വേദനയുടെ നനവുകൾ പടരുന്നത് അരുൺ കണ്ടു. തനാക്ക തേച്ചു ചുവപ്പിച്ച കവിളുകളിൽ തകർന്ന ജീവിതത്തിൻ്റെ കരിവാളിപ്പുകൾ വീശി നിന്നു.

വരണ്ടുപോയ ചുണ്ടുകളിൽ വിരിയാൻ ഒരു പുഞ്ചിരി പോലുമില്ലാതെ അവൾ അരുണിനരികിൽ നിന്നു. അവൻ അവളുടെ കൈയിൽ പിടിച്ചു. നേർത്ത തൂവൽ പോലെ അത് തണുത്ത് പോയിരുന്നു. ജീവസറ്റ ഒരു ശരീരത്തോട് ചേർന്ന് നിൽക്കുന്നതുപോലെ. ഒരു നാളിൽ എത്ര ആർത്തിയോടെ മുത്തമിട്ട കൈകളാണിത്. അവൻ്റെ കണ്ണുകളിൽ നീർ പൊടിഞ്ഞു.

അരുണിമ നീ എത്ര കണ്ട് മാറിയിരിക്കുന്നു. അഴുക്ക് നിറഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ നീ പാതി കെട്ടു പോയിരിക്കുന്നു. പ്രണയം നിറഞ്ഞ കണ്ണുകൾ അകൽച്ചയുടെ കാഴ്ച ആകുന്നു.

അങ്ങ് വരേണ്ടിയിരുന്നില്ല…..

അവൾ ആരോടെന്നില്ലാതെ പറയും പോലെ തോന്നി.

ഇരാവതിയുടെ തീരത്ത് വെച്ച് നിൻ്റെ കൈ പിടിച്ച് ഞാൻ വരുമെന്ന് സത്യം ചെയ്തത് മറന്നുവോ ?.

ഒന്നും മറക്കാനെനിക്കാവില്ല. ആ ഓർമ്മകളിലായിരുന്നു ഞാൻ. ഓരോ ഓരോ പകലും ഓരോരോ രാവും ഞാൻ അങ്ങയെ കാത്തിരുന്നിട്ടുണ്ട്. ഇരാവതിയുടെ അലകളിൽ തലോടി കടന്ന് പോകുന്ന കാറ്റിനോട്, സാഹിങ്ങിൻ്റെ ആകാശങ്ങളിൽ വിരിയുന്ന നക്ഷത്രങ്ങളോട്, വഴിനീളെ നിറച്ചാർത്തൊരുക്കുന്ന വാകമരങ്ങളോട്, മഞ്ഞിനോടും മഴയോടും മരങ്ങളോടും അങ്ങയോടെന്ന പോലെ വർത്തമാനങ്ങൾ പറഞ്ഞിട്ടുണ്ട്.

കാത്തിരിക്കയായിരുന്നു ഞാൻ. കൈകൾ കോർത്ത് ഹിമഗൃംഗങ്ങൾ കടന്ന് അങ്ങയുടെ നാട്ടിലേക്ക് പോകുന്ന സ്വപ്നങ്ങൾ കണ്ട് കാത്തിരിക്കയായിരുന്നു ഞാൻ.
പക്ഷെ പ്രണയവും സ്വപ്നവും ചേർന്ന് അങ്ങയെ കാത്തിരുന്ന അരുണിമ ഇന്നില്ല. നീ കാണുന്നില്ലെ എന്നെ ? നിനക്കായ് ഒന്നും സൂക്ഷിക്കാത്ത ഒരു രൂപം മാത്രമാണ് ഞാൻ. പ്രണയവും കാമവും സന്തോഷവും ഒന്നും ഈ നെഞ്ചിലില്ല. അരുൺ നിങ്ങൾ വരേണ്ടിയിരുന്നില്ല. ഈ നശിച്ച നാട്ടിൽ നിന്ന് നിങ്ങൾ പെട്ടെന്ന് മടങ്ങിപ്പോകു.

നീയില്ലാതെ ഞാൻ പോകില്ല. എത്ര ബുദ്ധിമുട്ടിയാണ് ഞാൻ എത്തിയതെന്നറിയുമോ ?. അരുൺ‌ അവളുടെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നന്മധാവിൻ്റെ ക്രൂരതയക്കിരയായി ആ മലഞ്ചെരുവിൽ ചവിട്ടി അരയ്ക്കപ്പെടുമ്പോഴും കത്തിയെരിയുന്ന കുടിലുകൾക്കുള്ളിൽ അച്ഛനും അമ്മയും ചുട്ടെരിക്കപ്പെടുമ്പോഴും അവളിങ്ങനെ കരഞ്ഞിട്ടില്ല. ആ കൈകളിൽ ചേർന്ന് നിൽക്കാൻ അവൾ കൊതിച്ചു. പ്രാണൻ പകുത്തെടുത്ത പോലെ അശകതയായി അവൾ നിന്നു.

അരുൺ ഒരിക്കലും വിരിയാത്തവണ്ണം എൻ്റെ പ്രണയം മറഞ്ഞു പോയ്. ഈ കുടിലുകളിൽ വേദനയിൽ പിടയുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട്. ആ തറയിൽ പാതിവെന്ത മനുഷ്യർക്കൊപ്പം കിടക്കുന്ന ഒരാൾ എൻ്റെ സഹോദരനാണെന്ന് അറിയുമോ. അവർക്കരികിൽ ഞാൻ വേണം.

അരുണിമ, എനിക്ക് നിന്നെ ഉപേക്ഷിക്കാനാവില്ല.

ഇല്ല അരുൺ ഞാൻ വരില്ല. അവളുടെ വാക്കുകളുടെ ശക്തിയിൽ അവൻ അറിയാതെ അവളുടെ കൈവിട്ടു. അവൾ കണ്ണുകൾ തുടച്ചു. ആകുലതകളില്ലാത്ത മുഖം. നിർവികാരമായ് . ആ കണ്ണുകളിൽ അരുണിമ നഷ്ടമാകുന്നത് അരുൺ കണ്ടു.

അരുൺ എൻ്റെ പ്രാണൻ ഞാൻ നിങ്ങൾക്ക് തന്ന് വിടുകയാണ്. നമ്മുടെ പ്രണയം സത്യമെങ്കിൽ ഒരിക്കൽ ഞാൻ അങ്ങയെ തേടി വരും. രണ്ട് രാജ്യങ്ങളുടെ അതിർവരമ്പുകളിൽ വിഭജിക്കപ്പെട്ട രണ്ട് മനസ്സുകൾ. നിശബ്ദമായി അരുൺ പതിയെ തിരികെ നടന്നു. ഇരാവതിയുടെ തീരം ഇരുട്ട് പുതച്ച് തുടങ്ങി. അവിടെ നനുത്ത കുളിരിൽ ഇത്തിരി വെട്ടംതൂകി രണ്ട് മിന്നാമിന്നികൾ പ്രണയം പറയുന്നുണ്ടായിരുന്നു.

( അവസാനിച്ചു )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.