ആ ബുദ്ധമൊണാസ്ട്രിയുടെ ശാന്തതയിലേക്ക് അരുൺ ആനയിക്കപ്പെട്ടു. ആരാണ് .. എന്താണ് … എവിടേക്കാണ് … എന്തിനാണ് ? ഒരു ചോദ്യങ്ങളുമുണ്ടായില്ല. അപരിചിതത്വത്തിൻ്റെ അകറ്റി നിർത്തലുകളുണ്ടായില്ല. മുന്നിലെ പ്രതിമകളിൽ വിരിയുന്ന അഭൗമമായ പുഞ്ചിരി പോലെ ഓരോ ബുദ്ധഭിക്ഷുവും ചിരിതൂകി . അനേക നാൾകണ്ട പരിചിതം പോലെ കുമ്പിട്ടു .സൗമ്യതയും കാരുണ്യവും സ്നേഹവും ആവോളം നൽകുന്ന സന്യാസിമാർ …. അതേറെ നൽകിയ നാലു മനുഷ്യർ തന്നെ പിരിഞ്ഞകന്നതെയുള്ളു.
ഈരാവതിയുടെ ചെറു ഓളങ്ങളെ ചുവപ്പിച്ച് സൂര്യൻ മലനിരകൾ കടന്ന് പോയി…. ക്ഷേത്രം അലങ്കരിക്കുന്ന തിരക്കിലാണ് ബുദ്ധഭിക്ഷുക്കൾ
നൂറുകണക്കിന് കൊടികളും തോരണങ്ങളും കൊണ്ട് പഗോ ഡയും മിനാരങ്ങളും സുന്ദരമാക്കിയിരിക്കുന്നു. കത്തിച്ചു വച്ച ദീപങ്ങളുടെ മനോഹരമായ കാഴ്ചകൾ. പാറി നടക്കുന്ന കാവി പുതച്ച കുട്ടി സന്യാസിമാർ മറ്റൊരു ദീപങ്ങളായി. ഇന്ന് പൗർണമിയാണ്, ബുദ്ധ പൗർണമി.
ഏറെനാൾ കൂടി രുചിയുള്ള ഭക്ഷണം കഴിച്ച സന്തോഷത്തോടെ ഒരു തടുക്കിൽ അരുൺകിടന്നു. ഭജനും പാട്ടുമായി രാത്രി ഏറെയായിരിക്കുന്നു.
നടന്ന് തീർത്ത യാത്രകളുടെ ക്ഷീണം ശരീരത്തെ വല്ലാതാക്കിയിരിക്കുന്നു … പാചെയെക്കുറിച്ച് ഓർത്തപ്പോൾ അരുണിൻ്റെ നെഞ്ച് പിടഞ്ഞു.
അവർ എവിടെ ആയിരിക്കും.
ഇരാവതിയിൽ നിന്ന് തണുത്ത കാറ്റ് തലോടി പോകുന്നു. കത്തിച്ചു വെച്ച ചിരാതുകളുടെ വെളിച്ചത്തിൽ താഴെ ഇരാവതിയുടെ കറുത്ത ഇരുളിമ കാണാം . ആ ഇരുളിമയ്ക്കക്കരെ മിന്നിത്തെളിയുന്ന ദീപങ്ങൾ അരുണിമയിലേക്കുള്ള വഴികാട്ടിയാണ് . അടയാളങ്ങൾ പറഞ്ഞ് അവിടേയ്ക്കുള്ള വഴി ബുദ്ധഭിക്ഷുക്കളിൽ നിന്ന് അരുൺ ചോദിച്ചു മനസിലാക്കി.
ഇരാവതിയുടെ തണുപ്പ് അരുണിൻ്റെ ഹൃദയത്തിൽ കുളിരായി പെയ്തിറങ്ങി. ഈ നദിക്കപ്പുറം ഒരു കൊച്ചുഗ്രാമത്തിൽ അവളുണ്ട്
മഞ്ഞു പൂക്കുന്ന ഈ പൗർണമി രാവിൽ ഊർന്ന് വീണ സ്വപ്നങ്ങൾ പുതച്ച് അവൾ ഉറക്കമാവും. കാണുമ്പോൾ അവൾ അമ്പരന്ന് പോകും. അവിശ്വസിനീയമായി നോക്കും. പിന്നെ ഓടി വന്ന് കെട്ടിപ്പുണരും. സന്തോഷത്തിൻ്റെ കണ്ണുനീർ തൻ്റെ നെഞ്ചാകെ ഒഴുകും – ആ നെറ്റിമേൽ താൻ മൃദുവായി ചുംബിക്കും… കെട്ടിയുയർത്തിയ സ്വപ്നങ്ങൾക്ക് മേൽ അരുൺ ഉറങ്ങാൻ കിടന്നു.
ഇരാവതിയുടെ തണുപ്പിന് മീതെ വെളിച്ചം വീണു തുടങ്ങി. തണുപ്പിൽ നിന്നും ഉണർന്ന മഞ്ഞിൻ ധൂളികൾ ആകാശങ്ങളിലേക്കു മഴവില്ല് വിരിയിച്ച് പറന്നകലുന്ന മനോഹര കാഴ്ച കൺകുളിർക്കെ കണ്ട് ബുദ്ധഭിക്ഷുക്കൾ നൽകിയ ബർമീസ് ചായയുടെ കരുത്തിൽ അരുൺ അടുത്ത യാത്രക്ക് റെഡിയായി.
അരുൺ പോകുന്ന സ്ഥലം സാഹിങ്ങ് മേഖലയിലേക്കാണെന്ന് ബുദ്ധ ഭിക്ഷുക്കൾ മനസിലാക്കിയിരുന്നു. അവിടേയക്കുള്ള വഴി പറഞ്ഞ് കൊടുക്കുമ്പോൾ അവർ പലപ്പോഴും. മൗനത്തിലാണ്ടു. നദിക്കക്കരെ ജീവിതം മറ്റ് വഴിയിലാണ് … അശാന്തമാണവിടെ … പട്ടാള ഗവർമെൻ്റിനെതിരെ ‘പോരടിക്കുന്ന വിമതരുടെ ജനാധിപത്യവാദികളുടെ മേഖല . പട്ടാളം അവിടുത്തെ ഗ്രാമങ്ങൾ എല്ലാം ചുട്ടെരിച്ചു .. ഗോത്രവർഗങ്ങളുടെയും ഒളിപ്പോരാളികളുടെയും ക്യാമ്പുകളിൽ ബോംബുകൾ വർഷിച്ചു.. ആഞ്ഞുവീശിയ കൊടുങ്കാറ്റുകൾ പോലെ ഗ്രാമങ്ങൾ നിലംപൊത്തി. അഗ്നി വിഴുങ്ങിയ ഗ്രാമങ്ങൾ ചിതകളായി. ആ ചിതകൾ അണഞ്ഞിട്ടുണ്ടാവില്ല. അവിടേക്കാണ് ഈ മനുഷ്യൻ പോകുന്നത്. എന്തിന് ? ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ നശിപ്പിക്കുന്നത് . ബുദ്ധം ശരണം ഗച്ഛാമി.
ആ മൊണാസ്ട്രിയുടെ സൗമ്യതയോട് യാത്ര പറഞ്ഞ് താഴെ ഇരാവതിയുടെ കടവുകളിലേക്ക് അരുൺ നടന്നു. നദിയുടെ തീരത്ത് വന്നടുത്ത ബോട്ടുകളിൽ ആളനക്കങ്ങൾ കുറവ്. താൻ ആദ്യം കാണുമ്പോൾ ഈ നദി കലങ്ങി മറിഞ്ഞ് ഒഴുകുകയായിരുന്നു. നദിയിലെവിടെയും തിക്കിതിങ്ങിയ ആൾക്കൂട്ടങ്ങളെ പേറുന്ന ബോട്ടുകളും ചെറുവള്ളങ്ങളുമായിരുന്നു. കലങ്ങി മറിഞ്ഞ് ഒഴുകുന്ന ഇരാവതിയിലേക്ക് കണ്ണുനട്ടിരുന്നാണ് താൻ അരുണിമയോട് പ്രണയം പറഞ്ഞത്.
കുറച്ചാളുകൾ കയറിയ ചെറുബോട്ടിൽ കയറിപ്പറ്റി. പട്ടാളക്കാരുടെ പരിശോധന ഉണ്ടാകുമോയെന്ന് ഭയപ്പെട്ടു. മറുകരയിൽ അവർ ഉണ്ടാകും വെയിൽ പരന്ന് തുടങ്ങിയിരിക്കുന്നു. നദിയിലെ കറുപ്പ് മാഞ്ഞ് കഴിഞ്ഞിരിക്കുന്നു. സിക്കിമിലെ തെസ്തയെപ്പോലെ ഇരാവതിയും നീല സുന്ദരിയാണ്. അടുത്തിരുന്ന യാത്രികർ വെറുതെ നോക്കി പുഞ്ചിരിക്കുന്നു. ഈ പുഞ്ചിരി ഇവരുടെ ശീലമാണ് .
നദിക്കക്കരെ ബോട്ടിറങ്ങുമ്പോൾ അരുണിനെ തടസപ്പെടുത്താനോ ചോദ്യം ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. ആളൊഴിഞ്ഞ കടവിൽ ബോട്ട് ജീവനക്കാരും മറ്റും വെറുതെ പരതി നടന്നു. കടവിൻ്റെ സ്റ്റെപ്പ് കയറി റോഡിലെത്തി. റോഡിൽ ആരുമില്ല വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ല. തൊട്ടു മുന്നിൽ ബോട്ടിറങ്ങി നടക്കുന്ന ആളോട് പോകേണ്ട വഴി ആയാസപ്പെട്ട് ചോദിച്ച് മനസിലാക്കി അരുൺ പതിയെ നടന്നു.
ഒരു മൊണാസ്ട്രീക്ക് മുന്നിലൂടെ ചെറുകുന്നുകളെ ചുറ്റി ഇരാവതിയുടെ ഓരം ചേർന്ന് അകലെ അകലെയുള്ള കുന്നുകൾക്കിടയിലേക്ക് . മുന്നിലെ വഴി തെളിഞ്ഞു കിടന്നു . ആ കുന്നുകൾക്ക് അപ്പുറം വാകമരങ്ങൾ തണലൊരുക്കി കാത്തിരിപ്പുണ്ടാകാം. ചുവന്ന പൂക്കൾ വീണ് ഒരുങ്ങിയ വഴിയിൽ
സ്വപ്നങ്ങളുടെ കൂടൊരുക്കി മറ്റൊരു ചുവന്ന പുഷ്പമായി അവൾ അരുണിമ, കാത്തിരിക്കുന്നുണ്ടാവാം. അരുൺ പതിയെ നടന്നു .
( തുടരും )