ആ നടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കാടിൻ്റെ ഇരുളിമയിൽ ദിനരാത്രങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ഒടുക്കമില്ലാത്ത യാത്ര അതങ്ങനെ നീളുകയാണ്. ചവിട്ടി കടന്ന് പോകുന്ന വനഭൂമികൾക്ക് മുന്നിലായ് പിന്നെയും പിന്നെയും ഇരുൾ നിറച്ച് കാട് കാത്തിരിക്കുന്നു.
ഇടയ്ക്ക് പെയ്ത മഴ യാത്ര മടുപ്പാക്കി മാറ്റി. മഴ ഒഴിയും വരെ പാറക്കൂട്ടങ്ങൾക്കിടയിൽ കാത്തിരിക്കേണ്ടി വന്നു. ഭക്ഷണം അതും വലിയ പ്രശ്നമായ് . കരുതിയിരുന്ന ധാന്യമണികൾ എത്രയോ ദിവസം മുമ്പ് തീർന്നു. ഗോത്ര പോരാളികൾ കൂടി ഒപ്പം കൂടിയതോടെ ഒന്നും തികയാതായി. വിശപ്പ് പലപ്പോഴും ആധിയായ് വരുന്നത് അരുൺ അറിഞ്ഞു.
വേണ്ടിയിരുന്നോ…. എന്തിനാണ് ഈ യാത്ര ഒരു പകലിൽ, അപരിചിതമായ പാതവക്കിൽ കണ്ടു ചിരിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി എന്തിനിങ്ങനെ ? തളർന്ന് തുടങ്ങിയ ശരീരത്തിനും വരണ്ടുണങ്ങിയ ചുണ്ടിനും നാവിനും ഇടയിൽ മനസ് മാറി പോകുമോ എന്ന് അരുൺ ഭയപ്പെട്ടു. ഇല്ല. അരുണിമ.. ആ മുഖം കണ്ടനാൾ മുതൽ അവൾ ജീവിതത്തിൻ്റെ ഭാഗമായി പോയി… അവളില്ലാതെ അവളോടൊപ്പമല്ലാതെ മറ്റൊരു കാഴ്ചയും ഇല്ല.
യാത്രയുടെ ഏതോ ദിവസങ്ങളിൽ പോരാളികൾ വഴി പിരിഞ്ഞ് പോയി . മുന്നിലെ നിറഞ്ഞ തടാകത്തിൻ്റെ കാഴ്ചകൾ. അതു വരെ ഉണ്ടായിരുന്ന ആലസ്യം മാറ്റി. പേചെയുടെയും മറ്റും നിർവികാരമായ മുഖങ്ങളിൽ സന്തോഷം നിറഞ്ഞു. മീനും ചെറുപക്ഷികളും മൃഗങ്ങളും ഭക്ഷണമാക്കിയും തടാകത്തിൽ നീന്തി തുടിച്ചും രണ്ട് നാൾ അവിടെ തങ്ങി.
ക്ഷീണമകന്ന ശരീരത്തോടെ യാത്ര വീണ്ടും ആരംഭിച്ചു. രണ്ട് നാൾക്കുള്ളിൽ വനത്തിൻ്റെ ആഴം കുറഞ്ഞ് വരുന്നത് അറിഞ്ഞു. വനം അവസാനിക്കയാണ് ഒറ്റപ്പെട്ട മരങ്ങളുള്ള മലകളുടെ നിരകൾ. ഏറെ നാളുകൾക്ക് ശേഷം ലോകം കാണുന്നത് പോലെ തോന്നി. വെയിൽ വീണ ഭൂമിയുടെ പച്ചപ്പ് അതിമനോഹരം. മലനിരകളിൽ കയറി ഇറങ്ങുന്നത് കഠിനമായി. മലനിരകളുടെ ഉയരവും ദൂരവും കുറഞ്ഞ് വരുന്നത് അറിഞ്ഞപ്പോൾ അത് സന്തോഷമായി.
പാച്ചെയാണ് അത് കാണിച്ചു തന്നത്, അങ്ങ് താഴെ മലനിരകളെ ചുറ്റി ഒഴുകുന്ന നദി. ഇരാവതി. ഇരാവതിയുടെ തണുപ്പ് അങ്ങ് അകലെ നിന്ന് നെഞ്ചിലേക്ക് വീഴുന്നത് അരുൺ അറിഞ്ഞു. ഇരാവതിയുടെ തീരത്തെ മനോഹരമായ ബുദ്ധ മൊണാസ്ട്രിയെ നോക്കി ആ മലഞ്ചെരുവിൽ അവരങ്ങിനെ നിന്നു. തണുത്ത വെയിലിൽ പഗോഡയുടെ ഗോപുരമുകളിലെ സ്വർണ തിളക്കം പോലെ പാചെയുടെ കണ്ണുകൾ തിളങ്ങി ബുദ്ധമൊണാസ്ട്രിയുടെ ദിവ്യമായ മിനാരങ്ങൾക്ക് മുമ്പിൽ മുട്ടുകുത്തിപാചെ എന്തെക്കെയോ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയിൽ അരുണുമുണ്ടാകാം പാചെയും കൂട്ടരുടെയും യാത്ര ആമലഞ്ചെരിവിൽ അവസാനിക്കയാണ്.
ആ മലഞ്ചെരിവിന് താഴെ ഇരാവതിയിലെ ഓളങ്ങളെ കൈ പിടിച്ചു നിൽക്കുന്ന ബുദ്ധമൊണാസ്ട്രിയുടെ ശാന്തമായ നിഴലിൽ അരുണിനെ ഏൽപ്പിച്ച് അവർ മടങ്ങാനൊരുങ്ങുകയാണ്. മലഞ്ചെരുവുകളും കാടും കടന്ന് നഗര സംസ്കാരത്തിൻ്റെ അതിരുകളിലേക്ക് അവർക്ക് പ്രവേശനമില്ല. പിൻതുടരുന്ന ആചാരങ്ങൾ അവരെ അതിനനുവദിക്കുന്നില്ല.
അരുണിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. നടന്ന് നടന്ന് തളർന്ന് ഇരാവതിയുടെ തീരത്ത് എത്തിയിരിക്കുന്നു. ഈ നദിയുടെ ഓരങ്ങളിൽ എവിടെയോ അവളുണ്ട് അരുണിമ. നിറഞ്ഞ സ്വപ്നങ്ങളുമായി അവൾ കാത്തിരിക്കുന്നുണ്ട്. അവളിലേക്കുള്ള യാത്രയിൽ ഇനി ഇവരുടെ ആവശ്യമില്ല.
പക്ഷെ ഇത്തിരി നാൾ കൊണ്ട് അറുത്ത് മാറ്റാനാവാത്ത അദൃശ്യമായ ഒരു ചരടിൽ ഈ ആദിമ മനുഷ്യർ തന്നെ ബന്ധിച്ചിരിക്കുന്നു. സ്നേഹവും കരുണയും ആർദ്രതയും സഹനതയും ചേർന്ന് തന്നെ പുതച്ച സുരക്ഷിതമായ കൈകൾ എങ്ങിനെ മാറ്റും. മ്യാൻമർ പട്ടാളം മരണത്തിലേക്ക് വലിച്ചെറിഞ്ഞ നാൾ മുതൽ ഇതുവരെ പാച്ചെയെന്ന വൃദ്ധനായ മനുഷ്യൻ്റെ ആത്മബലമുള്ള കൈകളിലായിരുന്നു താൻ. നനഞ്ഞ് ശോഷിച്ച കൈകളും നനഞ്ഞൊട്ടി ആകുലമായ ഈ മുഖവും ഉപേക്ഷിക്കയാണ്. ഉള്ളിലെ വിറയൽ മറയക്കാൻ അരുൺ ആർത്തിയോടെ പാചെയുടെ കൈകളിൽ പിടിച്ചു കരുത്താർന്ന ആ കൈകൾ ബലഹീനമായി. ഒരു മുല്ലവള്ളി പോലെ അരുണിനെ ചുറ്റിവരിഞ്ഞു.
ഇരാവതിയുടെ നേർത്ത കാറ്റിൽ ഊയലാടി പെയ്യാൻ വെമ്പൽ കൊള്ളുന്ന ഒരു കരിമേഘത്തുണ്ടു പോലെ അസംഖ്യം കഷ്ടതകളിലുഴഞ്ഞ് പോയ പാച്ചെയുടെ മഞ്ഞ നിറമുള്ള കണ്ണുകൾ നിറഞ്ഞൊഴുകി. സ്നേഹത്തിൻ്റെ പരമമായ ആത്മബന്ധത്തിൻ്റെ നിരുറുവകൾ തൻ്റെ മുഖവും താടി രോമങ്ങളും നനച്ച് താഴേക്ക് വീഴുന്നത് അരുൺ അറിഞ്ഞു. ആ ഊഷരമായ നെഞ്ചിലെ വാൽസല്യത്തിൽ കുറുകി നിസഹായനായി അരുൺ നിന്നു പോയി. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരിക്കലും പരസ്പര പൂരകങ്ങളാകാത്ത അഞ്ച് ആത്മാക്കൾ. അവിചാരിതമായ കൂടിചേരലിൽ വിട്ടുപോകാനാകാത്ത ചങ്ങല കണ്ണികളായതു പോലെ
തൊട്ടും തലോടിയും വിതുമ്പി നിന്നു. പിന്നെ നീണ്ടു വിടർന്ന് നിന്ന പാച്ചെയുടെ കൈ തട്ടിമാറ്റി, അരുൺ തിരിഞ്ഞ് നോക്കാതെ മൊണാസ്ട്രിയിലേക്ക് നടന്നു.
പരമമായ സത്യത്തിൽ ലയിച്ച് നിർവ്വാണം പ്രാപിച്ച മഹാബുദ്ധൻ്റെ സുന്ദരമായ മുഖം പഗോഡയുടെ മിനാരങ്ങളിൽ ഇരുന്ന് ചിരിതൂകി.