അരവിന്ദൻ

എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു. പഴയ മാമ്മൻ മാപ്പിള ഹാളായിരുന്നു വേദി. കവികളും കലാകാരൻമാരുമൊക്കെ വന്നു പൊയ്ക്കൊണ്ടിരുന്നു. സുരാസു ‘മൊഴിയാട്ടം’ എന്ന ചൊൽക്കാഴ്ചയിലൂടെ ആസ്വാദകരെ വിറപ്പിച്ചു. അദ്ദേഹത്തെ പരിചയപ്പെട്ടതും സുരായണം എന്ന പുസ്തകം ലഭിച്ചതും അവിടെ വച്ചാണ്.

ഏറ്റവും വലിയ ഭാഗ്യമായത് ജി.അരവിന്ദനെ പരിചയപ്പെടാൻ കഴിഞ്ഞതാണ്. ഏതാനും വാക്കുകൾ മാത്രമേ അന്നു സംസാരിക്കാൻ കഴിഞ്ഞുള്ളു. നല്ല സിനിമകളായി വിശേഷിപ്പിക്കപ്പെട്ട സിനിമകൾ എത്ര റിസ്കെടുത്തും കാണുന്ന ശീലം അന്നുണ്ടായിരുന്നു. ഞായറാഴ്ചകളിൽ തിയറ്ററിൽ ഉച്ചപ്പടങ്ങളായി അടൂരിൻ്റെയും അരവിന്ദൻ്റെയും പത്മരാജൻ്റെയും ചിത്രങ്ങൾ വരുന്നത് മിസ്സാക്കിയിരുന്നില്ല. കൂടാതെ സ്വന്തം നാട്ടിലെ ഫിലിം സൊസൈറ്റി പ്രവർത്തനവും മികച്ച അവസരങ്ങൾ ഒരുക്കിത്തന്നിരുന്നു.

അരവിന്ദൻ അന്ന് തിരുവനന്തപുരത്താണ് താമസം. കോട്ടയം വിദ്യാർത്ഥിമിത്രം ബുക്ക്സ്റ്റാളിനുത്താണ് അരവിന്ദൻ്റെ അനുജൻ സേതുവിൻ്റെ ഓഫീസ് . അവിടെ ചെന്ന് സേതുവിനെ കണ്ടു. ഒറ്റ നോട്ടത്തിൽ അരവിന്ദനാണെന്ന് തന്നെ തോന്നും. ചേട്ടൻ്റെ വിലാസം കുറിച്ചു തന്നു.

അടുത്ത വെക്കേഷന് തിരുവനന്തപുരത്തു പോയപ്പോൾ അരവിന്ദനെ വിളിച്ചു. വിറച്ചു വിറച്ചാണ് ഞാൻ സംസാരിച്ചതെങ്കിലും അദ്ദേഹം എന്നെ സ്വാഗതം ചെയ്തു. അന്ന് ശാസ്തമംഗലത്തെ വീട്ടിൽ ചെന്ന് വൈകുന്നേരം വരെ സംസാരിച്ചു മടങ്ങി.

പിന്നീട് ചെല്ലുമ്പോൾ (1989) അദ്ദേഹം അവിടുന്നു താമസം മാറ്റിയിരുന്നു. അന്നു താമസിച്ച വീട് ‘സതേൺ ഫിലിം ഇൻസ്റ്റിട്യൂട്ട് ആയി മാറിയിരുന്നു. ( പിൽകാലത്ത് അത് , തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോവിൻ്റെ താഴെയുള്ള സ്ഥലത്തേയ്ക്ക് മാറ്റി ) . പുതിയ വീട് കൊച്ചാർ റോഡിലാണെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു.. അങ്ങോട്ട് നടന്നു. വീട് കണ്ടുപിടിച്ചു. നിറയെ ചെടികൾ വളർന്ന മുറ്റം. ഇടയ്ക്കിടെ ശില്പങ്ങൾ. എല്ലാം മനോഹരമായി വിന്യസിച്ചിരിക്കുന്നു. ഒരു പെയിന്റിംഗിന്റെ പണിയിലായിരുന്നു അദ്ദേഹം. വരയ്ക്കുന്നതിനിടയിൽ ഓരോന്നു സംസാരിച്ചു കൊണ്ടിരുന്നു. അതെല്ലാം മനസിൻ റെക്കോർഡ് ചെയ്തു വച്ചു. അടുത്ത പടത്തിലെ നായകൻ മോഹൻലാലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അക്കാലത്ത് ബുദ്ധിജീവികൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം ഞാനെറിഞ്ഞു.
” അടൂരും അരവിന്ദനുമൊക്കെ മമ്മൂട്ടീടേം മോഹൻലാലിൻ്റേം ഡേറ്റിനു കാത്തിരിക്കുകയാണോ ?” അടിയൊഴുക്കുകൾ, അമൃതം ഗമയ, യാത്ര, ന്യൂഡൽഹി ഒക്കെ പല തവണ കണ്ടു കയ്യടിച്ച യുവാവാണ് ഇതു് ചോദിക്കുന്നത് . മധുരമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറയാനാരംഭിച്ചു.

” മറ്റു സിനിമകളിൽ കാണുന്ന മമ്മൂട്ടിയെ ആണോ നിങ്ങൾ ‘അനന്തര’ത്തിൽ കണ്ടത് ? സ്വയംവരത്തിൽ കണ്ട മധുവോ ?” ഞാനുത്തരം പറഞ്ഞില്ല.

സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് കുറച്ചു നേരം സംസാരിച്ചിട്ട് എന്നോട് ഒരു ചോദ്യം: ”സി.വി.ശ്രീരാമൻ്റെ വാസ്തുഹാര, കഥ വായിച്ചിട്ടുണ്ടോ ?”

ഞാനത് വായിച്ചിരുന്നില്ല. ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം തുടർന്നു. “അതാണെൻ്റെ അടുത്ത സിനിമ . ബംഗാളിലാണ് ഷൂട്ടിംഗ് ”

ഞാൻ ശ്രദ്ധാപൂർവം കേട്ടിരുന്നു.

“വിഭജനമോ യുദ്ധമോ നേരിട്ടനുഭവിക്കാത്തവരാണ് മലയാളികൾ . ബംഗാളികൾ അങ്ങിനല്ല. നമ്മളനുഭവിക്കുന്ന വിഭജനങ്ങൾ മനുഷ്യബന്ധങ്ങളുടേതാണ്, കുടുംബങ്ങളുടേതാണ്. അങ്ങിനെയുള്ള ഒരു മലയാളി യുവാവ് തൻ്റെ ബന്ധുക്കളെ കണ്ടെത്തുകയാണ്- അഭയാർത്ഥികൾക്കിടയിൽ . ഓരോ അറിവും ചെറിയ മുറിവു പോലെ ഉള്ളിൽ ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രമാണ് വേണു. അതു നന്നായി ചെയ്യാൻ കഴിയുക മോഹൻലാലിനാണ്.”

ചിത്രം വരയ്ക്കുന്നതിനൊപ്പം അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. അടർന്നു വീണ മുത്തുകളെല്ലാം പെറുക്കിക്കൂട്ടുന്ന ഒരാളായി ഞാൻ മുൻപിലിരുന്നു. വിലപ്പെട്ട പുസ്തകങ്ങൾ വായിക്കും പോലെയാണ് ചിലരുടെ സംസാരം കേൾക്കുന്നതും എന്നാരോ പറഞ്ഞിട്ടുണ്ട്. എൻ്റെ മുന്നിൽ ജി.അരവിന്ദൻ എന്ന മഹാഗ്രന്ഥമുണ്ട്.

കാർട്ടൂൺ പരമ്പരയെക്കുറിച്ചും ചിദംബരത്തെക്കുറിച്ചുമൊക്കെ എനിക്കു പലതും പറഞ്ഞു തന്നു. ചിദംബരത്തിലെ നായകൻ ശ്രീനിവാസനാണെന്ന് ഞാൻ പറഞ്ഞപ്പോൾ ഇഷ്ടത്തോടെ ചിരിച്ചു.

പൊതുവെ മിതഭാഷിയെന്നും മുനിയെന്നും വിശേഷിപ്പിക്കപ്പെടുന്ന അരവിന്ദൻ , ഇത്രയേറെ സംസാരക്കുന്നതും ലളിതമായി ഇടപെടുന്നതും അത്ഭുതപ്പെടുത്താതിരുന്നില്ല. വാസ്തുഹാര പൂർത്തിയായ ശേഷം ഞാൻ വീണ്ടും അദ്ദേഹത്തെ തിരഞ്ഞു പോയി. ആ തണലിൽ അല്പമെങ്കിലും ഇരിക്കാനുള്ള കൊതിയുമായി.

കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.