മാറുന്ന കാലത്തോടൊപ്പം ചടുലമായി ഭാഷയെയും കവിതയെയും നവീകരിക്കുന്ന, അനുദിനം ഇത്രമാത്രം സ്വയം പുതുക്കുന്ന മറ്റൊരു കവിയും നമുക്കില്ല. ഒന്നും മൗലികമോ അനിവാര്യമോ അല്ലാത്ത ഒരു ലോകത്ത് പതിവ് രീതികൾക്ക് അതീതമായി കവിത നിലകൊള്ളുമ്പോൾ ആ കവിതയിലേക്കും ലോകത്തിലേക്കും തുറന്നു പിടിച്ച വാക്കിന്റെ മൂന്നാം കണ്ണ്. എഴുത്തച്ഛൻ പുരസ്കാരം നേടിയ കവി സച്ചിദാനന്ദനെ കുറിച്ച് ഒ.വി.വിജയൻ പുരസ്‌കാര ജേതാവ് കവയത്രി ലോപ എഴുതുന്നു
നിഗൂഢത കൊണ്ട് ഒരിക്കലും വായനക്കാരെ അമ്പരപ്പിക്കുന്നില്ല സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ കവിത ഒരേ സമയം ലളിതവും ഗഹനവുമാണ്. ഋജുവും സൂക്ഷ്മവുമായി അത് കൂടുവിട്ട് കൂടുമാറുകയും ചെയുന്നു. ആഴങ്ങളിൽ കാൽനാട്ടുകയും അനന്തതയിലേക്ക് ചിറകു നീർത്തുകയും ചെയ്യുന്നു. അതിനെല്ലാം ചേർന്നുള്ള ആദരമാണ് അദ്ദേഹം ഇതിനോടകം നേടിയ പുരസ്‌കാരങ്ങൾ. ഇപ്പോഴിതാ സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന അൻപത്തിയൊന്നു കമ്പികളുള്ള മലയാളം എന്ന വീണ എഴുത്തച്ഛൻ പുരസ്കാരം എന്ന ഏറ്റവും ശ്രേഷ്ടമായ അംഗീകാരം നൽകി തന്റെ പ്രിയപ്പെട്ട കവിയെ ആശ്ലേഷിച്ചിരിക്കുന്നു.
സച്ചിദാനന്ദനെക്കുറിച്ചുള്ള ഈ കുറിപ്പ് പരിചിത പദങ്ങളുടെ നിർമമത്വത്തെ ഒരുചുറ്റിക കൊണ്ടെന്ന പോലെ അനേകം ചീളുകളായി ചിതറി തെറിപ്പിച്ച് മാത്രമേ പൂർത്തിയാക്കാൻ ആവുകയുള്ളൂ. കാരണം മാറുന്ന കാലത്തോടൊപ്പം ചടുലമായി ഭാഷയെയും കവിതയെയും നവീകരിക്കുന്ന, അനുദിനം ഇത്രമാത്രം സ്വയം പുതുക്കുന്ന മറ്റൊരു കവിയും നമുക്കില്ല.
ഒന്നും മൗലികമോ അനിവാര്യമോ അല്ലാത്ത ഒരു ലോകത്ത് പതിവ് രീതികൾക്ക് അതീതമായി കവിത നിലകൊള്ളുമ്പോൾ ആ കവിതയിലേക്കും ലോകത്തിലേക്കും തുറന്നു പിടിച്ച വാക്കിന്റെ മൂന്നാം കണ്ണാണ് സച്ചിദാനന്ദൻറെ കവിത. കാലങ്ങളായി കട്ടപിടിച്ചുറച്ചു പോയ പഴഞ്ചൻ സങ്കൽപങ്ങളോടും നിർവചനങ്ങളോടും നിരന്തരം കലഹിക്കുകയും കവിതയുടെ പ്രകൃതത്തെ കുറിച്ചു തുറന്ന മനസ് കാത്തുസൂക്ഷിക്കുകയും ചെയുന്നു ഈ കവി.
സത്യവും അധികാരവും മതവും ആവിഷ്ക്കാര സ്വാതന്ത്രവുമെല്ലാം പ്രശ്നവൽക്കരിക്കപ്പെടുന്ന ഒരു രാജ്യത്ത് ഏതു കവിയും നാടുകടത്തപ്പെട്ടവൻറെ വേദനയും ഏകാന്തയും അനുഭവിക്കുന്നു. അരമുള്ള വാക്ക് മാത്രമാണ് ആ അവസ്ഥയിൽ അയാളുടെ കരുത്ത്. മനുദാസുമായി നടത്തിയ സംഭാഷണത്തിൽ സച്ചിദാനന്ദൻ ഇതേക്കുറിച്ചു പറയുന്നുണ്ട്: “ഞാനും എന്റെ തലമുറയും എഴുതി തുടങ്ങിയതിനു ശേഷം ഏറെ രക്തം പാലത്തിനടിയിലൂടെ ഒലിച്ചു പോയിരിക്കുന്നു. യുദ്ധങ്ങൾക്കും മതത്തിന്റെയും ദേശത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും വികസനത്തിന്റെയും പേരിൽ നടന്ന നരഹത്യകൾക്ക് ഞാനും എൻറെ കവിതയും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഒപ്പം സ്വന്തം ഭാഗദേയത്തിന് മേൽ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ജനവിഭാഗങ്ങളുടെ – തൊഴിലാളികൾ, കർഷകർ, കറുത്തവർ, സ്ത്രീകൾ, മത വംശ ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, വികസന മേളയിൽ കിടക്കാടം നഷ്ടപ്പെട്ടവർ, സ്വദേശത്തുനിന്ന് കുടിയിറക്കപ്പെട്ടവർ, വ്യത്യസ്ത ലൈംഗികതയുള്ളവർ തുടങ്ങിയവരുടെ ഉയർത്തെഴുന്നേൽപ്പുകൾ, അശരണരായ മനുഷ്യരുടെ നിലവിളികൾ, കശാപ്പ് ചെയ്യപ്പെടുന്ന മനുഷ്യരുടേയും മൃഗങ്ങളുടേയും വൃക്ഷങ്ങളുടേയും നിലവിളികൾ ഒക്കെ ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തു. നൈതികത നഷ്ടമായ രാഷ്ട്രീയത്തേയും ആത്മീയത നഷ്ടമായ മതത്തേയും ഞങ്ങൾ പരിഹസിച്ചു.
മീരയ്ക്കും തുക്കാറാമിനും കബീറിനും അക്കമഹാദേവിക്കുമൊപ്പം പെരുവഴികളിൽ അലയുകയും പണിയെടുക്കുകയും ആത്മീയതയുടെ അധികാര വർഗ്ഗത്താൽ ആക്രമിക്കപ്പെടുകയും ചെയ്തു. ജനങ്ങളിൽ തീക്ഷണമായും മുഴുകി, വിജനതയിൽ ധ്യാനിച്ച്, കരഞ്ഞ്, ചിരിച്ച്, പരിഹസിച്ച്, ആഘോഷിച്ച്, അനുഗമിച്ച്, വിയോജിച്ച്, താക്കീത് നൽകി, സ്നേഹിച്ച്, സ്നേഹിക്കപ്പെട്ട്, ഭാഷയുടെ തന്ത്രികൾ ഉപയോഗിച്ച് അകത്തേയും പുറത്തേയും ലോകങ്ങളിലേക്ക് യാത്ര ചെയ്‌ത്, ഞങ്ങൾ പല കാലങ്ങളിലൂടെ കടന്നുപോയി.”
അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളോട് തോന്നുന്ന അതേ ആത്മബന്ധവും വാത്സല്യവും ഓരോ തെരഞ്ഞെടുപ്പിലും വിട്ടുപോകുന്ന കവിതകളോടും തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്ത്രീ മനസിനെ അത്രയും അറിഞ്ഞ ഒരു സമാനഹൃദയം അദ്ദേഹത്തിന്റെ കവിതയിലുടനീളം തുടിക്കുന്നുണ്ട്. അനന്തം എന്ന ഈ കവിത തന്നെ മികച്ച ഉദാഹരണം.
‘നീയെല്ലാസ്ത്രീകളുമാണ്
കാട്ടിലുപേക്ഷിക്കപ്പെട്ടവൾ
കായലിൽ കെട്ടിതാഴ്ത്തപ്പെട്ടവൾ
തെരുവിൽ കല്ലെറിയപ്പെട്ടവൾ
ജീവനോടെ ദഹിപ്പിക്കപ്പെട്ടവൾ
വിഷം നൽകപ്പെട്ടവൾ
കൈമാറ്റം ചെയ്യപ്പെട്ടവൾ
കാമുകി, വധു, വിധവ, വേശ്യ
നിൻറെ ശമിച്ച ഉടലിൽ
ഞാനൊരുമ്മവയ്ക്കട്ടെ
ഭൂമിയിൽ വിടരാതെ പോയ എല്ലാ പൂക്കൾക്കും
കാമുകൻമാർക്കും
അഭയാർത്ഥികൾക്കും വേണ്ടി
എൻറെ മഗ്ദലനേ…
യേശുവല്ലാത്ത ഞാൻ.’
ഭാഷ ശക്തമായ രൂപകവും കവിത അതിജീവനത്തിൻറെ അമൃതുമാകുന്നു അദ്ദേഹത്തിന്. ഏത് സാംസ്കാരിക പ്രതിരോധത്തിലും തന്നെ പങ്കാളിയാക്കുന്ന ആത്മവീര്യം അതിലുണ്ട്. ഭാഷയെ സൂഷ്മ രൂപിയാക്കുന്ന ലോലലോലമാക്കുന്ന മാന്ത്രികമായ കയ്യടക്കമാണ് ഈ കവിയുടെ കരുത്ത്.
അദ്ദേഹത്തിൻറെ കൈകളിൽ ഭാഷ മുയൽകുഞ്ഞിനെ പോലെ പതുങ്ങുന്നു. മാൻകിടാവേപ്പോലെ ഇളവേൽക്കുന്നു. ചിലപ്പോൾ പുള്ളിപുലിയെ പോലെ ചീറി പറന്നു പ്രചണ്ഡമാകുന്നു.
തേനിൽ ചെറുകാലുകൾ പെട്ടൊരുറുമ്പിന്നരുതായ്കയും വെള്ളാമ്പലിനിതളിൽ തൊട്ടിലിൻറെ മൃദുത്വവും ഒക്കെയുൾക്കൊള്ളുന്നു. മേലാകെക്കാതാക്കി ശ്വാസമടക്കിമാറുന്ന കാലത്തിലേക്ക് ജാഗരൂകമാകുന്നു.
സച്ചിദാനന്ദൻ എഴുതാത്ത ഒരു കവിതയുമില്ല. എഴുതിയത് മാത്രമേ ഇനിയും വരാനുള്ളൂ എന്ന മട്ടിൽ അത്രയേറെ മണ്ണുമായി ഇഴുകിച്ചേർന്ന കവിയാണ് അദ്ദേഹം.