അരണ്ട നീല വെളിച്ചത്തിലെ സാംകുട്ടി

ഒഴിഞ്ഞ ബാർ കൗണ്ടറിന്റെ നനവ് തുടയ്ക്കുകയായിരുന്നു സാംകുട്ടി. സോഡയും ഐസ് ക്യൂബുകളും വെള്ളവും വീണ് അവിടം വല്ലാതെ തണുത്തിരുന്നു. ബക്കറ്റിൽ മുക്കിയ നനഞ്ഞ ടവൽകൊണ്ട് കൗണ്ടർ തുടയ്ക്കുമ്പോൾ ഒരുപാട് അനുഭവിച്ച ഒരു മനുഷ്യനെ തലോടി ആശ്വസിപ്പിക്കുന്നതുപോലെ തോന്നി അവന്. എല്ലാ രാത്രിയിലും ഈ സമയത്ത്‌ അവൻ അച്ഛനെ ഓർത്തു. വലിവ് മൂർച്ഛിച്ച നാളുമുതൽ അച്ഛൻ കമിഴ്ന്നു കിടക്കുകയോ തലയിണയിൽ നെഞ്ചു ചാരി ഇരിക്കുകയോ ആയിരുന്നു പതിവ്. പാടുപെട്ട് വലിച്ചിട്ടും ഒരോതവണയും ഉള്ളിലേക്ക് കയറാൻ മടിച്ച ശ്വാസം ഒരു നിലവിളിയായി മുറിയിലെ വായുവിൽ അലിയുന്നത് അമ്മയും അനിയത്തിയും അവനും കേട്ട് ശീലമായിരുന്നു. ഒരു മേയ് വേനലിൻറെ ഉച്ചയ്ക്ക്, നിർത്താത്ത നീണ്ട വലികൾക്കൊടുവിലും ശ്വാസം നെഞ്ചിൽ കേറാതെ, തോറ്റുതളർന്നു അവസാനത്തെ ഉറക്കത്തിലേക്കു വഴുതിയ അച്ഛനെ ഓടിച്ചെന്നു തടവിയപ്പോൾ പുറം ഈ ഒഴിഞ്ഞ ബാർ കൗണ്ടർ പോലെ നിശ്ചലവും തണുത്തതുമായിരുന്നുവെന്ന് അവൻ എന്നും ഓർത്തു.

കുതിർന്ന തുണി പിഴിഞ്ഞ് ബക്കറ്റിലേക്കൊഴിച്ച്‌ സാംകുട്ടി ആഞ്ഞാഞ്ഞു തുടച്ചു. ബാർ ഹാളിൽ ഒന്നോ രണ്ടോ പേരൊഴിച്ചു് എല്ലാവരും പോയിരുന്നു. അരണ്ട നീല വെളിച്ചം പെട്ടെന്ന് തീഷ്ണമായ പ്രകാശമായി മാറുന്നത് എന്നത്തേയും അറിയിപ്പാണ് … ബാർ അടച്ചു. ഇനി മദ്യമില്ല. എല്ലാവരും പിരിഞ്ഞു പൊയ്ക്കോളൂ. അവസാനം വന്നുകയറിയ മൂന്നുപേർ മാത്രമാണ് അവശേഷിച്ചത്. അവർ വാങ്ങിയ പൈന്റ് എമ്മെച് ഏതാണ്ട് തീർന്നപ്പോളാണ് കണ്ണ് ചിമ്മിച്ചുകൊണ്ട് പ്രകാശം പരന്നത്. സാംകുട്ടി തലയുയർത്തി നോക്കുമ്പോൾ അവർ വെയ്റ്റർ ശിവൻചേട്ടൻറെ കൈയിൽ ബിൽ പണം കൊടുത്തു് വഴക്കില്ലാതെ അവസാനത്തെ പെഗ് വലിച്ചിട്ട് എണീക്കുന്നു.

“കർത്താവെ, നന്ദി. വഴക്കും ഒടക്കുമില്ലാതെ ഒരു ദിവസംകൂടി തന്നതിന്,” ശിവൻ കൗണ്ടറിലേക്ക് നടക്കുന്നത് നോക്കി, വീട്ടിലേക്ക് മടങ്ങാൻ ഡ്രസ്സ് മാറി, തൂണ് ചാരി നിന്ന സീനിയർ വെയ്റ്റർ തോമാച്ചായൻ ഓർത്തു.

അടുത്ത കംപ്യൂട്ടർ ടേബിളിൽ ഗോപി ബില്ലുകളും കാശും ഒത്തുനോക്കി. കൗണ്ടറിനു പിറകിലെ ഷെൽഫിൽ മദ്യക്കുപ്പികൾ ഒത്തുവയ്ച്ചുകൊണ്ടു മാത്തുക്കുട്ടി, പതിവുപോലെ ഒട്ടും വഴങ്ങൂല്ലെങ്കിലും, രവീന്ദ്രൻ മാഷെടെ ‘താരകേ…’ മൂളി.

എന്നും ഇങ്ങനൊക്കെത്തന്നെ ആണെന്ന് സാംകുട്ടി ഓർത്തൊന്നും ഇല്ല. പ്രത്യേകിച്ച് എന്ത്‌ ഓർക്കാൻ… ഇനിയും ഇങ്ങനൊക്കെത്തന്നെ ആണല്ലോ!

അരണ്ട നീലവെളിച്ചതിന്റെ മണിക്കൂറുകൾ കഴിഞ്ഞിരുന്നു. ബാർ ഹാളിലെ ലൈറ്റുകൾ വലിയ താമസമില്ലാതെ കെടും. തുടച്ച ടവൽ ബക്കറ്റിലേക്ക് പിഴിയുമ്പോഴാണ് ഹാളിനു മറ്റേ അറ്റത്തു തൂണിനു പിറകിലെ മൂലയിലെ ടേബിൾ തുടയ്ക്കുകയായിരുന്ന രാംചന്ദ് കൈകൊണ്ട് വിളിക്കുന്നത് അവൻ ശ്രദ്ധിച്ചത്. എന്തോ കണ്ടത് കാണിക്കാനെന്ന മട്ടിൽ.

ബക്കറ്റ് കൗണ്ടറിനു പിറകിലെ ഇരുട്ടിൽ തള്ളിവച്ചു് സാംകുട്ടി അങ്ങോട്ട് പോയി. ടേബിളിനു താഴെ, മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ, ഭിത്തിയോട് ചേർന്ന് ആരോ മറന്നു വച്ച പ്ലാസ്റ്റിക് കൂട്. രാംചന്ദ് കൂടിനുള്ളിൽ ഇരുന്നത് എടുത്ത് പുറത്തുവച്ചു. ചുവന്ന പട്ടിൽ പൊതിഞ്ഞ മൺകുടം. അവർ പരസ്പരം നോക്കി. പട്ടുതുണി മാറ്റി തുറന്നു നോക്കാനായിരുന്നു സാംകുട്ടിയുടെ ശ്രമം. രാംചന്ദ് തടഞ്ഞു. അത് തുറക്കാൻ പാടില്ലെന്ന് അവനു അറിയാവുന്നപോലെ. അവൻ പതുക്കെ പറഞ്ഞു: വേണ്ട…അത് ആരുടെയോ ചുടല ഭസ്മമാണ്!

സാംകുട്ടി ഞെട്ടി. ചിതാഭസ്മമെന്നും പുഴയിൽ ഒഴുക്കാനുള്ളതാണെന്നുമൊക്കെ അവൻ പറഞ്ഞുകേട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഇത്ര അടുത്ത് കാണുന്നത് ആദ്യമായിട്ടാണ്. അവൻ ഒരു ചുവട് പിന്നോട്ട് മാറി. അശ്വതി ഭവനിലെ വിനായകൻ ചേട്ടൻ, അമ്മ മരിച്ചതിൻറെ അഞ്ചാം നാൾ ഇങ്ങനെ ഒരു കുടവുമായി കാറിൽ കയറുമ്പോൾ മഹേഷാണ് അവനോടു പറഞ്ഞത്. ചേട്ടൻ അമ്മയുടെ ചിതാഭസ്‌മംകൊണ്ട് തിരുനെല്ലിക്ക് പോവുകയാണെന്ന്. അവിടെ പാപനാശിനിയിൽ ഒഴുക്കിയാൽ അമ്മയുടെ ആത്‌മാവിന് മോക്ഷം കിട്ടുമത്രേ.

സാമിന്‌ അന്ന് ആദ്യം തോന്നിയത് അമ്മച്ചിയുടെ കാര്യമായിരുന്നു. മോക്ഷത്തിന് ഭസ്മം എവിടെനിന്നു കിട്ടു൦! കുഴീൽ അടക്കിയാൽ ഭസ്മം എവിടെ?! അന്ന് അവനെ കൂട്ടുകാരൻ സമാധാനിപ്പിച്ചു: “നിങ്ങൾക്ക് ഭസ്മം വേണ്ട. പ്രാർത്ഥിച്ചാൽ മതി. ഞങ്ങൾക്ക്‌ ആത്‌മാവ്‌ വിഷ്ണുലോകത്തിൽ പോവും. നിങ്ങൾക്ക് അത് പറ്റത്തില്ലാരിക്കും. എന്നാലും മോക്ഷമുണ്ട്. അത് ഡെഫനിറ്റാ!”

രാംചന്ദും സാമും ആലോചിച്ചു. സാധാരണ ബാറടയ്ക്കുമ്പോൾ സീറ്റുകളിൽ നിന്ന് കിട്ടുന്ന മറന്നുവച്ച സാധനങ്ങൾ പോലെയല്ലല്ലോ ഇത്. മൂന്നിൽ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ട് എന്നും ആറിൽ അവസാനിക്കുന്ന മുരളി പതിവായി വീട്ടിൽ കൊണ്ടുപോകാൻ വാങ്ങിച്ചിട്ട് മറന്നു വയ്ക്കുന്ന ബോൺലെസ്സ് ചില്ലിചിക്കൻ പോലെയല്ലല്ലോ ഇത്. ആരുടെയോ ആത്‌മാവിന് സംസാരചക്രം വിട്ടുപോകാനുള്ള വഴിയാണ് ഈ കുടത്തിനുള്ളിൽ. ഇത് എങ്ങനെയെങ്കിലും ഇവിടെ മറന്നുവച്ചയാളിന് തിരിച്ചു കൊടുക്കണം. സാം ശിവൻചേട്ടനെ വിളിച്ചു. അയാൾ വന്നു നോക്കി. കാര്യഗൗരവം പിടികിട്ടി. ഏറ്റവും ഒടുവിൽ ഇവിടെ ഇരുന്നത് ആരായിരുന്നു – ശിവൻ ഉറക്കെ ആലോചിച്ചു. ഈ ടേബിളിൽ ഓർഡർ എടുത്തത് ബാബു ആയിരുന്നു. അവന് ചിലപ്പോൾ ഓര്മ കാണും. പക്ഷെ അവൻ നേരത്തെ പോയി. പെരുമ്പാവൂര് എത്തേണ്ടതാണല്ലോ. മഴേം വരുന്നു.

കുടം സീറ്റിൽതന്നെ വച്ചിട്ട് മൂന്നുപേരും കൗണ്ടറിൽ എത്തി ചർച്ച തുടർന്നു.
“കള്ളുഷാപ്പിൽ വന്ന് ചിതാഭസ്മം മറക്കുന്നവനെ എന്നാ പറയണം!” മാത്തുക്കുട്ടിക്ക് സഹിച്ചില്ല.

കംപ്യൂട്ടറിൽനിന്ന് കണ്ണെടുത്ത ഗോപിക്ക് സഹിക്കാത്തത് ഈ ഫോർസ്റ്റാർ ബാറിനെ “കള്ളുഷാപ്പ്” ആക്കിയ മാത്തുക്കുട്ടിയെ ആയിരുന്നു. അയാൾ അവനെ ഒന്ന് നോക്കി.

ശിവൻചേട്ടൻ വിളിക്കുമ്പോൾ ബാബു മഴ കാരണം ബൈക്ക് ഒതുക്കി ഏതോ കടത്തിണ്ണയിൽ കയറി നിൽക്കുകയായിരുന്നു. ദൂരെ മാനത്ത് ഇടി വെട്ടുന്ന ശബ്ദം ശിവൻ നല്ലപോലെ കേട്ടു.

“ഇതിപ്പം ചിതാഭസ്മം ആയകൊണ്ടാടാ. അല്ലേൽ വിളിക്കത്തില്ലാരുന്നു. പറ്റുകാണേൽ തിരിച്ചു കൊടുക്കണം.”

ബാബു ഓർക്കാൻ ശ്രമിച്ചു. ആരൊക്കെയായിരുന്നു അവിടെ അവസാനം ഉണ്ടായിരുന്നത്. എന്നും ഒറ്റയ്ക്ക് വരുന്ന ജോസഫ് സാർ എന്തായാലും ഉണ്ടായിരുന്നു. പക്ഷെ പുള്ളി പതിവുപോലെ തന്നെ ഒറ്റയ്ക്കായിരുന്നു സീറ്റിൽ അറ്റത്തു്. അപ്പുറത്തു മൂന്നുപേർ… ബാങ്കിലെ രാജുവും കൂടെ വന്ന രണ്ടുപേരും ആയിരുന്നോ…അതോ അവര് പോയശേഷം വന്ന വർക്ക്ഷോപ്പിലെ ഷിജുവും ടീമുമോ? ഓർഡർ ചെയ്തത് സെലിബറേഷൻ ആരുന്നു… ഉറപ്പാണ്. പക്ഷെ അവരെയൊക്കെ എവിടെപ്പോയി തപ്പും?!

മഴ തോർന്നപ്പോ ബൈക്ക് ഇറക്കിക്കൊണ്ട് ബാബു പറഞ്ഞു,”ഇന്ന് അതവിടെ ഇരിക്കട്ടെ. നാളെ നോക്കാം ശിവൻചേട്ടാ. ആരെങ്കിലും ഓർത്തു വരുമൊന്ന് നോക്കുകേം ആകാമല്ലോ.”

അത് ശരിയാണല്ലോ എന്ന് എല്ലാവർക്കും തോന്നി. കുടം എലിയും പൂച്ചയുമൊന്നും തട്ടി മറിക്കാതെ വയ്ക്കാൻ അവർ സാമിനെ ഏൽപ്പിച്ചു. ചിതാഭസ്മം അങ്ങനെ കൈകാര്യം ചെയ്തിട്ടില്ലാത്ത അവൻ രാംചന്ദിനെയും കൂട്ടുപിടിച്ചു പാൻട്രിയിലെ ഷെൽഫിനകത്തു വച്ച് പൂട്ടി.

ഒന്നാം നിലയിൽനിന്ന് പടികൾ ഇരട്ട ചാടി താഴെയെത്തുമ്പോഴേക്ക് മഴ ഇരച്ചെത്തി. പാർക്കിങ്ങിലെ എൽ.ഇ . ഡി വെളിച്ചത്തിൽ അവൻറെ കണ്ണ് പുളിച്ചുപോയി. അരണ്ട നീലവെളിച്ചത്തിനു എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു! തെളിഞ്ഞ പ്രകാശങ്ങളിൽ കണ്ണുണരാൻ സമയമെടുക്കുന്നു. മഴ കൂസാതെ, സൈക്കിളിൽ ടൗണിനു പുറത്തുള്ള രാത്രിയുടെ നാട്ടു വെളിച്ചത്തിലെത്തിയപ്പോൾ അല്പം സുഖം തോന്നി. വരത്തൻകുന്നു ചുറ്റിപ്പോകുന്ന കയറ്റത്തിൽ ആഞ്ഞു ചവിട്ടുമ്പോൾ മനസ്സിൽ മുഴുവൻ പട്ടു പൊതിഞ്ഞ കുടമായിരുന്നു. മഴ തോരുന്നതും പിന്നെ കുറേനേരത്തേക്ക് ഇരുട്ടിൽ മരം പെയ്യുന്നതുമൊക്കെ കേട്ട് ഉറക്കത്തിലേക്കു തെന്നി വീഴുന്നത് വരെ അത് അവനെ പിന്തുടർന്നു.

വെയിലുറച്ചു, നേരം കുറെയേറെ കഴിഞ്ഞ് ഉണർന്നു ചാടിയെണീറ്റതു തന്നെ ഞെട്ടിക്കൊണ്ടായിരുന്നു. പാൻട്രി ഷെൽഫിനകത്തുനിന്ന് പുറത്തേക്ക് എലികളുടെ ഘോഷയാത്ര കണ്ടത് സ്വപ്നത്തിൽത്തന്നെയല്ലേ? അമ്മച്ചിയുടെ തയ്യൽമെഷീൻ പതിവു താളം പിടിക്കുന്നത് അപ്പുറത്തുനിന്ന് കേട്ടപ്പോൾ അവൻ ഉള്ളിൽ ചിരിച്ചു. ഇതാ മറ്റൊരു ദിവസം. അവനറിയാം, ആലീസ് സ്‌കൂളിൽ പോയിരിക്കുന്നു.

പട്ടിൽ പൊതിഞ്ഞ കുടത്തിൻറെ കാര്യം പറഞ്ഞപ്പോൾ അമ്മ എടുത്തവായ്ക്ക് പറഞ്ഞു, “നീ ആ പണി നിർത്തി വേറെ വല്ലോം നോക്ക്. സഞ്ജയൻ സാറിൻറെ ഇലക്ട്രിക് കടേൽ നിന്നോളാൻ പുള്ളി പറഞ്ഞതല്ലേ? എന്തോന്ന് ബാർ … കള്ളുഷാപ്പുതന്നെയല്ല്യോ!”

മിണ്ടിയല്ലോന്നായിപ്പോയി സാമിന്‌. ശമ്പളത്തേക്കാൾ കൂടുതൽ ടിപ്പ് കിട്ടുന്ന വേറെ ഏതു പണിയുണ്ട്! അവൻ അരണ്ട നീല ലോകത്തിലേക്ക് വീണ്ടും ചവിട്ടി പറക്കുമ്പോളും അതായിരുന്നു മനസ്സിൽ. ചെന്നു കയറിയ ഉടനെ പാൻട്രിയിലേക്കോടി. രാത്രി മുഴുവൻ അതുതന്നെയായിരുന്നു ചിന്ത. ചുടല ഭസ്മം. ശവം കത്തിയ ചാമ്പൽ. ഭയം പൊതിഞ്ഞ ഒരുതരം ആകർഷണം കാന്തംപോലെ കുടത്തിലേക്ക് പിടിച്ചുവലിക്കുന്നു. ഷെൽഫു തുറന്നപ്പോൾ ആശ്വാസം – ഉറുമ്പിന്റെ വരിയില്ല. തലേന്ന് രാംചന്ദ് വിരട്ടിയതോർത്തു – സൂക്ഷിച്ചോ, അതിലെങ്ങാനും ഉറുമ്പ് കേറുകയോ ഏലി കരളുകയോ ചെയ്‌താൽ നിനക്കാ പാപം.

“ഡാ, ഗോപിസാറ് വിളിക്കുന്നുണ്ട്,” കിച്ചനിൽനിന്ന് കൊണ്ടുവന്ന ഏതോ ഓർഡർ എടുക്കാൻ എത്തിയ തോമാച്ചായൻ പറഞ്ഞു.

സാംകുട്ടി കൗണ്ടറിൽ ചെന്നപ്പോ അടക്കിയ ശബ്ദത്തിൽ ചർച്ചയിലായിരുന്നു ഗോപിയും വെയ്റ്റർമാരായ ശിവൻചേട്ടനും ബാബുവും, ആന്റോയും, പിന്നെ, എന്നും ബാറു തുറക്കുന്ന സമയം മുതൽ സന്ധ്യയ്ക്ക്, പടിഞ്ഞാറേ അമ്പലത്തിലെ ദീപാരാധന വരെ, അവിടെ സ്ഥിരം കുടികാരനായ കിഴക്കുംഭാഗം ശേഖരൻചേട്ടനും. സംഭവം ചിതാഭസ്മക്കുടം. സ്ഥിരം മറന്നുവച്ചു പോകുന്ന സാധനം അല്ലാത്തതിനാലും മരണാനന്തര ക്രിയയുമായി ബന്ധപ്പെട്ട കാര്യമായതിനാലും ഇത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്നു എല്ലാവര്ക്കും ബോദ്ധ്യമുണ്ടായിരുന്നു. മാത്രമല്ല, ഇത് വേണ്ടതുപോലെ ചെയ്യുന്നത് ഹോട്ടലിനും, പ്രത്യേകിച്ച് ബാറിനും നല്ല പേര് ഉണ്ടാക്കുമെന്നും അവർക്ക് ഉറപ്പായിരുന്നു.

ഉച്ചയൂണിനു മുൻപ് വയറൊന്നു കത്തിക്കാൻ എത്തിയ ടേബിൾ നാലിലെ സംഘം ക്ഷമപോയി ഉറക്കെ ബാബുവിനെ കൈപൊക്കി വിളിച്ചു. പെട്ടെന്ന് ഓര്മ വന്ന ബാബു “ഇപ്പ വന്നേക്കാമേ” എന്ന് പറഞ്ഞു അങ്ങോട്ടോടി. അവൻ ഓർഡർ വാങ്ങി മാത്തുക്കുട്ടിയ്ക്ക് കൊടുത്തിട്ട് പാൻട്രിയിലേക്ക് ഓടി. പോണ പോക്കിൽ സാംകുട്ടിയോട് പറഞ്ഞു,”ഡാ, നീ അവിടെ നിക്കണേ. ഒരു പണിയൊണ്ട്.”

ചർച്ച തുടരുന്നതിനിടയിൽ ബാബു ടേബിൾ ആറിലെ ബില്ലും തുകയുമായി വന്നു.

“ഗോപിസ്സാറെ, നമുക്ക് ആ വർക്ക്ഷോപ് ഷിജുനെ പിടിക്കണം. അവൻറെ ടീമിലെ ആരുടെയോ ആണെന്ന് ഭയങ്കര സംശയം. അവൻ ഇന്നും വന്നാൽത്തന്നെ നേരം ഇരുട്ടീട്ടേ വരൂ. നെല്ലിക്കലെ ഷാപ്പ് വളവിലാ അവൻറെ വർക്ക് ഷോപ്.”

ബാബു ബാലൻസും വാങ്ങി പോയപ്പോൾ ഗോപി സാംകുട്ടിയെ വിളിച്ചു.

“ഡാ, നിനക്കൊരു പണിയൊണ്ട്. ആ കൊടമുണ്ടല്ലോ , അതുംകൊണ്ട് ഒരിടം വരെ പോണം. ബാബു സ്ഥലം പറയും. എൻറെ ബൈക്കെടുത്തോ. വേണേൽ രാംചന്ദിനേം കൂട്ടിക്കോ. ഇന്നിപ്പോ ഇവിടെ ആള് ആവശ്യത്തിനൊണ്ട്,” ഗോപി അടുത്ത ബില്ലിലേക്ക് കടന്നു.

ചർച്ച ഒരു വഴിക്ക് എത്തിയതു കണ്ട കിഴക്കുംഭാഗം ശേഖരൻചേട്ടൻ തൻറെ തൊണ്ണൂറ് ഓൾഡ് മങ്കുമായി ബാറിലെ പകലിരുട്ടിൽ മറഞ്ഞു. ബാബു സാംകുട്ടിയെ തൂണിനപ്പുറത്തേക്ക് മാറ്റി നിർത്തി.

“സാമേ … നീ ഒന്ന് പോയീട്ടു വാ. നെല്ലിക്കലെ ഷാപ്പ് വളവ് നിനക്കറിയാമല്ലോ. റോഡിൽ തന്നെയാ വർക്ക് ഷോപ്. ഷിജുനോട് ചോദിക്കണം കാര്യങ്ങൾ. അവിടെച്ചെന്നു എന്നെ വിളി.”

ഷാപ്പ് വളവിൽ ഷിജൂന്റെ വർക്ക്ഷോപ് കണ്ടുപിടിക്കാൻ ബൈക്കിലെത്തിയ ടീമിന് ഒരു പാടുമില്ലായിരുന്നു. അടുത്തെങ്ങും വേറെ ഒരു കടയുമില്ല. “നമ്മള് വർക്ക് ഷോപ് കാണുന്നതിന് മുന്നേ അത് നമ്മളെ കണ്ടുകാണും, അല്ലേടാ,” ബൈക്ക് ഒതുക്കിക്കൊണ്ട് സാംകുട്ടി പുറകിലിരുന്ന രാംചന്ദിനോട് പറഞ്ഞു. ബൈക്കിൻറെ സൈഡ്ബാറിൽ തൂക്കിയ പ്ലാസ്റ്റിക് സഞ്ചിയിലെ ചുവന്ന പട്ടുപുതപ്പിനുള്ളിൽ ആരുടെയോ ആത്‌മാവ്‌ ഭസ്മമായി മോക്ഷം കാത്തുകിടന്നു.

വർക്‌ഷോപ്പിനു മുറ്റത്ത്‌ ഒരു മാരുതി സ്വിഫ്റ്റിൻറെ ബമ്പറിൽ കാലു ചവിട്ടി തുറന്നുവച്ച ബോണറ്റിനകം പരിശോധിക്കുകയായിരുന്നു ഷിജു. അടുത്തു സഹായി പയ്യനും ആകാംക്ഷയോടെ നോക്കി നിൽക്കുന്ന കാർ ഉടമയും. വർക്ക് ഷോപ്പിനുള്ളിലും ബോണറ്റ് തുറന്ന നിലയിൽ മറ്റൊരു കാർ കിടക്കുന്നതു ശ്രദ്ധിച്ച രാംചന്ദ് “കൊള്ളാമല്ലോ, വർക്ക് നല്ലപോലെ ഉണ്ടല്ലോ,” എന്ന അർത്ഥത്തിൽ സാംകുട്ടിയെ നോക്കി ചിരിച്ചു.

ബാറിലെ സംഭവം സാംകുട്ടി പറഞ്ഞതുകേട്ട ഷിജു ആകെ ആശയകുഴപ്പത്തിലായി. അയാൾ നോക്കുമ്പോൾ സ്വിഫ്റ്റിൻറെ ഓണർ ഉൾപ്പടെ വർക്ക് ഷോപ്പിലെ എല്ലാവരും പരസ്പരം നോക്കുകയായിരുന്നു. ചിതാഭസ്മം മറന്നുവെക്കുന്നത് സാധാരണ മറവിയല്ലല്ലോ. അതുകൊണ്ടുതന്നെ സാംകുട്ടിയെ എങ്ങനെയും സഹായിക്കണം എന്നൊരു വിചാരം ഷിജുന്‌ ഉണ്ടായി. അയാളുടെ ഓർമയിലെങ്ങും അങ്ങനെ ഒരാൾ അന്ന് കൂടെ ബാറിൽ ഉണ്ടായിരുന്നതായി പക്ഷെ തോന്നിയില്ല. അവര് ബാറിൽ നിന്ന് ഇറങ്ങിയശേഷം ടേബിളിൽ വേറെ ആരും വന്നില്ലായിരുന്നു എന്ന് സാംകുട്ടി പറഞ്ഞപ്പോൾ ഷിജു വിശ്വസിച്ചു. അവർ വളരെ ലേറ്റ് ആയിട്ടാണ് ഇറങ്ങിയത്. ഇനി കൂടെ ആരെങ്കിലും കൊണ്ടുവന്ന പ്ലാസ്റ്റിക് കൂട് താൻ കാണാതെ പോയതാണോ എന്നായിരുന്നു ഷിജുൻറെ ചിന്ത.

അയാൾ ബൈക്കിനരികിലേക്ക് നടന്ന് തൂങ്ങിക്കിടക്കുന്ന കൂടു നോക്കി. ഉർവശി ടെക്‌സ്‌റ്റൈൽസ്, ആലുമ്മൂട്. അവിടെനിന്ന് ആരായിരിക്കണം ടീമിൽ, അയാൾ ആലോചിച്ചു. ഉള്ളിലൊരു ഡിറ്റക്ടീവ് ഉണരുന്നതായി ഷിജുന് തോന്നി. കാറിൻറെ ഉടമയുടെ മുഖത്തു ആദ്യത്തെ അമ്പരപ്പ് മാറി സമയം വൈകുന്ന വെപ്രാളം. ഷിജു സ്പാനർ കറക്കി വീണ്ടും ബോണറ്റിനുള്ളിലേക്ക് മടങ്ങി. വയറുകളുടെയും നട്ടുകളുടെയുമൊക്കെ സ്പന്ദനം അളക്കുമ്പോളും അയാളുടെ തലക്കുള്ളിലെ ഓർമയുടെ ചക്രങ്ങൾ ഒരു ക്ലൂ തേടി ആഞ്ഞു കറങ്ങുകയായിരുന്നു. പിന്നീട് വണ്ടി ശബ്ദായമാനമായി സ്റ്റാർട്ട് ചെയ്യുന്നവരെയും എന്ത് ചെയ്യണമെന്നറിയാതെ സാംകുട്ടിയും രാംചന്ദും അവിടെ നിന്നു. ഒരുത്തരം കിട്ടിയേക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു. അല്ലെങ്കിൽ ഷിജു ആദ്യമേ ഒരു പിടിയുമില്ല എന്ന് പറഞ്ഞു അവരെ ഒഴിവാക്കുമായിരുന്നല്ലോ.

സ്വിഫ്റ്റ് സന്തോഷമായി വളവു തിരിഞ്ഞു മറയുന്നതും നോക്കിനിന്ന ഷിജു ബാറിൽ കൂടെയുണ്ടായിരുന്നവരെ ഓർത്തെടുക്കാൻ പാടുപെടുകയായിരുന്നു. സ്ഥിരം ടീമായ അനിലിനെ വിളിച്ചു. അവരു ചെന്നിരുന്നപ്പോൾത്തന്നെ ആ കുടം അവിടെ ഉണ്ടായിരുന്നോ എന്ന് ഓർക്കാനായിരുന്നു അനിലിൻറെ ശ്രമം.

പെട്ടെന്ന് കത്തിയതുപോലെ അവൻ ചോദിച്ചു,”വിശ്വൻറെ ചേട്ടൻ കാൻസറിന് ഈയിടെയല്ലാരുന്നോ മരിച്ചേ? അവൻ അന്നൊണ്ടാരുന്നല്ലോ.”

അത് നേരാണല്ലോന്ന് ഷിജുവിനും കത്തി. വിശ്വൻറെ നമ്പർ തപ്പി വിളിച്ചു. വൈക്കത്തപ്പൻറെ റിങ്ടോൺ കൊറേനേരം കേട്ടു, എടുക്കുന്നില്ല. പക്ഷെ അവൻ ചേട്ടൻറെ ചിതാഭസ്മവും കൊണ്ട് ബാറിൽ വരുമോ?! സംശയം ബാക്കി നിന്നെങ്കിലും ഒരു ക്ലൂ കിട്ടിയ ആശ്വാസത്തിൽ ഷിജു സാമിനോട് പറഞ്ഞു, “എന്തായാലും ഇവിടംവരെ വന്നതല്ലേ, ആലുമൂട് വരെ ഒന്ന് ചെല്ല്. വല്യ ദൂരമില്ലല്ലോ. ഓർഗാനിക് വിശ്വനെ തപ്പിയാൽ മതി. പച്ചക്കറി. അവൻ പറയും. ഞാൻ ഒന്നൂടെ വിളിച്ചു നോക്കിയേക്കാം. നിങ്ങളു വിട്ടോ…”

സാംകുട്ടി രാംചന്ദിനെ നോക്കി. പകൽ വെളിച്ചത്തിൽ ഇറങ്ങിയതിന്റെ സന്തോഷത്തിൽ അവൻറെ കണ്ണുകൾ തിളങ്ങുന്നത്‌ ശ്രദ്ധിച്ചു. അവനതാകാം. മരിച്ചവന്റെ ഭസ്മവുമായി കറങ്ങുന്നതിൻറെ വിമ്മിഷ്ടം അവനറിയില്ലല്ലോ. അവനാണെങ്കിൽ ഇതങ്ങോട്ടു ഏൽക്കുന്നതുമില്ല. ചിതാഭസ്മം പള്ളിപ്പറമ്പിലെ സാധാരണ രീതിയല്ലാന്നു അവനോടു പറഞ്ഞിട്ടും മനസ്സിലാകുന്നില്ല. അവനൊരു പേടി. അപ്പോൾ തനിക്കോ!

ആലുംമൂട്ടിലേക്ക് പായുന്ന ബൈക്കിൻറെ ക്രാഷ്ഗാർഡിൽ തൂങ്ങുന്ന പ്ലാസ്റ്റിക് കൂട് കാലിൽ ഉരസുമ്പോൾ സാംകുട്ടി അസ്വസ്ഥനായി. കുടം പൊട്ടിയാൽ എന്തുചെയ്യും. ആത്‌മാവ്‌ പുറത്തു വരുമോ. മോക്ഷം കിട്ടുന്നതുവരെ പിറകെ കൂടുമോ, കർത്താവേ! പിന്നിൽ, തലയ്ക്കു കാറ്റുപിടിച്ച സുഖത്തിൽ രാംചന്ദ് ഉറക്കെ പാടുന്നു. സാംകുട്ടി ആക്‌സിലറേറ്ററിൽ കൈ കൊടുത്തു.

ഓർഗാനിക് വിശ്വനെ തപ്പാൻ എളുപ്പമായിരുന്നു. ആലുംമൂട്ടിൽ മുക്കിൽത്തന്നെയാണ് കട. പക്ഷെ അന്ന് കട അടപ്പായിരുന്നു. ബോർഡിന് താഴെ കറുത്ത കൊടി. സാംകുട്ടിക്ക് സമാധാനമായി. മരണത്തിൻറെ കാറ്റുപിടിച്ചാണല്ലോ കറുത്ത കൊടികൾ പാറുന്നത്. കാര്യങ്ങൾക്ക് ഒരു തീരുമാനമാകാൻ താമസമില്ല, അവനു തോന്നി. വിശ്വൻറെ വീട് അടുത്ത കടയിൽനിന്നറിഞ്ഞു. കുടത്തിന്റെ കാര്യം പറഞ്ഞില്ല. ചേട്ടൻറെ ചിതാഭസ്‌മം മകൻ ബാറിൽ മറന്നുവെച്ചതാണെന്നു പറഞ്ഞാൽ അത് നാട്ടിൽ വിശ്വൻറെ വിശ്വാസ്യതയ്ക്ക് ക്ഷീണമാകുമെന്ന് രണ്ടുപേർക്കും ഉറപ്പായിരുന്നു. മാത്രമല്ല, തങ്ങളുടെ നിലപാടറിയുമ്പോൾ വിശ്വനും കൂട്ടുകാർക്കുമിടയിൽ ബാറിന്റെ വിശ്വാസ്യത കൂടുകയും ചെയ്യും.

ബൈക്ക് കപ്പത്തോട്ടങ്ങൾക്കിടയിലൂടെയുള്ള നാട്ടുവഴി പിടിച്ചു. വഴിയരികിലെ ചെമ്മൺകയ്യാലകൾ കണ്ട് അന്തംവിട്ട രാംചന്ദിന് പാട്ടു നിന്നത് സാംകുട്ടി ശ്രദ്ധിച്ചു. കയ്യാലയുടെ ഹിന്ദി അറിയാൻ വയ്യാതെ അവൻ പരുങ്ങി.

മുറ്റത്തു കിണറുള്ള വീടിനു ചുറ്റും നല്ല പച്ച പറമ്പ്. രാംചന്ദ് കൗതുകത്തോടെ ചുറ്റും നോക്കി. കിണറ്റിൽനിന്ന് വെള്ളം കോരുന്നത് വിശ്വന്റെ ഭാര്യയോ പെങ്ങളോ ആയിരിക്കുമെന്ന് സാംകുട്ടിക്ക് ഉറപ്പായിരുന്നു. കാര്യം എങ്ങനെ അവതരിപ്പിക്കണമെന്നാണ് അവന് ഒരു പിടിയുമില്ലാതിരുന്നത്. നടക്കുന്നതിനിടയ്ക്ക് പറമ്പിൻറെ മൂലയിലെ കരിഞ്ഞുണങ്ങിയ കുഴി അവൻ കണ്ടു. ചിത. അതവന് മനസ്സിലായി. പലതവണ കണ്ടിട്ടുള്ളതാണ്. ചുറ്റും അടിച്ചിരുന്ന പാതി കരിഞ്ഞ കുറ്റികൾ ഇളക്കി കരയിൽ കൂട്ടിയിരിക്കുന്നു. ചോദ്യത്തിൻറെ ഉത്തരം മണക്കുന്നു. ചോദ്യം എങ്ങനെ വേണമെന്നേ സംശയമുള്ളു.

“വിശ്വൻ ചേട്ടൻ…?” അവൻ അർധോക്തിയിൽ പരുങ്ങി.

“ഇല്ലല്ലോ. ചേലാമറ്റത്തു ഭസ്മം ഒഴുക്കി ബലിയിടാൻ പോയിരിക്കുവാ,” ചേട്ടൻറെ മരണം അന്വേഷിച്ചു വന്നവരായിരിക്കുമെന്ന ഉറപ്പിൽ കിണറ്റിങ്കരയിൽനിന്ന് മറുപടി വന്നു. സാംകുട്ടി ഞെട്ടി. അവനാകെ മടുത്തു തുടങ്ങിയിരുന്നു. തിരിച്ചു മെയിൻ റോഡിൽ കയറി ബൈക്ക് നിർത്തി അവൻ ബാറിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും അരണ്ട നീലവെളിച്ചത്തിലെ അവൻറെ ലോകത്തിലേക്ക് മടങ്ങാനായിരുന്നു ധൃതി. പക്ഷെ, അവിടെത്തന്നെ നിൽക്കാനാണ് നിർദേശം കിട്ടിയത്. ബാബു ഇപ്പൊ വിളിക്കും.

റോഡരികിലെ കാനയ്ക്കപ്പുറത്തേക്ക് മാറി ഒന്ന് മൂത്രിച്ചേച് വന്നപ്പോ രാംചന്ദ് ഉപദേശിച്ചു: കൈ കഴുകിയിട്ടേ ബൈക്ക് തൊടാവൂ. കുടത്തിലെ ഭസ്മം ശുദ്ധമായി കൈകാര്യം ചെയ്യേണ്ടതാണ്. സാംകുട്ടിക്ക് ദേഷ്യ൦ വന്നു. റോഡ്‌സൈഡിൽ അല്പം അകലെ കണ്ട പൈപ്പിൽനിന്ന് കൈകഴുകി നിവർന്നപ്പോഴേക്ക് ബാബുവിൻറെ ഫോൺ.

“ഡാ, നീ ഒന്നൂടെ ഓടണം. ഷിജു വിളിച്ചിരുന്നു. മുള്ളൂർക്കോണം വരെ ഒന്ന് പോ. അവിടെ കവലയിൽത്തന്നെ ഒരു ഹോട്ടലുണ്ട് – വട്ടയില ഫുഡ് ഹബ്. ദിലീപനെ കാണണം. അവൻറെ അച്ഛൻ മരിച്ചിട്ട് ഭസ്മത്തിൻറെ കുടവുമായി വർക്കലയ്ക്കു പോകുന്നവഴി ഇവിടെ വന്നതാ. കൂടു മാറിപ്പോയി. അവൻ കൊണ്ടുപോയത് അനിച്ചേട്ടന് കൊണ്ടുപോകാൻ വച്ചിരുന്ന ബീഫ് ഉലർത്തിയതിന്റെ കൂടാ. നിങ്ങൾ ഇത് അവനെ ഏൽപ്പിച്ചേച്ചു വാ.”

മുള്ളൂർക്കോണത്തേക്കുള്ള റോഡ് കിഴക്കൻ കുന്നുകളുടെ ചെരുവിൽകൂടെയായത് രാംചന്ദിന് നന്നായി പിടിച്ചു. ഇത്ര നല്ല നാട്ടിൻപുറങ്ങൾ അവൻ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഉച്ചയൂണിനു നിർത്തിയ ആസ്ബസ്റ്റോസ് മേഞ്ഞ ഹോട്ടൽ കുന്നിൻറെ മണ്ടയിലായിരുന്നു. പിന്നിൽ കൈകഴുകാൻ നിൽക്കുമ്പോൾ അവൻ കണ്ണെത്തും ദൂരത്തോളം പച്ചപ്പ് വിരിച്ചിട്ടിരിക്കുന്നത് കണ്ട് സന്തോഷിച്ചു. സാംകുട്ടിയുടെ മുഖം മാത്രം ഇങ്ങനെ ചുവന്നിരിക്കുന്നത് എന്തിനാണെന്ന് അവനു മനസ്സിലായുമില്ല. അതിനും മാത്രം സംഭവമൊന്നും ഇവിടെ ഇല്ലല്ലോ.

ബൈക്കിനു മുൻപിൽ വളഞ്ഞുപുളഞ്ഞു കയറിയിറങ്ങി പുറകോട്ടോടുന്ന വഴി. ഓരോന്ന് ആലോചിച്ചുകൊണ്ട് സാംകുട്ടി യാന്ത്രികമായി വണ്ടി ഓടിച്ചുകൊണ്ടിരുന്നു. ബാറിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് നാലുകൊല്ലമായി. പാതി ഇരുട്ടിൽ എത്ര മുഖങ്ങളാണ് കണ്ടത്. അവരിൽ എത്രപേർ ഇപ്പൊ ഇതുപോലെ ഭസ്മമായി പുഴകളിൽ ഒഴുകുകയോ വാഴയ്‌ക്ക് വളമാകുകയോ ചെയ്തിരിക്കും. അവരൊക്കെ മോക്ഷം കിട്ടി ദൈവത്തിന്റെ അടുത്തെത്തിക്കാണും. ഇങ്ങനെ പാതിവഴിയിൽ പെട്ടുപോയ ആത്‌മാക്കൾ വേറെ കാണുമോ എന്തോ! എന്തായാലും ആത്‌മാവ്‌ ബാറിൽ പെട്ടുപോയ കേസുകൾ തൻറെ അറിവിൽ ആദ്യമാണ്.

വളവുകൾ തിരിയുമ്പോൾ പ്ലാസ്റ്റിക് കൂട് മുട്ടിൽ ഉരസുന്നതുകൊണ്ടാണോ എന്നറിഞ്ഞില്ല, കൂടുതൽ കൂടുതൽ തത്വചിന്തകളിലേക്ക് മനസ്സ് സ്കിഡ് ചെയ്യുന്നത് അവൻ അറിഞ്ഞു. രാമചന്ദ് പറഞ്ഞത് കേട്ടിടത്തോളം വച്ച് നോക്കുമ്പോൾ ബാറും ഏതാണ്ടൊരു ദൈവപദം പോലൊരു ഇടമല്ലേ? ആളുകൾ സർവ്വതും മറന്ന് സ്വയം ഇല്ലാതെയാകുകയും കുറച്ചു സമയത്തേക്കെങ്കിലും മോക്ഷം തേടുന്ന ആത്‌മാക്കളായി വിലയം പ്രാപിക്കുന്ന ഇടം. അവർ തിരിച്ചുപോകുന്നുണ്ടെങ്കിലും വന്നതുപോലെയല്ലല്ലോ. വീണ്ടും വരാനുമാണല്ലോ. അലൗകികമായ ഒരു സംഭവമാണ് ബാർ, സാംകുട്ടിക്ക് ഉറപ്പായി. അമ്മച്ചി നിർബന്ധിക്കുന്നപോലെ വേറെ ജോലി നോക്കാനുള്ള ധൃതിയിൽ കാര്യമില്ല. എന്തിനു മടിക്കണം, ചുടലഭസ്മക്കുടങ്ങൾ ഡെയ്‌ലി മെനുവിൽ ഉള്ളതല്ലല്ലോ!

ആളൊഴിഞ്ഞ കവലയായിരുന്നു മുള്ളൂർക്കോണം. ഉച്ചയുറക്കത്തിലേക്ക് വീഴാൻ പോകുമ്പോഴാണ് “വട്ടയില ഫുഡ് ഹബ്” അവരെ കണ്ടത്. കയറ്റം കയറി വരുന്ന ബൈക്ക്. അവർ നേരെ മുന്നിൽ വന്നു നിന്നു. ആളൊഴിഞ്ഞ ഹോട്ടലിലെ മേശ തുടയ്ക്കുന്ന പയ്യനെ കണ്ടപ്പോഴേ രാംചന്ദിൻറെ മുഖത്തു ചിരി വിടർന്നു. നാട്ടുകാരനാവാൻ സാധ്യതയുള്ള അതിഥി. ബംഗാളാണോ ബീഹാറാണോ എന്നെ സംശയം ഉള്ളു. രമേശ് ഗുവാഹാട്ടിക്കാരനാണെ ന്നു പറഞ്ഞെങ്കിലും സ്വന്തമാണെന്നൊരു തോന്നൽ രാംചന്ദിനുണ്ടായി. അവനാണ് രമേശിനോട് ബോസ്സിനെപ്പറ്റി ചോദിച്ചത്. ദിലീപൻ വീട്ടിലാണ്. വരാറായി. വൈകിട്ട് സ്ഥിരം ചായക്കാരുണ്ട്. പിന്നെ നഗരത്തിൽ ജോലിക്കുപോയവർ മടങ്ങുമ്പോൾ ഹോട്ടൽ ഉഷാറാകാറുണ്ട്. എന്തായാലും ഇവിടെ ഒരുത്തരം കിട്ടുമെന്നും നേരം ഇരുട്ടുമ്പോഴേക്ക് ബാറിൽ മടങ്ങി എത്താമെന്നും സാംകുട്ടിക്കും തോന്നി. രാംചന്ദും രമേശും കൊച്ചുവാർത്തമാനത്തിലേക്ക് കയറിയപ്പോൾ അവൻ പുറത്തിറങ്ങി അടുത്ത പുരയിടത്തിലെ കശുമാവുകളിൽ കാറ്റ് പിടിക്കുന്നതും നോക്കി നിന്നു. കടയുടെ അടുത്തെങ്ങും കറുത്ത കൊടി ഇല്ലാതിരുന്നത് അവൻ ശ്രദ്ധിച്ചു.

സാംകുട്ടിയുടെ മനസ്സ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ഇതെന്ത് യോഗം! ആരുടെയോ ചിതാഭസ്മവുമായി നാടാകെ കറങ്ങേണ്ടി വരുമെന്ന് ആര് കണ്ടു! പള്ളിപ്പറമ്പിൽ ഒരവസരത്തിലും ഇങ്ങനെയൊരു സംഭവം പറഞ്ഞു കേട്ടിട്ടില്ല. എല്ലാവരും ഒടുവിൽ മണ്ണോടു ചേരുമെന്ന് സാമുവൽ സാർ സൺ‌ഡേ സ്കൂളിൽ പണ്ട് പറഞ്ഞത് കേട്ട് വിശ്വസിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് മനസ്സിലായത് ചിലർ തീയിൽ ഒടുങ്ങുമെന്നും മറ്റും. പക്ഷെ, മരിച്ചവൻറെ ഭസ്മത്തിന് ഇങ്ങനെയൊരു പ്രാധാന്യമുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്.

അവൻ ബൈക്കിൽ തൂങ്ങുന്ന കൂടു നോക്കി. സാംകുട്ടിക്ക് മനസ്സുനോവാൻ തുടങ്ങി. ആദ്യം തോന്നിയ ദേഷ്യമോ അറപ്പോ ഇപ്പോൾ മാറിയിരിക്കുന്നു. ഈ ആത്മ്മാവെന്നൊക്കെ പറയുന്നത് പിടികിട്ടാത്ത സംഭവമാണെങ്കിലും കുടത്തിനുള്ളിൽ കുടുങ്ങിപ്പോയത് ഏതോ മനുഷ്യൻറെ അവസാനത്തെ ആഗ്രഹമാണെന്നും മറ്റും തോന്നിയപ്പോൾ അവനു നോവ് കൂടി. കുടം ബാറിൽ മറന്നവനെ ഓർത്തപ്പോൾ ഭയങ്കരമായ ദേഷ്യവും. ഇത്രയ്ക്കു പന്ന മനുഷ്യർ ഉണ്ടല്ലോ എന്നോർത്തുപോയി.

ദിലീപൻ ഷിജുവിനെപ്പോലൊക്കെത്തന്നെ നല്ല ആരോഗ്യമുള്ള, കരിങ്കല്ലുപോലെ ഉറച്ച ചെറുപ്പക്കാരൻ. മുഖത്തു ഉറഞ്ഞു കട്ടിയായ ഗൗരവം. അയാൾക്ക് ദിലീപൻ എന്ന പേര് ചേരില്ലെന്നും, ക്വട്ടേഷൻ ഗുണ്ടകൾക്ക് പറ്റിയ ഏതെങ്കിലും പേര് മതിയായിരുന്നെന്നും സാംകുട്ടിക്കു തോന്നി. മടിച്ചു മടിച്ചു കാര്യം ചോദിച്ചപ്പോൾ ബൈക്കിലെ കുടം ഒന്ന് നോക്കിയിട്ട് അതെടുത്തുകൊണ്ട് ഹോട്ടലിൻറെ പിന്നിലേക്ക് വരാനാണ് ദിലീപൻ പറഞ്ഞത്. എന്നിട്ട് അയാൾ മുന്നിൽ നടന്നു. പരസ്പരം നോക്കിയിട്ട് രാംചന്ദും പ്ലാസ്റ്റിക് കൂടും തൂക്കി സാംകുട്ടിയും പിന്നാലെ ചെന്നു.

ഒന്നും മിണ്ടാതെ ദിലീപൻ കൂടു വാങ്ങി, കുടമെടുത്തു, പട്ടിന്റെ മൂടി മാറ്റി. നേർത്ത പ്ലാസ്റ്റിക് സെല്ലോടേപ്പ്കൊണ്ട് കുടത്തിൻറെ അടപ്പ് ചേർത്ത് ഭദ്രമാക്കിയിരുന്നു. അയാൾ അത് വലിച്ചു മാറ്റി, കുടം വാഴയുടെ ചുവട്ടിൽ കമഴ്ത്തി. വെളുത്ത ചാരം ഒരു ലോഹ്യവുമില്ലാതെ വാഴയ്ക്ക് വളമായി വിതറി, ബാക്കി കുറെ കാറ്റിൽ പറന്നു. അയാളുടെ മുഖത്തു ഒരു ഭാവവും അവർ കണ്ടില്ല. കാലുകൊണ്ട് മണ്ണിളക്കി വാഴയ്ക്ക് താഴേക്ക് കൂട്ടിയിട്ട് കുടം സാംകുട്ടിയുടെ കൈയിൽ കൊടുത്തു.

“പോണ വഴിക്ക് എവിടെങ്കിലും തട്ടിക്കൊ. ഇവിടെ ഇടണ്ട,” ദിലീപൻ പറഞ്ഞു. ഹോട്ടലിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ അയാൾ പിറുപിറുക്കുന്നത് സാംകുട്ടി കേട്ടു: “കടലിൽ കളയണ്ടത് കടലിൽ കളഞ്ഞിട്ടൊണ്ട്.”

തിരികെ മടങ്ങുമ്പോൾ സാംകുട്ടിയുടെ മനസ്സാകെ കലങ്ങിയിരുന്നു. അത്രയ്ക്ക് പിടിയൊന്നും കിട്ടിയില്ലെങ്കിലും ആത്‌മാവ്‌ പോകേണ്ട രീതി ഇങ്ങനെയല്ല എന്ന് അവനു തോന്നി. ദൂരെ സന്ധ്യ മയങ്ങുന്നതു കണ്ടിട്ടാവണം രാംചന്ദ് സന്ദർഭോചിതമായ ഒരു പാട്ടായിരുന്നു ഉറക്കെ പാടിക്കൊണ്ടിരുന്നത്. സാംകുട്ടി ഓരോന്നാലോചിച്ചുകൊണ്ട് ബൈക്ക് വിട്ടു. ഇല്ലിയൊഴുക്കം പാലത്തിൻറെ അടുത്തെത്തിയപ്പോളാണ് ഒഴിഞ്ഞ കുടം കളയുന്ന കാര്യം അവൻ ഓർത്തത്. പാലത്തിനരികിലെ കുറ്റിക്കാടിനരികെ ബൈക്ക് നിർത്തി, കൂടിൽനിന്നു കുടമെടുത്തു. അടപ്പ് വാഴച്ചുവട്ടിൽത്തന്നെ കളഞ്ഞിരുന്നു. കുടത്തിനടിയിൽ ചാരം ബാക്കിയുള്ളത് പറ്റിപ്പിടിച്ചിരിക്കുന്നു.

സാംകുട്ടിക്കു എന്തൊക്കെയോ തോന്നി. പെട്ടെന്ന് അവൻ കുറ്റിക്കാടിനിടയിലൂടെ പാലത്തിനടിയിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കിറങ്ങി. ജീൻസും ടീഷർട്ടും ഊരാൻ നിൽക്കാതെ കുടവുമായി വെള്ളത്തിലേക്ക് അരയറ്റം ഇറങ്ങി. രാംചന്ദ് അത്ഭുതം കൂറി നിന്നു.

പടിഞ്ഞാറ് സന്ധ്യ മനോഹരമായി അസ്തമിക്കുന്നത് നോക്കി സാംകുട്ടി കുടവുമായി മുങ്ങി. വെള്ളത്തിൽ ദിലീപൻറെ അച്ഛൻറെ അവസാനത്തെ മോഹം അലിഞ്ഞില്ലാതാകുന്നത് രാംചന്ദ് നോക്കിനിന്നു. സാംകുട്ടി ആകാശത്തേക്ക് കൈയുയർത്തി പ്രാർത്ഥിച്ചു: “കർത്താവേ, ഈ ആത്‌മാവിന് മോക്ഷം കൊടുത്തേക്കണേ!”

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി. മാധ്യമ ലോകത്ത് 42 വർഷം ജോലി ചെയ്തു. മലയാള മനോരമ അടക്കം ഇന്ത്യയിലും വിദേശത്തും വിവിധ മാധ്യമങ്ങളിൽ സബ് എഡിറ്റർ മുതൽ എഡിറ്റർ വരെയായിരുന്നു.