ഡയറിക്കുറുപ്പുകളിൽ നിന്നും
ഓർമ്മകളെ അടർത്തിമാറ്റിക്കൊണ്ടിരുന്നപ്പോഴാണ്
താളുകൾക്കിടയിൽ വാടാത്ത ഒരു പൂമൊട്ട്
വെയിൽ തിന്നുന്ന പക്ഷിയായി പറക്കാൻ തുടങ്ങിയത്.
അതിന്റെ ചിറകടിയൊച്ചയിൽ
തടിയലമാരയിൽ നിന്നും
ദത്തയോവ്സ്കിയും കാരമസോവ് സോദരരും
കാഫ്കയും രവിയും
റാസൽനിക്കോവും വളർന്നു
നിഴലുകളോടു
യുദ്ധം ചെയ്യാൻ തുടങ്ങി.
അധോലോകങ്ങളിൽ നിന്നും
ഭൂതാവിഷ്ടർ ഇറങ്ങി വന്ന് ചിറ്റമ്മമാരെ
കിടക്കയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു
നിരാനന്ദവും തേടി കൂമൻകാവുകളിൽ
രവിയെ തിരക്കുന്ന ജോസഫ് കെ.
അഴുക്കുചാലുകളിൽ അസംബന്ധത്തിന്റെ
പന്നിയെലികളെ വളർത്തുന്ന
സൂപ്പർവൈസറോടു തൊഴിലിരന്ന്
ജോസഫ് രൂപാന്തരം പ്രാപിച്ച ഒരു എട്ടുകാലിയായി
ആകാശം മുട്ടെ വളരുന്നു
പുറത്ത് നിന്നും പെങ്ങൾ വിളിച്ചു ചോദിക്കുന്നു:
ആർ യു ഓകെ ഗ്രിഗർ?
അമാനുഷികമായ ആർജവത്തോടെ
താളുകളിൽ നിന്നും നിവർന്ന് മറ്റൊരു
റൊമാന്റിക് ഔഡ് സൈഡർ
അയാളുടെ മറന്നുപോയ
പേര് ചോദിക്കുന്നു.
തൊഴിൽദാതാവായ പെണ്ണിന്റെ
മുലയിൽ തൊട്ടു നിന്ന് ജോസഫ്
അകത്തേക്കുള്ള വഴി ചോദിച്ചു കൊണ്ടു
തന്റെ യോഗ്യതകൾ അവൾക്ക് കൈമാറുന്നു.
ഞാൻ അടക്കിപ്പിടിച്ച
ഓർമ്മകൾ പുറത്തേക്കെറിഞ്ഞ്
ഓടാൻ തുനിയുമ്പോൾ
വഴിനീളെ പാരിദോഷികളുടെ
നാമജപഘോഷം!
മലർക്കെ തുറന്ന ഡയറിയിൽ നിന്ന്
പുതപ്പിന്റെ ശുക്ലഗന്ധം
പഴകിദ്രവിച്ച ഓർമ്മകളുടെ അരണവാല്,
മരിച്ചുമണ്ണടിയാതെ
കുമ്പസരിക്കുന്ന പ്രണയകാമങ്ങൾ
പൂർത്തിയാക്കാതെ വെച്ച
അഗമ്യഗമനങ്ങളുടെ പാതിരകൾ
ഉറക്കഗുളികകൾ കലർന്ന
പ്രണയകലാപങ്ങളുടെ
പര്യവസാനിക്കാത്ത സീൽക്കാരങ്ങൾ!
തന്റെ ഊഴമായോയെന്ന് മറ്റൊരുവളോട്
ഉരുമ്മി നിന്ന് അവളുടെ വിയർപ്പിനെ ധ്യാനിക്കുമ്പോൾ,
അജ്ഞാതനാമാവായ സൂപ്പർവൈസർ
ജോസഫിനെ നിരാനന്ദത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു
വെടക്ക് മുറിയിൽ ജോസഫൈൻ തനിച്ച്
ഉച്ചസ്ഥായിയിൽ അവളോട് തന്നെ
പാടിത്തിമിർക്കുന്നു.
*ജോസഫൈൻ ദി സിംഗർ എന്ന കാഫ്കയുടെ കഥ, മെറ്റമോർഫോസിലെ ഗ്രിഗർ സാംസ, കാമുവിന്റെ പ്ലേഗ്, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ദത്തയവസ്കിയുടെ കാരമസോവ് ബ്രദേഴ്സ്, അണ്ടർ ഗ്രൗണ്ട്, ക്രൈം ആന്റ് പണിഷ്മെന്റ് എന്നിവ സൂചിതം.