അരങ്ങിലലിഞ്ഞ് അരനൂറ്റാണ്ട്…

ജോണ്‍  ടി. വേക്കന്‍

നാടകകൃത്ത്, സംവിധായകൻ, നടൻ, മ്യൂസിക്-ലൈറ്റ്-സെറ്റ്-കോസ്റ്റ്യൂം-മേക്കപ്പ് ഡിസൈനർ, പ്രൊഡ്യൂസർ, സംഘാടകൻ, നാടകാദ്ധ്യാപകൻ, അഭിനയപരിശീലകൻ, നാടകഗവേഷകൻ, ഗ്രന്ഥകാരൻ, ലേഖകൻ, എഡിറ്റർ, പ്രസാധകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ഇന്ത്യയിലെ അമച്വർ പ്രൊഫഷണൽ നാടകവേദികളിൽ അമ്പതുവർഷത്തിലേറെയായി സജീവ സാന്നിദ്ധ്യം.

അനുഭവം, ഓര്‍മ്മ, ജീവിതം – അടുക്കിവെച്ച സൃഷ്ടിതന്ത്രത്തിന്റെ പരിപക്വ പ്രക്രിയ പിന്‍പറ്റി കലര്‍പ്പില്ലാത്ത കലയുടെ രംഗാവിഷ്‌കാരം കാണുന്നവനിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രതിഭാ വൈഭവം. ഒരൊറ്റ വരിയില്‍ വാക്കുകള്‍ കോര്‍ത്ത് വെച്ചാല്‍ ജോണ്‍ ടി വേക്കന്‍ എന്ന നാടകാചാര്യനെ ഇങ്ങിനെ വിശേഷിപ്പിക്കാം.

അമ്പതാണ്ടിന്റെ അരങ്ങ് ജീവിതം – അതു തന്ന അനുഭൂതി, സംതൃപ്തി. നാടകകലയോടുള്ള അഭിനിവേശം, ഇങ്ങിനെയെല്ലാം ജീവിതത്തെ സ്ഥാനപ്പെടുത്തുന്ന കലാകാരന്‍, തനത് നാടക വേദിയുടെ ജീവനാഡികളിലൊന്നായി പരിണമിക്കുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യപടികളിലേറുമ്പോള്‍ തന്നെ അരങ്ങത്ത് വേഷങ്ങള്‍ ആടിയ അനുഭവം. കാണുന്നവരുടെ മനസ്സുകളിലേക്ക് കുടിയേറിയ പാത്രാവിഷ്‌കാരം. അഭിനയത്തികവിനുള്ള അംഗീകാരങ്ങള്‍. കുഞ്ഞുനാളിലേ അരങ്ങിലെത്തിയും സഭാഭയമില്ലാതെ വേഷ പൂർണതയുടെ നാനാതരം ഭാവങ്ങളിലേക്ക് പകർന്നാടിയുമുള്ള പരിണാമ ദശാസന്ധികൾ .

അച്ഛനും, അമ്മയും അമ്മാവന്‍മാരും കുടുംബാംഗങ്ങളുമുള്ള വലിയ കൂട്ടുകൂടുംബ സദസ്സുകളില്‍ അരങ്ങേറിയ കലാപ്രകടനങ്ങള്‍, അവരുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങൾ.. അവരാണ് ജോണ്‍ ടി വേക്കനെന്ന പ്രതിഭയെ അരങ്ങിലേക്ക് കൈപിടിച്ച് കയറ്റിവിട്ടത്.

ഏതോ വേളയില്‍ പ്രതിഭയുടെ മിന്നലാട്ടത്തിന് ഇളയമ്മാവന്‍ നല്‍കിയ 100 ന്റെ നോട്ടായിരുന്നു ആദ്യത്തെ പ്രതിഫലം. നാലാം ക്ലാസിലെ സ്റ്റേജില്‍ അരങ്ങ് തകര്‍ത്ത അഭിനയമികവിന് പ്രഥമാദ്ധ്യാപകന്‍ നല്‍കിയ ഫൗണ്ടന്‍ പെന്‍ ആദ്യ പൊതു അംഗീകാരവും.

വൈക്കത്തെ ആശ്രമം സ്കൂളിൽ നാടകവും കഥാപ്രസംഗവും മോണോ ആക്ടും ഫാൻസിഡ്രസ്സും ഒക്കെയായി നിറഞ്ഞാടി പിടിഎ യുടെ ഗോൾഡ് മെഡൽ വാങ്ങിയ അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ കലാപാരമ്പര്യം, നാടു മുഴുവൻ നാടകം കളിച്ച്, നാവിക സേനയിൽ ജോലിക്ക് പോകുമ്പോൾ, അച്ഛൻ അവസാനിപ്പിച്ചത് ജോൺ ഏറ്റെടുക്കുകയായിരുന്നു.

നാവിക സേനയിലും പിന്നീട് ഖത്തറിലെ ഫെർട്ടിലൈസർ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും കലയെ കൈവിടാതിരുന്ന അച്ഛൻ്റെ ഉറച്ച പിന്തുണയാണ് ജോൺ എന്ന ചെറുപ്പക്കാരന് രംഗകലയെ , തൻ്റെ കർമ്മ മേഖലയായി മാറ്റിയെടുക്കാൻ പ്രചോദനമായത്.

അരങ്ങിലും ജീവിതത്തിലും മുനയുള്ള ഉറച്ച നിലപാടുകൾക്ക് പിൻബലമായതും കണിശക്കാരനായ അച്ഛൻ പഠിപ്പിച്ച ബാലപാഠങ്ങളാണ്.

ഓര്‍മ്മയുടെ അരങ്ങില്‍ ആടിത്തിമിര്‍ക്കുന്ന ഇത്തരം രംഗങ്ങളാണ് നേരിന്റെ നേര്‍വഴിയിലൂടെ നിര്‍ഭയനായി നടക്കാന്‍ ജോണ്‍ ടി വേക്കനെ പ്രാപ്തനാക്കുന്നത്.

സി എൻ ശ്രീകണ്ഠൻനായരുമായി വളരെയടുത്ത ആത്മബന്ധമുണ്ടായിരുന്ന ഭരത് ഗോപി, “കാഞ്ചനസീത” നാടകം എറണാകുളം ഫൈനാർട്സ് ഹാളിൽ കണ്ടശേഷം വേക്കനോടൊപ്പം.

ഹൈസ്‌കൂളിലെ ഗൗരവമായ നാടകാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ പിന്നീടുള്ള പ്രയാണത്തിന് ഊർജം പകർന്നു. പത്താം ക്ലാസിലെ വാര്‍ഷികാഘോഷ വേളയില്‍ , അഭിനയത്തിന് അതിനു മുമ്പ് അങ്ങിനെയൊന്ന് ഇല്ലാത്ത രണ്ടാമത്തെ മികച്ച നടന്‍ പുരസ്‌കാരം തേടിയെത്തി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആദ്യ സ്ഥാനക്കാരെ സ്‌കൂളില്‍ നിന്നും കൊണ്ടുപോയപ്പോള്‍ ജോണ്‍ ടി വേക്കനും സ്‌കൂള്‍ അധികൃതര്‍ അവസരം ഒരുക്കി.

എന്നാല്‍, രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ആ നാടകത്തില്‍ രചയിതാവ് സൃഷ്ടിക്കാത്ത മൂന്നാമത്തെ കഥാപാത്രമായി അഭിനയിക്കാൻ വിസമ്മതം അറിയിച്ചു. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമ്പോൾ പ്രഥമാധ്യാപകൻ പേരുവിളിച്ചപ്പോഴുണ്ടായ അമ്പരപ്പും, അപ്പോഴും ചങ്കുറപ്പോടെ, സ്നേഹത്തോടെ ആ പുരസ്കാരം നിരസിച്ചതും, സംസ്ഥാന തലത്തില്‍ ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ കൂടി ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നിലപാടിൽ മാറ്റമില്ലാതെ വീണ്ടും നിരസിച്ചതും അതേ നേരിന്റെ പ്രതിഫലനമായിരുന്നു.

പിന്നീട്, നാടകത്തെ ജീവിതത്തോട് ചേര്‍ത്തുവെയ്ക്കാന്‍ തീരുമാനിച്ച കാലത്തും വഴിമാറി നടന്നില്ല. പരപ്രേരണയില്ലാതെ, ബാലമനസ്സിൻ്റെ ചിന്താപദ്ധതിയില്‍ സ്വയം ഉയര്‍ന്നുവന്ന ജീവിത തത്വങ്ങളുടെ അലിഖിത നിയമങ്ങളില്‍ ഉറച്ചുനിന്ന അനിതരസാധാരണമായ സ്വഭാവമഹിമ, നാടകാവതരണത്തിലേക്കും അങ്ങിനെ പകര്‍ന്നു കിട്ടി.

“കഥാബീജം” നാടകരചന – വൈക്കം മുഹമ്മദ് ബഷീർ, സംവിധാനം – ജോൺ ടി വേക്കൻ

അനുഭവഘടനയില്‍ പതിഞ്ഞുപോയതെല്ലാം അരനൂറ്റാണ്ടിന്റെ അരങ്ങ് ജീവിതത്തിലും അണുവിടതെറ്റാതെ കാത്തുസൂക്ഷിച്ചു. മനുഷ്യപ്രകൃതിയുടെ ഭാവാന്തരങ്ങള്‍ രംഗകലയിലേക്ക് സന്നിവേശിപ്പിച്ച എണ്ണം പറഞ്ഞ രചനാവിഷ്‌കാരങ്ങള്‍. രൂപകങ്ങളും പ്രതീകങ്ങളും നിറഞ്ഞ സഞ്ചിതാവരണശൈലിയും, ഭാവാധിഷ്ഠിതമായ ഉരിയാട്ടങ്ങളിലൂടെയുള്ള കഥാഖ്യാനവും, എല്ലാം നിറഞ്ഞതാണ് നവനാടകാനുഭവത്തിലെ ഈ വേക്കനിസം.

ബഷീറും വേക്കനും “കഥാബീജം” നാടകചർച്ചയിൽ.

വാണിജ്യനാടകങ്ങളിലെ അതിമെലോഡ്രാമാറ്റിക് ശൈലിയില്‍ നിന്നും വ്യത്യസ്തമായി യഥാതഥമായ അളവുകളില്‍ ആറ്റിക്കുറുക്കി സാഹിത്യമൂല്യങ്ങളിലൂന്നിയ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്ന യഥാര്‍ത്ഥ പ്രൊഫഷണല്‍ നാടകരീതിയാണ് വേക്കനിസം സമ്മാനിച്ചത്.

ഈ രംഗത്തെ പെരുന്തച്ചന്‍മാരായിരുന്ന എം ഗോവിന്ദൻ, സി ജെ തോമസ്, എം വി ദേവൻ, കെ എസ് നാരായണപിള്ള, ജി ശങ്കരപ്പിള്ള തുടങ്ങിയവര്‍ പാകിയ വീഥിയിലൂടെ നടക്കുകയും, തുടര്‍ന്ന് തന്റേതായ വേറിട്ട ആഖ്യാനശൈലിയിലൂടെ സമാന്തരമായ മറ്റൊരു വഴിത്താര തുറന്നിടുകയും ചെയ്ത വ്യക്തിത്വമാണ് ജോണ്‍ ടി വേക്കറേത്.

അരുണാചൽ പ്രദേശിന്റെ ആദരം.

നാടക സങ്കല്‍പ്പങ്ങള്‍ക്കും രീതിശാസ്ത്രങ്ങള്‍ക്കും സ്വയം രചിച്ച വ്യാകരണങ്ങളും വ്യാഖ്യാനങ്ങളും നല്‍കിയുള്ള പ്രയാണമായിരുന്നു ഇക്കഴിഞ്ഞ അരനൂറ്റാണ്ട്.

സുവര്‍ണ ജൂബിലിയുടെ തിളക്കത്തിലും , അരങ്ങിനെ സമൃദ്ധിയിലാക്കുന്ന പുതുനാമ്പുകള്‍ക്ക് വിത്തു പാകുന്ന കര്‍ത്തവ്യബോധം കൈമോശം വരുത്തിയിട്ടില്ല.

തിരുനാള്‍ എന്ന നാടകക്കളരിയുടെ അമ്പതാണ്ടുകള്‍ ലോകനാടക ചരിത്രത്തിന്റെ നാള്‍വഴികളില്‍ കണിശമായും ഇടംപിടിക്കേണ്ടതുണ്ട്. ഭാഷാന്തരങ്ങളും ദേശാന്തരങ്ങളും ഭേദിച്ചുള്ള പ്രയാണത്തില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഇത് സാധ്യമാകും.

“കാഞ്ചനസീത” നാടകരചന – സി എൻ ശ്രീകണ്ഠൻനായർ, സംവിധാനം – ജോൺ ടി വേക്കൻ

പ്രേക്ഷകരിലേക്കും സമൂഹത്തിലേക്കും നേരിട്ട് സംവദിക്കുന്ന കലാരൂപമെന്ന നിലയില്‍ നാടകത്തിന്റെ ജൈവസ്വഭാവത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ കാലഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് കരുതുന്ന കലാകാരനാണ് ജോണ്‍ ടി വേക്കന്‍.

ചലച്ചിത്രത്തേക്കാൾ നാടകത്തിന് പരിഗണനയും അവസരവും നല്‍കുന്ന മനോഭാവമുള്ള വിദേശ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി ഇവിടെ ഭരണകൂടങ്ങളില്‍ നിന്നും ഇതര കലാകേന്ദ്രങ്ങളിൽനിന്നും അവഗണനയാണ് നാടകത്തിന് അനുഭവപ്പെടുന്നത്.

വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയുടെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ. കെ എസ് നാരായണപിള്ള, എം വി ദേവൻ, എം തോമസ് മാത്യു, ജോൺ ടി വേക്കൻ എന്നിവർ സമീപം.

സ്‌കൂളുകളിലെ പാഠ്യപദ്ധതികളില്‍ നിന്നും കലയേയും സാഹിത്യാഭിരുചികളേയും നിഷ്‌കാസനം ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനം. ചിത്രകല ഉള്‍പ്പടെയുള്ള കലാദ്ധ്യാപകരുടെ തസ്തിക നിര്‍ത്തലാക്കിയ പരിഷ്‌കാരങ്ങള്‍. ബാല്യത്തിലേ രൂപപ്പെടേണ്ട വാസനകളെ പരിപോഷിപ്പിക്കാനുള്ള പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നാടകം പോലുള്ള ദൃശ്യമാധ്യമങ്ങളുടെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനും അധികാരികൾ കാണിക്കുന്ന വിമുഖത.., വേക്കനിലെ കലാപകാരിയെ ഉണർത്തുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സര്‍വ്വകലാശാലാ അംഗീകൃതമായ സ്ഥാപനങ്ങളിൽനിന്നും ബിരുദം നേടി ഇറങ്ങുന്നവര്‍ക്ക് അദ്ധ്യാപന ജോലി ലഭിക്കാത്ത സാഹചര്യം. സ്കൂൾ തലത്തിൽ പാഠ്യപദ്ധതിയായി കലാരൂപങ്ങൾ ഉൾപ്പെടുത്തി അദ്ധ്യാപകർക്ക് തൊഴിൽ അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് രംഗകലയുടെ ഭാവി സുരക്ഷിതമാക്കാന്‍ ജോണ്‍ ടി വേക്കന്‍ നിര്‍ദ്ദേശിക്കുന്നു.

“മഹാനായ കലാകാരൻ” നാടകരചന – എം വി ദേവൻ, സംവിധാനം – ജോൺ ടി വേക്കൻ.

നാടകത്തെ, നാടകകലയെ സമൂഹത്തിന്റെ മുന്നില്‍ പരിചയപ്പെടുത്താനും, നാടക ധര്‍മ്മമെന്ത്, ആവിഷ്‌കാരമെന്ത് എന്ന് അറിയിക്കാനും നാടകസങ്കേതങ്ങളെക്കുറിച്ച് ഒരോ പ്രേക്ഷകനേയും ബോധവാനാക്കാനും അവന്റെ ആസ്വാദനതലങ്ങള്‍ ഉയര്‍ത്തുവാനുമൊക്കെയാണ് നാടകവേദി ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ത്യയിലെഏക സ്ഥിരം നാടകവേദിയുടെ സ്ഥാപകന്‍ കൂടിയായ ജോണ്‍ ടി വേക്കന്‍ പറയുന്നു.

“മാരൻ” നാടക രചന – എസ് ബിജിലാൽ, സംവിധാനം – ജോൺ ടി വേക്കൻ

1967ൽ ശാസ്താംകോട്ടയിൽ തുടങ്ങി കഴിഞ്ഞ അമ്പത്താറുവർഷമായി പ്രവർത്തിക്കുന്ന നാടകക്കളരി, 2000-ല്‍ എറണാകുളം കേന്ദ്രമാക്കി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്ഥിരംനാടകവേദി, 2001-ല്‍ ആരംഭിച്ച കുട്ടികളുടെ ആദ്യത്തെ സ്ഥിരംനാടകവേദി എന്നീ പ്രസ്ഥാനങ്ങളുടെ ചരിത്രശേഖരണവും , അഞ്ചുവർഷക്കാലം ഗവേഷണം നടത്തി പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്റെ കലാസൃഷ്ടികളെ കുറിച്ച് അഞ്ചു വർഷത്തോളം ഗവേഷണം നടത്തി ഗ്രന്ഥം തയ്യാറാക്കുന്ന ജോലികളും പൂർത്തിയാക്കിയ വേക്കൻ, ഇതിനെ പുസ്തകരൂപത്തിലാക്കുന്ന തിരക്കിലാണ് ഇപ്പോൾ.

“ചന്തമുള്ളവൾ” നാടക രചന – സുധീർ പരമേശ്വരൻ, സംവിധാനം – ജോൺ ടി വേക്കൻ

വൈക്കം തിരുനാള്‍ എന്ന നാടകസംഘത്തിന്റെ നെടുനായകന് തനത് നാടക കലയെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ പദ്ധതികളേറെയാണ്. വൈക്കത്തെ നാടകക്കളരിയില്‍ നിന്ന് പരിശീലനം ലഭിച്ചിറങ്ങുന്ന കലാകാരന്‍മാരാണ് സ്ഥിരം നാടകവേദിയുടെ മുതല്‍ക്കൂട്ട്. അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കി നാടകവേദി തലയെടുപ്പോടെ അരങ്ങുവാഴുമ്പോഴും പുതിയ സംരംഭങ്ങളും പരിശീലനക്കളരികളുമായി പരിശ്രമങ്ങൾ അവിരാമം തുടരുന്നു.

ദേശീയ – അന്തർദ്ദേശീയ നാടകോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട “മാനുഷ്യകം”. നാടകരചന – കെ എസ് നാരായണപിള്ള, സംവിധാനം – ജോൺ ടി വേക്കൻ

ഏതു ശൈലിയിലുള്ള അഭിനയത്തിനും പോന്ന പരിശീലനമാണ് ഈ അഭിനയക്കളരിയില്‍ നാടകാചര്യനായ വേക്കൻ്റെ മേൽനോട്ടത്തിൽ നല്‍കിവരുന്നത്.

വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളും അഭിനേതാക്കളും നാട്യത്തിന്റെ ഭാവവൈവിദ്ധ്യങ്ങള്‍ തേടി ഇവിടെയെത്തുന്നു.

ദേശീയ -അന്തർദ്ദേശീയ നാടകോത്സവങ്ങളിലേക്ക് ജോണ്‍ ടി വേക്കന്‍ സംവിധാനം ചെയ്ത നാടകങ്ങള്‍ പലകുറി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വളര്‍ന്നു വരുന്ന തലമുറയെ കതിരിടുമ്പോള്‍ തന്നെ കലയിലേക്ക് കാല്‍വെയ്പ്പിച്ച സംരംഭവും വേക്കന്റെ നേതൃത്വത്തിലാണ് നടാടെ നടന്നത്. കൊച്ചിയിലാരംഭിച്ച കുട്ടികളുടെ നാടക പരിശീലനക്കളരിയിലൂടെ അഭിനയരംഗത്തേക്ക് വന്ന കുട്ടികള്‍, പണംകൊടുത്ത് പാസ് വാങ്ങിവന്ന സദസ്സിനു മുന്നില്‍ തങ്ങളൊരുക്കിയ നാടകം കളിച്ചു. വാര്‍ത്തകളില്‍ ഇടംപിടിച്ച ആ സംഭവം ചരിത്രത്തിന്റെ താളുകളില്‍ ചേർക്കപ്പട്ടു.

നാട്യശാസ്ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിൽ ആദ്യമായി ജോൺ ടി വേക്കൻ സംഘടിപ്പിച്ച അഭിനയക്കളരി.

വേക്കന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ശിശിരത്തിലെ ഒരു പ്രഭാതത്തില്‍’ പിന്നീട് പ്രശസ്ത ചലച്ചിത്രകാരന്‍ പി പത്മരാജന്‍ “കരിയിലക്കാറ്റുപോലെ” എന്ന പേരില്‍ ചലച്ചിത്രമാക്കി.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും, നേരിനുവേണ്ടിയുള്ള പോരുകളുമായി നീങ്ങവേ പല സൗഭാഗ്യങ്ങളും വേക്കനെ അവഗണിച്ചു കടന്നു പോയി. പണ്ടേ ഗൗനിക്കാത്തതിനാല്‍, പിന്നീടും ഇതൊന്നുമോര്‍ത്ത് വ്യസനിക്കേണ്ട അവസ്ഥയും ഈ കലാകാരനുണ്ടായില്ല.

“പോളിയോ” നാടകരചന – ജോൺ ടി വേക്കൻ, വൈക്കം ഭാസി. സംവിധാനം – ജോൺ ടി വേക്കൻ

നാടകങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ നാടകഗ്രന്ഥശാലയാരംഭിച്ചതും ചില കീഴ്‌വഴക്കങ്ങളോട് കലഹിച്ചു തന്നെയാണ്. നാടകം ജീവനും ജീവിതവുമായി മാറിയ വര്‍ഷങ്ങൾ…

ന്യൂയോർക്കിലെ ടിം റയ്സ് – ആൻഡ്രു വെബ് ലോയ്ഡ് ടീമിന്റെ “ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ” എന്ന നാടകത്തിൻറെ അവതരണത്തിന് കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുപത്തിയഞ്ച് വർഷം നിയമയുദ്ധം നടത്തി ഒടുവിൽ സുപ്രീം കോടതിയുടെ അനുമതിയോടെ മേരി റോയിയുടെയും അരുന്ധതി റോയിയുടെയും പള്ളിക്കൂടം എന്ന സ്കൂളിനുവേണ്ടി നൂറ്റമ്പതോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ചത് ഇന്ത്യൻ നാടകവേദിയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു.

ജീസസ് ക്രൈസ്റ്റ് – സുപ്പർ സ്റ്റാർ എന്ന നാടകത്തിൽ നിന്ന്

കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് നാടകക്കളരിയുടെ കടന്നുവന്ന വഴിത്താരകളെ ആദരിക്കാൻ രജത ജൂബിലി ആഘോഷിച്ചത്. പിന്നീട് ഒരോ പതിറ്റാണ്ടും ഒരോ നാഴികക്കല്ലായി മാറി. അന്നെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിച്ചു. അരനൂറ്റാണ്ടിന്റെ മഹിമയാര്‍ന്ന വഴിത്താരയിലെത്തി നില്‍ക്കുമ്പോഴും പുതിയ മേഖലകളിലേക്ക് പദമൂന്നാനുള്ള ത്വരയാണ് വേക്കനുള്ളത്.

തിരുച്ചിത്ര വിഷ്വൽ മീഡിയ എന്ന ആശയം മുളപൊട്ടിയിട്ട് ഏറെക്കാലമായെങ്കിലും അഭ്രപാളിയിലെ കലാസൃഷ്ടി സങ്കല്പം സാക്ഷാത്ക്കരിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍, അതിനുള്ള സമയമായെന്ന് ആ മനസ്സ് പറയുന്നു. സിനിമാ സംവിധായകന്റെ മേലങ്കി ചാര്‍ത്തി മറ്റൊരു വേഷപ്പകര്‍ച്ചയ്ക്ക് നാന്ദികുറിക്കുകയാണ് ജോണ്‍ ടി വേക്കന്‍. പ്രാരംഭ ജോലികളുമായി മുന്നോട്ടു പോകുന്നതിനിടെ നാടകവും നാടകക്കളരികളുമായി സമാന്തരയാത്രയും തുടരുന്നു…

“പോളിയോ” നാടകം ഭരത് മുരളി, സൈമൺ ബ്രിട്ടോക്ക് നല്കി പ്രകാശനം ചെയ്തു. സംവിധായകൻ ജോൺ ടി വേക്കൻ സമീപം.
  • 1989-ല്‍ കേരളത്തിലെ പരമ്പരാഗത അഭിനയസമ്പ്രദായങ്ങള്‍ ആധുനിക നാടകത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് കേന്ദ്ര സാംസ്ക്കാരികവകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന ഡോ. വയലാ വാസുദേവൻപിള്ളയുടെ ഗൈഡ്ഷിപ്പിൽ ഗവേഷണം, പഠനം, പരിശീലനം. 2003-ല്‍ കേരളത്തിലെ തനത് രംഗകലകളുടെ മുഖമെഴുത്തു സമ്പ്രദായങ്ങളുടെ പ്രയോഗസാദ്ധ്യത ആധുനിക നാടകത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഗവേഷണവും പഠനവും നടത്തുന്നതിന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു.
  • കേരളത്തിലെ പ്രഗത്ഭരായ എം. ഗോവിന്ദൻ, കെ. എസ്. നാരായണപിള്ള, എം. വി. ദേവൻ, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, ഇ. പി. വാസുദേവഗുരുക്കൾ, കലാമണ്ഡലം മോഹൻകുമാർ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കർണാട് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന (1992-2002)കാലത്ത് സംഘടിപ്പിക്കപ്പെട്ട ദേശീയ നാടകോത്സവമായ ‘നാട്യസമാരോഹി’ൽ കേരളത്തെ പ്രതിനിധീകരിച്ച് നാടകമവതരിപ്പിച്ചു. ഈ രീതിയിൽ പത്തുവർഷം സംഘടിപ്പിച്ച നാടകോത്സവങ്ങളിൽ മികച്ച നാടകങ്ങൾ സംവിധാനം ചെയ്ത ഇരുനൂറ്റമ്പത് ഇന്ത്യൻ സംവിധായകരിൽനിന്നും തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് സംവിധായകർക്കുവേണ്ടി കേന്ദ്ര സംഗീത നാടക അക്കാദമി ഡൽഹി ആനന്ദ് ഗ്രാമിൽ സംഘടിപ്പിച്ച ഒരു മാസത്തെ തീയേറ്റർ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിന് ദക്ഷിണേന്ത്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. എൻ. സി. ജെയിൻ (ഡൽഹി) ഡയറക്ടറും ബി. വി. കാരന്ത് (മൈസൂർ) എക്സിക്യൂട്ടീവ് ഡയറക്ടറുമായി പ്രവർത്തിച്ച വർക്ക്ഷോപ്പിൽ ഹബീബ് തൻവീർ (ഡൽഹി), ഗിരീഷ് കർണാട് (ബാംഗ്ലൂർ), ബെൻസി കൗൾ (ഭോപ്പാൽ), എസ് കെ സാക്സേന(ഡൽഹി), കീർത്തി ജെയിൻ (ഡൽഹി), അനുരാധാ കപൂർ (ഡൽഹി), വിജയാ മേത്ത (മുംബൈ), അനാമിക ഹക്സാർ (ഡൽഹി), നസിറുദ്ദീൻ ഷാ(മുംബൈ), തപസ് സെൻ (കൊൽക്കൊത്ത) നിസ്സാർ അല്ലാന (ഡൽഹി), ഡോളി അലുവാലിയ (ഡൽഹി), കെ ഡി ത്രിപാഠി (വാരണാസി), സോണാൽ മാൻസിംഗ് (ഡൽഹി), ഉത്തര ബാവോക്കർ (ഡൽഹി) എന്നിവരോടൊപ്പം പ്രവർത്തിച്ചു.
  • 1967-ല്‍ എം. ഗോവിന്ദന്‍, സി. എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാരംഭിച്ച കേരളത്തിലെ ആദ്യത്തെ നാടകപരിശീലനപ്രസ്ഥാനമായ നാടകക്കളരിയിൽ ആകൃഷ്ടനായി. നാടകകലയുടെ വിവിധ വിഷങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പരിശീലനം നേടി. 1978-ല്‍ കോഴിക്കോട് സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുകയും ജി. ശങ്കരപ്പിള്ള അവിടെ ഡയറക്ടറാവുകയും ചെയ്തതോടെ ജോൺ ടി. വേക്കന്‍റെ നേതൃത്വത്തില്‍ വൈക്കം കേന്ദ്രമാക്കി നാടകക്കളരിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. നാടകക്കളരിയുടെ ഡയറക്ടറായി ഇപ്പൊഴും തുടരുന്നു.
  • സംവിധാനംചെയ്ത പ്രധാന നാടകങ്ങള്‍. “കഥാബീജം” (വൈക്കം മുഹമ്മദ് ബഷീര്‍), “കാഞ്ചനസീത”, “ലങ്കാലക്ഷ്മി” (സി. എന്‍. ശ്രീകണ്ഠന്‍നായര്‍), “മുഖംമൂടികള്‍”, “മാനുഷ്യകം” (കെ. എസ്. നാരായണപിള്ള), “മഹാനായ കലാകാരന” (എം. വി. ദേവന്‍), “ദീപം! ദീപം!”, “ഒരു തള്ളക്കുരുവിയും മക്കളും” (ജി. ശങ്കരപ്പിള്ള), “ഒറ്റയാന്‍”, “മാറാട്ടം” (കാവാലം നാരായണപ്പണിക്കര്‍), “പാളം തെറ്റുന്ന തീവണ്ടികള്‍” (കണിയാപുരം രാമചന്ദ്രന്‍), “ചന്തമുള്ളവള്‍” (സുധീര്‍ പരമേശ്വരന്‍), “ശത്രു” (കെ. വി. ശരത്ചന്ദ്രന്‍), “നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്…?” (ജോൺ ടി. വേക്കൻ, സിവിക് ചന്ദ്രൻ), “സ്വാഗതം”, “തന്ത്രക്കുതിര” (ബാലന്‍ അയ്യമ്പിള്ളി), “ശിശിരത്തിലെ ഒരു പ്രഭാതത്തില്‍” (സുധാകർ മംഗളോദയം), “മാരൻ” (എസ്. ബിജിലാൽ), “ഉത്തരായണം” (എന്‍. എന്‍. പിള്ള), “പ്രാവുകള്‍ ഇപ്പോള്‍ കരയുന്നില്ല” (ടി. എം. എബ്രഹാം), “മകുടി”, “സമാറയിലേയ്ക്ക്” (പി. ബാലചന്ദ്രന്‍) “പ്രഭാതത്തിന്റെ ആദ്യ രശ്മി” (ഡോ. സി. ജെ. ജോണ്‍).

  • സി എൻ ശ്രീകണ്ഠൻനായരുടെ ഇരുപത്തഞ്ചാം ചരമവാർഷികത്തിന് എറണാകുളത്തെ നാടകക്കളരിയിലെ കലാകാരന്മാർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഒരു നവീന കലാവിഷ്ക്കാരം നടത്തി. അഭിനേതാക്കൾ പ്രത്യേക വേഷത്തിൽ സംഗീതത്തിന്റെയും (സിത്താർ, തബല, പുല്ലാങ്കുഴൽ) പ്രകാശക്രമീകരണങ്ങളുടെയും അകമ്പടിയോടെ “കാഞ്ചനസീത” നാടകം വായിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖരായ മൂന്നു ചിത്രകാരന്മാർ എം വി ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി, സി എൻ കരുണാകരൻ എന്നിവർ സദസ്സിന് മുന്നിൽ ഇരുവശത്തും നിലയുറപ്പിച്ച് വായന ഉൾക്കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നു. കവയത്രി വി എം ഗിരിജ (കൗസല്യ ), ഗായികയും ആകാശവാണിയിൽ അനൗൺസറുമായിരുന്ന തെന്നൽ (ഊർമ്മിള), രാമന് ശബ്ദം നല്കിയത് ജോൺ ടി വേക്കൻ. “കാഞ്ചനസീത – വരയും വായനയും”. കേരളത്തിൽ അതിന് മുമ്പ് അങ്ങനെ ഒരു കലാവിഷ്ക്കാരം സംഭവിച്ചിട്ടില്ല.
  • ന്യൂയോർക്കിലെ ടിം റയ്സ് – ആൻഡ്രു വെബ് ലോയ്ഡ് ടീമിന്റെ “ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ” എന്ന നാടകത്തിൻറെ അവതരണത്തിന് കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുപത്തിയഞ്ച് വർഷം നിയമയുദ്ധം നടത്തി ഒടുവിൽ സുപ്രീം കോടതിയുടെ അനുമതിയോടെ മേരി റോയിയുടെയും അരുന്ധതി റോയിയുടെയും പള്ളിക്കൂടം എന്ന സ്കൂളിനുവേണ്ടി നൂറ്റമ്പതോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ചത് ഇന്ത്യൻ നാടകവേദിയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു.
  • ചൈന-ഭൂട്ടാൻ-മ്യാന്മർ രാജ്യങ്ങളുടെ അതിർത്തി പ്രദേശവും നാടകപ്രവർത്തനമൊന്നും നടന്നിട്ടില്ലാത്ത സംസ്ഥാനവുമായ അരുണാചൽ പ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 2023ൽ അഭിനയ പരിശീലനക്കളരി നടത്തി. ഇന്ത്യയിൽ ആദ്യമായി നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി അഭിനയം പരിശീലന പദ്ധതി നടപ്പിലാക്കി. ഇന്ത്യയിലെ വിവിധ നാടക പരിശീലനകേന്ദ്രങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എലമെന്റ്സ് ഓഫ് സിനിമ, വി ജെ ഫിലിം ഹൗസ് എന്നീ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആക്ടിംഗ് ഫാക്കൽറ്റിയായി സേവനം. കേരളത്തിലെ സ്കൂൾ, കോളേജ് ക്യാമ്പസ് നാടകവേദീ രൂപീകരണത്തിൽ സജീവപ്രവർത്തനം.
  • ആകാശവാണിയുടെ റേഡിയോ നാടകകലാകാരൻ. ദേശീയ നാടകപരിപാടിയിൽ പ്രക്ഷേപണം ചെയ്ത “സർദാർ” എന്ന നാടകത്തിൽ സർദാർ വല്ലഭഭായി പട്ടേലിന് ശബ്ദം നല്കി. ആകാശവാണിയുടെ സംസ്ഥാന റേഡിയോ നാടകോത്സവത്തിനുവേണ്ടി, സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ കെ. വി. ശരത്ചന്ദ്രൻ സംവിധാനം ചെയ്ത “എൻറെ വീട് 2500 സ്ക്വയർ ഫീറ്റ്”, “പിയാനൊ”, “ഹത്യ” എന്നീ നാടകങ്ങൾക്ക് ശബ്ദം നല്കി. പ്രമുഖ അഭിനേതാക്കളായ ജി.കെ. പിള്ള, തിലകൻ, സിദ്ദിഖ്, കെ ജി ദേവകിയമ്മ, ടി.പി. രാധാമണി എന്നിവർക്കൊപ്പം തിരുവനന്തപുരം , കൊച്ചി നിലയങ്ങൾക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നല്കിയിട്ടുണ്ട്.
  • പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ : “പോളിയോ” – നാടകം (ജോണ്‍ ടി. വേക്കന്‍, വൈക്കം ഭാസി), “നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്…?” – നാടകം (ജോണ്‍ ടി. വേക്കന്‍, സിവിക് ചന്ദ്രന്‍ ), സമാഹരണവും സംയോജനവും നിര്‍വ്വഹിച്ച പുസ്തകം : “അന്തസ്സംഘര്‍ഷത്തിന്റെ വരമൊഴിസാക്ഷ്യം” – നാടകപഠനം (എം. തോമസ്‌ മാത്യു), സംയോജനവും, രൂപകല്പനയും, മുഖചിത്രവും നിര്‍വ്വഹിച്ച പുസ്തകങ്ങള്‍ : “കാവാലം കവിതകള്‍” – കവിതാസമാഹാരം (കാവാലം നാരായണപ്പണിക്കര്‍), “കുചേലഗാഥ” – നാടകം (ഡോ. വയലാ വാസുദേവന്‍പിള്ള), “ഹവിസ്സുകള്‍” – നാടകസമാഹാരം (ഡോ. എച്ചെസ്പി), “ഒറ്റക്കോലം” – നാടകസമാഹാരം (ശ്രീപാദം ഈശ്വരന്‍നമ്പൂതിരി), “കൂട്” – നാടകസമാഹാരം (പെരുന്ന വിജയന്‍) “സ്വര്‍ണ്ണത്താമര” – നാടകം (തോമസ്‌ മുണ്ടാടന്‍), “വിഹായസ്സിലെ മിന്നാമിനുങ്ങുകള്‍” – കഥാസമാഹാരം (വര്‍ഗ്ഗീസ് ആലപ്പുറത്ത്), രൂപകല്പനയും, മുഖചിത്രവും നിര്‍വ്വഹിച്ച പുസ്തകങ്ങള്‍ – “കൃപാസ്മൃതി” (ബിഷപ്പ് ഡോ. മാക്സ്വെല്‍ വാലന്‍റയിന്‍ നൊറോണ) “ബിസ്ക്കറ്റ് ടിന്‍” – ഫാ. ജോസഫ്‌ നിക്കൊളസ് ചക്കനാട്ട്.
  • സി. എന്‍. ശ്രീകണ്ഠന്‍നായരുടേയും  ജി. ശങ്കരപ്പിള്ളയുടേയും പതിനൊന്നു വര്‍ഷത്തെ നേതൃത്വത്തിനുശേഷം കഴിഞ്ഞ നാല്‍പ്പത്തഞ്ച് വര്‍ഷമായി നാടകക്കളരിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത് ജോണ്‍ ടി. വേക്കനാണ്. അമ്പത്തിയഞ്ച് വർഷം പിന്നിടുന്ന നാടകക്കളരിപ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍, നാടകക്കളരിയുടെ റെപ്പര്‍ട്ടറിയായ വൈക്കം തിരുനാള്‍ നാടകവേദിയുടെ സംവിധായകന്‍, നടന്‍, കുട്ടികളുടെ നാടകവേദിയുടെ ഡയറക്ടര്‍, നാടകപുസ്തക പ്രസിദ്ധീകരണവിഭാഗമായ നാടകഗ്രന്ഥശാലയുടെ ജനറല്‍ എഡിറ്റര്‍, തിരുച്ചിത്ര വിഷ്വൽ മീഡിയയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ, തിരുസദസ്സ് സാംസ്ക്കാരിക രംഗവേദിയുടെ അദ്ധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.