അമ്പലത്തിലേയ്ക്ക് പോയിട്ട് കുറച്ചു ദിവസായി.. വേഗം തൊഴുതിറങ്ങി.
“എന്താ അമ്മാളു അമ്മേ കാലിലെ വേദനയൊക്കെ മാറിയോ?” വിലാസിനിയാണ്.
കൂടുതൽ സംസാരത്തിനു നിൽക്കാതെ കുറവുണ്ടെന്നും പറഞ്ഞ് മുന്നോട്ടു നടന്നു. ആയമ്മ തുടങ്ങിക്കഴിഞ്ഞാൽ നിർത്താതെ സംസാരിക്കും. ഇന്ന്ഗോവിന്ദൻ കുട്ടി വരും. ചെന്നിട്ടു വേണം ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കാൻ.
ഇത്തവണ ഗോവിന്ദൻ കുട്ടി വന്നിട്ട് എല്ലാക്കാര്യങ്ങൾക്കും ഒരു തീരുമാനമുണ്ടാക്കണം. ഗോവിന്ദൻ കുട്ടി വിദേശത്ത് കിടന്ന് അധ്വാനിച്ച് നാട്ടിലേയ്ക്കയച്ച പൈസ കൊണ്ടാ വീട് പുതുക്കിപ്പണിതത്. മക്കളെല്ലാം അഭിമാനിക്കുന്ന, അഹങ്കരിക്കുന്ന തറവാടുണ്ടായത്.
സൊസൈറ്റി ജപ്തി ചെയ്ത് കൊണ്ടു പോവേണ്ടിയിരുന്ന സ്ഥലം, കടം വീട്ടിയെടുത്തതും അവനാ..
കല്യാണം കഴിഞ്ഞു പോരുമ്പോ വീടു വച്ചോളാൻ പറഞ്ഞ് അച്ഛൻ തന്നതാ ആ രണ്ടേക്കർ സ്ഥലം.
അച്ഛന് ഭൂസ്വത്ത് വേണ്ടുവോളമുണ്ടായിരുന്നു. അധ്വാനിക്കാൻ കുടിയാന്മാരുണ്ടായിരുന്ന കാലത്ത് വീട് സമ്പന്നമായിരുന്നു. കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കാലത്തെ നിയമം എല്ലാ ജന്മിമാരേയും പോലെ അച്ഛനേയും പാപ്പരാക്കി.
കൃഷി ചെയ്തിരുന്നവർ ഭൂമിയുടെ ഉടമകളായി.
അധ്വാനം അപമാനമായി കരുതിയിരുന്നവർ ദാരിദ്ര്യത്തിൻ്റെ രുചിയറിഞ്ഞു തുടങ്ങി.
സഹോദരിമാർ ഭാഗം വച്ചു പിരിഞ്ഞു പോയി. ശേഷിച്ചഭൂമി രണ്ട് പെൺമക്കൾക്കും അച്ഛൻ പകുത്തു നൽകി.
സ്കൂൾ അധ്യാപകനായ കൃഷ്ണൻകുട്ടി മേനോനെ കല്യാണം കഴിച്ചു പോരുമ്പോൾ പതിനാലു വയസ്സ്. തുച്ഛമായ ശമ്പളം. കഷ്ടി മുഷ്ടിയായി ജീവിച്ചു പോരാം. സഹോദരിമാരുടെ ഭരണത്തിൽ വീർപ്പുമുട്ടിയപ്പോൾ അച്ഛൻ തന്ന സ്ഥലത്ത് രണ്ടു മുറിയുള്ള ഒരു വീട് പണിത് താമസം മാറി. അവിടെ വച്ചാണ് നാലു മക്കളും ജനിച്ചത്.
വീട്ടിലെ ബുദ്ധിമുട്ടു കണ്ടിട്ടാണ് പത്താം ക്ലാസ്സിൽ നല്ല മാർക്കുണ്ടായിട്ടും ഗോവിന്ദൻ കുട്ടി ബോംബെയ്ക്കു പോയത്.
അവിടന്ന് ആരുടേയോ സുമനസ്സുകൊണ്ട് ഗൾഫിലെത്തി.
ആറു കൊല്ലം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അതി ദയനീയമായിക്കഴിഞ്ഞിരുന്നു വീടിൻ്റെ അവസ്ഥ. ഒരു മാസക്കാലമാണ് അവന് ലീവുണ്ടായിരുന്നത്. ആ സമയത്തിനുള്ളിൽ വീട് അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കി. ചാണം മെഴുകിയ തറ സിമൻറിട്ടു, ഓടുമേഞ്ഞു. കൃഷ്ണൻകുട്ടി മാഷ് രക്ഷപ്പെട്ടൂന്ന് പരിചയക്കാർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു.
പിന്നീട് കഷ്ടപ്പാടറിഞ്ഞിട്ടില്ല. ഗോവിന്ദൻ കുട്ടി പെങ്ങൻമാരെ നല്ല നിലയിൽ തന്നെ വിവാഹം കഴിച്ചയച്ചു. വീട് പുതുക്കിപ്പണിതു. സ്ഥലങ്ങൾ വാങ്ങി.
അപ്രതീക്ഷിതമായുണ്ടായ മാഷിൻ്റെ മരണം തന്നെ വല്ലാതെ തളർത്തി. പെൺമക്കൾ മാറി മാറി കൂട്ടുനിന്നു.
പതിയെ പതിയെ മക്കൾ വലുതാവുന്നതിനനുസരിച്ച് അവർ അവർക്ക് സൗകര്യപ്രദമായിടത്തേയ്ക്ക് താമസം മാറി.
ഗോവിന്ദൻകുട്ടി വിവാഹം കഴിച്ച കുട്ടിയ്ക്ക് അവൻ്റെ കമ്പനിയിൽ തന്നെ ജോലി കിട്ടുമെന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ച് വിട്ടത് താനാണ്.
ഇളയ മകൾ ഭാനുവും ഭർത്താവ് ചന്ദ്രനും മക്കളും വീട്ടിൽ സ്ഥിരതാമസമായി. സന്തോഷത്തിൻ്റെ നാളുകൾ അധികം നീണ്ടുനിന്നില്ല. മകളും ഭർത്താവും കൂടി വച്ച വീട്ടിൽ അധികപ്പറ്റായി എത്തിച്ചേർന്ന ആളാണ് താനെന്ന മട്ടിലാണ് പലപ്പോഴും അവരുടെ പെരുമാറ്റം.
അത്തവണത്തെ ലീവിന് വരുന്നുണ്ടെന്നു പറഞ്ഞ് ഗോവിന്ദൻ കുട്ടിയുടെ കത്തു വന്നപ്പോൾ മുതൽ ചന്ദ്രൻ്റേയും ഭാനുവിൻ്റേയും മുഖത്ത് ഒരു തെളിച്ചമില്ലായ്മ കണ്ടു.
“അയാൾക്ക് അയാളുടെ വീട്ടിലേയ്ക്ക് പൊയ്ക്കൂടെ? വലിയൊരു ബംഗ്ലാവു തന്നെ പണിതിട്ടിട്ടുണ്ടല്ലോ?”
ഭാനുവിൻ്റെ ചോദ്യം കേട്ടപ്പോൾ വന്ന ദേഷ്യം കടിച്ചു പിടിച്ച് ” ഈ വീടും അവൻ പണിതതാ.. ” എന്ന് പറഞ്ഞു നിർത്തി.
“പറ്റാത്തവർക്ക് പോകാം ” എന്ന് പറയാൻ ഓങ്ങിയത് പറയാതെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു.
ഗോവിന്ദൻ കുട്ടി കോയമ്പത്തൂര് ഭാര്യയുടെ വീടിനടുത്ത് ഒരു വീട് വാങ്ങിയപ്പോൾ തുടങ്ങിയ വിഷമമാണ് ഭാനുവിന്. ആ പൈസ കൂടി ഇവിടെ ചെലവാക്കിക്കൂടെ എന്നാണ് അവളുടെ ചിന്ത. അത്യാഗ്രഹത്തിന് കയ്യും കാലും വച്ചവൾ! അതിനു യോജിച്ച പങ്കാളിയേയും അവൾക്ക് കിട്ടി.
കല്യാണം കഴിക്കുമ്പോൾ ചന്ദ്രൻ മിലിട്ടറിയിലായിരുന്നു. റിട്ടയർ ആയി വന്നതിനു ശേഷം ഒരു ജോലിക്കും പോയിട്ടില്ല. തറവാട്ടു കാരണവർ താനാണെന്നാ ഭാവം.
ഗോവിന്ദൻ കുട്ടി ഉച്ചയോടെ എത്തുമെന്നാ പറഞ്ഞത്. ഭാനുവിൻ്റെ വീർത്ത മുഖം ഗൗനിക്കാതെ അടുക്കളയിൽ കയറി. അവന് ഇഷ്ടമുള്ള കാളനും ഓലനും അവിയലും മെഴുക്കുപുരട്ടിയുമെല്ലാമുണ്ടാക്കി.
കാറിൻ്റെ ഹോൺകേട്ട് ഓടിച്ചെന്നു. ഭാനു മനസ്സില്ലാ മനസ്സോടെ പിറകിൽ വന്നു നിന്നു. ചന്ദ്രൻ രാവിലെ സ്ഥലം വിട്ടതാണ്.
വർഷങ്ങൾക്കു മുൻപ് ആദ്യമായി ഗൾഫിൽ നിന്നു വന്ന മകൻ്റെ രൂപമാണ് മനസ്സിൽ തെളിഞ്ഞത്. ഇന്നവൻ്റെ രൂപം തന്നെ മാറിപ്പോയി. വെളുത്ത് കുറേക്കൂടി തടിച്ചു. താടിയിലും തലയിലും നര പടർന്നിരിക്കുന്നു.
“അമ്മയെന്താ സ്വപ്നം കാണാണോ ” അവൻ്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു. ചിരിയോടെ മകൻ്റെ കൈപിടിച്ച് വീടിനുള്ളിലേയ്ക്ക നടന്നു.
സുരേഷിനെ വിളിച്ച് സാധനങ്ങളെല്ലാം അകത്തേയ്ക്ക് വയ്പിച്ചു. വീട്ടിലെ സഹായിയാണ്. ഗോവിന്ദൻ കുട്ടി വന്നാൽ പെർഫ്യൂമും തുണിത്തരങ്ങളുമൊക്കെയായി അവനൊരു പൊതി പതിവാ. എന്തുകൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. തനിയ്ക്ക് പുറത്തുപോകേണ്ട അത്യാവശ്യങ്ങൾക്ക് തുണക്കാരനും അവൻ തന്നെയാണ്.
മോരും വെള്ളം കുടിയ്ക്കാനെടുക്കാം. അടുക്കള ക്കിണറിൽ നിന്നും എന്തോ കളഞ്ഞു പോയ ഭാവത്തിൽ ഭാനു വെള്ളം കോരി കുടത്തിൽ നിറയ്ക്കുന്നു.
“സുരേഷേ നാലു കരിക്കിട്” ഗോവിന്ദൻ കുട്ടിയാണ്. നാട്ടിലെത്തിയാലുള്ള പതിവാ. ഇന്നലെ ഇടീയ്ക്കായിരുന്നു.
മറന്നതാ.. ഉറക്കെ ഉറക്കെയുള്ള സംസാരം കേട്ടാ ഓടിച്ചെന്നത്. ചന്ദ്രനാണ്. ഇളനീർ ഇടാൻ വന്ന സുരേഷ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു.
തന്നെക്കണ്ടതും ചന്ദ്രൻ്റെ മുഖം കറുത്തു. ഈ തെങ്ങിനൊക്കെ വളമിട്ടു കൊടുത്തതും തിരിക്കണതും കരിക്കിട്ടു തീർക്കാനല്ല. കരിക്കു കുടിക്കാൻ പൂതിയുള്ളോർ വാങ്ങിക്കുടിയ്ക്കണം.
ശബ്ദം കേട്ട് ഗോവിന്ദൻ കുട്ടി ഇറങ്ങി വന്നു. ഇവിടെ പറഞ്ഞതെല്ലാം കേട്ടിരിക്കുന്നുവെന്ന് അവൻ്റെ മുഖം കണ്ടപ്പോൾ മനസ്സിലായി. എന്തു പറയണമെന്നറിയാതെ സ്തംഭിച്ചു പോയി. അവൻ്റെ നേരെ നോക്കാനുള്ള ധൈര്യമുണ്ടായില്ല.
“അമ്മേ ” എന്ന വിളി കേട്ട് തലയുയർത്തിയപ്പോൾ കണ്ണീരു തടുക്കാനായില്ല.
അത്യാവശ്യം വേണ്ടതെല്ലാം എടുത്തോളൂ. മരുന്നിൻ്റെ കുറിപ്പടി എടുക്കാൻ മറക്കണ്ടാ. ഗോവിന്ദൻ കുട്ടിയുടെ വാക്കുകൾ കേട്ട് അനുസരണയുള്ള കുട്ടിയേപ്പോലെ അകത്തേയ്ക്ക് നടന്നു. അത്യാവശ്യ സാധനങ്ങൾ എടുത്തു. അര മണിക്കൂറിനുള്ളിൽ ടാക്സി വന്നു. സുരേഷ് സാധനങ്ങൾ കയറ്റി വച്ചു. ഇറങ്ങുമ്പോൾ നിർവികാരാവസ്ഥയായിരുന്നു. ഏറെക്കാലമായി ഈ വീട്ടിലെ താമസം സമ്മാനിച്ചത് ഈ നിർവ്വികാരതയാണ്
കാറിൽ കയറുമ്പോൾ തിരിഞ്ഞു നോക്കി ഭാനുവിനേയോ ച ന്ദ്രനേയോ കണ്ടില്ല. രണ്ടാളും ഒരു ശല്യമൊഴിഞ്ഞു പോയി എന്ന് ആശ്വസിക്കണുണ്ടാവും…
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പുറത്തേയ്ക്ക് നോക്കിയിരിയ്ക്കുമ്പോൾ വൈകീട്ട് സ്ക്കൂൾ വിട്ട് അമ്മമ്മേ എന്നു വിളിച്ച് ഓടിയെത്താറുള്ള കുട്ടികളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്.