അമ്മനിലാവ്

അക്ഷരമാണമ്മ ആദ്യാക്ഷരംപോലെ
അക്ഷയദീപ പ്രകാശമമ്മ
അമ്മയെന്നുള്ള നാമാക്ഷരം മാത്രമാ-
ന്നെന്നുമനശ്വരമാകുന്നാമം

ആയിരം സൗഭാഗ്യസൂനം വിടർന്നാലും
ആരോടുപമിക്കുമമ്മയെ നാം
ആകില്ലൊരിക്കലുമാഭാവമോതുവാൻ
അത്രമേലമ്മയവർണ്ണനീയം

ആദ്യമായ് ജീവന്റെ പൊന്മുളപൊട്ടിയ –
ന്നാർദ്രമായുളളം തുടിച്ചനാളിൽ
പൊക്കിൾക്കൊടിയിൽ കൊരുത്ത തൂ-
മുത്തിനെ പൊട്ടിപ്പിടയാതെ കാക്കുമമ്മ

നെഞ്ചോടടക്കിപ്പിടിച്ചമ്മയമ്മിഞ്ഞ
ചെഞ്ചിളം വായിലായിറ്റുന്നേരം
മെല്ലെയിളം കയ്യാൽ താളംപിടിച്ചു നാം
അമ്മയെ നോക്കിയുറങ്ങിടുന്നു

കുഞ്ഞുകിനാവുകൾ കൺതുറക്കാനമ്മ
കുഞ്ഞുമ്മ നൽകിയുറക്കിടുന്നു …
കൗതുകമോടതു കണ്ടറിഞ്ഞീടുമ്പോൾ
കൈതവമെല്ലാമകന്നിടുന്നു.

ചന്ദനത്തണുവുള്ള നിൻ കരലാളന
ചന്ദ്രികയായി പടർന്നീടവേ
തുമ്പപ്പൂ ചിരിയുമായെന്നിലണയുമ്പോൾ
തുള്ളിത്തുടിക്കുമെന്നുള്ളമെന്നും

പിച്ചവച്ചീടുവാനുണ്ണിക്കരം തൊട്ടു –
മെച്ചമായൊപ്പം നടക്കുമമ്മ
കുഞ്ഞിപ്പദമൊന്നിടറി വീണിടവേ
കുഞ്ഞിനെ വാരിപ്പുണരുമമ്മ

വാത്സല്യപ്പാൽമധുരം നുകരാതെയീ –
ജന്മമിനിയെങ്ങു ധന്യമാകും
അമ്മയഭയമായ് മാറാത്ത ബാല്യമി –
ന്നെങ്ങനീ ഭൂമിയിൽ പൂർണ്ണമാകും.

കുഞ്ഞുമനസ്സിൽ കുരുക്കും കുഴപ്പങ്ങൾ
കുഞ്ഞിലെ നുള്ളിയെറിയുമമ്മ
നന്മകൾ നല്ലപാഠങ്ങൾ പകർന്നിട്ടു
നന്മുല്ലയായി ചിരിക്കുമമ്മ

ഇന്നലെയമ്മ കൈക്കൊണ്ട വെയിലാ-
ണെന്നും നമുക്കു തണൽവിരിപ്പും
ജീവിതയാത്ര തളരാതിടറാതെ
നേർവഴികാട്ടും നിലവിളക്കും

അമ്മവിളക്കു വിളങ്ങിയാൽ മാത്രമേ .
നമ്മളും ഭൂമിയും പുണ്യമാകൂ..
അമ്മവിളക്കണയാതെ നാം കാക്കണം
നിർമ്മലസത്യമിതാത്മസത്യം.

കൊല്ലം മുഖത്തല സ്വദേശി. മംഗളം ദിനപ്പത്രത്തിൽ ലേഖകനാണ്. സമാന്തരവിദ്യാഭ്യാസ സ്ഥാപനത്തിൽ മലയാളം അദ്ധ്യാപകനാണ്. ആനുകാലികങ്ങളിൽ എഴുതുന്നു.