അഭയാർത്ഥി

കാലുകളില്ലാത്ത
കുഞ്ഞായിരുന്നു അവൻ.
ഞാനവന്
ചായങ്ങൾ വാങ്ങിക്കൊടുത്തു,
കൂടെ ഒരു പെൻസിലും.

അവൻ ഒരു വീടു വരച്ചു,
ദൂരെയൊരു  വിദ്യാലയവും.
വീട്ടിൽ നിന്നിറങ്ങിയോടുന്ന
കുട്ടിയെ വരച്ചു.

ഞാൻ നോക്കിനിൽക്കെ,  
ആ വീടിൻ്റെ ചായങ്ങൾ മാഞ്ഞുപോയി.
മേൽക്കൂര കാറ്റിൽ പറന്നുപോയി.
പലായനം ചെയ്തവളുടെ കുഞ്ഞിന്
വർണ്ണങ്ങൾ പാടില്ലത്രെ.

ചായങ്ങളില്ലാത്ത വീട്
ഭൂപടത്തിൽ നിന്നുതന്നെ
മാഞ്ഞുപോയിരുന്നു.

കവയിത്രി, കഥാകൃത്ത്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. തുശ്ശൂർ ജില്ലയിൽ മണ്ണുത്തി - മാടക്കത്രയിലാണ് താമസം. "ദേ ജാവു', 'പ്രാണാദൂതം' എന്നീ രണ്ടു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവം