മടങ്ങിപ്പോകും മുൻപ് മനസ്സ് മുഴുക്കെയും സമ്മിശ്രവികാരങ്ങളാൽ മൂടപ്പെട്ടിരിക്കും. ആവേശവും, വിഷാദവും, നഷ്ടബോധവും ഒന്നിച്ച് ചേർന്നാലെങ്ങനെയിരിക്കും? എല്ലാതവണയും പോലെ ആ ഒരു കാര്യത്തിൽ മാത്രം ഒരു മാറ്റവുമെനിക്ക് അനുഭവപ്പെടുന്നില്ല! ആലോചിക്കുമ്പോൾ, എല്ലാം തികച്ചും സ്വാഭാവികമാണെന്ന് കൂടി തോന്നിത്തുടങ്ങിയിരിക്കുന്നു! ചില കാര്യങ്ങൾക്ക് ആദ്യതവണ മാത്രമാണല്ലോ അസ്വാഭാവികതയുടെ അസ്വസ്ഥത. ശേഷം എല്ലാം വിരസത നിറഞ്ഞ ആവർത്തനങ്ങൾ മാത്രം. ഒരു കാര്യം എന്നെ നല്ലതുപോലെ അലോസരപ്പെടുത്തുന്നുണ്ട്. സജൂനെ ചിലയിടങ്ങളിൽ കൊണ്ടു പോയി കാണിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തതായിരുന്നു. ഇനി കേവലം ഒരു ദിവസം മാത്രം. ഇത്രയും ദിവസവും അവനെ ഞാൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നതാണ്. മെൽബണിൽ നിന്നും യാത്ര തുടങ്ങും മുൻപ് തന്നെ, ഇവിടെ വന്നശേഷം എവിടെയൊക്കെ പോകണമെന്ന് അവൻ സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ടാകും. ഞാൻ തയ്യാറാക്കിയ പദ്ധതിപ്രകാരം എല്ലായിടത്തും യാത്ര പോകാനോ, എല്ലാവരേയും സന്ദർശിക്കാനോ സാധിച്ചില്ല. അതും സ്ഥിരം സംഭവിക്കുന്നതാണ്. ആസൂത്രണം ചെയ്തതിന്റെ ഇരുപത്തഞ്ച് ശതമാനം പോലും ചെയ്ത് തീർക്കാനാവില്ല. പദ്ധതിയിലില്ലാത്ത പലതും കയറിവരികയും അതിന്റെ പിന്നാലെ ഞാൻ കൈപിടിച്ചത് പോലെ പോവുകയും ചെയ്യുന്നത് കൊണ്ടാണത്! എന്റെ മാത്രം പിഴ!
മോൻ മുഖം കുനിച്ച് ഇരിക്കുന്നത് കണ്ടു. അവനും തിരികെ പോകുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ച് ഇരിക്കുകയാവും. കഴിഞ്ഞതവണ തിരികെ പോകാൻ നേരം ഇത്രയും വിഷമം അവന്റെ മുഖത്ത് തെളിഞ്ഞുകണ്ടില്ലായിരുന്നു. തിരിച്ചറിവുകൾ അവന്റെയുള്ളിൽ വിടർന്നു തുടങ്ങിയിരിക്കുന്നു. അരികെ ചെന്നിരുന്ന് ഞാനവന്റെ തോളിൽ തലോടി. അവന്റെ ഏറ്റവും പ്രിയപ്പെട്ട “ഡൈനോ” ഇപ്പോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആശിക്കുന്നുണ്ടാകും. ഡൈനോ – അതവന്റെ പമ്പരത്തിന്റെ പേരാണ്. പ്രിയപ്പെട്ടതെന്തിനും അവൻ അവന്റേതായൊരു പേര് കൊടുക്കാറുണ്ട്. വല്ലാത്തൊരിഷ്ടം തോന്നുമ്പോൾ അവൻ ചെയ്യുന്നതാണങ്ങനെ. ഞാനും അങ്ങനെ തന്നെ ആയിരുന്നു – പണ്ട്. കാലം എന്നിൽ നിന്നും നിഷ്കളങ്കത കട്ടെടുത്ത് കൊണ്ട് പോയപ്പോൾ അങ്ങനെ രസകരമായ പല സ്വഭാവങ്ങളും എനിക്ക് എന്നന്നേയ്ക്കുമായി നഷ്ടമായി. പകരം മറ്റെന്തൊക്കെയോ എന്നെ കീഴ്പ്പെടുത്തുകയോ ഞാൻ സ്വമേധയാ കീഴ്പ്പെട്ടു പോവുകയോ ചെയ്തു. ഇപ്പോൾ അതേക്കുറിച്ചെല്ലാം ആലോചിക്കുമ്പോൾ ഒട്ടും ആവലാതി തോന്നുന്നില്ലെന്നുള്ളതാണ് ഏറ്റവും അതിശയകരമായ സംഗതി!
അവന്റെ വിഷമത്തെക്കുറിച്ച് അല്പം പോലും സൂചിപ്പിക്കാതെ, “നമുക്കൊന്ന് പുറത്ത് പോയാലോ? അച്ഛൻ നിന്നെ ഒരിടത്ത് കൊണ്ടു പോകാമെന്ന് പറഞ്ഞത് മറന്നോ?” എന്ന് ചോദിച്ചു. ഞാൻ കൊടുത്ത വാക്ക് അവൻ മറന്നിട്ടുണ്ടാവില്ലെന്നുറപ്പാണ്. “മറന്നത് ഞാനല്ല അച്ഛനല്ലെ?” എന്നൊരു മറുചോദ്യമവൻ ചോദിച്ചില്ല. എന്നെ തീരെ ഉത്തരവാദിത്വമില്ലാത്തവനായും, പറഞ്ഞ വാക്ക് പാലിക്കാത്തവനായും മനസ്സിൽ അമർത്തിയെഴുതിയിട്ടുണ്ടാകും. ‘തികഞ്ഞ പരാജയമാണച്ഛൻ’ എന്ന് പോലും പറഞ്ഞ് എഴുതിത്തള്ളിയിട്ടുണ്ടാകും. അതൊക്കെയും മായ്ച്ചു കളയാൻ ആ ഒരൊറ്റ ചോദ്യം മതിയാവുമെന്ന് എനിക്കറിയാമായിരുന്നു.
അവിശ്വസനീയത നിറഞ്ഞ അവന്റെ നോട്ടമവഗണിച്ച് ഞാൻ വീണ്ടും ചോദിച്ചു,
“എന്താ മോനെ പോണ്ടേ? വേഗം ഡ്രസ്സ് മാറ്റി വാ!”
ഉത്സാഹത്തിമിർപ്പിൽ അവൻ അകത്തേക്കോടി പോകുന്നത് ഞാൻ നിർവൃതിയോടെ നോക്കി ഇരുന്നു. ഒരു നിമിഷം ആ ഓടിപ്പോയത് ഞാൻ തന്നെയാണെന്ന് തോന്നി – ആ പഴയ ഞാൻ! ഏതോ ഒരു കാലത്ത് ഞാനും അവനെ പോലെ നിഷ്ക്കളങ്കനായൊരു ബാലനായിരുന്നു.
കാറിൽ ഞാനവനെ മ്യൂസിയം വളപ്പിലേക്കാണ് കൊണ്ടു പോയത്. രണ്ട് കാര്യങ്ങളാണ് അതിനെന്നെ പ്രേരിപ്പിച്ചത്.
ഒന്ന് – അവിടെ തിരക്ക് കുറവായിരിക്കുമെന്ന പ്രതീക്ഷ. ഇപ്പോൾ മിക്കവരും ടി വി ചാനലുകളുടെ മുന്നിലിരുന്ന് ചാനൽ ചർച്ച കാണുകയോ, അഥവാ ഇനി പുറത്ത് പോവുകയാണെങ്കിൽ കൂടി ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി ഫാസ്റ്റ് ഫുഡ് ആസ്വദിക്കുകയോ ആണ് ചെയ്യുക.
രണ്ട് – കുട്ടികൾക്ക് ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ടവിടെ. പ്രായമായവർക്ക് ചെന്നിരുന്ന് വിശ്രമിക്കാനും, കുട്ടികൾക്ക് കളിക്കാനും ഈ നഗരത്തിൽ ഇനി വളരെ കുറച്ച് ഇടങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. അധികാരികൾക്ക് പൊതുജനങ്ങൾക്കായി സ്ഥലങ്ങൾ വിട്ടു കൊടുക്കാൻ എന്തോ വൈമുഖ്യമുള്ളത് പോലെ തോന്നുന്നു. മുൻപ് ഇന്ത്യയിലായിരുന്നപ്പോൾ പല കാര്യങ്ങളുമെനിക്ക് തികച്ചും സാധാരണവും, സ്വാഭാവികവുമായി തോന്നിയിരുന്നു. എന്നാൽ വിദേശത്ത് ജീവിക്കാനാരംഭിച്ചപ്പോഴാണ് നാട്ടിൽ കണ്ട പല കാര്യങ്ങളും അസ്വാഭാവികവും, അധാർമ്മികവും മാത്രമല്ല, ഒരു പരിധിവരെ അശ്ലീലവുമാണെന്ന തിരിച്ചറിവുണ്ടായത്! ഒരു പത്ത് വർഷം കഴിഞ്ഞ് ഇവിടുള്ളവർ എങ്ങനെ ജീവിക്കണമെന്ന് കൂടി ദീർഘവീക്ഷണമില്ലാത്തവരാണ് ഇവിടുള്ളവരെല്ലാമെന്ന സത്യം, എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു.
മ്യൂസിയം പഴയത് പോലെ തന്നെ. അതേ മുഖം. അതേ ഭാവം. ഒരിക്കലും വയസ്സാകാത്തൊരിടം. ആ ചെമ്പകമരങ്ങൾക്ക് നല്ല പ്രായമായിട്ടുണ്ടാവും. എന്നാലുമവ പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നു. വരിക്ക് നിൽക്കുന്ന കാനച്ചെടികൾ. ചെടികളുടെ പുതിയ തലമുറ! ചുവന്ന പ്രൗഢഗംഭീരമായ കെട്ടിടവും അതിനു മുന്നിലായിട്ടുള്ള ഫൗണ്ടനും കണ്ടപ്പോൾ ഒരായിരം ഓർമ്മകൾ ഇരച്ചാർത്ത് വന്നു. ഭൂമിയിൽ ഈയൊരു ചെറിയ ഇടത്തിന് എന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ട്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ എന്നോട് തന്നെ പങ്കുവെച്ചിട്ടുള്ളത് ഇവിടെ വെച്ചായിരുന്നു. ചിലത് നമുക്കെല്ലാവരോടും പങ്കുവെയ്ക്കാം. ചിലത് ചിലരോട് മാത്രം. എന്നാൽ ചിലത് ആരോടും പങ്കുവെയ്ക്കാനാവില്ല. ഒരുകാലത്ത് ആരോടും പങ്കുവെയ്ക്കാനാകാത്ത ഒരുപാട് കാര്യങ്ങൾ എനിക്കുണ്ടായിരുന്നു.
ആവേശത്തോടെയവൻ ഇരുകൈകളും നിവർത്തിപ്പിടിച്ച് പുൽത്തകിടിയിലേക്കോടി. ആദ്യമായി ആകാശം കണ്ട പക്ഷിയെ അനുസ്മരിപ്പിച്ചു ആ കാഴ്ച്ച. ഞാൻ തടയാൻ നിന്നില്ല. അവന്റെ അവേശത്തിന് എന്റെ ചെറിയ താക്കീതിന്റെ ശബ്ദം പോലും ശല്യമായാലോ? അവന്റെ പിന്നാലെ ഓടാനും അവന്റെ ആവേശത്തിൽ പങ്കുചേരാനും തോന്നിയെങ്കിലും മറ്റുള്ളവരെന്തു കരുതുമെന്ന ഭീരുത്വം നിറഞ്ഞ അനാവശ്യചിന്ത എന്നെ തടഞ്ഞു. വെയിൽ താണിറങ്ങുന്ന സമയമായെങ്കിലും, തിരക്കധികമില്ല. അവനെന്റെ കാഴ്ച്ചയുടെ പരിധിക്കുള്ളിലുണ്ടായാൽ മതി. അത്രയേ വേണ്ടൂ. പച്ച നിറമടിച്ച ഇരിപ്പിടങ്ങളിലൊന്നിൽ ഞാനിരുന്നു. കാൽമുട്ടുകൾക്കാശ്വാസം! മണ്ണിന് വാസന പകരാനെന്നോണം ചെമ്പകമരം പൂക്കൾ കൊഴിച്ചിട്ടിരിക്കുന്നത് കണ്ടു. അവനോടിച്ചെന്ന് ചെമ്പകപ്പൂക്കളെടുത്ത് മണക്കുന്നത് കണ്ടു. ചിലതെടുത്ത് പോക്കറ്റിലിടുന്നതും. ശേഷം കണ്ടെത്തിയ കാര്യങ്ങൾ പങ്കുവെയ്ക്കാനായി എന്റെയടുക്കലേക്കോടി വന്നു.
“എന്താ നല്ല മണമുണ്ടോ?”
“ഉം..” അവൻ പുരികമുയർത്തി മൂളിക്കൊണ്ട് തല ചെരിച്ചു.
എന്നോടുള്ള സകല പരാതിയും ഇതിനകമവന് മാറിയിട്ടുണ്ടാകും. ഇന്നവന് എന്നോടൊരുപാട് സ്നേഹമായിരിക്കും. ഞാൻ ചോദിക്കാതെ തന്നെ അവനെന്നെ പലവട്ടം ഉമ്മ വെയ്ക്കും, എന്നോട് ചേർന്ന് കിടന്ന് തന്നെ ഉറങ്ങണമെന്ന് വാശി പിടിക്കും! എല്ലാമെനിക്കുറപ്പുണ്ട്. അവൻ തന്ന പൂവ് ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. അതിന്റെ സുഗന്ധം ഇനി ഷർട്ടിന്റെ നേർത്ത നൂലുകളിൽ പറ്റിപ്പിടിക്കും. വീട്ടിൽ ചെല്ലുമ്പോഴും, ആ പൂവെടുത്ത് കളഞ്ഞാലും ഇഴുകിച്ചേർന്ന ഗന്ധം നൂലിഴകളെ വിട്ടുപോകാൻ മടിക്കും. മാറ്റമില്ലാത്തത് പൂക്കളുടെ ഗന്ധവും അവയുണർത്തുന്ന ഓർമ്മകളും മാത്രം.
ചുറ്റിലും നോക്കി. മേദസ്സ് ഉരുക്കിക്കളയാൻ നിശ്ചയദാർഢ്യത്തോടെ കൈകൾ വീശി അതിവേഗം നടക്കുന്ന ചിലർ; വാർദ്ധക്യത്തിൽ മാത്രം ലഭിച്ച വെളിവിന്റെ വെളിച്ചത്തിൽ, മിച്ചമുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാൻ കൈ കോർത്ത് പിടിച്ച് നടക്കുന്നവർ; സമയധാരാളിത്തം ആഘോഷിക്കുന്ന ചെറുപ്പക്കാർ… അങ്ങനെ ചിലത് മാത്രം കണ്ണിൽ തടഞ്ഞു.
ഞാൻ വീണ്ടും സജൂനെ ശ്രദ്ധിച്ചു. അവനൊരു കൂടപ്പിറപ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ… എങ്കിലവന്റെ മടുപ്പിനൊരാശ്വാസമായേനെ. എന്നെയും ലതയേയും ഇത്രത്തോളം ആശ്രയിക്കുകയോ, അലോസരപ്പെടുത്തുകയോ ചെയ്യേണ്ടി വരില്ലായിരുന്നു. അവന്റെ നിവൃത്തികേടാണ്. അതേക്കുറിച്ചാലോചിക്കവെ എന്റെ കാഴ്ച്ചയുടെ അതിരിനുള്ളിലേക്ക് ഫ്രോക്ക് ധരിച്ചൊരു പെൺകുട്ടി ഓടിക്കയറി വന്നു. സജൂന്റെ പ്രായമേ അവൾക്കുണ്ടാകൂ. അവളും പൂക്കൾ പെറുക്കാൻ തുടങ്ങി. തമ്മിൽ നോക്കി ഒരു വട്ടം അവർ ചിരിക്കുന്നത് കണ്ടു. അവളുടെ കൂടെ വന്നവർ എവിടെയെന്നു ഞാൻ തിരഞ്ഞു. ദൂരേന്ന് ഒരു കൂട്ടം നടന്നു വരുന്നുണ്ട്. പ്രായമായവർ. കുറച്ച് മാറിയുള്ള ഇരിപ്പിടത്തിൽ പച്ച നിറമുള്ള ചുരിദാറണിഞ്ഞ ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു.
കുട്ടികളിരുവരും ഓടിക്കളിക്കാൻ തുടങ്ങിയിരിക്കുന്നു. കാനച്ചെടികളുടെ അടുത്ത് ചെന്ന് നിന്ന് അവനെന്തോ അവളോട് പറയുന്നുണ്ട്. കേൾക്കാനാകുന്നില്ല. പിന്നീടവൻ സീനച്ചെടികളുടെ അടുക്കലേക്കോടി. പിന്നാലെ അവളും. അടുത്തനിമിഷം തലയ്ക്ക് കൈ വെച്ച് “അയ്യോ” എന്ന മട്ടിൽ അവനെന്റെ നേർക്കോടിവന്നു. പെൺകുട്ടിയുമുണ്ട് ഒപ്പം.
“അച്ഛാ..ബീ ബീ..”
“നിന്നെ കുത്തിയോ?” ഞാൻ പരിഭ്രമിച്ചു.
“ഇല്ല…നമ്മളോടി കളഞ്ഞു!” അവളാണ് മറുപടി പറഞ്ഞത്.
“ആണോ?” ഞാൻ അത്ഭുതം നടിച്ചു.
“ബാഗ്യം!” അവൾ നെഞ്ചത്ത് കൈ വെച്ചു.
“നിങ്ങളാ ഫൗണ്ടന്റെ അടുത്ത് പോയി കളിച്ചോ. അവിടെ മീനുണ്ടാവും!”
ഇരുവരും വാ പൊളിച്ചു.
“വാ, ഫിഷിനെ കാണാം!” എന്നും പറഞ്ഞ് അവനോടി. അവൾക്ക് ഒപ്പം ഓടിയെത്താനാവണം, ഇത്തവണ വേഗത കുറച്ചാണവൻ ഓടിയത്. അവർ പടികൾ ഓടിക്കയറുന്നത് കണ്ടു. ഇരിക്കുന്നിടത്ത് നിന്നും അവരെ കാണാനല്പം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഞാനെഴുന്നേറ്റു. നടന്നു തുടങ്ങുമ്പോൾ കുറച്ചപ്പുറത്ത് നിന്നും ആ സ്ത്രീയും എഴുന്നേൽക്കുന്നത് കണ്ടു. ഞങ്ങൾ ഒരേ ദിശയിലേക്കൊന്നിച്ചു നടന്നു. ഏതാണ്ട് അടുത്തെത്തിയപ്പോഴാണ് മുഖം കാണാനായത്. ഒരു നിമിഷം! പിടിച്ചുനിർത്തിയത് പോലെ നിന്നു പോയി.
“സൈറ…” അത്രയേ പറയാനായുള്ളൂ.
അവൾ അവിടെ തന്നെ നിന്നെന്നെ ഒരുനിമിഷം ശ്രദ്ധിച്ചു നോക്കി. പിന്നെ ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
തണുത്ത മൺചുരങ്ങളിലൂടെയുള്ള സഞ്ചാരം സമ്മാനിക്കുന്നൊരു സുഖമില്ലെ?
അതുപോലെ സുഖം നിറഞ്ഞ ചില നിമിഷങ്ങൾ എന്റെ ജീവിതത്തിലുമുണ്ടായിരുന്നു.
പ്രണയം ശ്വസിച്ച് നടന്ന നാളുകൾ. മണ്ണിനും വിണ്ണിനുമിടയിലെവിടെയോ കൂട് കെട്ടി പാർത്തിരുന്ന നാളുകൾ.
പൊടുന്നനെ ചില വാക്കുകൾ കൂടി കേട്ടു,
“അവനെ കണ്ടിരുന്നെങ്കിൽ ഞാൻ കുത്തിക്കൊന്നേനെ!”
അവൾ തന്റെ വാപ്പയുടെ വാക്കുകളെ നേർപ്പിച്ച് ഒരിക്കലെന്നോട് പറഞ്ഞതാണ്.
വീട്ടിനകത്തും പുറത്തും നിന്നുമുള്ള സമ്മർദ്ദം താങ്ങാനാകാതെ വന്നത് കൊണ്ടാവണം ഒരിക്കലവളെന്നോട് ചോദിച്ചു:
“ശ്യാമിന്…ഞങ്ങടെ കൂടെ ചേരാമോ?”
“തന്നോട് എന്റെ കൂട്ടത്തിൽ ചേരണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ…ഇല്ല സൈറാ..ഞാൻ ചേരുകയുമില്ല..ചേർക്കുകയുമില്ല..”
ആ സംസാരത്തിനു ശേഷമാവണം ഞങ്ങൾക്കിടയിൽ മൗനം നിറയാനാരാംഭിച്ചത്.
ഒരവസാനശ്രമമെന്ന നിലയിൽ, ആത്മവിശ്വാസം അല്പം പോലുമില്ലാതെ, വീണ്ടുമൊരു നാൾ ഞാൻ ചോദിക്കാനാഞ്ഞു. അന്ന് സൈറയുടെ വിവാഹനിശ്ചയദിവസം തീരുമാനിച്ചുറപ്പിച്ചിരുന്നു.
“വേറെയെന്തെങ്കിലും പറയാനുണ്ടോ?”
ആ ചോദ്യം മുഴുക്കെയും പുച്ഛം കലർന്ന രോഷം മാത്രമായിരുന്നു. ആത്മാഭിമാനത്തിന്റെ അവസാനകണികയും വറ്റിപ്പോയ ദിവസം.
“ഡാ..ഞാനന്നേ പറഞ്ഞില്ലെ അവള് ലിയോ ആണെടാ…” സുഹൃത്തുക്കളുടെ പരിഹാസവാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.
അവളുടെ നിക്കാഹ് കഴിഞ്ഞ ദിവസം, മരിച്ചവനെ പോലെ ഇരുന്ന എന്റയടുക്കൽ വന്നിരുന്ന് ബിരിയാണി രുചിയെക്കുറിച്ച് പറഞ്ഞവരെ വീണ്ടുമോർത്തു. മുജ്ജന്മത്തിൽ സംഭവിച്ചതെല്ലാം ഓർത്തെടുക്കാനാകുന്നു.
“അവള് നിനക്ക് ചേരുന്നവളല്ല…നീ വിട്ടു കള” അന്ന് ആരാണ് ആർക്കോ വേണ്ടിയെന്ന പോലെയത് പറഞ്ഞത്?
ആത്മാർഥത അല്പം പോലുമില്ലാത്ത ആശ്വാസവാക്കുകൾ. ലജ്ജയേതുമില്ലാതെ നിരന്തരം കരഞ്ഞു. കരഞ്ഞ് കരഞ്ഞ് വെറുമൊരു കരച്ചിൽ മാത്രമായി മാറിപോകുമോയെന്ന് ഭയന്നു. ഉടഞ്ഞു പോയ ഉയിരുമായി നടന്ന നാളുകൾ…
നിരാശയുടെ, നഷ്ടബോധത്തിന്റെ അഗാധഗർത്തിലേക്കെത്തി നോക്കിയിരുന്ന നാളുകൾ…
ഓർമ്മകളെ മദ്യത്തിൽ മുക്കി താഴ്ത്താനുള്ള പാഴ്ശ്രമങ്ങൾ…
തിരികെ വരുമെന്ന് വെറുതെ കരുതി എവിടെയൊക്കെയോ കാത്തു നിന്ന ദിവസങ്ങൾ…
കടപ്പുറത്ത് കൂടി കാല് കഴയ്ക്കും വരെ നടന്നു. ശേഷം എത്ര പ്രണയദിനങ്ങൾ എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു? വില കുറഞ്ഞ കവിതകളെഴുതി നേരം കളഞ്ഞു, ഏതൊരു പ്രണയപരാജിതനേയും പോലെ.
എത്ര നാൾ വേണ്ടി വന്നു മുറിവുകളുണങ്ങാൻ. ഒരിക്കലുമുണങ്ങുകയില്ലെന്ന് കരുതിയ മുറിവുകൾ. സമയം സാന്ത്വനമായി. കാലം മറുമരുന്നായി.
ഞാൻ സൈറയെ ശ്രദ്ധിച്ചു. നല്ലത് പോലെ മെലിഞ്ഞു പോയിരിക്കുന്നു. അല്ല, ശോഷിച്ചു പോയിരിക്കുന്നു. ഓർമ്മകളുടെ പിടച്ചിലവസാനിച്ചപ്പോൾ മര്യാദ മറന്നു പോയെന്ന് തിരിച്ചറിഞ്ഞു.
“സൈറ…സുഖമാണോ?”
“ങാ!” പഴയത് പോലെ സന്തോഷപൂർവ്വം തലയാട്ടിയത് ശ്രദ്ധിച്ചു.
ഞങ്ങൾ ഒന്നിച്ചു നടന്നു ചെന്ന് ഫൗണ്ടനു സമീപമുള്ള ഇരിപ്പിടങ്ങളിലൊന്നിലിരുന്നു. കുട്ടികൾ ഫൗണ്ടന് ചുറ്റിലുമോടുന്നു. സജു എന്തോ ചൂണ്ടിക്കാണിക്കുന്നു. പെൺകുട്ടി വിടർന്ന കണ്ണുകളോടെ അവന്റെ സമീപം തന്നെയുണ്ട്.
“എവിടെ? തന്റെ ഹസ്ബന്റെവിടെ?”
“വന്നില്ല… ശ്യാമിന്റെ വൈഫോ?”
“വന്നില്ല… നമ്മൾ…നാളെ തിരിച്ചു പോകും… ഞാനിപ്പോ മെൽബണിലാണ്”
“എനിക്കറിയാം”
“അതെങ്ങനെ?” എന്റെ അത്ഭുതം നിറഞ്ഞ നോട്ടത്തിന് മറുപടിയെന്നോണം അവൾ പറഞ്ഞു,
“ജോയിഷ് എന്നോട് പറഞ്ഞിരുന്നു”
ജോയിഷ്… മനസ്സാക്ഷി പങ്കിട്ടിരുന്ന അവനെവിടെയിപ്പോൾ? എങ്ങനെയാണവൻ എന്നെക്കുറിച്ചറിഞ്ഞത്?
മുറിഞ്ഞുപോയ സൗഹൃദങ്ങൾ. മുറിഞ്ഞതല്ല, ഞാൻ മനഃപൂർവ്വം മുറിച്ചിട്ട് പോയ ബന്ധങ്ങൾ. എനിക്ക് ശ്വാസമെടുക്കണമായിരുന്നു. പുതിയ ജീവിതം വേണമായിരുന്നു. മനസ്സമാധാനത്തിന് കണ്ടെത്തിയ വഴി മനഃപൂർവ്വമായ മറവിയായിരുന്നു.
“സൈറേടെ…മോൾടെ പേരെന്താ?”
“സഫിയ” സൈറയുടെ മുഖത്ത് അഭിമാനവും സന്തോഷവും കലരുന്നത് ശ്രദ്ധിച്ചു.
ഞാൻ സഫിയയെ നോക്കി ഇരുന്നു.
‘നോക്കിക്കോ നമുക്ക് മോളായിരിക്കും ആദ്യം ഒണ്ടാവാൻ പോണത്… താൻ തന്നെ പേരിട്ടാ മതി’ ഏതോ ഒരു കാലഘട്ടത്തിൽ എവിടെയോ ഇരുന്ന് രണ്ട് കഥാപാത്രങ്ങൾ പറഞ്ഞ സംഭാഷണം. അവരുടെ മുഖങ്ങൾ പോലും ഓർമ്മയിൽ നിന്ന് മാഞ്ഞ് പോയിരിക്കുന്നു.
കാലത്തിന്റെ വികൃതി. പറഞ്ഞതിൽ പാതി ശരിയായി. അതോർത്ത് ചിരിച്ചു. ഇത്രയും വർഷങ്ങൾ. ഒന്നുമറിയാതെ. അറിയാൻ ശ്രമിക്കാതെ…
“എനിക്ക്…ആരുമായും ഒരു കോണ്ടാക്ടും ഇല്ലാതെ പോയി…” എന്റെ കുറ്റസമ്മതമായിരുന്നു അത്.
സൈറ ഒന്ന് മൂളിയതേയുള്ളൂ. ആ മൂളലിന്റെ അർത്ഥമെനിക്ക് മനസ്സിലായില്ല.
ഞങ്ങൾക്കിടയിൽ ഒരല്പസമയം അസഹ്യമായ നിശ്ശബ്ദത നിറഞ്ഞു.
“റോഷൻ…അല്ലെ? അതല്ലെ ഹസ്ബന്റിന്റെ പേര്?” ഞാനെന്റെ ഓർമ്മശക്തി പരീക്ഷിച്ചു.
“ശ്യാം…ഞാനാ ബന്ധം ഉപേക്ഷിച്ചു” എന്റെ തുടർച്ചോദ്യങ്ങൾക്ക് തടയിടാനെന്നോണം അവൾ പെട്ടെന്ന് പറഞ്ഞു.
ഒരുപക്ഷെ എന്റെ കണ്ണുകൾക്ക് ഞെട്ടലൊളിപ്പിക്കാനായിട്ടുണ്ടാവില്ല.
“ശ്യാമൊന്നും അറിഞ്ഞിട്ടുണ്ടാവില്ല…”
ഇല്ല. ഞാനൊന്നും അറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചിരുന്നില്ലല്ലോ. എല്ലാം മറക്കാനായിരുന്നല്ലോ എന്റെ ശ്രമമത്രയും. ഞാൻ സൈറ എന്താണ് പറയാനൊരുങ്ങുന്നതെന്ന് ശ്രദ്ധിച്ചു.
“എനിക്കസുഖം വന്നപ്പോൾ…ആദ്യം കുറച്ച് നാള് അയാളെന്റെ ഒപ്പമുണ്ടായിരുന്നു… ചികിത്സയുടെ പേരും പറഞ്ഞ് പലരിൽ നിന്നും കാശ് വാങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞില്ല…”
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം തുടർന്നു,
‘അയാളുടെ സഹതാപമെല്ലാം.. അഭിനയമാണെന്നറിയാൻ ഞാനൊരുപാട് വൈകി പോയി. പോക പോകെ പ്രാക്കും മുന വെച്ച വർത്തമാനങ്ങളും… എന്റെ സ്ഥാനത്തേക്ക് വേറൊരാൾ വരുന്നത് കൂടി കണ്ടപ്പോൾ.. സഹിക്ക വയ്യാതെ.. ഞാനയാളെ ഉപേക്ഷിച്ചു… ഒരുപക്ഷെ…, ഞാനൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നയാൾ വിചാരിച്ചിട്ടുണ്ടാവും..“
അവൾ എന്തോ ഓർത്ത് ചിരിക്കുന്നത് കണ്ടു.
”സൈറയ്ക്ക്…എന്തസുഖം..?“ ഞാനറിഞ്ഞതേയില്ലല്ലോ…
”എന്റെ ബ്രസ്റ്റ് റിമൂവ് ചെയ്തു ശ്യാം…“
ഞാൻ ഞെട്ടിത്തരിച്ച് ഇരുന്നു. അവളുടെ നേർക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു.
അവളുടെ മാറിലേക്ക് നോട്ടം തെന്നി വീഴാതിരിക്കാൻ ശ്രമിച്ചു.
”ഇതൊക്കെ പാഡ് ആണെടൊ“ അവൾ നിസ്സംഗത നിറഞ്ഞ ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ അവളെ അവിശ്വസനീയതോടെ നോക്കി.
”അതിനിപ്പോ എന്താ? ശരീരത്തിന്റെ ഒരു ഭാഗം… പക്ഷെ ലൈഫിന് ത്രെട്ട് ആവുമെന്നറിയുമ്പോ.. ആരും എന്തും ചെയ്ത് പോവും“
സൈറ തുടർന്നു,
”ഏടോ, ഇതൊന്നും വല്ല്യ കാര്യമല്ല. പിന്നെ… ഇതിന്റെ ആവശ്യം ഇപ്പോഴെനിക്കില്ല.. എന്റെ മോള് വലുതായി, ഞാനൊറ്റയ്ക്കും!“
അവൾ നിർലജ്ജം പറയുന്നത് കേട്ട് ഞാൻ മുഖം കുനിച്ചു.
അവളുടെ ചിരി അപ്പോൾ കേട്ടു.
‘താനെന്തിനാ ഞാൻ പറയുന്നത് കേട്ട് ഷൈ ആവുന്നത്?!’
അവൾ പെട്ടെന്ന് ആവേശഭരിതയായത് പോലെ തോന്നി.
ഒരിക്കൾ കൂടി ജിജ്ഞാസയുടെ പഴയ നാളുകളെകുറിച്ചോർത്തു.. പാതിസമ്മതത്തോടെയുള്ള പരസ്പരപങ്കിലപ്പെടുത്തലുകൾ.. പ്രാണനലിഞ്ഞു ചേർന്ന ചുംബനങ്ങൾ…
പ്രണയാലിംഗനങ്ങൾ..
പരസ്പരം രുചിയും ഗന്ധവുമറിഞ്ഞ ദിവസങ്ങൾ..
എല്ലാമിന്നലെ കഴിഞ്ഞതു പോലെ..
എന്റെ കണ്ണുകൾ ചെറുതായി നീറി തുടങ്ങി.
അവൾ തുടർന്നു,
“താനോർക്കുന്നുണ്ടോ…നമ്മൾ ആദ്യമായി…ലാബില് വെച്ച്..”
ഞാനവളുടെ നേർക്ക് നോക്കി.
“എനിക്കറിയാം താൻ അതൊന്നും മറന്നു കാണില്ലെന്ന്.. താനൊരു സെന്റിമെന്റൽ ടൈപ്പല്ലെ?!.. ഞാൻ ഓർക്കാറുണ്ട് ആ ദിവസങ്ങൾ.. സത്യത്തിൽ അത്രയും സന്തോഷം നിറഞ്ഞ ദിവസങ്ങൾ പിന്നീട്… പിന്നീടൊരിക്കലുമെന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല… താങ്ക്സ്ടോ… ഒരു ജന്മം മുഴുക്കെയും ഓർക്കാൻ കുറെ നല്ല ഓർമ്മകൾ തന്നതിന്”
എനിക്കെന്തോ വല്ലാത്തൊരു സ്വൈരക്കേട് അനുഭവപ്പെട്ടു. വിഷയം മാറ്റാൻ ഞാൻ മറ്റൊരു ചോദ്യമെടുത്തിട്ടു.
“ഇപ്പോൾ…ഹെൽത്തെങ്ങനെ?”
“ട്രീറ്റ്മെന്റ് കഴിഞ്ഞു… ഇതുവരെ കുഴപ്പമൊന്നുമില്ല… ഇനിയെന്നെങ്കിലും… വീണ്ടും വരുമോന്ന് അറിയില്ല… വന്നാലും പേടിയില്ല. എനിക്കറിയാം എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന്”
‘അവള് ലിയോ ആണെടാ’ – ഞാൻ സുഹൃത്തിന്റെ വാക്കുകളോർത്തു.
ഞാനവളുടെ നേർത്ത് പോയ മുടി ശ്രദ്ധിച്ചു. അല്പമിരുണ്ട് പോയ ശരീരം ശ്രദ്ധിച്ചു. ഒന്നും കാലത്തിന്റെ കൈവേലയല്ലെന്ന് തിരിച്ചറിയാനാകുന്നു.
“ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരാളെ സ്വയം മറന്ന് പ്രേമിക്കാനായല്ലോ… അതാണെന്റെ ഏറ്റവും വലിയ ഭാഗ്യം” ഭീരുവായ എന്നെ അവൾ പരിഹസിക്കുകയാണെന്നൊരു നിമിഷം തോന്നി. അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
”സത്യത്തിൽ…തന്റെ കൂടെ ജീവിക്കാൻ കഴിയാതെ പോയതിൽ എനിക്ക് ആദ്യമൊക്കെ കുറച്ച് നാള് നല്ല വിഷമമുണ്ടായിരുന്നു… പക്ഷെ അങ്ങനെ സംഭവിച്ചത് കൊണ്ടാണ് എനിക്ക് പ്രേമത്തിന്റെ വില അറിയാൻ കഴിഞ്ഞതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്…“
അവൾ വാചാലയായത് പോലെ തോന്നി.
ഞങ്ങൾ രണ്ടു പേരും അല്പനേരത്തേക്ക് നിശ്ശബ്ദരായി.
”തന്റെ വാപ്പ…?“
”മരിച്ചു… കുറച്ച് നാള് കഴിഞ്ഞപ്പോൾ ഉമ്മച്ചിയും… ഇപ്പൊ ഞാനും സഫിയയും മാത്രം…“
എന്നെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി ഇരുന്നിട്ട് സൈറ പറഞ്ഞു,
”തനിക്കിപ്പോ എന്നോട് സിമ്പതി തോന്നുന്നുണ്ടാവും. അല്ലെ?… അതിന്റെയൊന്നും ആവശ്യമില്ലെടോ… ഞാൻ ഏറ്റവും നല്ല ജീവിതമാണ് ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്… ഒരോ നിമിഷവും ആസ്വദിച്ച്… എന്റെ മകൾടെയൊപ്പം… ഐ ആം ഹാപ്പി ശ്യാം…ശരിക്കും!“
അവൾ ചിരിക്കുന്നത് കേട്ടു ഞാൻ മുഖമുയർത്തി. പഴയ ആ ചിരി! ഞങ്ങൾക്ക് ചുറ്റിലും ക്യാപസ്സ് ഉയർന്നു വന്നതായി തോന്നി. ആ പഴഞ്ചൻ കെട്ടിടങ്ങൾ… വൻമരങ്ങൾ… കൂട്ടം കൂടി നടക്കുന്ന സുഹൃത്തുക്കൾ…
“ചോദിക്കാൻ വിട്ടു!…തന്റെ വൈഫിന്റെ പേരെന്താ?”
“ങെ?… ങാ… ലത… മോൻ സജു” ഞാൻ സജൂന്റെ നേർക്ക് നോക്കി. അവനും സഫിയയും മറ്റൊരു ലോകത്താണ്.
ഞാൻ വാച്ചിലേക്ക് നോക്കി. പിന്നീട് മുകളിലേക്കും. വിളറിയ മേഘങ്ങളുടെ സഹതാപമുഖങ്ങൾ. ഞാൻ മുഖം തിരിച്ചു സൈറയെ നോക്കി.
എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണ്ടുമുട്ടുകയാണെങ്കിൽ പറയാൻ ഒരുപാട് കാര്യങ്ങൾ ഞാൻ സങ്കൽപ്പിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. എവിടെ ആ വാചകങ്ങൾ? ഒന്നും ഓർത്തെടുക്കാനാകുന്നില്ല.
ഒരു യുഗം ഞങ്ങളെ കടന്നു പോയി. വെയിൽ താണതറിഞ്ഞു.
“എനിക്ക്…പോകണം..ചെന്നിട്ട്.. പായ്ക്ക് ചെയ്യാനുണ്ട്…”
സൈറ ചിരിച്ചതേയുള്ളൂ.
ഞാൻ സജൂനെ മാടി വിളിച്ചു.
“മോനെ… കൊറേ കളിച്ചില്ലെ? പോണ്ടെ?”
“അച്ഛാ… ലിറ്റിൽ.. ലിറ്റിൽ മോർ.. ഞങ്ങൾ സ്റ്റാർട്ട് ചെയ്തതേയുള്ളൂ!”
“ങാ അങ്കിൾ”
സഫിയ പറഞ്ഞത് കേട്ട് ഞാൻ അത്ഭുതത്തോടെ ഇരുവരെയും മാറി മാറി നോക്കി.
“എന്താ അവിടെ മീനിനെ കണ്ടില്ലെ?”
“ഇല്ല…” സജു മുഖം താഴ്ത്തി.
“സജൂ, നമുക്ക് അവിടെ പോയി കളിക്കാം!”
“ഓക്കെ!” അതും പറഞ്ഞ് അവൻ എന്റെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഓടി.
പുൽത്തകിടിയിൽ അവൾ കിടന്നുരുളുന്നത് കണ്ടു. അവൻ അവളെ അനുകരിക്കുന്നതും.
“അവന്… ഇതുപോലെ കളിക്കാൻ… അവിടെ അധികം ഫ്രണ്ട്സില്ല.. അതാ” ഒരു ന്യായം പറയും കണക്കെ ഞാൻ പറഞ്ഞു.
“താനിപ്പോ.. എന്തു ചെയ്യുന്നു?” ഞാൻ ചോദിച്ചു.
“ഇപ്പോഴും ഇൻസ്റ്റിറ്റൂട്ടിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്”
തോൽക്കാൻ മനസ്സില്ലാത്തവൾ. ഞാൻ മനസ്സിൽ പറഞ്ഞു.
“ജോയിഷിനെ കാണാറുണ്ടോ?”
“ഇല്ല… ഇടയ്ക്ക് വിളിക്കും”
അവന്റെ ഫോൺ നമ്പർ ചോദിച്ചാലോ എന്ന ചോദ്യം ഞാൻ തന്നെ വെട്ടിക്കളഞ്ഞു.
എനിക്ക് പഴയ കാര്യങ്ങൾ ഓർക്കാനോ, അതേക്കുറിച്ച് ചോദിക്കാനോ തോന്നിയില്ല. മനസ്സ് കൊണ്ട് അവയുടെ വരവ് ഞാൻ ശ്രമപ്പെട്ട് വിലക്കിക്കൊണ്ടിരുന്നു.
നെറ്റിയിലൊരു തണുപ്പറിഞ്ഞു. ഒരു തുള്ളി നനവ്. തണുത്ത ജലസ്പർശം.
മഴ പെയ്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
“മഴ പെയ്താൽ ആകെ പ്രശ്നമാകും”
ഞാൻ തല തിരിച്ച് വിളിച്ചു. മകളെ വിളിക്കുന്ന സ്വാതന്ത്ര്യത്തോടെ.
“സഫിയാ…”
അവരിരുവരും ഓടി വന്നു.
“മോളെ…അങ്കിൾനും സജൂനും പോണോല്ലോ…മഴ ഇപ്പൊ പെയ്യും..”
പറയാൻ മറുവാദമൊന്നുമില്ലെന്ന് ഇരുവർക്കും മനസ്സിലായിട്ടുണ്ടാവും.
സഫിയ സൈറയുടെ അടുത്തേക്ക് ചെന്ന് നിന്നു.
“ഞാൻ ഡ്രോപ്പ് ചെയ്യാം…” ഞാൻ വാഗ്ദാനം ചെയ്തു.
സഫിയയുടെ കണ്ണുകൾ വിടരുന്നത് കണ്ടു
“വേണ്ട സഫി… അങ്കിൾ വേറേ വഴിക്കാ. നമുക്ക് ഓട്ടോ പിടിച്ച് പോകാം…ഉം?” പാതി മനസ്സോടെ അവൾ തലയാട്ടി.
സജു തികഞ്ഞ അനുസരണയോടെ, അവളെ അനുകരിക്കുംവിധം എന്നോട് ചേർന്ന് നിന്നു.
“ഇനിയെന്ന്?” എന്ന അലോസരപ്പെടുത്തുന്ന, അസുഖകരവും അനാവശ്യവുമായ ചോദ്യം ഞാൻ ചോദിച്ചില്ല.
“ഓക്കെ..” അതായിരുന്നു ഞാൻ സൈറയോട് പറഞ്ഞ അവസാനത്തെ വാക്ക്.
നടക്കുമ്പോൾ സജു തിരിഞ്ഞു നോക്കി കൈ വീശി കാണിക്കുന്നത് കണ്ടു. സഫിയ ടാറ്റാ പറയുന്നുണ്ടാവും. ഞാൻ തിരിഞ്ഞു നോക്കി. സൈറയെ നോക്കി കൈ വീശി കാണിച്ചു. അവൾ എന്നേയും. കാലം കഥ പറഞ്ഞു തീർന്നിട്ടുണ്ടാവില്ല.
തിരികെ കാറിൽ പോകുമ്പോൾ സജൂനോട് ചോദിച്ചു.
“നിനക്ക് ഒരു പുതിയ ഫ്രണ്ടിനെ കിട്ടി അല്ലെ?”
“ഉം” അവൻ എന്തോ വലിയ ആലോചനയിലാണ്.
“എന്താ വലിയ ആലോചന?”
“എന്നോട് നാളെ വരുമോന്ന് ചോദിച്ചു..”
“എന്നിട്ട് നീയെന്ത് പറഞ്ഞു?”
“വരാന്ന് പറഞ്ഞു”
“അപ്പോ അവള് നാളെ വരുമ്പോ നിന്നെ കാണൂല്ലല്ലോ…നീയെന്തിനാ അവളോട് കള്ളം പറഞ്ഞത്?”
“ഞാൻ വരൂല്ലാന്ന് പറഞ്ഞാ അവള് സാഡാവില്ലെ?”
ഞാൻ മറുപടി പറഞ്ഞില്ല.
അവൻ പറഞ്ഞത് ശരിയാണ്. സഫിയ സന്തോഷത്തോടെ ഇരിക്കട്ടെ. സൈറയും.
പോക്കറ്റിനുള്ളിൽ നിന്ന് ചെമ്പകപ്പൂ ഗന്ധമുയർന്നു.
ഈ ഗന്ധം ഈ സായാഹ്നവുമായി എന്നന്നേയ്ക്കുമായി കെട്ടുപിണഞ്ഞ് പോയിരിക്കുന്നു.
ഒരുപക്ഷെ ഇനി സൈറയെ കുറിച്ചോർക്കുന്ന സന്ധ്യകൾക്ക് ചെമ്പകപ്പൂ ഗന്ധമുണ്ടാവും. ഇനിയെന്റെ പകൽസ്വപ്നങ്ങൾ പഴയതു പോലെയാവില്ല; ഒരിക്കലും. ഇനിയെന്റെ ചിന്തകൾ പഴയ വഴികളിലൂടെ സഞ്ചരിക്കുകയുമില്ല.
കുറച്ച് കഴിഞ്ഞപ്പോൾ കാറിന്റെ ഗ്ലാസ്സിൽ വെള്ളത്തുള്ളികൾ മത്സരിച്ച് വന്ന് വീഴാൻ തുടങ്ങി. സൈറയുടെ കൈയ്യിൽ കുടയുണ്ടായിരുന്നോ? ഓർക്കുന്നില്ല. അവളും കുഞ്ഞും നനയില്ലെ? ഓട്ടോ പിടിച്ച് പോയിട്ടുണ്ടാവും. അല്ലെങ്കിൽ അവിടെ എവിടെയെങ്കിലും കയറി നിൽപ്പുണ്ടാവും.
ഞാൻ വൈപ്പറിട്ടു. മഴത്തുള്ളികളെ തട്ടിത്തെറുപ്പിച്ചു കൊണ്ടിരുന്നു വൈപ്പറിന്റെ കൈകൾ. വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഏതൊക്കെയോ വഴികൾ. എത്രവട്ടം പോയ വഴികളാണ്. എന്നിട്ടും ഇടയ്ക്ക് വഴി തെറ്റിയെന്ന് തോന്നി. വീണ്ടും മെയിൻ റോഡിലേക്ക് ഓടിച്ചു വന്നു. എന്തെന്നറിയില്ല, എനിക്ക് വലിയ ആശ്വാസം തോന്നി. അവളുടെ ചിരിക്കുന്ന മുഖം കണ്ട് പിരിയാൻ കഴിഞ്ഞല്ലോ. ഈ യാത്രയിൽ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം. ഒരു നിമിഷമോർത്തു, സൈറയോട് ഞാൻ ഫോൺ നമ്പർ ചോദിച്ചില്ലല്ലോ. അവൾ എന്നോടും. സാരമില്ല. ഇനി അടുത്ത തവണ വരുമ്പോൾ മ്യൂസിയത്തിലേക്ക് ഞാൻ വീണ്ടും വരും. അവിടെ വെച്ച് അവളെ വീണ്ടും കാണും. കാണുക തന്നെ ചെയ്യും. എനിക്കുറപ്പുണ്ട്.