കഥകള്‍ സംഭവിക്കുന്നത് പല പല പ്രോസസിങ്ങുകളുടെ ഒടുവില്‍ ആണ് . അപ്പോഴാണ് അതിനു ശരിയായ കഥയുടെ പ്രഭാവവും പ്രകാശവും ലഭിക്കുന്നത് . വായിക്കുന്ന കഥയില്‍ നിന്നും എന്താണ് വായനക്കാരന്‍ മനസ്സിലാക്കുന്നത് എന്നത് പ്രധാനമാണ് . എഴുത്തുകാര്‍ പലപ്പോഴും കഥകളെ ചില സൂചനകളും പ്രതീകങ്ങളും കൊണ്ട് നിഗൂഢമായ ഒരു തലത്തെ നിലനിര്‍ത്തി ഒരു പുറം വായനയെ നല്‍കാറുണ്ട് . ഈ ഒളിച്ചുകളിയിലൂടെ അവര്‍ ആനന്ദം കൊള്ളുമ്പോൾ വായനക്കാരാകട്ടെ പല തലത്തിലും പല ഭാവനകളിലും ഒരേ കഥയെ വഴിനടത്തുകയും വിലയിരുത്തുകയും ചെയ്യും . കഥാകാരന്റെ വിജയം അതിലാണ് നിലനില്‍ക്കുന്നത് . അനില്‍കുമാർ സി.പി.യുടെ “അബ്സല്യൂട്ട് മാജിക്” എന്ന കഥാ പുസ്തകം എട്ട് കഥകളുടെ സമാഹാരമാണ് . വേറിട്ട വിഷയങ്ങള്‍ നിറഞ്ഞ എട്ട് കഥകള്‍ ആണ് ഇതിലുള്ളത് . ആദ്യ പുസ്തകമായ “ഓര്‍മ്മയുടെ ജാലക ” ത്തില്‍ ഉള്ളടക്കവും പ്രമേയങ്ങളും വ്യത്യസ്ഥത നിറഞ്ഞ കഥകള്‍ ആയിരുന്നു എന്നാല്‍ ആ കഥകളുടെ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് നല്ലൊരു ഇടവേളക്ക് ശേഷം ഇറങ്ങിയ ഈ കഥാ സമാഹാരത്തിന് പങ്ക് വയ്ക്കാനുള്ളത് . ആമുഖങ്ങളും അവതാരികകളും ഇല്ലാത്ത ഈ കഥകള്‍ അവയുടെ ആവശ്യമില്ലാ എന്ന അഹങ്കാരവും അന്തസത്തയും പാലിക്കുന്നതായി കാണാം . ഓരോ കഥകളിലേക്ക് ഇറങ്ങുമ്പോഴും അത് മനസ്സിലാകുകയും ചെയ്യുന്നു . പ്രളയകാലത്തിന്റെ ഗന്ധമുള്ള കഥയും കോവിഡ് കാലത്തിനെ പറയാതെ പറയുന്ന കഥയും ഓരോ കഥകളിലും ഒളിപ്പിക്കുന്ന പുതുമകളും ആകര്‍ഷകമായി അനുഭവപ്പെടുന്നു .
ആദ്യത്തെ കഥ തന്നെ പുസ്തകത്തിന്റെ തലക്കെട്ടായ ഒന്നാണ് . ഇന്നിന്റെ കാലത്ത് ഓരോ കുട്ടിയും ഓരോ കുള്ളന്‍ ഗ്രഹമാണ് . സൗരയൂഥത്തിനുമപ്പുറം ഒറ്റപ്പെട്ടുപോയ ഒന്ന് . അവര്‍ക്ക് സൂര്യന്റെ അടുത്തെത്താന്‍ എത്രയോ കാലദൈര്‍ഘ്യം ഉണ്ടാകുന്നുണ്ട് . രക്ഷകര്‍ത്താക്കളുമായി എത്രത്തോളം അകലെയാണവര്‍ എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭയാനകമായ ഒരു അവസ്ഥയാണ് . അത്തരം അവസ്ഥകളുടെ ഒരു ചിത്രവത്കരണം ആണ് ഈ കഥയിലൂടെ അനാവൃതമാകുന്നത് . അകലെയായിരിക്കുന്ന പിതാവിലും അകലെയാണ് അരികിലുള്ള അമ്മ എന്നത് കുട്ടിയില്‍ ഉണ്ടാക്കിയ ഏകാന്തതയെ സൂചിപ്പിക്കാന്‍ എഴുത്തുകാരന്‍ ഉപയോഗിച്ച സെഡ്ന എന്ന കുള്ളൻ ഗ്രഹം വളരെ പ്രതീകാത്മകമായി അനുഭവപ്പെട്ടു . കുട്ടിയുടെ കോളറില്‍ ഉള്ള അഴുക്ക് , നഖങ്ങള്‍ക്കിടയിലെ അഴുക്കുകള്‍ ഒക്കെയും കണ്ടെത്താന്‍ അമ്മയ്ക്ക് സമയം കിട്ടിയതു അവനിലെ ഏകാന്തതയുടെ ഭംഗം വരും വിധത്തില്‍ ഒരു ചിന്നഗ്രഹത്തിന്റെ കടന്നുകയറ്റം അവന്റെ പിറന്നാളോടെ അവന്‍ പതിനാറിന്റെ പടിയില്‍ ആകുന്ന സമയത്ത് മാത്രമാണ്. കൗമാരത്തിന്റെ ആ ഒരു പടി കയറ്റം അവനില്‍ ഉണ്ടാക്കുന്ന മാനസിക പരിവര്‍ത്തനം അതിനെ അവന്‍ പരിചയപ്പെടുത്തുന്നത് സെഡ്നയുടെ ഏകാന്തതയെ ഭേദിക്കാന്‍ വരുന്ന ചിന്ന ഗ്രഹവുമായാണ് .അത് ഒരു പ്രണയമാകാം എന്നു തന്നെ കരുതേണ്ടി വരുന്നു . ശാസ്ത്രീയമായ വായനയും ചിന്തകളും നിറഞ്ഞ ഒരു നവലോക യുവതയുടെ കാഴ്ചപ്പാടിലേക്ക് കുട്ടിയിലൂടെ കഥാകാരന്‍ കടന്നു പോകുമ്പോള്‍ ആധുനിക കാലത്തിലെ ബന്ധങ്ങളിലെ അകല്‍ച്ചയും അസ്വാരസ്യങ്ങളും പരിചയപ്പെടുത്തുക കൂടിയാണ് . അബ്സല്യൂട്ട് മാജിക് ഒരു പ്രതീകാത്മക കഥയായി വായിക്കാന്‍ കഴിയുന്നത് ആ രീതിയിലാണ് . താന്‍ ആശങ്കയില്‍ ആയിരിക്കുമ്പോഴും ഭാര്യയെ ശാന്തയാക്കാന്‍ ശ്രമിക്കുന്ന ആ അച്ഛന്‍ പ്രവാസിയുടെ എല്ലാക്കാലത്തിന്റെയും പരിച്ഛേദം ആകുന്നുണ്ട് .
പാര്‍വ്വതിചരിതത്തില്‍ പരിചയപ്പെടുത്തുന്ന കമ്യൂണിസം, കുറച്ചു അതിരുകടന്നതും , കാലത്തിനു യോജിക്കാത്തതുമായി അനുഭവപ്പെട്ടു . നാലുപേരെ വിവാഹം കഴിച്ചതും ഒരാളെ കൊന്നതും , പിന്നീട് ഇഷ്ടമുള്ളവരുമായി ജീവിച്ചതുമായ പാര്‍വ്വതിക്ക് കമ്യൂണിസം എന്നത് സ്വതന്ത്ര ലൈംഗികതയും ജീവിതവും മാത്രമല്ല തന്റെ വറുതികളില്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ പണക്കാരന്റെ കലവറ ചവിട്ടിത്തുറന്നു ആവശ്യമുള്ളത് എടുത്തുകൊണ്ടു വരിക എന്നത് കൂടിയായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാലഹരണപ്പെട്ട നക്സല്‍ ചിന്തകളും ഇന്നിന്റെ സ്വതന്ത്ര ലൈംഗികതയും കൂടിക്കലര്‍ന്ന ഒരു സംഭവം ആണ് കമ്യൂണിസം എന്നൊരു ധ്വനി കഥാകാരന്‍ പകര്‍ന്നു നല്‍കുന്നതായി കരുതുന്നു. . അത് എത്രത്തോളം യാഥാര്‍ഥ്യവുമായി ഒന്നിച്ചു പോകുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് . കൂലി കൂടുതല്‍ തരണമെങ്കില്‍ ശരീരം വേണം എന്നിടത്ത് എന്നാല്‍ എനിക്കു കൂലി കൂടുതല്‍ വേണ്ട എന്നു പറയുന്നതാണ് കമ്യൂണിസം എന്നതും ശരിയായ ധാരണ ഉണ്ടാക്കുവാന്‍ കഴിയുന്നില്ല . അതുപോലെ പാറുവമ്മയ്ക്ക് ഒടുവില്‍ തോന്നിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആയാല്‍ ആരും തന്റെ മാനത്തിന് വില പറയാൻ ഇരുട്ടില്‍ കടന്നു വരില്ല എന്ന ചിന്ത ശരിക്കും ഒരു കാല്പനിക ലോകത്തിന്റെ ചിത്രമാണ് നല്‍കുന്നത് . ഈ കഥ വായിക്കുമ്പോള്‍ എന്താണ് കമ്യൂണിസം എന്നും കമ്യൂണിസത്തിന്റെ വിജയ പരാജയങ്ങളും ഒക്കെ ചര്‍ച്ചയായി വരികയാണെങ്കില്‍ അതൊരു വലിയ തലത്തിലേക്ക് കടന്നു പോയേക്കും എന്നും കഥ കൈവിട്ടു പൊയ്പ്പോകും എന്ന ഭയം ഉള്ളില്‍ ഉണ്ട്.
സോഡാക്സ് ഒരു തരത്തില്‍ ഒരു മനശാസ്ത്ര തലത്തില്‍ വായിക്കപ്പെടേണ്ട കഥയായി തോന്നുന്നു . രണ്ടു തരത്തില്‍ ആ വാക്കിനെ വിലയിരുത്താം . എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്ന സന്തോഷസൂചകമായ ഒരു ആതിഥേയന്‍ എന്ന വിധത്തിലോ അതല്ലെങ്കില്‍ ഒരു അതിസുന്ദരിയായോ ആ വാക്കിനെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയും . റിച്ചാര്‍ഡ് ഉപയോഗിച്ചത് രണ്ടാമത്തെ അർത്ഥത്തിൽ ആണെങ്കില്‍ മകന്‍ ഉപയോഗിക്കുന്നത് ആദ്യത്തെ അർത്ഥമാകാം . സംസാരത്തില്‍ നാം തുടരുന്ന ചില വാക്കുകൾ ഉണ്ടല്ലോ ദൈവാനുഗ്രഹം , ഫക്ക് , മയിര് എന്നൊക്കെ. അതുപോലെ ഒന്നായി ഈ പദത്തെ സമീപിക്കുമ്പോള്‍ കാഴ്ച വീണ്ടും മാറുന്നു. കഥയില്‍ ലൈംഗികതയും രോഗവും കടന്നു വരുന്നു . കഠിനമായ മൂത്രാശയ രോഗം ഉള്ള ഒരാള്‍ കഴിക്കുന്ന മരുന്നായി സോഡാക്സിനെ കാണുകയാണെങ്കില്‍ നായികയുടെ റിച്ചാര്‍ഡുമായുള ഓരോ രതിക്കു ശേഷവും കിടക്കയില്‍ പടരുന്ന രക്തത്തുളളികളെ മനസ്സിലാക്കാന്‍ വിഷമം ഉണ്ടാകുന്നില്ല. അതുപോലെ അവള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ഡിപ്രഷന്‍ ഗുളിക അവളിലെ മാനസിക നിലയുടെ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയുന്നു . നിംഫോമാനിയ ആയ ഒരു സ്ത്രീയുടെ പൂർവ്വ രതിയില്‍ ലഭിച്ച മകന്‍, അവന്റെ യഥാര്‍ത്ഥ അച്ഛന്‍ ഉപയോഗിച്ച വാക്ക് ഉപയോഗിക്കുന്നതിലെ അസഹ്യതയും ഒപ്പം തൻ്റെ ലൈംഗികതയുടെ രക്തരഹിത പരിവര്‍ത്തനവും ഈ കഥയില്‍ വായിക്കപ്പെടുന്നു .
പുഷ്പജാലകം എന്ന കഥയില്‍ അനാവൃതമാക്കുന്നത് സമൂഹത്തിലെ അഴുക്ക് ചാലുകളില്‍ ജീവിതം ഹോമിച്ച മനുഷ്യരുടെ ആത്മാര്‍ഥതയും, സ്നേഹബന്ധങ്ങളുടെയും കഥയാണ് . തനിക്കാരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി, അവന്റെ നല്ല ജീവിതത്തിനു വേണ്ടി സ്വന്തം ആന്തരാവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ട്രാന്‍സ്ജൻ്റർ ആയ യുവതിയുടെ കഥ . വികാരങ്ങളും വിവേകവും അവര്‍ക്കുമുണ്ട് എന്ന ഉത്തമ ബോധത്തില്‍ നിന്നാണ് ഭാര്യ മരിച്ച ഒഴിവിലേക്ക് വെറുതെ മിണ്ടിപ്പറഞ്ഞിരിക്കന്‍ വേണ്ടി മാത്രമെന്ന് പറയുന്ന ഒരാളിനോടു തനിക്കതിൽ താത്പര്യമില്ല എന്നു നിസ്സംശയം പറയാന്‍ അവൾക്ക് കഴിയുന്നത് . മിണ്ടിപ്പറഞ്ഞിരിക്കാൻ മാത്രം എന്ന അയാളുടെ കാപട്യം അവള്‍ ട്രാന്‍സ്ജണ്ടർ ആണെന്ന് അറിയുമ്പോൾ അഴിഞ്ഞു വീഴുന്നതും കാണാം .
ദമാസ്കസ് എന്ന കഥ മദ്ധ്യേഷ്യയിലെ ചില ജീവിതങ്ങളെ അടയാളപ്പെടുത്താന്‍ ഉള്ള ശ്രമമായി വായിയ്ക്കാം . സംഘര്‍ഷ ഭരിതമായ അതിര്‍ത്തിയില്‍, മാനുഷിക വികാരങ്ങള്‍ മരിച്ചിട്ടില്ലാത്ത, മൊയ്തീന്‍ എന്ന മനുഷ്യൻ തന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു മരണപ്പെടുന്ന കാഴ്ച. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്ന അദ്ദേഹം എന്തുകൊണ്ടാണ് അത്ര കാലം കൊണ്ട് ആ മനുഷ്യരുടെ മനുഷ്യത്വമില്ലായ്മ മനസ്സിലാക്കാതെ പോയത് എന്ന്‍ ചോദ്യം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടായിരുന്നു . ചിലരങ്ങനെയാണല്ലോ . അറിഞ്ഞുകൊണ്ടു മരണത്തിലേക്കും ദുരന്തങ്ങളിലേക്കും കയറിച്ചെല്ലും . വൈകാരികമായ ചില മാനുഷിക ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനമായി അതിനെ കാണാം . അത്തരമൊരു വൈകാരികതയുടെ ചിത്രീകരണം ആണ് ഈ കഥയില്‍ കാണാന്‍ കഴിയുക . (ഈ കഥയിലെ ഒരു വാചകം മനസ്സിലായില്ല . അഞ്ചുനേരം നിസ്കരിക്കാന്‍ കഴിയുന്നൊരു ജോലി നാട്ടില്‍ കണ്ടുപിടിക്കണം.)
പ്രളയപങ്കിലം സമകാലീന സാഹചര്യങ്ങളുടെ ചുവടു പിടിച്ച് എഴുതിയ ഒരു കഥയാണെന്ന് തോന്നുന്നു . നന്‍മകളുടെ വിളനിലമായ കഥാപാത്രങ്ങളെ മാത്രം നായികാ നായകന്മാരാക്കുന്ന പതിവ് കഥാ സമ്പ്രദായത്തിന് വിപരീതമായി, അല്‍പസ്വല്‍പ്പം കള്ളവും ചതിയും ഒക്കെ വശമുള്ള നായികയുടെ അവതരണത്തില്‍ അവളിലൊരു തന്‍റേടിയെ പ്രതീക്ഷിച്ചു എങ്കിലും ഒറ്റയ്ക്ക് കൊതുമ്പ്
വള്ളം തുഴഞ്ഞ് വന്നവള്‍ സാഹചര്യങ്ങള്‍ ഒക്കെയും പ്രതികൂലമായിട്ടും ഒറ്റക്കു നില്ക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു എത്തുന്നത് വരെ മാത്രമേ ആ പ്രതീക്ഷ നിലനിന്നുള്ളൂ . പൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ല് പോലെ അവളെ ബലമായി ഉപയോഗിച്ച് അവന്‍ പോകുമ്പോള്‍ അവളെ കാത്തിരിക്കുന്നത് മരണം ആണെന്ന് പറഞ്ഞു കഥ നില്‍ക്കുകയാണ് . കഥയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ അവസാനമാക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല എന്നൊരു ചിന്ത വായനയില്‍ ബാക്കി വച്ച് .
തേൻവരിക്ക എന്ന കഥ അപൂര്‍ണ്ണമായ രതിയുടെയും ലൈംഗികമോഹങ്ങളുടെയും കഥയുടെ പ്രതീകാത്മകമായ അവതരണമാണ് . കൃഷിയും കാര്യങ്ങളുമായി നടക്കുന്ന ഭര്‍ത്താവും, അടങ്ങാത്ത ശരീരദാഹവുമായി അലയുന്ന ഭാര്യയും പല കഥകളിലും വന്നിട്ടുണ്ടെങ്കിലും അതിനു ഇങ്ങനെ ഒരു ഭാഷ്യം ഉണ്ടാകുന്നത് ആദ്യമാണ് വായിക്കുന്നത് . ഇവിടെ ഭര്‍ത്താവ് ഒരു നിഷ്കളങ്കനായി രൂപാന്തരം പ്രാപിക്കുന്നതും സമൂഹം അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വേറിട്ട കാഴ്ചയായി അനുഭവപ്പെട്ടു .
ആയിരത്തൊന്നു രാവുകള്‍ എന്ന കഥ ശരിക്കും കുടിയേറ്റത്തൊഴിലാളികളുടെ കഥയായി വായിക്കാനായി . കുടിയേറ്റം എന്ന വാക്കിന് എന്തോ അസ്കിത ഉള്ളതിനാല്‍ പ്രവാസം എന്ന അനര്‍ത്ഥം ഉള്‍ക്കൊണ്ടാണല്ലോ ഇന്ന് നിലനില്‍ക്കുന്നത് . രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളിക മേലിരിക്കുന്ന മന്നന്റെ തോളില്‍ മാറാപ്പു കയറ്റുന്നതും ഭവാന്‍ എന്നിങ്ങനെ നാടന്‍ പ്രയോഗങ്ങളെ / വരികളെ അന്വർത്ഥമാക്കുന്ന ജീവിതം ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണത് . ഗള്‍ഫ് കുടിയേറ്റത്തിലെ പലര്‍ക്കും അനുഭവിക്കേണ്ടി വരുന്ന കറുത്ത ഏടുകള്‍ ആണ് ഈ കഥയുടെയും പ്രമേയം . അതിനെ നന്നായി , ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാനും ഒപ്പം മധ്യേഷ്യയുടെ ഭൂമികയെ പരിചയപ്പെടുത്താനും ഉള്ള ചെറിയ ശ്രമം ഈ കഥയില്‍ ഉണ്ട് .
ഒരെഴുത്തുകാരന്റെ ധർമ്മം വായനക്കാരനെ ഒരു വീര്‍പ്പുമുട്ടലില്‍ തന്റെ എഴുത്തിനെ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നതാണു . പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെടുന്നത് അതിലാണ് . ഓര്‍മ്മകളുടെ ജാലകത്തിന് ശേഷം വളരെ വലിയ ഒരു ഇടവേള അടുത്ത പുസ്തകത്തിന് വന്നുവെങ്കിലും ഉള്ളടക്കത്തിലെ തിരഞ്ഞെടുപ്പുകളും അതിലെ എഴുത്തുകാരന്റെ മാത്രമായ ശൈലിയും പുതിയ പുസ്തകത്തിനും മടുപ്പ് നല്‍കാതെ വായിച്ചു പോകാന്‍ സഹായിക്കുന്നുണ്ട് . കഥകളുടെ സ്ഥിരം പാറ്റേണുകളില്‍ നിന്നും വേറിട്ട് സഞ്ചരിക്കാന്‍ ആണ് പുതിയ കാല എഴുത്തുകാര്‍ മത്സരിക്കുന്നത് . പക്ഷേ ഇവിടെ അനില്‍കുമാര്‍ സി.പി. തന്റെ ശൈലിയില്‍ പുതിയ കാല രീതികളെ സന്നിവേശിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത് . പറഞ്ഞും വായിച്ചും കേട്ടും പഴകിയ കാര്യങ്ങളെ പോലും പുതുമയോടെ പ്രത്യേകതയോടെ അവതരിപ്പിക്കാന്‍ കഴിയുക എന്ന ഭാരിച്ച ഉത്തരവാദിത്വം അനില്‍കുമാറിന്റെ കഥകളില്‍ സ്ഫുരിക്കുന്നുണ്ട് . ശാസ്ത്രീയതയും , പുരോഗമന ചിന്തയും ഒക്കെ കഥകളില്‍ എത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളത് എങ്കിലും തികച്ചും ഇടുങ്ങിയതോ പഴയതോ ആയ ചിന്തകള്‍ അല്ല എഴുത്തുകാരന്റെ രീതി എന്നു കഥകള്‍ സൂചിപ്പിക്കുന്നുണ്ട് . എഴുത്തിനെ വെറും സമയം സമയം പോക്കാനുള്ള ഒരുപാധിയായി കാണുന്ന എഴുത്ത് ശൈലിയല്ല കഥകൾക്കുള്ളത് . അതില്‍ നല്ല പഠനം നടന്നിട്ടുണ്ട് . പറയുന്ന കാര്യങ്ങള്‍ക്ക് ഉള്ളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ രീതികളും പറയുന്ന വിഷയങ്ങളില്‍ നടപ്പില്‍ വരുത്താനും അതിനെ സ്ഥിരീകരിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട് . ഇത്തരം രീതികള്‍ കഥാ രചനാ രീതികളില്‍ ഒരു നല്ല കാല്‍വയ്പ്പായി അനുഭവപ്പെടുന്നുണ്ട് .
അബ്സല്യൂട്ട് മാജിക് (കഥകള്‍)
അനില്‍കുമാര്‍ സി.പി.
മാക്സ് ബുക്സ്
വില : ₹ 160.00