ചരിത്രത്തെ വായിക്കുന്നത് രസകരമായ അനുഭവം ആണ് . പ്രത്യേകിച്ചുമത് ജനപ്രിയങ്ങളായ സാഹിത്യത്തില്‍ നിന്നും ഉണ്ടാകുന്ന എഴുത്തുകള്‍ ആകുമ്പോള്‍ അതിനു കൂടുതല്‍ വായനകള്‍ ഉണ്ടാകുക സ്വാഭാവികം. ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും ആസ്പദമാക്കി , ബൈബിള്‍ ആസ്പദമാക്കി ഒരുപാട് കഥകളും നോവലുകളും കവിതകളും സിനിമകളും മറ്റ് കലാരൂപങ്ങളും കാലങ്ങളായി പുറത്തു വരുന്നുണ്ട്. അവയൊക്കെയും മൂലകഥയുടെ പ്രശസ്തി കൊണ്ട് മാത്രമാണു വായനയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നു കാണാം . വടക്കന്‍ വീരഗാഥകള്‍ സിനിമകള്‍ ആയി മലയാളിയുടെ ആസ്വാദന നിലവാരങ്ങളെ എത്ര വട്ടം പുളകിതമാക്കിയിരിക്കുന്നു . മാമാങ്കം ഓര്‍മ്മകളില്‍ ചോര മണക്കുന്ന ഒന്നായതിനാല്‍ മാത്രമാണല്ലോ മമ്മൂട്ടിയെന്ന നടന്റെയും മറ്റ് പ്രവര്‍ത്തകരുടെയും ബാലെ തമാശകള്‍ പോലും കാണാൻ ആരാധകര്‍ തീയേറ്റര്‍ തേടിപ്പോയത്. പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറയുമ്പോള്‍ പട്ടും വളയും ആഭരണങ്ങളും കൊണ്ട് കഥാപാത്രങ്ങള്‍ രാജാപ്പാട്ട് വേഷം കെട്ടിയാടിയതും ഒരു അശ്ലീലം പോലെ ഒരു പുലയസ്ത്രീയെ അര്‍ദ്ധ നഗ്നയായി ചിത്രീകരിച്ചു കാലധര്‍മ്മം പാലിക്കാന്‍ ശ്രമിച്ച അറിവില്ലാത്ത സംവിധായകനെ കാണാന്‍ കഴിഞ്ഞതും . ഇതൊന്നും ആദ്യമായല്ല. ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ കാലത്തെക്കുറിച്ചും ആ കാലത്തിന്റെ സംസ്കാരത്തെയും സാമൂഹ്യപരമായ ഇടപെടലുകളെയും മറ്റും കുറിച്ച് ഒരു ബോധമോ പഠനമോ ചെയ്യാത്ത കാട്ടിക്കൂട്ടലുകള്‍ ആണ് ഇത്തരം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുക.
എം ടി രണ്ടാമൂഴം എഴുതുമ്പോഴും പി ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ എന്നതെഴുതുമ്പോഴും ഈ കാലഘട്ടത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ നന്നായി ശ്രമിച്ചിരുന്നത് സന്തോഷകരമായ ഒരു കാഴ്ച ആയിരുന്നുവല്ലോ . അതുപോലെ ആണ് ടി ഡി രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര നിര്‍മ്മിക്കുമ്പോഴും ശ്രമിച്ചതും . ഈ താരതമ്യങ്ങള്‍ ഏറ്റവും കാലികമായ വായനകളില്‍ നിന്നും ഓര്‍മ്മയില്‍ വരുന്നവയാണ് . കണ്ടതും കാണാത്തതുമായ ഒരുപാട് എഴുത്തുകള്‍ ഇതേ ശ്രേണിയില്‍ വിജയിച്ചതും പരാജയപ്പെട്ടതുമായി കാണാന്‍ കഴിയും . ബന്യാമിന്‍ എന്ന എഴുത്തുകാരന്‍ മലയാളിക്ക് പ്രശസ്തന്‍ ആടുജീവിതം എന്ന നോവലില്‍ കൂടിയാണ് . ബന്യാമിനെ അടയാളപ്പെടുത്താന്‍ ആ ഒരു നോവലിന് മാത്രമാണു കഴിഞ്ഞിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട് . ബന്യാമിന്റെ മറ്റ് എഴുത്തുകള്‍ക്ക് എന്തുകൊണ്ടാ ഒരു നിലവാരം കിട്ടാതെ പോയി എന്നത് ഇന്ന് സാംസ്കാരിക ലോകം വളരെയധികം ചര്‍ച്ചകള്‍ നടത്തിയ ഒന്നായതിനാല്‍ അതിലേക്കു പോകാന്‍ ശ്രമിക്കുന്നില്ല. അബീശഗിന്‍ എന്ന നോവലിലേക്ക് വരാം. ഈ നോവല്‍ ബന്യാമിന്‍ എഴുതുന്നതു ബൈബിളിക്കല്‍ കഥാപാത്രമായ ശലമോന്‍ എന്ന ദാവീദിന്റെ പുത്രൻ്റെ കാലഘട്ടത്തെയും ശലമോന്‍റെയും അബീശഗിന്റെയും പ്രണയത്തിന്റെയും ഒരു തുറന്ന വായനയായാണ് . കാലത്തിന്റെ കുറിപ്പുകളില്‍ ശലമോന്‍റെ കാലഘട്ടത്തെ പറയുമ്പോള്‍ ഒരടിമ സ്ത്രീയുടെ പേര് മാത്രം എന്തുകൊണ്ട് പറയപ്പെട്ടു എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ആശയം . ഇതാകും അതെന്ന് എഴുത്തുകാരന്റെ ഉള്ളിലേക്ക് കടന്നു വന്ന ഒരു ചിന്ത. അതിനെയാണ് ഈ ചെറുനോവലില്‍ കൂടി ബന്യാമിന്‍ വരച്ചിടുന്നത് .
ശലമോന്‍ എന്ന പ്രണയത്തിന്റെ രാജകുമാരന്റെ അനവധി അന്തപ്പുര സ്ത്രീകളില്‍ നിന്നും അവസാന കാലത്ത് മരണക്കിടക്കയില്‍ അയാള്‍ക്കു അവസാനം ഓർമ്മ വരുന്ന, തന്നെ വിട്ടു പോയ അബീശഗിന്‍ എന്ന അടിമസ്ത്രീയുടെ കഥയും അവര്‍ക്കിടയില്‍ സംഭവിച്ചിരിക്കാമെന്ന് കരുതുന്ന സംഭവങ്ങളും ആണ് ഈ നോവലിനു ആധാരം. ശലമോന്‍ എന്ന രാജാവിനെയും ദാവീദ് എന്ന കരുത്തനായ ചക്രവര്‍ത്തിയെയും ചരിത്രത്തിലെ ഗരിമകളില്‍ നിന്നും അടര്‍ത്തി മാറ്റി വെറും സാധാ മനുഷ്യരെ പ്പോലെ നിര്‍ത്തി വിചാരണ ചെയ്യാന്‍ ആണ് ബന്യാമിനിലെ എഴുത്തുകാരന്‍ ഇവിടെ ശ്രമിച്ചത് എന്നു കാണാം . ഈ സാധാരണത്വം അവര്‍ക്ക് നല്‍കുമ്പോഴും കാലഘട്ടത്തിന്റെ സംസ്കാരവും ചിന്തകളും കഥാപാത്രങ്ങളില്‍ വേണ്ട വിധത്തില്‍ എത്തിക്കുവാന്‍ കഴിയാതെ ഊഹങ്ങളുടെ ഒരു മൊത്തക്കച്ചവടം കൊണ്ട് ഒരു പ്രണയകഥയെ സ്വാംശീകരിക്കുവാനാണ് ബന്യാമിന്‍ ശ്രമിക്കുന്നത് . ഇത് വായനയില്‍ മുഴുവന്‍ മുഴച്ചു നില്‍ക്കുന്ന ഒരു വികലമായ കാഴ്ചയാണ് . ഒരു തുടക്കക്കാരനായ എഴുത്തുകാരന്റെ സകലവിധമായ അപര്യാപ്തതകളും ആ പാത്രസൃഷ്ടികളിലും സംഭവവികാസങ്ങളിലും പടര്‍ന്ന് കിടക്കുന്നുണ്ട് . ഏറ്റവും രസകരമായ വസ്തുത , ഒരു പ്രണയ നോവലിനെ ഒട്ടും പ്രണയം തോന്നിക്കാതെ , എന്താണ് പ്രണയം എന്നു ചിന്തിപ്പിക്കാനും ഇതിലെവിടെയാണ് പ്രണയം എന്നു കണ്ടെത്താനും വായനക്കാരനെ പറഞ്ഞു വിടാന്‍ മാത്രമാണു എഴുത്തുകാരന് കഴിഞ്ഞത് എന്നുള്ളതാണ് . അബീശഗിന് സംസാരിക്കാന്‍ ഒരിക്കല്‍പ്പോലും അനുവാദമില്ലാത്ത ഈ നോവലില്‍ അവളെ ഒരു നിശബ്ദ നായികയാക്കി നിര്‍ത്തിക്കൊണ്ട് അവളുടെ അസ്തിത്വം പ്രകടമാക്കാന്‍ എഴുത്തുകാരനു കഴിഞ്ഞുവോ എന്നത് സംശയമാണ് .
ശലമോന്‍റെ ചിന്തകളിലൂടെ കാണുന്ന ഒരു ഏകപക്ഷീയ ഊഹക്കച്ചവടമാണ് അബീശഗീനുമായുള്ള പ്രണയം . അതിനെ പ്രണയം എന്നും പറയാന്‍ കഴിയില്ല . കാരണം അത്ര തീവ്രമായി ആ പ്രണയത്തെ അടയാളപ്പെടുത്താന്‍ എഴുത്തുകാരന്‍ പരാജയപ്പെട്ടിരിക്കുന്നു . ചരിത്രത്തില്‍ നിന്നും ഒരാളെ എടുത്തു കാണിക്കുമ്പോള്‍ വേണ്ട നീതികള്‍ ഒന്നും തന്നെ ബന്യാമിന് ഈ കഥാപാത്ര സൃഷ്ടിയില്‍ പാലിക്കാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം. ഭാഷയായാലും അവതരണമായാലും വളരെ ദുര്‍ബലമായ ഒരു വായന നല്കിയ പുസ്തകം ആണ് അബീശഗിന്‍ . വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും കുരുങ്ങിക്കിടക്കുന്ന ബന്യാമിന്‍ , എല്ലാ പുകമറകളും മാറ്റി തന്റെ കഴിവ് തെളിയിക്കുന്ന ഒരു സൃഷ്ടിയുമായി വരുന്നത് വായനക്കാരന്‍ സ്വപ്നം കാണുന്നു .
അബീശഗിന്‍ (നോവല്‍)
ബന്യാമിന്‍
ഡി സി ബുക്സ് (പത്താം പതിപ്പ് 2018)
വില :₹ 65.00