അപ്പൂപ്പൻതാടിക്കൊപ്പമൊരു രാമേശ്വരം – മധുരയാത്ര

ജീവിതത്തിന്റെ ഭാഗമായ കൃത്യനിർവഹണങ്ങൾ നിന്നും മാറി, അലസമായ സ്വാതന്ത്ര്യത്തോടു കൂടിയ ഒരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്? യാത്രകളിഷ്ടപ്പെടുന്നുവെങ്കിലും എന്റെ ദിശാബോധമില്ലായ്മയാണ് ഒറ്റയ്ക്കുള്ള ദീർഘദൂരയാത്രകളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അവിടെയാണ് ‘അപ്പൂപ്പൻതാടി’ പോലെയുള്ള, സ്ത്രീകൾക്ക് മാത്രമായുള്ള യാത്രാ ഗ്രൂപ്പുകളുടെ പ്രസക്തി. എന്നെപ്പോലെയുള്ളവർക്ക് മാത്രമല്ല, ഒരുമിച്ച് – ഒറ്റയ്ക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഏതൊരു പ്രായത്തിലുള്ള പെണ്ണിനും ‘അപ്പൂപ്പൻതാടി’ നല്ലൊരു കൂട്ടാണ്.

2021 ഡിസംബർ 31ന് ആണ് ഞാനും എന്റെ കസിനും, എന്റെ ഒരു പഴയ സ്കൂൾമേറ്റും, അവളുടെ മകനും(പന്ത്രണ്ട് വയസ്സിനു താഴെയുള്ള ആൺകുട്ടികളെ കൂടെ കൂട്ടാം, പെൺകുട്ടികൾക്ക് പ്രായപരിധി ഇല്ല. കുട്ടിയായി, ഒരു മൂന്നു വയസ്സുകാരി കൂടെ ഞങ്ങളുടെ ഗ്രൂപ്പിലെ അംഗമായിരുന്നു ) ആണ് കോഴിക്കോട് നിന്ന് മധുരയ്ക്കുള്ള ട്രെയിൻ കയറിയത്. ഷൊർണൂർ നിന്ന് ഒരു പുതിയ സുഹൃത്ത് കൂടി വന്നു ചേർന്നു. മധുരയിലിറങ്ങി രാമേശ്വരത്തേക്ക് മറ്റൊരു ട്രെയിൻ. പുലർച്ചെ അഞ്ചു മണിയ്ക്കാണ് രാമേശ്വരം യാത്രയുടെ ഊഷ്മളമായ അനുഭവങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ട്രെയിൻ പാമ്പൻ പാലത്തിന് മുകളിലെത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും ആ ഗ്രൂപ്പിലെ 18 യാത്രികരും, ഞങ്ങളുടെ ‘ബഡ്‌ഡി’യായ പെൺകുട്ടിയും (ഗൈഡ് ) ഒന്നുചേർന്നു. ട്രിപ്പിനായി ബുക്ക്‌ ചെയ്ത ട്രാവലറിൽ ഞങ്ങൾ രാമേശ്വരം അമ്പലത്തിനടുത്തുള്ള ഹോട്ടലിലെത്തി.

ദിവസം 1
തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലാണ്, പാമ്പൻ പാലത്താൽ ഭാരതഭൂഖണ്ടത്തോട് ബന്ധിപ്പിച്ചിരിക്കുന്ന പാമ്പൻ ദ്വീപ് അഥവാ രാമേശ്വരം ദ്വീപ് സ്ഥിതി ചെയ്യുന്നത്. എവിടെയും പടർന്നു കിടക്കുന്ന മണൽത്തിട്ടകളാണ് ആ ഭൂപ്രദേശത്തിന്റെ പ്രത്യേകത. ഐതിഹാസിക പ്രധാനമായ ഈ സ്ഥലം രാമായാണത്തിൽ പരാമർശിച്ചിട്ടുള്ള ഒന്നാണ്. രാവണനെ വധിച്ച് സീതാദേവിയെ മോചിപ്പിക്കാനായി ലങ്കയിലേക്ക് പോകാൻ രാമനും ലക്ഷ്മണനും വാനരസേനയ്ക്കൊപ്പം വന്നു തമ്പടിക്കുന്നതും, ലങ്കയിലേക്കുള്ള പാലം പണിയുന്നതും, രാവണവധത്തിനു ശേഷം തിരിച്ചെത്തുന്നതും ഈ പുണ്യഭൂമിയിലേക്കാണെന്നാണ് ഐതിഹ്യം.

രാമപാദം – രാമർ പാദം അഥവാ രാമപാദം ആയിരുന്നു ആദ്യത്തെ ലക്ഷ്യസ്ഥാനം. രാമേശ്വരം നഗരത്തിന്റെ മനോഹാരിത മുഴുവൻ മനസ്സിലേക്കാവാഹിക്കാൻ തക്കവണ്ണം ഉയർന്ന പ്രദേശത്താണ് രാമപാദം ക്ഷേത്രമുള്ള ഗന്ധമാദന പർവതം സ്ഥിതി ചെയ്യുന്നത്. ലങ്കയെ നിരീക്ഷിക്കാൻ കയറിയ രാമന്റെതെന്ന് വിശ്വസിക്കുന്ന കാല്പാദങ്ങളാണ് അവിടെ പൂജിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ നിറവിൽ നിന്നാൽ ഒരു ദൈവീക സാന്നിധ്യം കുളിർക്കാറ്റടിച്ചുകൊണ്ടേയിരിക്കുന്ന, കടലിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന ആ മനോഹരഭൂമിയിൽ അനുഭവപ്പെടും.

പാമ്പൻ പാലം – പാക് കടലിടുക്കിന് കുറുകെ പണിതിരിക്കുന്ന ഈ പാലത്തിന്, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം എന്നുള്ള ബഹുമതി മാത്രമല്ല, കപ്പലുകൾക്ക് കടന്നുപോകാനുള്ള സൗകര്യർത്ഥം ഇരുവശത്തേക്ക് ഉയർത്തി മാറ്റാൻ പറ്റാവുന്ന സംവിധാനമുള്ള ഇന്ത്യയിലെ ഏകപാലം എന്ന സവിശേഷത കൂടിയുണ്ട്. 1914 ൽ, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വിപണന സാധ്യത കണക്കിലെടുത്ത് ബ്രിട്ടീഷുകാരാണ് പാമ്പൻ പാലത്തിന്റെ നിർമിതി നിർവഹിച്ചത്. 1964 ലെ ചുഴിലിക്കാറ്റിൽ തകർന്ന ഈ റെയിൽപാലം 2007ൽ പുനർനിർമ്മിക്കപ്പെട്ടപ്പോൾ, പഴയ ലക്ഷ്യസ്ഥാനമായ ധനുഷ്കോടിയിലേക്ക് നീളാതെ രാമേശ്വരത്ത് ചെന്ന് നിന്നു. 1980 ലാണ് റെയിൽ പാലത്തിന് സമാന്തരമായി റോഡ് ഗതാഗതത്തിനായുള്ള പാലം നിർമ്മിക്കുന്നത്. ഒരു പാലത്തിൽ കാണാനെന്തിരിക്കുന്നു എന്ന തോന്നലാണ്, താല്പര്യമില്ലാതെ അവിടേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിച്ചത്. പക്ഷേ, എന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ആ കാഴ്ചയും അനുഭവവും മനസ്സിൽ പതിഞ്ഞു. പച്ചക്കടലിലേക്കിറങ്ങിയ നീലാകാശം. രണ്ടിന്റെയും സംഗമത്തിന്റെ മനോഹാരിത കൂട്ടിക്കൊണ്ട് പാലത്തിന്റെ ഇരുവശത്തും ചിതറിക്കിടക്കുന്ന ഷിപ്പിങ് ബോട്ടുകൾ. ആ പാലത്തിന് മുകളിലെ ശക്തിയായ കാറ്റിൽ മനസ്സിലെ എല്ലാ വിഷാദങ്ങളും കടലിലെ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീണു ചിതറും. എത്രനേരം വേണമെങ്കിലും ആ കാറ്റേറ്റ് നിൽക്കാം.

വില്ലുണ്ടി തീർത്ഥം /വില്ലൂന്നി തീർത്ഥം– സീതയുടെ ദാഹശമനാർത്ഥം രാമൻ കടലിലേക്ക് അമ്പെയ്ത് ഒരു ഉറവ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. മനോഹരമായ കടലോരത്ത് കടലിലേക്കിറങ്ങി ചെല്ലുന്ന ഒരു പാലവും, ആ ഉറവ നിന്നിടത്ത് കിണറുമാണ് ഇപ്പോൾ കാണാൻ സാധിക്കുക. ആ കിണറിലെ വെള്ളത്തിനു ഉപ്പുരസമില്ലെന്നുള്ളത് തന്നെയാണ് വലിയ അത്ഭുതം. അവിടെ ‘ത്രയമ്പകേശ്വര’ പ്രതിഷ്ഠയുള്ള ഒരു ചെറിയ അമ്പലം കൂടിയുണ്ട്. കടൽത്ത്തീരത്ത് നിറയെ പവിഴപ്പുറ്റുകളാണ്. അങ്ങോട്ട് നോക്കിയാൽ നിറയെ എല്ലു കൂമ്പാരങ്ങളുള്ള ഒരു ശ്മാശാനഭൂമി പോലെ തോന്നും, അത്‌ പവിഴപ്പുറ്റുകളാണെന്ന് തിരിച്ചറിയും വരെ.

കലാം മന്ദിരവും ഭവനവും – രാമേശ്വരത്തെ പേയ്കരുമ്പിൽ എന്ന സ്ഥലത്താണ് ബഹുമാന്യനായിരുന്ന മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി കലാം മന്ദിരം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കും വീക്ഷണങ്ങൾക്കുമൊപ്പം, ആ മഹത് വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാനമായ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും, അദ്ദേഹമുപയോഗിച്ചിരുന്ന വസ്തുക്കളും അവിടത്തെ മ്യൂസിയത്തിൽ കാണാൻ കഴിയും. അത്യുന്നതമായ ഒരു ജന്മത്തിന്റെ മഹത് സാന്നിധ്യം അവിടെ ചെല്ലുന്ന ഏതൊരു മനുഷ്യരെയും അഭിമാനപൂരിതരാക്കും. ഒരു ജന്മം കൊണ്ട് ഒരു മനുഷ്യന് എന്തൊക്കെ ചെയ്യാനാവുമെന്നുള്ളതിലേക്കൊരു ദിശാഫലകം കൂടിയാണ് ആ സ്മാരകം.
അദ്ദേഹത്തിന്റെ ബാല്യകാലവസതിയായ കലാം ഭവനം മോസ്ക് സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നതൊരു മ്യൂസിയവും ചെറിയ ഷോപ്പിംഗ് സെന്ററുമാണ്. അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പരമോന്നത ബഹുമതികളായ ഭാരതരത്നയും, പദ്മഭൂഷൺ അവാർഡും, പദ്മവിഭൂഷൻ അവാർഡും ഉൾപ്പെടെയുള്ള അവാർഡുകൾ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ക്യാമറ നിരോധനവും മഴയും കാരണം അവിടത്തെ ഓർമ്മകൾ ചിത്രങ്ങളിൽ പതിഞ്ഞില്ല.

ലക്ഷ്മണതീർത്ഥം, സീതാകുണ്ഡം – മൊത്തതിൽ 64 തീർത്ഥങ്ങളുണ്ട് രാമേശ്വരത്ത്. പാപനാശനത്തിനായി നിർമ്മിക്കപ്പെട്ടിട്ടുള്ള അവയിൽ 22 എണ്ണം രാമനാഥക്ഷേത്രത്തിൽ തന്നെയാനുള്ളത്. ലക്ഷ്മണതീർത്ഥം സ്ഥിതി ചെയ്യുന്നത് രാമനാഥ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറേക്ക് മാറിയാണ്. പാപനാശനത്തിനായി ലക്ഷ്മണൻ തീർത്തു എന്നു വിശ്വസിക്കുന്ന കുളവും, ലക്ഷ്മണേശ്വര ക്ഷേത്രവും ആണ് അവിടെയുള്ളത്. ബലരാമൻ പാപനാശനത്തിനായി ഇവിടെ മുങ്ങിക്കുളിച്ചു എന്നും ഐതിഹ്യമുണ്ട്.

ലക്ഷ്മണതീർത്ഥത്തിനടുത്താണ് പഞ്ചമുഖഹനുമാൻ ക്ഷേത്രവും സീതാകുണ്ഡവും സ്ഥിതി ചെയ്യുന്നത്. നാലാൾ പൊക്കത്തിലുള്ള പഞ്ചമുഖഹനുമാനും സീതാലക്ഷ്മണസമേതനായ രാമന്റെ പ്രതിഷ്ഠയും, സേതുബന്ധനത്തിനായി ഉപയോഗിച്ചതെന്ന് വിശ്വസിക്കുന്ന കടലിൽ പൊങ്ങിക്കിടക്കുന്ന, വലിയ പവിഴപ്പുറ്റുകളോട് സാദൃശ്യമുള്ള കല്ലുകളും ഉണ്ട് അവിടെ.

രാമനാഥസ്വാമിക്ഷേത്രം – ഇന്ത്യയിലെ നാലു മഹാക്ഷേത്രങ്ങളിലൊന്നായ രാമനാഥസ്വാമിക്ഷേത്രം, പന്ത്രണ്ടു ജ്യോതിർലിംഗപ്രതിഷ്ഠകളിൽ ഒന്നു കൂടിയാണ്. രാവണവധത്തിന് ശേഷം സീതാസമേതനായി തിരിച്ചെത്തിയ രാമൻ, അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങൾ പരിഹരിക്കാനായി മഹേശ്വരപ്രീതിയർത്ഥമാണ് അവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. രാമൻ പ്രതിഷ്ഠിച്ച, സീതാദേവി നിർമ്മിച്ച രാമനാഥലിംഗ പ്രതിഷ്ഠയ്‌ക്കൊപ്പം, ഹനുമാൻ കൈലാസത്തിൽ നിന്നു കൊണ്ടു വന്ന വിശ്വനാഥന്റെ സ്ഫടികലിംഗ പ്രതിഷ്ഠ കൂടിയുണ്ട് ഇവിടെ. കൂടാതെ പർവതവർദ്ധിനി അമ്മൻ (പാർവതി ), ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, ദക്ഷിണാമൂർത്തി തുടങ്ങിയ പ്രതിഷ്ഠകളും ഉണ്ട്. പാണ്ട്യരാജാക്കന്മാരാണ് പിൽക്കാലത്ത് ഈ ക്ഷേത്രനിർമ്മിതിയിൽ വലിയ സ്ഥാനം വഹിച്ചതെന്ന് ചരിത്രം പറയുന്നു. രണ്ടു വലിയ ഗോപുരങ്ങളും, രണ്ടു ചെറിയ ഗോപുരങ്ങളുമുള്ള അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളിലെ മൂന്നു ഇടനാഴികകളിൽ ആദ്യത്തേത് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇടനാഴികയാണ്. കല്ലിൽ കൊതിയ ശില്പങ്ങളുടെയും കൊത്തുപണികളുടെയും ചാരുത കലാവിരുതിന്റെയും സമ്പന്നതയുടെയും സമൃദ്ധിയെ വിളിച്ചോതിക്കൊണ്ടിരിക്കുന്നു. അമ്പലത്തിനകത്തും പുറത്തുമായി 22 തീർത്ഥങ്ങൾ രാമനാഥസ്വാമിക്ഷേത്രത്തിലുണ്ട്. ഈ യാത്രയിൽ തീർത്ഥങ്ങൾ സന്ദർശിക്കാൻ സാധിച്ചില്ല, പക്ഷേ കാഷായ വസ്ത്രത്തിൽ ജടാധാരികളായി അമ്പലത്തിനുള്ളിൽ കണ്ട വൃദ്ധസന്യാസിമാരിലൊരാൾ എന്നെ അടുത്തേക്ക് വിളിച്ചു കമണ്ഡലുവിൽ കരുതിയ തീർത്ഥം തന്നു. വളരെ സ്വാദിഷ്ടമായ ഒരു പ്രത്യേകതരം ലഡ്ഡുവാണ് അവിടത്തെ പ്രസാദം.

അഗ്നിതീർത്ഥം – രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സമുദ്രഭാഗമാണ് അഗ്നിതീർത്ഥം എന്ന പേരിൽ അറിയപ്പെടുന്നത്. ആ കടലോരത്താണ് ബലി തർപ്പണങ്ങളും മറ്റു പൂജാവിധികളും നടക്കുന്നത്. അഗ്നിതീർത്ഥത്തിലുള്ള മുങ്ങിക്കുളി (പ്രത്യേകിച്ചും അമാവാസിയും പൗർണമിദിനങ്ങളിലും) പുണ്യവും പാപനാശനവുമായിട്ടാണ് കരുതപ്പെടുന്നത്. ഞങ്ങൾ അവിടെയെത്തിയത് സൂര്യാസ്തമനത്തിന് ശേഷമാണ്. വയലറ്റ് നിറത്തിൽ കാണപ്പെട്ട ആകാശം ആ ഭൂമികയ്ക്ക് ദൈവികമായ പ്രഭ നൽകി. കടലോരത്ത് തെളിഞ്ഞ വിളക്കുകളും തീപ്പന്തങ്ങളും, അങ്ങിങായി കൂട്ടമായി കർമങ്ങൾ ചെയ്യാനെത്തിയ ഉത്തരേന്ത്യക്കാരുടെ വട്ടം കൂടി നൃത്തം ചെയ്യലും കൂടിയായപ്പോൾ അവിടെ ഒരു നവരാത്രി ഉത്സവത്തിന്റെ പ്രതീതിയുണർന്നു.

അമ്പലത്തിനു ചുറ്റുമുള്ള കടകളെല്ലാം വിവിധതരം ശംഖുകളും അവയിൽ തീർത്ത ആഭരണങ്ങളാലും വിവിധമൂർത്തികളും സാളഗ്രാമങ്ങളും സ്ഫടികത്തിലും രുദ്രാക്ഷത്തിലും തീർത്ത ആഭരണങ്ങളാലും അലംകൃതമാണ്.

ആദ്യദിവസം അവസാനിച്ചപ്പോൾ ഞങ്ങൾ ഒരു മുറിയിൽ ഒത്തുകൂടി. ഞങ്ങളുടെ ബഡ്‌ഡിയും അപ്പൂപ്പൻതാടിയിലെ പരിചിതരായ എല്ലാ അപരിചിതരും സ്വന്തം അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെച്ചു. ഓരോരുത്തരുടെയും ജീവിതത്തിലേക്ക് അപ്പൂപ്പൻതാടി നിറച്ച സ്വപ്നസാഫല്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കഥകൾ കേട്ടു. കൂടെ പറക്കാൻ അപ്പൂപ്പൻതാടിയുള്ളപ്പോൾ യാത്രകൾ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയും അമാന്തിക്കേണ്ടതില്ലെന്ന് വീണ്ടും സധൈര്യം വിശ്വസിക്കാൻ ആ ഒത്തുചേരൽ ഏറെ സഹായകരമായി.

ദിവസം 2
ആദ്യദിവസം ന്യുഇയർ ആയത് കൊണ്ട് അടഞ്ഞു കിടന്ന ധനുഷ്കോടി, വേലിയേറ്റം മൂലം അടച്ചിടാനുള്ള കളക്ടറുടെ പെട്ടന്നുണ്ടായ ഉത്തരവ് പിറ്റേദിവസവും ഞങ്ങളുടെ പ്രതീക്ഷയെ തകർത്തു. അതോടെ ഞങ്ങൾ രാമേശ്വരം വെടിഞ്ഞു മധുരയിലേക്ക് യാത്രതിരിച്ചു. നിരാശരായ ഞങ്ങൾക്ക് ഉണർവ്വേകാൻ ഞങ്ങളുടെ ബഡ്‌ഡി പാമ്പൻ പാലത്തിലും അടുത്തുള്ള അരിയമൻ ബീച്ചിലും കൊണ്ടു പോയി. പക്ഷേ, മഴ രണ്ടും ആസ്വദിക്കാൻ അനുവദിച്ചില്ല.

തിരുമലനായ്ക്കർ മഹൽ – പതിനേഴാം നൂറ്റാണ്ടിൽ മധുരയിലെ പ്രമുഖഭരണാധികാരിയായിരുന്ന തിരുമലനായ്ക്കരുടെ കൊട്ടാരം, ഇന്ന് മ്യൂസിയമായി നിലകൊള്ളുന്നത് മധുരമീനാക്ഷി ക്ഷേത്രത്തിനടുത്താണ്. വാസ്തുശില്പങ്ങൾക്കും ചിത്രകലകൾക്കും സംഗീതനൃത്തകലകൾക്കും നിലനിന്നിരുന്നു പ്രാധാന്യം ആ കൊട്ടാരത്തിനകത്തത് കാണാൻ കഴിയും. മനോഹരമായി പണികഴിപ്പിച്ച നാട്യശാല തന്നെ അതിന് വലിയൊരു ഉദാഹരണമാണ്. കൂടാതെ ആ കാലഘട്ടത്തിൽ ഉപയോഗത്തിൽ വന്ന ഇഷ്ടികയുടെയും മൺപാത്രങ്ങളുടെയും അവശിഷ്ടങ്ങളും അവിടെ സൂക്ഷിച്ചിട്ടുണ്ട് പ്രൌഡ ഗംഭീരമായ ആ ചെറിയ കൊട്ടാരത്തിൽ.

സാമനാർ ഹിൽസ് – മധുരയിലെ കീലക്കുയിൽക്കുടി ഗ്രാമത്തിലാണ് രണ്ടാം നൂറ്റാണ്ടു മുതൽ ആ ദേശത്തു നിലനിന്നിരുന്ന ഹൈന്ദവ ജൈന സംസ്കാരങ്ങളുടെ സ്മാരകമായി നിൽക്കുന്ന സാമനാർ മല സ്ഥിതി ചെയ്യുന്നത്. മലയും കീഴ്ഭാഗത്തുള്ള കറുപ്പസ്വാമിക്ഷേത്രവും വലിയ താമരക്കുളവും മനോഹരമായ ഒരു കാഴ്ചയാണ്. കുത്തനെയുള്ള മലയിലേക്ക് കയറാൻ പാറയിൽ തന്നെ വെട്ടിയുണ്ടാക്കിയ പടികളുണ്ട്. അതിന് മുകളിൽ കൊത്തിവെച്ച കരിങ്കൽ ദീപസ്തംഭവും ജൈന – തീർത്ഥങ്കര രൂപങ്ങളും ലിപികളുമുണ്ട്. അവിടെ നിന്നാൽ മധുര നഗരം മുഴുവൻ കാണാം. വളരെ ഉണർവ്വേകുന്ന വ്യത്യസ്തമായ ഒരനുഭവമാണ് സാമനാർ മലയിലെ സന്ദർശനം നൽകിയത്.

ഉച്ചയ്ക്ക് മധുരനഗരത്തിലെ ശരവണഭവൻ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. യാത്ര പൂർണമാകുന്നത് പോകുന്ന സ്ഥലത്തെ രുചികൾ കൂടി നാവിൽ നിറയുമ്പോഴാണ്. ഉച്ചയ്ക്ക് കഴിച്ച പച്ചരിച്ചോറിനോടൊപ്പം കിട്ടിയ പച്ചക്കറികൾ കേരളഭക്ഷണത്തിന്റെ രുചിയോട് അടുത്ത് നിൽക്കുന്നവ തന്നെയാണ്. പക്ഷേ ആ ചോറിനൊപ്പം പുളിയില്ലാത്ത തൈരും ചുണ്ടയ്ക്കാ കൊണ്ടാട്ടവും ചേർന്നു സൃഷ്‌ടിച്ച രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നു.

മധുര മീനാക്ഷി ക്ഷേത്രം – വൈഗാ നദീതീരത്ത് സ്ഥിതിചെയ്യുന്ന, തമിഴ്നാട്ടിലെ ക്ഷേത്രനഗരമെന്നറിയപ്പെടുന്ന മധുരാനഗരത്തിന്റെ ഹൃദയഭാഗത്താണ് പൗരാണികപ്രൌഡിയോടുകൂടി മധുരമീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാർവതി ദേവിയുടെ അവതാരമായ മീനാക്ഷി എന്ന് അറിയപ്പെടുന്ന ‘തടാതകിയും’, പരമശിവനും തമ്മിലുള്ള വിവാഹം നടക്കുന്നത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം. ‘മീനാക്ഷി’ എന്നറിയപ്പെടുന്ന പാർവതിയും ഭർത്താവ് ‘സുന്ദരേശൻ ‘ എന്നറിയപ്പെടുന്ന പരമശിവനും ആണ് ഇവിടത്തെ പ്രതിഷ്ഠകൾ എന്നിരുന്നാലും മീനാക്ഷി അമ്മനാണ് മുഖ്യപ്രതിഷ്ഠയെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ദേവിയുടെ സഹോദരനായ വിഷ്ണുഭഗവാനാണ് വിവാഹത്തിന് കന്യാദാനം ചെയ്തിരിക്കുന്നുള്ളത് കൊണ്ട് ശൈവ ശൿതേയ വൈഷ്ണവ സമ്പ്രദായങ്ങൾ ഒന്നിച്ചു സംഗമിക്കുന്നു ഈ ക്ഷേത്രത്തിൽ എന്ന പ്രത്യേകത കൂടിയുണ്ട്. ഭഗവാൻ ശിവൻ തന്റെ പ്രാപഞ്ചികനടനം ചെയ്ത കദംബ വനം അല്ലെങ്കിൽ വെള്ളിയമ്പലം ഈ സുന്ദരേശദേവാലയത്തിലാണെന്ന് കരുതപ്പെടുന്നു. ആ ദൈവീകവിവാഹസ്മരണയ്ക്കായി നടത്തുന്ന ‘മീനാക്ഷി തിരുക്കല്യാണം ‘ ഏപ്രിൽ മാസത്തിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഉത്സവം തന്നെയാണ്.

1600 കളിൽ നിർമ്മിതി രേഖപ്പെടുത്തുന്ന ഈ ക്ഷേത്രം, ശില്പശാസ്ത്രവിധിപ്രകാരമാണ് അതിന്റെ അനുബന്ധ നഗരത്തോടും ബന്ധിപ്പിക്കുന്ന ഗതാഗതമാർഗങ്ങളോടും കൂടി പണികഴിപ്പിച്ചിരിക്കുന്നത്. 14 ഗോപുരങ്ങളുള്ള ഈ ക്ഷേത്രസമൂച്ചയത്തിലെ തെക്കേഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. 33,000ത്തിൽപ്പരം ശില്പങ്ങളും ആയിരംകാൽ മണ്ഡപം, പുതുമണ്ഡപം, കിളിക്കൂടു മണ്ഡപം തുടങ്ങിയ ശില്പവാസ്തുവിദ്യാചാതുര്യങ്ങളുടെ ഒരു വൻ ശേഖരം തന്നെയാണ് മധുരമീനാക്ഷി ക്ഷേത്രം. ദർശനത്തിനുണ്ടായ അപ്രതീക്ഷിതമായ തിരക്കും സമയക്കുറവും മൂലം വിശദമായി അവിടം നടന്നു കാണാൻ സാധിച്ചില്ല. പക്ഷേ, ഒന്ന് വ്യക്തമാണ്, അഞ്ചാം വയസ്സിൽ മനസ്സിൽ പതിഞ്ഞ മധുരമീനാക്ഷിക്ഷേത്രത്തിനുള്ളിലെ കർപ്പൂര ഗന്ധവും കല്ലിന്റെ തണുപ്പും സ്ഥായിയായി അവിടെ തന്നെയുള്ളതാണ്. വിശദമായി കാണാൻ തിരിച്ചു വരുമെന്ന് മീനാക്ഷി അമ്മന് വാക്ക് കൊടുത്തിട്ടാണ് മടങ്ങിയത്. പ്രാപഞ്ചിക നടനം നടന്ന ആ ദേവഭൂമിയിലെ ഊർജ്ജം ആത്മാവിലേക്കാവാഹിക്കാൻ വീണ്ടും പോയേ മതിയാകൂ.

സന്ദർശിച്ച സ്ഥലങ്ങൾ നൽകിയ അവിസ്മരണീയ അനുഭൂതിയും മനസ്സിൽ കോറിയിട്ട മനോഹരചിത്രങ്ങളും, ഇനി ഏതെങ്കിലും യാത്രയ്ക്ക് കാണാമെന്ന് പറഞ്ഞു പിരിഞ്ഞ ഒരുപിടി നല്ല പുതിയ സൗഹൃദങ്ങളും, ഇനിയങ്ങോട്ട് വർഷത്തിലൊരിക്കലെങ്കിലും യാത്രകൾക്ക് കൂട്ടാകുമെന്ന് കരുതുന്ന അപ്പൂപ്പൻതാടിയും ഈ യാത്രയുടെ സംഭാവന. ഈ യാത്രയ്ക്ക് ക്ഷണിച്ച, ഇരുപ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ എന്റെ സുഹൃത്തിനോടും എന്റെ കൂടെ ചാടിപുറപ്പെട്ട എന്റെ സഹോദരിയോടും, ഈ സ്വതന്ത്രമായ യാത്രയ്ക്ക് അവസരമൊരുക്കിയ അപ്പൂപ്പൻതാടിയ്ക്കും മനസ്സ് കൊണ്ട് നന്ദി പറയുന്നു.

പോയത് രാമനെത്തേടിയാണെങ്കിലും, മനസ്സുടക്കി നിൽക്കുന്നത് ഭൂതകാലവശിഷ്ടങ്ങൾപേറി തലയുയർത്തി നിൽക്കുന്ന കടൽപ്പാലത്തിനു സമാന്തരമായി നിൽക്കുന്ന പാമ്പൻ പാലത്തിലാണ്. നോക്കെത്തതാ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാലത്തിന്റെ ദൈർഘ്യം സമ്മാനിക്കുന്ന കാഴ്ചയുടെ മികവാവാം, അല്ലെങ്കിൽ മനസ്സിനെ കുളിർപ്പിക്കുന്ന ആ കടലിന്റെയും ആകാശത്തിന്റെയും നിറങ്ങളോ, അതോ മനസ്സിനെ ശാന്തമാക്കാൻ പ്രാപ്തിയുള്ള വീര്യമേറിയ ഏതോ ഔഷധവുമായി കടന്നു പോകുന്ന കാറ്റോ ആവാം മനസ്സിനെ ഇപ്പോഴും അവിടെ കെട്ടിയിട്ടിരിക്കുന്നത്..

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്