ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ ചെറിയ ഇടങ്ങളിൽ നിന്നുപോലും കഥാനേരങ്ങള് മുരളിയെ തേടിയെത്തുന്നു. വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട നിര അവിടെ പറ്റിച്ചേരുന്നു. കാലത്തിന്റെ ക്രൂരതകള്‍ തിരിച്ചറിയുന്നു. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ലോകം മുരളിയുടെ കഥയിലുണ്ട്.
കഥ കൂടുവിട്ട് പുറത്തേക്ക് പായുകയാണ്. കണ്ടതും കേട്ടതും കഥയിലുടനീളം നിറഞ്ഞുകവിയുന്നു. ദേശാനന്തരം ചര്‍ച്ച ചെയ്യുന്ന നിര്‍വചനങ്ങളും സിദ്ധാന്തങ്ങളും പുതിയകാലത്തെ കഥകള്‍ കണ്ടതായി നടിക്കുന്നില്ല. ഒന്നിനും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം കഥ കരുത്തു കാട്ടിത്തുടങ്ങി. ഭൂമിയിൽ വെയിലെന്ന പോലെ മനുഷ്യജീവിതത്തിന്റെ എല്ലായിടവും കഥ പരതി നടക്കുന്നു. എഴുത്തിന്റെ നവോത്ഥാന/ആധുനികലോകം പുതിയ കഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നു. ഏതെങ്കിലും ഒരു ആശയമോ സന്ദേശമോ കഥയിൽ കയറിക്കൂടുന്നില്ല. എല്ലാ ഭാഗത്തേക്കും തുറന്നുവച്ച വാതിലുകളാണ് പുതിയകഥകള്‍. നവോത്ഥാന കാലത്തും ആധുനിക കാലത്തും കാണപ്പെടാതെപോയ കാഴ്ചകളെയും ജീവിതങ്ങളെയും അവ തേടിപ്പിടിക്കുന്നു. ആഗോളീകരണം ജീവിതത്തെ വളഞ്ഞുപിടിക്കുകയും വിപുലമാക്കുകയും ചെയ്യുന്ന ഒരു ലോകത്തു നിന്നും കഥകള്‍ വായനക്കാരനെ അന്വേഷിച്ചിറങ്ങുകയാണ്. എല്ലാം വിളിച്ചുപറയുന്ന ഒരു മനസ്സ് പുതിയ കഥയ്ക്കുണ്ട്. അവ ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. കഥ സ്വതന്ത്രമായി നിന്നുകൊണ്ട് പുതിയ കാലത്തോട് സംവദിക്കുകയാണ്. മലയാള കഥയെ പുതിയ തലങ്ങളിലേക്ക് മാറ്റുന്ന എഴുത്തുകാരനാണ് ബി. മുരളി. എങ്ങും തൊടാതെ എഴുതാനുള്ള ശീലം മുരളിയ്ക്കില്ല. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ ചെറിയ ഇടങ്ങളിൽ നിന്നുപോലും കഥാനേരങ്ങള് മുരളിയെ തേടിയെത്തുന്നു. വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട നിര അവിടെ പറ്റിച്ചേരുന്നു. കാലത്തിന്റെ ക്രൂരതകള്‍ തിരിച്ചറിയുന്നു. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ലോകം മുരളിയുടെ കഥയിലുണ്ട്.
‘കള്ളന്മാരും കാമുകിമാരും ഇറച്ചിവെട്ടുകാരും പ്രണയികളും ഉപേക്ഷിക്കപ്പെട്ടവരും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുമൊക്കെയാണ് കഥാപാത്രങ്ങളായി വന്ന് എന്റെ കഥകള്‍ക്ക് സൂചകങ്ങള്‍ ഇട്ടുതരുന്നത്. ഞാന്‍ നോക്കിയിട്ട്, ഞാന്‍ കാണുന്ന ഇവരൊക്കെ അപാരമായ ഏകാകികളാണ്. ഇവരെല്ലാം കാലത്തിന്റെ ക്രൂരമായ സവിശേഷതകള്‍ തിരിച്ചറിയുന്നവരാണ്’ എന്നതാണ് മുരളിയുടെ പക്ഷം.
ജീവിതത്തിന്റെ ധന്യതകളിൽ ഒപ്പം ചേരുന്ന സ്ത്രീപുരുഷ ബന്ധത്തെക്കാള്‍ ജീവിതത്തിന്റെ വേദനകളിൽ നിറയുന്നവരുടെ സങ്കടമാണ് മുരളിയുടെ കഥാലോകം. അവിടെ കള്ളന്മാരും കാവൽക്കാരും ചേരിതിരിഞ്ഞ് ജീവിതത്തെ പിടിച്ചുനിര്‍ത്തുന്നു. ജീവിതം ആരുടെയും കുത്തകയല്ലെന്ന സ്വതന്ത്രമായ പ്രഖ്യാപനമാണ് മുരളി നടത്തുന്നത്. എല്ലാവര്ക്കും അവകാശപ്പെട്ട ഒരിടം അവിടെയുണ്ട്. അവരുടെ പറച്ചിലുകളും ഒറ്റുകളും തലതിരിഞ്ഞ മാര്‍ഗ്ഗങ്ങളും കഥയിലേക്ക് കൊണ്ടുവരുന്നു. പ്രമേയം വിചിത്രമായി തോന്നുമെങ്കിലും അതിനെ അസ്വാഭാവികതയിലേക്ക് ഉയര്‍ത്താതെ അവതരിപ്പിക്കാനുള്ള മിടുക്കാണ് മുരളിയെ ഇതര എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
മാലാഖക്കാവൽ എന്ന കഥയിൽ ഭാവനയും പ്രമേയവും തലകുത്തി വീഴുന്നതായി കാണാം. വിചിത്രമായ അതിശയത്തിന്റെ ഭാവപരിസരം ഈ കഥയുടെ സവിശേഷതയാണ്. വളവും തിരിവും നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷനേടാന്‍ ഒരുവന് മാലാഖയെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമാണ് ഈ കഥയുടെ പ്രമേയം. വഴിതെറ്റിയ യുവാവിനെ വിശുദ്ധനും വിവേകിയുമാക്കി മാറ്റുന്നതിനുവേണ്ടി മാലാഖ ഭൂമിയിലെത്തുന്നു. എന്നാൽ യുവാവ് തന്റെ വെറുക്കപ്പെട്ടതും വൃത്തികെട്ടതുമായ ജീവിതം തുടരുകതന്നെ ചെയ്തു. അപ്പോഴെല്ലാം മാലാഖ അയാളെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷെ ഏതു കാവലിനും അവനെ പൂര്‍ണ്ണമായും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള മാലാഖയുടെ ശ്രമങ്ങള്‍ പാളുകയും അവസാനം അവന്റെ നേരെ പറുദീസയുടെ ജനാലവലിച്ചടയ്ക്കുകയും ചെയ്തതോടെ കഥ തീരുകയാണ്. മനുഷ്യനും മാലാഖയും തമ്മിലുള്ള സൂക്ഷ്മമായ ബന്ധവും മനുഷ്യനെ പറുദീസയിലെത്തിക്കാനുള്ള മാലാഖയുടെ ശ്രമവും എന്തുവന്നാലും മനുഷ്യനായിത്തന്നെ ജീവിക്കുക എന്ന യുവാവിന്റെ ശ്രമവും ഈ കഥയെ ഉദാത്തമാക്കുന്നു.
കലങ്ങിമറിയുന്ന ഒരു മനസ്സാണ് പുതിയകാലത്തിന്റെ കഥയിൽ വരുന്നത്. ആര്‍പ്പുവിളികളും കപടമായ സൗഹൃദങ്ങളും ജീവിതത്തെ കുഴപ്പംപിടിച്ചതാക്കുന്നു. കഠിനമായ ആവലാതികള്‍ ഉള്ളപ്പോഴും അപരനെ അതിശയിപ്പിക്കുന്ന ജീവിതത്തിലേക്ക് പോകാനാണ് എല്ലാവര്ക്കും താത്പര്യം. നിഷ്കളങ്കതയുടെ ഒരു ചെറിയ സൂര്യന് പോലും എങ്ങും പ്രകാശിക്കുന്നില്ല. ദാരിദ്ര്യവും ഒറ്റപ്പെടലും വേട്ടയാടലും എങ്ങും കൂടുകയാണ്. പാഞ്ഞുവരുന്ന ജീവിതത്തിനിടയിൽ നിന്നും ചിതറിമാറുന്നവരുടെ ഇടയിലാണ് ബി. മുരളിയുടെ രചനാലോകം. അവരുടെ നിലവിളികളും കാമവും ഭയപ്പെടലുമെല്ലാം മുരളിയെ എഴുത്തിൽ സജീവമാക്കുന്നു.
വിചിത്രവും ദുരൂഹവുമായ രീതികള്‍ മുരളിയുടെ കഥകളിൽ തുടർന്ന് വരുന്നത് ഇങ്ങനെയാണ്. ക്രിമിനലിസവും മദ്യപാനവും സ്ത്രീമോഹങ്ങളും പെരുകുന്ന സമൂഹത്തിന്റെ ചുറ്റുവട്ടങ്ങളിലേക്ക് മുരളി നിലയുറപ്പിക്കുന്നു. പൊയ്, പഞ്ചമിബാര്‍, ഐ.സി.യു, ഗുണ്ടുകാട് എന്നീ കഥകള്‍ ഇങ്ങനെ വരുന്നതാണ്. ഈ കഥകളിൽ പലരും നന്മയുള്ളവരോ ജീവിതത്തെ സൗമ്യമായി സ്വീകരിക്കുന്നവരോ അല്ല. പ്രതികാരവും അക്രമവാസനയും ദുരൂഹജീവിതവും ഇവരിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. പൊയ് എന്ന കഥയിൽ വിചിത്രവും ദുരുഹവുമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് മുരളി എഴുതിയിട്ടുണ്ട്. അവിചാരിതമായി കണ്ടുമുട്ടുകയും അവസാനം പ്രണയത്തിലെത്തുകയും ചെയ്ത രണ്ടുപേരുടെ കഥയാണ് പൊയ്. പ്രണയിക്കുമ്പോഴും ലോലിതയുടെ പൂര്‍ണ്ണരൂപം അയാള്‍ക്കറിയില്ലായിരുന്നു. അപ്രതീക്ഷിതമായ പ്രണയമായിരുന്നു അത്. നീ എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എവിടേക്കാണ് പോകുന്നത് എന്നറിയുകയാണോ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്നാണ് ലോലിതയുടെ മറുചോദ്യം. അവിചാരിതമായി സംഭവിക്കുന്ന ബന്ധങ്ങള്‍ പലപ്പോഴും മനുഷ്യനെ അത്ഭുതത്തിലെത്തിക്കുക പതിവാണ്. ഇവിടെ അങ്ങനെയാണ് സംഭവിക്കുന്നത്. നഗരത്തിലെവിടെയോ മരിച്ചുവീണ ലോലിതയുടെ ശരീരം തിരിച്ചറിയാൻ പോലീസിനോടൊപ്പം അയാള്‍ യാത്രതുടരുമ്പോള്‍ കഥ അവസാനിക്കുകയാണ്. വരുകയും പോകുകയും ചെയ്യുന്ന നിഷ്ഫലമായ ബന്ധങ്ങള്‍ മുരളിയുടെ കഥാലോകത്തിന് എന്നും പ്രിയപ്പെട്ടവയാണ്. ഗുണ്ടുകാട് എന്ന കഥയും അപ്രതീക്ഷിതമായ ചില സംഭവങ്ങളെ ചേര്‍ത്തുവയ്ക്കുന്ന രചനയാണ്. നഗരമദ്ധ്യത്തിലെ ഒരു ചെറിയ ചായക്കടയിൽ കുറെ ഗുണ്ടകള്‍ എത്തിച്ചേരുന്നതാണ് കഥയുടെ കാതൽ. രസകരവും എന്നാൽ ചെറിയ ഭീതികലര്ത്തിയുമാണ് മുരളി കഥപറയുന്നത്. അവരെത്തേടി ശത്രുക്കളും കടയിലെത്തുന്നതോടെയാണ് കഥതീരുന്നത്. ഗുണ്ടകളെ തേടി ഗുണ്ടകള്കതന്നെ എത്തുന്ന പുതിയ സാഹചര്യം കഥയെ വര്‍ത്തമാനകാലത്തോട് ബന്ധിപ്പിക്കുന്നു. പഞ്ചമിബാര്‍ എന്ന കഥ അപ്രതീക്ഷിതമായി എത്തുന്ന ഒരപരിചിതന്റെ ഇടപെടലാണ് പ്രമേയമായി വരുന്നത്. ബാറിലെ കുഴഞ്ഞുമറിഞ്ഞ പരിസരത്തിൽ നിന്നും പ്രധാനകഥാപാത്രത്തെ ഒരപരിചിതന് രക്ഷപ്പെടുത്തുകയാണ്. ജീവിതത്തിൽ ഇങ്ങനെയും ചില നിമിഷങ്ങള്‍ വന്നു ചേരാമെന്ന ലളിതമായ നേരാണ് കഥയിലൂടെ മുരളി മുന്നോട്ട് വയ്ക്കുന്നത്. അപരിചിതന്റെ സഹായം സാഹിത്യത്തെ മാത്രമല്ല ജീവിത്തെപ്പോലും ബലപ്പെടുത്താറുണ്ട്. പക്ഷെ തിരിച്ചു നൽകുന്നതെന്താണെന്ന മറുചോദ്യം മുന്നോട്ട് വച്ച് കഥാകൃത്ത് നമ്മെ അത്ഭുതപ്പെടുത്തുന്നു.
പഴയ കാമുകിയെ കണ്ടുമുട്ടുന്ന പ്രമേയം മുരളിയുടെ മിക്ക കഥകളിലും കാണാം. പി.എസ്.സി, പ്രണയത്തെക്കുറിച്ച് വേറൊരു കഥ എന്നീ രചനകള്‍ ഉദാഹരണം. രണ്ടിലും പഴയ കാമുകിമാര്‍ പ്രണയത്തെ മറന്ന് ജീവിതത്തെ കൂടുതൽ സ്നേഹിക്കുകയാണ്. കാമുകന് കാല്പനികതയുടെ ലോകത്ത് ജീവിക്കുന്നു. അയാളുടെ ഉള്ളിൽ ഇപ്പോഴും കടൽത്തീരവും സ്നേഹവും കൗതുകങ്ങളും മാത്രം. കാമുകിമാര്‍ അങ്ങനെയല്ല. അവര്‍ പുതിയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിൽ കഴിയുകയാണ്. ടെസ്റ്റ് എഴുതാന്‍ വരുന്ന കാമുകിയെ നഗരത്തിൽ വച്ച് കണ്ടുമുട്ടുന്നതാണ് പി.എസ്.സി എന്ന കഥ. അവര്‍ മ്യൂസിയത്തിലും കടൽത്തീരത്തും ചുറ്റിക്കറങ്ങി. കാമുകന്റെ ഉള്ളിൽ കാല്പനികമായ പ്രണയം തിരിച്ചുവരുകയായിരുന്നു. അവളുടെ കണങ്കാലിലെ ചെറിയ രോമങ്ങള്‍പോലും അയാള്‍ ശ്രദ്ധിക്കുന്നു. പക്ഷെ അപ്പോഴും അവള് മറ്റൊരു ചിന്തയിലായിരുന്നു. നീ എന്താണ് ആലോചിക്കുന്നതെന്ന അയാളുടെ ചോദ്യത്തിന് ‘ഈ ടെസ്റ്റിൽ രക്ഷപ്പെടുമോ ആവോ’ എന്നായിരുന്നു അവളുടെ മറുപടി. ‘പ്രണയത്തെക്കുറിച്ച് വേറൊരു കഥൽ എന്ന രചനയിലെ കാമുകിയും കാല്പനികതയെ തട്ടിപുറത്താക്കുന്നുണ്ട്. ഈ കഥയിൽ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് കാമുകനാണ്. പഠനത്തിന്റെ ഇടവേളയിൽ അയാള്‍ പാളയം മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നു. അവിടെവെച്ചാണ് പഴയ കാമുകിയെ കണ്ടുമുട്ടുന്നത്. പഴയകാലത്തെ അയാള്‍ മധുരത്തോടെ ഓര്‍മ്മിച്ചെടുക്കുന്നു. ഓര്‍മ്മയുടെ മധുരിമയിൽ അയാള്‍ ഒരു കാപ്പികുടിക്കാന്‍ പഴയകാമുകിയെ ക്ഷണിക്കുന്നു. അവളുടെ മറുപടി വിചിത്രമായിരുന്നു. ‘അയ്യോ, ഇയാളെന്തുവാ പറയുന്നേ, ഞാനീ കൊഴിയാളയെങ്കിലും വാങ്ങിച്ച് മഴയ്ക്കുമുമ്പ് പോകാന്‍ നോക്കട്ടെ.’ പഴയതൊന്നും ഓര്‍മ്മിച്ച് കൂട്ടിരിക്കാന്‍ അവള് തയ്യാറല്ല. കുടുംബത്തിലേക്കാണ് അവളുടെ നോട്ടവും യാത്രയും.
കഥയുടെ പരിസ്ഥിതി വിചാരങ്ങളിൽ പലപ്പോഴും മുരളിയുടെ പേര് പരാമര്‍ശിക്കാറില്ല. പ്രകൃതിയെയും പരിസരങ്ങളെയും കഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന രീതി മുരളിയിൽ കുറവായതാവാം കാരണം. എന്നാൽ ‘പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും’പരിസ്ഥിതി രചനകളിൽ വേറിട്ട് നില്ക്കുന്ന കഥയാണ്.
പരിസരത്തിലേക്കുള്ള ഒരു സൂക്ഷ്മനിരീക്ഷണം മുരളിയിൽ നിക്ഷിപ്തമാണ്. ‘ചെറിയൊരു കാറ്റ് ചെമ്പരിത്തിച്ചില്ലയിൽ നിന്ന് ഇറങ്ങിക്കറങ്ങി വന്ന് എന്നെ ചുറ്റിപ്പോയി. നനഞ്ഞമണ്ണും ചരൽത്തരികളും കൂടി എന്റെ ശിരസ്സിലേക്ക് ഒരു മൃദുസന്ദേശം അയച്ചു. എന്നിങ്ങനെയുള്ള ആര്‍ദ്രമായ വാക്കുകളുടെ സംലയനം മുരളിയുടെ എഴുത്തിനെ കൂടുതൽ ജ്വലിപ്പിക്കുന്നു. നദിയും പുഴയും ഇലത്തുമ്പും രാത്രിമഴയും മഞ്ഞപ്പൂവുകളും പൂമ്പാറ്റകളുമെല്ലാം പെരുകിവരുന്ന മുരളിയുടെ ലോകം അസാധാരണമായ പ്രമേയഭാവനയിൽ പ്രകാശിക്കുന്നതായി കാണാം. ‘നമുക്ക് നഷ്ടമായ നമ്മുടെ ചുറ്റുപാടുകളുമായുള്ള തന്മയീഭാവം പൂര്‍ണ്ണ ബോധത്തോടെ വീണ്ടെടുക്കുകയാണ് കലയുടെ ധര്‍മ്മം‘ എന്ന ആശയത്തെ ആര്ത്ഥവത്താക്കുന്ന ചില രചനകള്‍ മുരളിക്കുണ്ട്. മനുഷ്യ വിചാരത്തിന്റെ സാന്ദ്രതയിലേക്കുള്ള പ്രകൃതിയുടെ സാനിദ്ധ്യമാണ് ‘പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും‘ എന്ന കഥ യിലൂടെ മുരളി തെളിയിച്ചെടുക്കുന്നത്.
വിചിത്രമായ രചനാപരിസരം ബി.മുരളിയുടെ കഥകളുടെ പൊതുസ്വഭാവമാണ്. യഥാതഥ സ്വഭാവത്തെ കെടുത്തിക്കളയുന്ന എഴുത്തുരീതി പല കഥകളിലും മുരളി സ്വീകരിക്കാറുണ്ട്. സുരക്ഷിതമായ ജീവിതത്തിന് കാവൽ മാലാഖയെ ഒപ്പം കൂട്ടുന്നവനും ഐ.സി.യു.വി. കിടക്കുമ്പോഴും മരിച്ചുപോയ ശത്രുവിന്റെ പള്ളയ്ക്ക് കത്തികയറ്റാന്‍ കൂട്ടാളിയെ തേടുന്നവനുമൊക്കെ പ്രമേയത്തിൽ അത്ഭുതം സൃഷ്ടിച്ച കഥാപാത്രങ്ങളാണ്. കന്യകയും കാമുകനും എന്ന കഥയിൽ നിലവിലുള്ള പ്രണയപരിസരങ്ങളെല്ലാം മായുന്നത് കാണാം. മിക്ക കഥകളിലുമെന്നതുപോലെ കാൽനികത ഇവിടെ ഉടഞ്ഞുവീഴുന്നു. ഹോട്ടലിൽ മുറിയെടുക്കാന്‍ ഒരുങ്ങുമ്പോള്‍ കാമുകി പറയുന്നത് ‘ഞാന്‍ കന്യകയായ ഒരു പെണ്ണല്ലേ. ഒരിക്കൽ അത് നഷ്ടപ്പെട്ടാൽ എനിക്ക് എന്റെ ശരീരത്തിൽ പിന്നെ എന്താണ് ബാക്കിയുള്ളത്’ എന്നാണ്. പതിവുചോദ്യം ശരംപോലെ വരുമ്പോള്‍ പകച്ചുനിൽക്കുക എന്ന പതിവുവിട്ട് കാമുകന് ഉന്നയിക്കുന്ന മറുചോദ്യം കഥയിൽ വലിയ ചിന്തയായി മാറുന്നു. ‘കന്യകാത്വം സ്ത്രീകള്‍ക്കു മാത്രമേയുള്ളോ? പുരുഷനും കന്യകാത്വമില്ലേ ? അതെന്താണ് മനസ്സിലാക്കാത്തത്.’ സ്ത്രീവിചാരത്തിന് ഒരു ബദൽലോകം സൃഷ്ടിക്കുകയാണ് മുരളി. മറ്റ് പലര്‍ക്കും ഇതൊക്കെ വിചിത്രമായി തോന്നാമെങ്കിലും കന്യക എന്നതിന്റെ ‘ആണ്‘ അര്‍ത്ഥത്തിലേക്ക് കഥ പോകുന്നു. എഴുത്തിന്റെ തുടക്കകാലത്തും മുരളി വിചിത്രമായ പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഉമ്പര്‍ട്ടോ എക്കോ എന്ന കഥയിലെ സുജാതയും രാമകൃഷ്ണനും തമ്മിലുള്ള പ്രണയത്തിലും സംസാരത്തിലും വിചിത്രതയും ഫലിതവും കലര്‍ന്നു കിടക്കുന്നുണ്ട്. പുസ്തകത്തിന്റെ അരികും മൂലയും മാത്രം വായിച്ച് ബുദ്ധിജീവി വേഷംകെട്ടുന്ന അഭിനവ വായനക്കാരനെ കണക്കറ്റ് പരിഹസിക്കുന്ന വിധത്തിലാണ് ഉമ്പര്‍ട്ടോ എക്കോയുടെ രചന. ഏത് കൃതിയെക്കുറിച്ചുള്ള ചോദ്യത്തിനും ‘അതിനു വ്യത്യസ്തമായ ചില അര്‍ത്ഥങ്ങളുണ്ട്‘ എന്ന മറുപടി നൽകുന്നവരെ ഈ കഥ നന്നായി വിമര്‍ശിക്കുന്നു.
ചരിത്രത്തിലും സാഹിത്യത്തിലും ജീവിതം കൊണ്ടും സര്‍ഗ്ഗാത്മകതകൊണ്ടും അത്ഭുതപ്പെടുത്തിയ പ്രതിഭകള്‍ മുരളിയുടെ കഥകളിലൂടെ വീണ്ടും നമ്മെ സമീപിക്കുന്നുണ്ട്. ആൽഫ്രഡ് ഹിച്ച് കോക്ക്, ഉംമ്പര്‍ട്ടോ എക്കോ, കാഫ്കെ, ഇബന്ബത്തൂത്ത, ആന്റണ്‍ ചെക്കോവ് തുടങ്ങിയവര്‍ മുരളിയുടെ പല കഥകളിലൂടെയും പ്രത്യക്ഷപ്പെടുന്നു. ‘കോടതിവരാന്തയിലെ കാഫ്കെ‘ എന്ന കഥ രമേശന് നായരെ തിരക്കി പോലീസ് എത്തുന്നതോടെയാണ് വികസിക്കുന്നത്. അറസ്റ്റ് വാറന്റുമായാണ് പോലീസ് എത്തുന്നത്. കാര്യം തിരക്കി അയാള്‍ സ്റ്റേഷനിലെത്തുന്നു. അഞ്ചു വര്‍ഷം മുമ്പ് ലോഡ്ജിൽ നടന്ന ഒരു അടിപിടിക്കേസിൽ രമേശന്‍നായര്‍ സാക്ഷിയായിരുന്നു. ആ കേസിൽ സമന്‍സ് കൈപ്പറ്റാത്തുമൂലമാണ് അത് വാറന്റായിത്തീര്ന്നത്. പിന്നീട് രമേശന്‍നായര്‍ കോടതിയിലെത്തുകയാണ്. അവിടെ വച്ചാണ് അയാള്‍ കാഫ്കെയെ കാണുന്നത്.
നാട്ടുനന്മയും നാഗരിക സ്നേഹവും ഇടകലര്‍ന്ന മുരളിയുടെ കഥാലോകം മലയാളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. കപടതയും വിദ്വേഷവും നിറഞ്ഞ കഥാപരിസരങ്ങളെ നിഗൂഡവും അപരിചിതവുമായ സ്നേഹവെളിച്ചത്തിൽ ഉരുക്കിലയിപ്പിച്ച് മറ്റൊന്നാക്കി മാറ്റുന്ന അപൂര്‍വ്വമായ രചനാവൈഭവം ഈ എഴുത്തുകാരനെ ഒന്നാമതെത്തിക്കുന്നു. ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. സ്വയം അറിഞ്ഞും അറിയാതെയും വരുത്തുന്ന അപകടങ്ങളിൽ നിന്നും അപരിചിതരാൽ രക്ഷപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മുരളി പുതിയ പ്രമേയ പരിസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ടെന്നസി വില്യംസിന്റെ പ്രശസ്തമായ ‘എ സ്ട്രീറ്റ് കാർ നെയിമിഡ് ഡിസയർ’ എന്ന നാടകത്തിൽ പ്രധാനകഥാപാത്രം പറയുന്ന വാക്കുകള്‍ മുരളിയുടെ കഥാലോകത്തിന് പ്രിയപ്പെട്ടതായി മാറുന്നുണ്ട്. ‘നിങ്ങള്‍ ആരോ ആവട്ടെ, അപരിചിതരുടെ കാരുണ്യം എന്നും എനിക്ക് ആലംബമായിരുന്നു.’ വ്യത്യസ്തതകളും ശിഥിലപ്രമേയങ്ങളും വഴി കഥയുടെ ലോകത്തെ അസാധാരണ ഭാവങ്ങളിൽ നിന്ന് ഒഴിവാക്കിയ ഈ എഴുത്തുകാരന് മലയാള കഥയെ കൂടുതൽ സ്വന്തമാക്കി മുന്നേറുകയാണ്.
( തിരുവന്തപുരത്ത് ഗവൺമെൻറ് കോളജിൽ അധ്യാപകനായ ഡോ. കെ.ബി. ശെൽവമണി ആധുനികാന്താര കഥകളിലെ മാധ്യമ സ്വാധീനം എന്ന വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ഒ.എൻ.വി: പഠനം സംഭാഷണം ഓർമ്മ, കവർ സ്റ്റോറി, ആനന്ദ്: ജീവിതം സംഭാഷണം പഠനം എന്നീ പുസ്തകങ്ങളുടെ എഡിറ്ററാണ്. ടൈമ്സ് ഓഫ് മീഡിയ എന്ന കൃതിക്ക് മയ്യനാട് എം. ജോൺ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചു. പുരോഹിതരുടെ വീട്, മെമ്മറീസ് ഓഫ് ട്രാൻസ് എന്നീ ഡോകളുമെന്ററികളുടെ സംവിധായകനാണ്. )