അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)

ചന്ദ്രമതി

മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരി. റെയിൻ ഡിയർ എന്ന ചെറുകഥാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും, ഓടക്കുഴൽ അവാർഡ് പുരസ്കാരവും ലഭിച്ചു . ദേവീഗ്രാമം, ദൈവം സ്വർഗ്ഗത്തിൽ ,സ്വയം സ്വന്തം, വേതാള കഥകൾ, പേരില്ലാപ്രശ്നങ്ങൾ, ആര്യാവർത്തനം,ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , റെയിൻഡിയർ തുടങ്ങി നിരവധി കൃതികൾ .

ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. നോവലിന്റെ പിറവിയെക്കുറിച്ച് എഴുത്തുകാരി ഇങ്ങനെ പറയുന്നു, ‘ചെറുകഥയായി തുടങ്ങി നോവലായി വളര്‍ന്നതാണ്’ അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും). തുടങ്ങുമ്പോള്‍ അശ്വതിയുടെ കഥമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കുവച്ച് കഥ വഴിമാറി അപര്‍ണ്ണയിലേക്ക് എത്തി. എഴുത്തിന്റെ വഴികള്‍ അങ്ങനെയാണ്. ചിലപ്പോൾ എഴുതുന്നവരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഗതി മാറിക്കളയും.

എഴുത്തിലെ ഘടന മാത്രമല്ല, ഈ നോവലിലെ പല കഥാപാത്രങ്ങളുടെയും ജീവിതങ്ങള്‍ പല സംഭവങ്ങള്‍ കൊണ്ടും മാറിമറിയുന്നതായി കാണാം. വര്‍ത്തമാന കാലത്തിന്റെ കലാസൃഷ്ടികളല്ല ഈ നോവലിലെ കഥാപാത്രങ്ങള്‍. മറിച്ച് പല രൂപങ്ങളില്‍ തന്റെ മുന്നില്‍ വന്നുപോയവരാണെന്ന് എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു. അത് കൊണ്ടുതന്നെ ഈ കാലത്തെ വസ്തുനിഷ്ഠമായി അടയാളപ്പെടുത്തുന്ന ഒന്നായി വായനക്കാര്‍ക്ക് ഈ കൃതിയെ അനുമാനിക്കാം. വര്‍ത്തമാനകാല സമൂഹത്തിന്റെ സംഘര്‍ഷങ്ങളെയും വെെയക്തിക ഭാവങ്ങളെയും സൂഷ്മമായി അവലോകനം ചെയ്യുന്ന ഒരു നോവലാണിത്. അതോടൊപ്പം തന്നെ സ്ത്രീസ്വാതന്ത്ര്യത്തിന് പരിമിതി കല്പിക്കുന്ന ജെെവികമായ ശാരീരിക പ്രക്രിയകളെ, സമൂഹം തടവറകളായി നിരീക്ഷിക്കുന്നത് എന്തു കൊണ്ടെന്ന സൂക്ഷ്മമായ വ്യാഖ്യാനവും ഈ നോവല്‍ നടത്തുന്നുണ്ട്.

രണ്ട് തലങ്ങളിലായാണ് എഴുത്തുകാരി ഈ കൃതിയെ ആഖ്യാനം ചെയ്തിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് നോവല്‍ ഘടനയെ ക്രമപ്പെടുത്തിയിരിക്കുന്നത്. പുത്തന്‍ യുഗത്തിലെ, നവമാനവന്‍ തേടിപ്പോകുന്ന പുതു ഇടങ്ങളിലേക്കുള്ള നവവീക്ഷണമാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ക്കുള്ളത്. തൊട്ടാല്‍ പൊള്ളുന്ന പ്രായത്തിന്റെ പ്രസരിപ്പില്‍ പുതിയ കാലത്തിന്റെ സ്പന്ദനമാകാന്‍ കുതിക്കുകയും നവ്യാനുഭൂതികളെ നുണഞ്ഞിറക്കാന്‍ കൊതിക്കുകയും ചെയ്യുന്ന ഒരു തലമുറയെ നോവലിലെ കഥാപാത്രങ്ങളില്‍ മിഴിവുറ്റു നില്‍ക്കുന്നതായി കാണാം. അശ്വതി, ഗോവിന്ദ് ഭാസ്കര്‍, നരേന്ദ്രന്‍, അപര്‍ണ്ണ, കാട്ടുമൂപ്പന്‍, കശ്യപ്, ഡോ ഉമാകാന്ത്, നീലാകല്യാണി, പ്രദീപ്, ബിജോയ് ലക്സ്മി എന്നിവരാണ് ഈ നോവലില്‍ പ്രധാനകഥാപാത്രങ്ങളായി കടന്നുവരുന്നത്. അപര്‍ണ്ണ അടക്കമുള്ള അഞ്ചംഗ ഗവേഷണ വിദ്യാര്‍ത്ഥികളാണിവര്‍. ഭാഗം ഒന്നിലെ അശ്വതിയുടെ തീവണ്ടിയാത്രയുടെ ആരംഭത്തോടെയാണ് നോവല്‍ തുടങ്ങുന്നത്. ഒടുവില്‍ നോവലിന്റെ അവസാനം അപര്‍ണ്ണയുടെ അനുഭവങ്ങളെ അശ്വതി സ്വാനുഭവമായി കാണുകയും ബ്രാക്കറ്റില്‍ അശ്വതിയുടേതും എന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു. വിവാഹത്തെ എതിര്‍ക്കുന്ന അപര്‍ണ്ണയിലും അശ്വതിയിലും ഏകഭാവമാണ് ദര്‍ശിക്കാന്‍ കഴിയുക. ഗവേഷണവിഷയത്തിന്റെ ഭാഗമായി നടത്തിയ വനയാത്രയിലെ കാട്ടുമൂപ്പനെ കണ്ട അനുഭവം പ്രൊഫസര്‍ ഉമാകാന്തിലൂടെ അപര്‍ണ്ണയെ തേടി വരുന്നതും ആഖ്യാനത്തിന്റെ സൂക്ഷ്മ തലത്തിലൂടെ എഴുത്തുകാരി അവതരിപ്പിച്ചു. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് നൂറ്റാണ്ടുകളായി ഒരു ജനതയ്ക്കിടയില്‍ നിലനിന്നു പോരുന്ന വിശ്വാസത്തിന്റെ വക്താവാണ് ഉമാകാന്ത്. സമൂഹം, കുടുംബം എന്നീ വ്യവസ്ഥാപിത സ്ഥാപനങ്ങളോട് മനുഷ്യന്‍ വച്ച് പുലര്‍ത്തുന്ന വിശ്വാസങ്ങളും ആചാരങ്ങളും  വര്‍ത്തമാന കാലഘട്ടത്തല്‍ നിന്ന് പിരിഞ്ഞ് ഭൂതകാലത്തിന്റെ പ്രാകൃത സംസ്കൃതിയിലേക്ക് പിന്‍മടങ്ങുന്നതായി നോവലില്‍ കാണാം. അക്ഷരാര്‍ത്ഥത്തില്‍ നോവല്‍ ഇവിടെ അവസാനിക്കുകയല്ല. അശ്വതി, അപര്‍ണ്ണ, എന്നീ യാത്ഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും കഥാപാത്ര ആഖ്യാനരീതി ജീവിതത്തില്‍ അനേകം പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളിയാണ്. അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടെതും) എന്ന നോവലിലൂടെ ഒരു സ്ത്രീയുടെത് മാത്രമല്ല, പെണ്‍വര്‍ഗ്ഗത്തിന്റെയും അവരുടെ ജീവിതരേഖയുടെയും നേര്‍ക്കാഴ്ചയാണ് ചന്ദ്രമതി എന്ന എഴുത്തുകാരി അവതരി പ്പിക്കുന്നത്. തീവണ്ടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട നോവൽ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ അശ്വതിയുടെ യാത്രയും നോവലും അവസാനിക്കുന്നു.

വർത്തമാനകാല ജീവിതത്തിന്റെ ദൈന്യതയും കപടതയും ആഘോഷങ്ങളും സംഘർഷങ്ങളും ഇഴപിരിയുമ്പോൾ അതിനെയെല്ലാം അതിജീവിക്കുവാനുള്ള ഇത്തിരി കുഞ്ഞനായ മനുഷ്യന്റെ വെപ്രാളങ്ങൾ നോവൽ പറഞ്ഞു വെക്കുന്നു. നോവൽ വായിച്ചു കഴിഞ്ഞ ഡിജിറ്റൽ മനുഷ്യൻ തന്നിലേക്ക് തന്നെ സ്വയം ഇറങ്ങി
ചെല്ലുന്നു. സ്വന്തം അസ്തിത്വത്തിന്റെ കണ്ടെത്തലാണിത്. ബഹുസ്വരങ്ങളായ വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്ന നോവലിലെ കഥാപാത്രങ്ങൾ പാരമ്പര്യ മൂല്യങ്ങളെ നിരാകരിക്കുന്നു. സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ജീവിത വഴികളെ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ അണുകുടുംബത്തിന്റെ വലുപ്പത്തിലേക്ക് ചിന്തകളെയും ചുരുക്കുന്നു. സഹനമെന്ന വാക്കിന്റെ അർത്ഥതലങ്ങൾ കാണുവാനോ അന്വേഷിക്കുവാനോ പുതിയ കാലത്തിനു സമയമില്ല. വ്യവസ്ഥാപിതമായ സാമൂഹിക ചുറ്റുപാടുകളെ നിരാകരിക്കുന്ന പുതുതലമുറയ്ക്ക് അവരുടേതായ ശരികളും വാദങ്ങളുമുണ്ട്. മാറ്റങ്ങളുടെ വേഗതയെ അവർ സ്വീകരിക്കുവാൻ ഇഷ്ട്ടപ്പെടുന്നു. അപർണ്ണയും അശ്വതിയും മാമൂലുകളുടെ തടവറകൾ ഭേദിക്കുവാനും തങ്ങളുടെ ശരികളിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു. തീവണ്ടി ഒരു യാത്രയുടെ ആരംഭവും അവസാനവുമാണ്. വായനയുടെ ആരംഭവും അവസാനവും അങ്ങനെ തന്നെ. ഒരു നോവലിനകത്തു തന്നെ രണ്ടു കഥാപാത്രങ്ങളി ലൂടെ രണ്ടു വ്യത്യസ്ത ആഖ്യാനങ്ങളെ എഴുത്തുകാരി എത്ര മനോഹരമായി സംഭവ്യമാക്കുന്നു എന്ന് ഈ നോവലിലൂടെ
മനസ്സിലാക്കാൻ കഴിയും.

അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും) – നോവൽ
ചന്ദ്രമതി
ഡിസി ബുക്സ്
വില      :  95

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു