അപരിചിതർ

ഒരിക്കൽ
പ്രണയിച്ചിരുന്നത് കൊണ്ട് മാത്രം
നമ്മളിന്ന് അപരിചിതരായിരിക്കുന്നു.

അല്ലെങ്കിൽ,
ഒരു കപ്പ് ചായക്ക്
അപ്പുറവുമിപ്പുറവുമിരുന്ന്
മധുരം നുണയാമായിരുന്നു…
നഗരത്തിലെ തിരക്കിട്ട
വീഥികളിലൂടെ
കൈ കോർത്തു നടക്കാമായിരുന്നു…
വെറുതേ കരയാമായിരുന്നു…
ചിരിക്കാമായിരുന്നു…
ഭ്രാന്തുകൾ പറയുകയും
സ്വപ്നം കാണുകയും
ചെയ്യാമായിരുന്നു…
ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്
ആശ്വസിപ്പിക്കാമായിരുന്നു….
അങ്ങിങ്ങു വെളുത്ത
മുടിയിഴകളെ
തലോടാമായിരുന്നു….
ഇടയ്ക്കൊന്നു വെറുതേ ചേർത്തു പിടിക്കാമായിരുന്നു…

ഒരിക്കൽ
പ്രണയിച്ചിരുന്നത് കൊണ്ട് മാത്രം
നമ്മളിന്ന് അപരിചിതരായിരിക്കുന്നു.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.