അപരമുഖങ്ങളിൽ ചേക്കേറുന്ന ഉറുമ്പുതീനിപ്പക്ഷികൾ….

മനുഷ്യർ കാലിടറി
വീണലിഞ്ഞു തീരുന്ന
മണ്ണിൽ ശവം തിന്നാൻ
കൂട്ടം കൂടുന്ന ഉറുമ്പുകളെ
കൊത്തിപ്പറക്കാൻ
തക്കംപാർക്കുന്ന
പക്ഷികളുണ്ട് ഭൂമിയിൽ.

മരണത്തിന്റെ
മേച്ചിലിടങ്ങളിലെ
കാവൽമരങ്ങളിലെ
കവരകളിലവ
കുടിപ്പാർക്കുന്നു.

അന്ത്യശ്വാസം
കൊത്തി വലിക്കുമ്പോൾ
വാതായനങ്ങൾക്കരികെ
അരിച്ചെത്തുന്ന
ശവംതീനിഉറുമ്പുകളുടെ
ചലനം നിരീക്ഷിച്ച്
അക്ഷമരാകുമവ.

ആത്മാഹുതിയുടെ
ഇടിമിന്നൽ പായിക്കുന്ന
ജീവന്റെ ഉടൽ അവ
ഞൊടിയിടയിൽ
തിരിച്ചറിയും.

കാഴ്ചയുടെ
സമ്മോഹനങ്ങളിലോ,
നോവിന്റെ വാക്കിടറലിലോ
എന്താണവ തിരിച്ചറിയുന്നതെന്ന്
മനുഷ്യരുടെ ബുദ്ധിയിൽ
വേർതിരിച്ചെടുത്തിട്ടില്ല.

തലച്ചോറിൽ നിന്നിറങ്ങി
ബന്ധത്തിന്റെ നിറങ്ങൾ
മങ്ങിപ്പോയ ഒരുവന്റെ
ജൈവവിധിയായ മരണം
കവിതയുടെ
പ്രാണനിലൂടെ
നീരുറവകളെത്തേടും.

പരിഹാരമേതുമില്ലാത്ത
കരിമഷി പടർന്ന
മുഖങ്ങളിൽ നിന്നവ
അപരമുഖങ്ങളിലേക്ക് ചേക്കറും .

ദുഃഖങ്ങളിലൂടെ,
ദുരിതങ്ങളിലൂടെ
ചൂളംകുത്തി കയറി
വന്നൊരു ഹിമക്കാറ്റ്
ഉറുമ്പുതീനിപ്പക്ഷികളെ
മരവിപ്പിന്റെ
ആകാശത്തിലേക്ക്
കരിമ്പടം പുതയ്ക്കാൻ
ക്ഷണിക്കുന്നു.

ശവം തിന്നു തീർക്കുന്ന
ഉറുമ്പുതീനിപ്പക്ഷിക്ക്
എന്താണു പേര്?

കണ്ണുകളടച്ചു കിടന്നു
ചിന്തിക്കുകയായിരിക്കുമൊരു
നാലുചുമരുള്ള
പെട്ടിയിലയാൾ ……

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".