അന്യന്റെ ബോധ്യങ്ങൾ

അന്യന്റെ ബോധ്യങ്ങൾ
ജീവിതാഭിനയങ്ങളുടെ
അടയാളപ്പെടുത്തലുകളാണ്..
ഇന്നിന്റെ സൂചികയിൽ
സാക്ഷ്യപത്രങ്ങളായത്
രേഖപ്പെടുത്തിയിട്ടുണ്ട്..

പരിചിതരവ
സൂക്ഷിച്ചിട്ടുണ്ട്…
ഉടലിൽനിന്നുയിർ
വേർപെടും ശൂന്യതയിൽ
അക്ഷരങ്ങൾ മായും..
കടലാസുകൾ
പൊടിയും…
ചിതലരിക്കും..

അന്യന്റെ ബോധ്യങ്ങൾ
തായ്ത്തടിയുടെ കടുപ്പം കണ്ടെത്തും..
വേരിന്റെയാഴമളക്കും..
വിടർന്നു കൊഴിയുന്ന
പൂവിൻ ഗന്ധമറിയും..
പാഴ് വൃക്ഷമോ ഫലവൃക്ഷമോയെന്നു
നിർണ്ണയിക്കും..

അന്യന്റെ ബോധ്യങ്ങൾ..
നേർരേഖകളുടെ വ്യതിയാനങ്ങളിലേക്ക്
നോക്കും മൂങ്ങകളാണ്..
മരക്കൊമ്പുകളിലിരുന്നവ
ഇരുളിലെ കാഴ്ചകൾ കാണും ..
വെളിച്ചത്തിലന്ധരാകും..
വീഥിയിലെ വ്യതിയാനം
വഴിപോക്കന്റെ നിശ്ചയമെന്നറിഞ്ഞാലും മൂളും..

അന്യന്റെ ബോധ്യങ്ങൾ..
കരിങ്കല്ലുകളട്ടിയിട്ട
കാരാഗൃഹങ്ങളാണ്..
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കണ്ണികളിൽ
പാദങ്ങളുരയും..
അശ്രുവുതിരും..
വിദൂരതയുടെ വിശാലതയപ്രാപ്യമായവരുടെ
വിലാപങ്ങളവിടെ പ്രതിധ്വനിക്കും..
മോചനമില്ലാത്ത ശിക്ഷകളുടെയഗ്നികുണ്ഡങ്ങളിൽ
ആത്മാഹുതികളുണ്ട്..

നേർരേഖകളുടെ വ്യതിയാനങ്ങൾ..
അവനവന്റെ ശരികളാണ്..
സ്വകാര്യതയാണ്..
ആകാശത്തിന്റെ
സ്വാതന്ത്ര്യത്തിലേക്ക് പറക്കും പക്ഷികൾ
അന്യന്റെ ബോധ്യങ്ങൾ തേടുന്നില്ല..

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.