അനുഭവവിതാനങ്ങളിലെ വിശുദ്ധചുംബനങ്ങൾ

വാക്കിൽ നിലീനമായ അനുഭവയാഥാർത്ഥ്യത്തെ വാക്കുകളാൽ തന്നെ വീണ്ടെടുക്കാനുള്ള സൂക്ഷ്മാന്വേഷണമാണ് ഓരോ കവിതയും. അതുകൊണ്ട് തന്നെ കവിത അത്രമേൽ അപകടകരവുമാണ്.

കവിത പറന്ന് പോകലിൻ്റെ ഭാരമില്ലാഴ്മയാൽ നമ്മളെ ചിറക് വിടർത്തലിൻ്റെ അനുഭവത്തിലേക്ക് ആനയിക്കുകയും തലതിരിഞ്ഞ ഉണ്മകളാൽ ഉന്മത്തരാക്കുകയും ചെയ്യും. വസ്തു യാഥാർത്ഥ്യത്തെ നിറങ്ങളായി സങ്കല്പിക്കും, നിറങ്ങളെ കാറ്റായി വീണ്ടെടുക്കും. ദേവാലയത്തിൽ ചിലവാക്കിയ സമയത്തെ പാനശാലയിൽ പോയി പരിഹരിക്കുക എന്ന ഒമർ ഖയ്യാമിൻ്റെ വചനത്തോളം അത് ഭ്രാന്തിനെ ആഘോഷമാക്കും.

ലോകത്തിൽ നിന്ന് പറന്നകലുന്ന നീരാവിയിൽ നിന്ന് മാനുഷിക പൂർണ്ണതയുടെ രൂപം ഘനീഭവിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് കവിതയെന്ന യേറ്റ്സിൻ്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന തരത്തിൽ സുരേഷിൻ്റെ ഓരോ കവിതകളും വാക്കിൻ്റെ അർത്ഥത്തെ ഉപേക്ഷിച്ച് വാക്കിൻ്റെ അനുഭൂതിദായകമായ അമൂർത്തതയെ കണ്ടെടുക്കുവാനുള്ള ശ്രമമാണ്. ഒപ്പം തൻ്റെ ജീവിത ബോധ്യങ്ങളാൽ പ്രചോദിതങ്ങളായ പേക്കിനാവുകളുടെ ശ്വാസഗതികൾ കൂടിയാണ് സുരേഷ് നാരായണൻ്റെ കവിതകൾ.

വിഭിന്ന വീക്ഷണങ്ങളിൽ കൂടിയാണ് ഓരോ വ്യക്തിയും കവിതയെ സമീപിക്കുന്നതെന്ന ധാരണക്ക് കവിതാവായനയിൽ നമൂക്കുണ്ടാകുന്ന അനുഭവത്തോട് വിദൂര ബന്ധമേയുള്ളു. ചിലർ കവിതയുടെ ലക്ഷ്യത്തെയും, ചിലർ പ്രതിപാദന രീതിയേയും, ഭാഷയേയും, മറ്റു ചിലർ വിഷയത്തേയും ആസ്പദമാക്കിയാണ് മനസ്സിലാക്കുന്നതെങ്കിലും കവിത അനുഭൂതിയുടെ അമൂർത്ത ഭാഷയിലൂടെയാണ് സ്വപ്നങ്ങൾ കാണുന്നത് .

യാഥാർത്ഥ്യത്തിൻ്റെ നിഗൂഢ ജീവ സൗന്ദര്യത്തെയാണ് ഓരോ കവിയും അന്വേഷിക്കുന്നത്. സുരേഷ് നാരായണൻ ജീവിതത്തിലെ നൈസർഗിക വികാരത്തിനെതിരെ അനുഭൂതിയിലൂടെ വന്ന് ചേരുന്ന ആന്തരിക ലയനത്തിൻ്റെ ഭാഷയെ വീണ്ടെടുക്കുന്നതിൽ വിജയിച്ച കവിയാണ്. ബുദ്ധനെ ചുംബിക്കുമ്പോൾ എന്ന കവിതയിൽ അത്തരത്തിലുള്ള ഭാഷയെ കവി കണ്ടെടുക്കുന്നത് ഇപ്രകാരമാണ്

‘അങ്ങാകുന്ന സമുദ്രത്തിലെ
ഒരു ചെറു മീൻ മാത്രമാണ് ഞാൻ
നിർഗ്ഗമിക്കാൻ കൊതിച്ച വാക്കുകളൊട്ടാകെ മുഖത്തെ വിവശതയായി തെളിഞ്ഞു.
അത് ശ്രദ്ധിക്കാതെ അവിടുന്ന് പറഞ്ഞു
വേഗം വരു
നമ്മുക്ക് ഒരു മഹാസമുദ്രം കടക്കുവാനുണ്ട്
ക്രോധത്തിൻ്റെ, ചപലതയുടെ
താപ, ലോഭ, മോഹങ്ങളുടെ
മുങ്ങി മരിച്ച നക്ഷത്രങ്ങൾക്കിടയിലൂടെ
ഞങ്ങൾ യാത്രയാരംഭിച്ചു
എനിക്കെൻ്റെ നാവികനിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.
എൻ്റെ കവിളുകളാകട്ടെ അപ്പോഴും
ആ ചുംബനത്തിൽ നിന്ന് മുക്തി നേടിയിരുന്നില്ല.

ഒരു ചുംബനത്തിൻ്റെ നിർവൃതിയാൽ ആത്മ ലയനത്തിലേക്ക് വിശുദ്ധപ്പെടുന്നതിൻ്റെ സൗന്ദര്യത്തെ ഈ കവിത ചിത്രണം ചെയ്തിരിക്കുന്നതിൻ്റെ ഭാവക്രമത്തെ നിരീക്ഷിച്ചാൽ സമാഹാരത്തിലെ മുഴുവൻ കവിതകളിലും അനുഭവത്തെ അതിൻ്റെ ആസന്നതകളിൽനിന്ന് മോചിപ്പിച്ച് അമൂർത്തതയെ ഒരു സങ്കല്പനമാക്കി മാറ്റി ഭാവിയിലേക്കും, ഭൂതത്തിലേക്കും കൂട്ടി വിളക്കുന്നതിൻ്റെ മാന്ത്രികത ദർശിക്കാൻ കഴിയും.

‘പൂക്കൾ പൂന്തോട്ടമാകുന്നതിൻ്റെയും കാറ്റ് വസന്തത്തെ ആന്തരിക സ്വപ്ന നാമ്പുകളിൽ ഇതൾ വിരിയിക്കുന്നതിൻ്റെയും’ കവിതയാണ് ഞാൻ മരച്ചുവട്ടിലിരുന്ന്’ പ്രാർത്ഥിക്കുകയായിരുന്നു എന്ന കവിത.

ഞാൻ മരച്ചുവട്ടിലിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു
പണവും വസ്ത്രവും
കിരീടങ്ങളും എല്ലാം ഓരോരുത്തർ കൊണ്ടുപോയി.
കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്
തണുത്ത കാറ്റിനെ ഞാൻ നിനക്ക് വിട്ടുതരാം
ദൈവം പറഞ്ഞു
ഒരു നിമിഷം!
ശാഖകളെ മുഴുവൻ വിറപ്പിച്ച് കൊണ്ട് മരം അതിൻ്റെ ഇലകളെ ഒന്നാകെ എൻ്റെ മേൽ പൊഴിച്ചിട്ടു.

ഭാവുകത്വപരമായ വ്യതിയാനത്തെ അനുഭവ രാശികളുടെ പല വിതാനങ്ങളിലേക്ക് പ്രക്ഷേപിക്കാനുള്ള സുരേഷ് നാരായണൻ്റെ ശ്രമത്തെ അഭിനന്ദിക്കേണ്ടതാണ്. കാഴ്ചകളുടെ കീഴ്മേൽ മറിച്ചിലിൽ യാഥാർഥ്യങ്ങൾ  തണുത്ത കാറ്റിനോട് ഭ്രമപ്പെട്ട് അരൂപമേഘങ്ങളിൽ വിലയംപ്രാപിക്കുന്നതിൻ്റെയും, വാക്കുകൾ അർത്ഥങ്ങളുടെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് നഗ്നരാകുന്നതിൻ്റെയും മാന്ത്രികത അനുഭവിപ്പിക്കുന്ന ഈ കവിതാ സമാഹാരത്തിൻ്റെ വായനയ്ക്കൊടുവിൽ നമ്മുടെ ശരീരത്തിൽ പൂക്കൾ വിടർന്ന് നിറയുന്നതിൻ്റെ അവ്യാഹൃത അനുഭവത്തെ ” വയലിൻ പൂക്കുന്ന മരം ” എന്നല്ലാതെ എന്താണ് വിളിക്കുക.

കവിയുടെ ഭ്രാന്തിനെ വായനക്കാർ വീണ്ടെടുക്കേണ്ടതുണ്ട്. കാരണം മഴ നിൻ്റെ ഉടുപ്പും, മഞ്ഞ് നിൻ്റെ തുടിപ്പുമായിരിക്കെ,
നിനക്ക് പുതപ്പായ്
എൻ്റെ താഴ്വവരകൾ ഞാൻ പതിച്ചു തരും. എന്ന കവിയുടെ വാഗ്ദാനത്തെ മുറിപ്പെടുത്താതെ വിശുദ്ധ ചുംബനങ്ങളാൽ നിൻ്റെ കവിതകളെ വീണ്ടെടുക്കാൻ അത് ഞങ്ങളെ പ്രാപ്തരാക്കിയിരിക്കുന്നു.