അനാമിക

ഉറക്കച്ചടവുള്ള കണ്ണുകൾ വീണ്ടുമൊരു മയക്കത്തിലേക്ക് ഊർന്ന് പോകുന്നത് അവളറിഞ്ഞു.പകുതി വായിച്ച പുസ്തകത്താളുകളിൽ നിന്ന് കൈവിരലുകൾ മാറ്റാതെ, കണ്ണുകളടച്ച്, ഇന്നലെ വഴിയിലുപേക്ഷിച്ച സ്വപ്നത്തെ തേടി, ആ സൂര്യകാന്തി തോട്ടത്തിലൂടെ ദിശയറിയാതെ ഒഴുകുന്ന പുഴ പോലെ അങ്ങനെ മുന്നിലേക്ക്…

അസ്തമന സൂര്യൻ നിറം കൊടുത്ത സൂര്യകാന്തി പൂക്കൾ വകഞ്ഞുമാറ്റി അവൾ നടന്നു. പാതി അടഞ്ഞ മിഴികൾ തുറന്ന് പിടിക്കാൻ വൃഥാ ശ്രമം നടത്തി, ഉള്ളിൽ വല്ലാത്തൊരു ആകാംക്ഷയും പേറി, ലക്ഷ്യം അറിയാതെ പിന്നേയും മുന്നോട്ട്…

കണ്ണെത്തും ദൂരെ പൂക്കൾക്കിടയിലൂടെ ഒരു മിന്നായം പോലെ കാറ്റിൽ പറക്കുന്ന നീണ്ട മുടിയിഴകൾ. അവൾ നടത്തത്തിന്‌ വേഗം കൂട്ടി. പുറം തിരിഞ്ഞ് നിൽക്കുന്ന ആ പെൺകുട്ടിയെ തൊട്ട് വിളിക്കാൻ അവൾ കൈ നീട്ടി. ഇല്ല കഴിയുന്നില്ല.., ശബ്ദമുണ്ടാക്കി വിളിക്കാൻ ശ്രമിച്ചു., അതിനും കഴിഞ്ഞില്ല..

“അനൂ…, മോളേ അനൂ.., എത്ര നേരമായി പുറത്ത് ഇങ്ങനെ ഇരിക്കാൻ തുടങ്ങീട്ട് ..?”

അവൾ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു, മുന്നിൽ കമലേടത്തി.

“നല്ല തണുത്ത കാറ്റാണ്, നാല് പുറോം പാടം അല്ലേ..? കുട്ട്യോട് എത്ര പറഞ്ഞാലും കേക്കില്ല്യ. വെറുതേ തണുപ്പ് ഇറങ്ങി വയ്യായ്ക വരുത്തി വക്കാൻ..”

അനാമിക ചിരിച്ചു. “ഈ കമലേടത്തി എന്റെ സ്വപ്നം പകുതി വഴീല് മുറിച്ചു..!”

“മ്മ്.. ഉവ്വ്‌..! , ഇന്ന് എവിടാർന്നു പെൺകുട്ടി..? കടൽക്കരേലോ അതോ പൂന്തോട്ടത്തിലോ..??”

“അത് പിന്നെ…, പൂന്തോട്ടം”… അനു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് കമലേടത്തിയോട് പറഞ്ഞു.

പെട്ടന്ന് അവളുടെ മുഖത്ത് വന്ന മാറ്റം ശ്രദ്ധിച്ചിട്ടാവണം, കമലേടത്തി വിഷയം മാറ്റാൻ ശ്രമിച്ചു.

“ഇന്ന് അത്താഴത്തിന് കഞ്ഞിടെ കൂടെ പയറുകൂടെ ഉണ്ടാക്കണോ?, ഞാൻ നല്ല കട്ട ചമ്മന്തി അരച്ചിട്ടുണ്ട്. അനുക്കുട്ടിക്ക് എന്നും ഇഷ്ടപ്പെട്ടത്..എന്റെ മോള് വേഗം അകത്തേക്കു വരാൻ നോക്കൂ”

“വരാം.., ഇവിടെ, ഈ കാറ്റ് കൊണ്ട്, ശുദ്ധവായു ശ്വസിച്ച് ഇത്തിരി നേരം കൂടി ഇരുന്നോട്ടേ ഞാൻ..?”

ഒരു നിമിഷം അവളെ നോക്കി ഒരു ദീർഘ നിശ്വാസത്തോടെ കമലേടത്തി തിരിഞ്ഞു നടന്നു.

ഉമ്മറത്തേക്കുള്ള പടികൾ കയറുമ്പോൾ കമലേടത്തിയുടെ മനസ്സിൽ ഓർമ്മകൾ ഒന്നിന് പിറകെ ഒന്നായി തികട്ടി വന്നു.

‘അനാമിക’ അത്രയേറെ അനുഭവിച്ചിട്ടുണ്ടവൾ. പേരു പോലെ തന്നെ, ജീവിത വഴിയിൽ എവിടെയും ഒരു പേരിൽ അറിയപ്പെടാൻ സാധിക്കാതെ പോയവൾ. അനുവിന്റെ ഭാഷയിൽ,”എല്ലാമായിട്ടും ഒന്നും അല്ലാത്തവൾ.!!”

കമലേടത്തിയും അനുവും തമ്മിലുള്ള ബന്ധം ഒരു പക്ഷേ മുജ്ജന്മത്തിലുള്ളതാവും. അല്ലാതെ ഇത്രയും ആഴത്തിലുള്ള സ്നേഹബന്ധം എങ്ങനെ സാധ്യമാവാനാണ്?. പ്രത്യേകിച്ചും ഉറ്റവർ എന്നും, ഉടയവർ എന്നും പേരിട്ട് വിളിക്കുന്ന കൂട്ടർ പോലും മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യങ്ങൾ അനുവിന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ, അവൾക്ക് താങ്ങായി, തണലായി കൂടെക്കൂടിയ ഒരാൾ.

കമലേടത്തിയുടെ മനസ്സിൽ ഇന്നും അനുവിന് 5 വയസ്സാണ് പ്രായം. പട്ടു പാവാടയിട്ടു, മുടി പകുത്തു രണ്ട് വശം കെട്ടി വച്ച്, കൈ രണ്ടിലും നിറയെ കരിവള ഇട്ട്, കുണുങ്ങി ചിരിച്ച് തന്റെ മടിയിലിരുന്ന്‌ കഥകൾ കേൾക്കുന്ന, പാട്ട് പാടുന്ന, വാതോരാതെ സംസാരിക്കുന്ന കുഞ്ഞിപ്പെണ്ണ്.

ഇപ്പോഴും അനു അവളറിയാതെ, ദിവസത്തിൽ പലവട്ടം ആ അഞ്ചു വയസ്സുകാരി ആവുന്നത് നേരിൽ കാണുന്ന കമലേടത്തിക്കു അങ്ങനെ കരുതനാണിഷ്ടം. അഞ്ച് വയസ്സിൽ വളർച്ച മുരടിച്ച, എന്നും ചിരിക്കുന്ന അനുക്കുട്ടി.

എവിടെയാണ് പിഴച്ചതെന്ന് അവരെപ്പോഴും ആലോചിക്കാറുണ്ട്.

പാരമ്പര്യം കൊണ്ട് പേര് കേട്ട വല്ല്യ തറവാട്. ഗൗരി ടീച്ചർക്കും,കേണലിനും നീണ്ട പത്തു വർഷത്തെ പ്രാർത്ഥനകൾക്കൊടുവിൽ കിട്ടിയ നിധിയാണ് അനു.

അച്ഛനെന്നും വിരുന്നുകാരനായിരുന്നു അനുവിന്. രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം അവളെയും അമ്മയെയും കാണാൻ വരുന്ന മിലിറ്ററിക്കാരനായ കേശവമേനോൻ എന്ന വിരുന്നുകാരൻ. അമ്മക്ക് എപ്പോഴും തിരക്കാണ്. സ്കൂളിൽ നിന്ന് വന്നാൽ പിന്നെ വീട്ടിലെ തിരക്ക്.

കൂട്ട് എന്നും പുസ്തകങ്ങളായിരുന്നു. അക്ഷരങ്ങൾ കൂട്ടി എഴുതി തുടങ്ങിയപ്പോൾ, അവൾ കുത്തിക്കുറിക്കുവാൻ തുടങ്ങി. അവൾ വളർന്നതിന്നൊപ്പം അവളുടെ എഴുത്തും വളർന്നു. കണ്ണിൽ കാണുന്നതെന്തും എഴുതാനുള്ള വിഷയം ആയി അനാമികക്ക് കവിതകളിലൂടെ, കഥകളിലൂടെ അവൾ സംസാരിച്ചു.

ഒരു ദിവസം, മുറിയുടെ മൂലയ്ക്ക് ചുരുട്ടിയിട്ടിരുന്ന കടലാസ് കഷ്ണങ്ങൾ വൃത്തിയാക്കുന്നതിനിടക്കാണ് കമലേടത്തി അനുവിന്റെ അക്ഷരങ്ങളെയും, എഴുത്തുകളെയും ശ്രദ്ധിച്ചത്. വെറും അഞ്ചാം ക്ലാസ് കാരിയായ അവർക്കു ചിലതൊന്നും വായിച്ചു മനസ്സിലാക്കാനേ സാധിച്ചില്ല. കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുന്ന കമലേടത്തിയെ കണ്ട്, അനുതന്നെ അവരെ എല്ലാം വായിച്ചു കേൾപ്പിച്ചു. അന്നു മുതലാണ് കമലേടത്തി അനുവിന്റെ എഴുത്തുകളുടെ പ്രിയപ്പെട്ട പ്രേക്ഷക ആയത്.

അമ്മയേക്കാൾ ഏറെ അടുപ്പം അനുവിന് കമലേടത്തിയോടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ സ്വപ്നങ്ങളേയും, ആഗ്രഹങ്ങളെയും പറ്റി അവർക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു..

വായിച്ചു തീർത്തകഥകളെപറ്റിയും, കവിതകളെ പറ്റിയും അനു കമലേടത്തിയോട് വായ് തോരാതെ സംസാരിച്ച്കൊണ്ടേയിരിക്കും.

“മനുഷ്യരുടെ മനസ്സ് മനസ്സിലാക്കാൻ പറ്റുന്ന സൂത്രം പഠിക്കണം” എന്ന് അവള് പറഞ്ഞത്‌ സൈക്കോളജിയെ പറ്റി ആണെന്നൊന്നും അവർക്കറിയില്ലായിരുന്നു. വലിയ എഴുത്തുകാരി ആവണംഎന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഇതെല്ലാം കമലേടത്തി മനസ്സിലാക്കിയത് അനാമികയുടെ സ്വപ്നങ്ങളായിട്ടാണ്.

അതെ..അതെല്ലാം അവളുടെ സ്വപ്നങ്ങൾ മാത്രമായി..

എഴുത്തിനെ പ്രണയിച്ച അനുവിന്, ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു ജീവിതമാണ് വീട്ടുകാർ കണ്ടെത്തിയത്. അച്ഛന്റെ കടപ്പാടിന് പകരമായി കിരണിന്റെ കുടുംബത്തിന് നൽകിയ വാക്ക് ആയിരുന്നു അനാമികയുടെ വിവാഹം. കുടുംബ സുഹൃത്തുക്കൾ, നല്ല തറവാട്, മിലിട്ടറിയിൽ ഉയർന്ന റാങ്ക്. ഇതിൽ കൂടുതൽ എന്ത് വേണം?

അനുവിന്റെ മനസ്സ് കമലേടത്തി ഒഴികെ ആർക്കും മനസ്സിലായില്ല. കല്യാണം ഇപ്പോൾ വേണ്ടെന്ന് കരഞ്ഞു പറഞ്ഞു അനു. അത് കൂടി കേട്ടപ്പോൾ അച്ഛന് വാശിയായി. ഇത് തന്നെ നടത്തണം എന്ന്.

സ്വപ്‌നങ്ങൾ മാത്രം കാണാൻ അറിയുന്ന അനുവിന് അങ്ങനെ ചെറിയ പ്രായത്തിൽ ജീവിത സത്യങ്ങളുടെ മുൻപിൽ പകച്ചു നിൽക്കേണ്ടി വന്നു. മനസ്സിനെ എങ്ങനെയൊക്കെയോ പാകപ്പെടുത്തി അവൾ ആ കടൽ പതുക്കെ നീന്തി തുടങ്ങി.

അനു പിന്നീടങ്ങോട്ട് ഒതുങ്ങിക്കൂടാൻ മാത്രം ഇഷ്ടപ്പെട്ടു. നാല് വർഷങ്ങൾക്ക് ശേഷം കുഞ്ഞ് ഉണ്ടായത് മുതൽ തുടങ്ങിയതാണ് മനസ്സിന്റെ താളപ്പിഴകൾ. ആദ്യമാദ്യം അത് അനുവിന് മാത്രം മനസ്സിലാകുന്ന, അറിയുന്ന ഒന്നായിരുന്നു. പിന്നീട് മനസ്സ് ഒരു വഴിയും, ശരീരം വേറൊരു വഴിയും സഞ്ചരിക്കാൻ തുടങ്ങി. അവളൊരുപാട് ശ്രമിച്ചു, തിരിച്ച് വരാൻ. മനസ്സ് ഒന്നിലും ഉറച്ചു നിൽക്കുന്നില്ല. കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാൻ കഴിയാതെ, ഉറക്കമില്ലാതെ കുറേ അധികം കാലം. വിഷാദം ഒരു അസുഖം അല്ല, അവസ്ഥയാണെന്ന് തിരിച്ചറിയാതെ അവളെ ഉപേക്ഷിച്ച കിരണിനോടും, ഈ അവസ്ഥയിൽ അമ്മക്കൊപ്പം പെൺകുഞ്ഞിനെ വിടുന്നത് സുരക്ഷിതമല്ലെന്ന് വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ തീരുമാനിച്ച നിയമവ്യവസ്ഥയോടും അന്നവൾക്ക് പ്രത്യേകിച്ച് ഒരു ദേഷ്യവും, സങ്കടവും തോന്നിയില്ല. നഷ്ടപ്പെട്ടു പോകുന്നത് തന്റെ സ്വന്തമാണെന്നോ, ബന്ധമാണെന്നോ തിരിച്ചറിയാനുള്ള മാനസികാവസ്ഥ ആയിരുന്നില്ലല്ലോ അവളുടേത്.

“എന്താ കമലേടത്തീ ഇത്രേം ആലോചിക്കാൻ? അതും അടുപ്പിന് മുന്നിൽ നിന്ന്..? കഞ്ഞി മുഴുവൻ തിളച്ച് പോയീലോ..”

അനു വന്ന് തോളിൽ പിടിച്ചപ്പോൾ ആണ് ഓർമകളുടെ കുത്തൊഴുക്കിൽ നിന്നും കമലേടത്തി തിരിച്ച് കയറിയത്.

“ഒന്നൂല്ല്യ കുട്ടീ.. ഞാൻ ഓരോന്നിങ്ങനെ..” അവര് മുഴുവനാക്കിയില്ല.

“പയറ് വേണ്ടാ ട്ടോ.. ഏട്ത്തീടെ കട്ട ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ടാ.., ഇനിപ്പോ, അതാലോചിച്ചു നിന്നിട്ടാണോ ആവോ കഞ്ഞി മുഴുവൻ തിളപ്പിച്ച്‌ കളഞ്ഞത്?” അനു പൊട്ടി ചിരിച്ച് കൊണ്ട് കമലേടത്തീടെ കവിളിൽ തട്ടി.

“നമുക്കിന്ന് നേരത്തെ കഴിക്കാം.., എന്നിട്ട് വേണം എനിക്ക് ആ മടിയില് തല വച്ച് ആകാശം നോക്കി കിടക്കാൻ.. ഇനിപ്പോ ഉമ്മറപ്പടീല് ഇരുന്നാൽ തണുപ്പടിക്കും ന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരും ട്ടോ.. അകത്തിരുന്നാൽ ആകാശം കാണാൻ പറ്റ്വോ നിക്ക്?”

ഞാൻ ഒന്നും പറയുന്നില്ല്യേ എന്റെ കുട്ട്യേ…”

അനുവിന്റെ പരിഭവം കേട്ട് കമലേടത്തീടെ മറുപടി.

പിന്നീട് അത്താഴം കഴിച്ചു കഴിയുന്ന വരെ അനു ഒന്നും മിണ്ടിയില്ല..

അവൾ അങ്ങനെയാണ്.. ഇടക്ക് വല്ലാതെ സന്തോഷിക്കുന്നത് കാണാം, ഇടക്ക് കണ്ണടച്ചിരുന്ന് എന്തോ ആലോചിക്കുന്നത് കാണാം. പക്ഷെ പുഞ്ചിരിക്കാത്ത ഒരു മുഖം അവളിൽ ഇന്ന് വരെ കമലേടത്തി കണ്ടിട്ടില്ല. അത്രയും ആഴത്തിലിറങ്ങി, ശ്രദ്ധയോടെ, കൌതുകത്തോടെ ഒരു കാര്യം അനു ചെയ്യുന്നുണ്ടെങ്കിൽ അത് എഴുത്ത് മാത്രമാണ്.

മടിയിൽ കിടക്കുന്ന അനുവിന്റെ എണ്ണമയമുള്ള മുടിയിഴകൾ തലോടിക്കൊണ്ടിരിക്കുമ്പോൾ, കൈയിൽ പറ്റിയ നനവിൽ നിന്ന് അവർ മനസ്സിലാക്കി. ഇല്ല ഇന്നും അവള് പതിവ് തെറ്റിച്ചിട്ടില്ല. വിടർന്ന കണ്ണിന്റെ കോണുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്..!

അവർ അവളറിയാതെ ആ മുഖം ശ്രദ്ധിച്ചു.

മുഖത്തിപ്പോഴും പുഞ്ചിരി. അനു അനുവിന്റെ ലോകത്താണ്. ചിരിച്ചു കൊണ്ടാണെങ്കിലും കരയട്ടെ അവൾ. വർഷങ്ങളായി ഇത് കണ്ട് ശീലിച്ച കമലേടത്തിക്ക് അവളുടെ മനസ്സ് മനഃപാഠം ആണ്.

ഓർമ്മകൾ കമലേടത്തിയെ പിന്നെയും പുറകോട്ട് വലിച്ചു..

പല സ്ഥലങ്ങളിലുള്ള ആശുപത്രികൾ, കൗൺസിലിങ്, മരുന്നുകൾ, എല്ലാം അനുവിനെ ഒരുപാട് തളർത്തിയിരുന്നു. അച്ഛനും, അമ്മയും ആവുന്ന വിധത്തിലൊക്കെ അവൾക്ക് താങ്ങായി നിൽക്കാൻ ശ്രമിച്ചു.
അറിയേണ്ട സമയത്ത് അവളുടെ മനസ്സ് തിരിച്ചറിയാൻ ശ്രമിക്കാത്തതിൽ അവര് പരസ്പരം പഴിച്ചു. പറന്ന് നടക്കേണ്ട പ്രായത്തിൽ, കൂട്ടിലടക്കപ്പെട്ട കിളിയാണ് അനു എന്ന് ഡോക്ടർമാർ വളരെ ലാഘവത്തോടെ പറഞ്ഞത്‌ അവരിൽ എന്നും ഒരു നോവായി. തിരുത്തുവാൻ ഒരവസരം ഈശ്വരൻ നൽകിയെങ്കിൽ എന്ന് പ്രാർത്ഥിച്ചു. പക്ഷെ അനു അവരിൽനിന്നും ഒരുപാട് ദൂരം പോയ്‌ക്കഴിഞ്ഞിരുന്നു.

കമലേടത്തിക്കും, അനുവിനും ഇരുപത് വയസ്സിന്റെയെങ്കിലും പ്രായ വ്യത്യാസം കാണും. അവളുടെ അമ്മയാകാനുള്ള പ്രായം. എന്നാലും അനുവിന് കമലേടത്തി കൂട്ടുകാരി ആയിരുന്നു, കൂടെപ്പിറപ്പ് ആയിരുന്നു. കിരണും മോളും പോയത് മുതൽ അങ്ങേയറ്റം പിടി വിട്ട മനസ്സുമായി പലസ്ഥലങ്ങളിൽ ആശുപത്രി വാസം. ഒറ്റയ്ക്ക് സാധിക്കാതെ വന്നപ്പോൾ ആൾ സഹായത്തിനായി കമലേടത്തിയോട് കൂടെ വരാൻ പറഞ്ഞതാണ് അനുവിന്റെ അച്ഛനും, അമ്മയും.അനുവിന് വയ്യായ്ക ഉണ്ടെന്ന് മാത്രം ആണ് കമലേടത്തി അറിഞ്ഞിരുന്നത്.., അവളെ നേരിൽ കാണും വരെ. പിന്നീടിങ്ങോട്ട് അവളുടെ അരികിൽ നിന്ന് മാറിയിട്ടില്ല അവർ.

ചുറ്റുമുള്ളവരെല്ലാവരും അനുവിനെ അസുഖക്കാരിയായി കണ്ടപ്പോൾ, കമലേടത്തി മാത്രം അതവളുടെ മനസ്സിന്റെ താത്കാലികമായ അവസ്ഥയെന്ന് മനസ്സിലാക്കി. അതവരെ ആരും പഠിപ്പിച്ചതല്ല. മനസ്സറിയുന്ന സൂത്രം അവർക്കൊട്ടു വശമില്ലാതാനും. എങ്കിലും എല്ലാം മനസ്സിലാക്കി കൂടെ നിന്നു. ഉറങ്ങാതെ കാവൽ ഇരുന്നു. അവസാനം അമ്മയുടെയും, അച്ഛന്റെയും മരണശേഷം തികച്ചും ഒറ്റക്കായ അനു, തറവാട്ടിലേക്ക് തിരിച്ചുവരണം എന്ന് തീരുമാനിച്ചപ്പോഴും, കമലേടത്തി മാത്രം ആയിരുന്നു അവളുടെ കൂട്ട്.

അനു ഒരു പാട് മാറിയിരുന്നു.., ജീവിതം അവളെ മാറ്റിയിരുന്നു. മനസ്സ് അവളുടെ നിയന്ത്രണത്തിൽ ആവുമ്പോഴൊക്കെ, അനു സ്വന്തം മകളെക്കുറിച്ചോർത്ത് വിഷമിച്ചു. ഒരിക്കെലെങ്കിലും കാണണം എന്നും, കൂടെ വരുന്നോ എന്ന് ചോദിക്കണമെന്നും അനുവിന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം കയ്യിൽ കടിഞ്ഞാൺ ഇല്ലാതെ, ഇടയ്ക്കിടയ്ക്ക് വഴിതെറ്റുന്ന മനസ്സും പേറി ജീവിക്കുന്ന തനിക്ക് അതിന് അർഹത ഇല്ലെന്ന് അവൾ കരുതി.

ഒടുവിൽ കമലേടത്തിയുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി കിരണിനെയും, മകളെയും കാണാൻ പോയി. നീരു എന്ന് വിളിപ്പേരുള്ള നിരഞ്ജന, അനുവിന്റെ മകൾ അമ്മയോട് വല്ല്യ അടുപ്പം ഒന്നും കാണിച്ചില്ല. അതിൽ അനുവിന് ഒട്ടും വിഷമം തോന്നിയില്ല. കാരണം അമ്മ എന്ന പേര് മാത്രമേ തനിക്കുള്ളൂ, അതും ഒൻപതു മാസം ഗർഭ പാത്രത്തിൽ കൊണ്ട് നടന്നതു എന്നത് കൊണ്ട് മാത്രം.

നിരഞ്ജന എന്ന പേര് അനുവിന്റെ ഇഷ്ടമായിരുന്നു. പക്ഷേ ആ പേരൊഴികെ മറ്റൊന്നും തന്റെ മകൾക്ക് നൽകാൻ അനുവിന് കഴിഞ്ഞിട്ടില്ല.

നീരുവിന് ഇന്ന് അമ്മയുണ്ട്, അനിയനുണ്ട് പിന്നെ അവളുടെ അച്ഛനും. അതിൽ കൂടുതൽ സമാധാനം ഒന്നും അനുവിന് വേണ്ടിയിരുന്നില്ല. അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴും അവൾ പുഞ്ചിരിക്കുകയായിരുന്നു. അന്ന് രാത്രി കമലേടത്തിയെ കെട്ടിപിടിച്ച് ചിരിച്ചുകൊണ്ടവൾ കരഞ്ഞു. അതിനുശേഷം ഒരിക്കൽ പോലും മകളെക്കുറിച്ചവൾ മിണ്ടിയില്ല.

അച്ഛനും, അമ്മയും അവൾക്ക് കൊടുത്തിട്ട് പോയ തറവാട് വീട്‌ മാത്രമായി അവളുടെ ലോകം. ബന്ധുക്കൾ ഒരുപാടുണ്ടായിട്ടും അന്വേഷിക്കാൻ ആരും വന്നില്ല. അങ്ങനെ കമലേടത്തീടെ കൂട്ട് മാത്രമായി, എഴുത്തിന്റെയും, വായനയുടെയും ലോകത്ത് അനാമിക ഒതുങ്ങി.

ഒരിക്കൽ അവൾ എന്ത്‌ ആഗ്രഹിച്ചുവോ, അതിലേക്ക് കാലം അവളെ കൊണ്ടെത്തിച്ചു. അതിന് കൊടുക്കേണ്ടി വന്ന വില, സ്വന്തം ജീവിതം ആയതിലും അനുവിന് ആരോടും പരാതിയില്ല.

മടിയിൽ കിടന്ന അനു ഉറക്കത്തിൽ ഞെട്ടിയതറിഞ്ഞാണ് കമലേടത്തി കണ്ണ് തുറന്നത്. അവൾ അപ്പോൾ ആകാശം നോക്കി കിടക്കുകയായിരുന്നു.

“എന്താ മോളേ.. പിന്നേം സ്വപ്നം കണ്ടോ?”

“മ്.. ” അനു പതുക്കെ മൂളി..

“എന്നിട്ട്..?”കമലേടത്തി പിന്നേം ചോദിച്ചു..

“ഇക്കുറി ഞാൻ ആ പെൺകുട്ടിയെ തൊട്ടു എട്ത്തീ.. അവൾ എന്നെ തിരിഞ്ഞു നോക്കി “

“ഉവ്വോ.. എന്നിട്ട് മിണ്ടിയോ വല്ലതും?”

കമലേടത്തി ആകാംക്ഷയോടെ ചോദിച്ചു.

“ഇല്ല…” അനു പകുതിയിൽ നിർത്തി.

“സാരല്ല്യ.. നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം ട്ടോ..”

അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ അവര് വെറും വാക്ക് പറഞ്ഞു.

അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

“ഇപ്പൊ എന്തിനാ കണ്ണ് നിറയണത് കുട്ടീ..??”

“ആ കുട്ടിക്ക് മിണ്ടാൻ കഴിയിണില്ല്യ.. എന്റെ മോളുടെ അതേ മുഖം ആണ്.., അതോ എന്റെ തന്നെ മുഖമോ..? വ്യക്തായില്ല്യ നിക്ക്..”

അനു ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.

കമലേടത്തിക്കു ഉത്തരം ഇല്ലായിരുന്നു.

വല്ലാത്ത ഒരു നിശബ്ദത ഒരു നിമിഷത്തേക്കെങ്കിലും അവരുടെ ഇടയിൽ അതിർവരമ്പിട്ടു. അത് തകർക്കാനെന്ന പോലെ കമലേടത്തി അനുവിനോട് ചോദിച്ചു..

“മരുന്ന് കഴിക്കണ്ടേ മോളേ..,നമുക്ക് അകത്തേക്കു പോയാലോ..?”

“ഏട്ത്തിക്കു കാല് വേദനിക്കുന്നുണ്ടോ ഞാൻ മടിയില് കിടന്നിട്ട്?”

“എന്റെ മോള് പുലരും വരെ കിടന്നാലും വേദനിക്കില്ല.. അത്രയ്ക്ക് ഉറപ്പാണ് എന്റെ കാലുകൾക്ക്..” കമലേടത്തി ഉറച്ച സ്വരത്തിൽ പറഞ്ഞു.

“ന്നാ ഇത്തിരി നേരം കൂടി..” അത് പറഞ്ഞ് അനു വീണ്ടും കണ്ണുകളടച്ചു.

കമലേടത്തി അന്ന് ആദ്യമായി സ്വന്തം ആയുസ്സിന് വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അനുവിന് ആരുണ്ടെന്നുള്ള ആധി അവരെ സ്വാർത്ഥയാക്കി. മനസ്സ് ഉരുകിയാണെങ്കിലും ദൈവത്തോട് അവർ ഒരു കാര്യം ആവശ്യപ്പെട്ടു. അനുവിന്റെ മരണശേഷം മാത്രമുള്ള തന്റെ മരണം..!

എവിടെയോ നഷ്ടപ്പെട്ട തന്റെ ബാല്യവും, കൗമാരവും, സർവ്വവും തേടി സ്വപ്നലോകത്തിലൂടെ അനാമിക പിന്നേയും യാത്ര ചെയ്തുകൊണ്ടേയിരുന്നു. സ്വന്തം മകൾക്ക് കൊടുക്കാൻ സാധിക്കാതെ പോയ സ്നേഹം, തന്റെ ആരുമല്ലാത്ത ഒരു സ്ത്രീയിൽ നിന്ന് ആവശ്യപ്പെടാതെ തന്നെ അനു ആവോളം അനുഭവിച്ച് കൊണ്ടിരുന്നു.

മാതൃത്വത്തിന്റെ വിചിത്രമായ അനുഭവം..!!

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം സ്വദേശിനി. പ്രവാസി ആയിരുന്നു, ഇപ്പോൾ പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 'അനാമിക' ആദ്യ കഥ ആണ്.