അനാദിയായ രാഗങ്ങൾ

നീ ചുംബിക്കുക.
പകലിൽ…. സന്ധ്യയിൽ
മഴയിൽ…. വെയിലിൽ….
മഞ്ഞിൽ…. നിലാവിൽ….
രാവു വെളുക്കുവോളം
നമുക്ക് ശയിക്കാം.

തിര പോലെ നുരഞ്ഞ്
കരപോലെ പതഞ്ഞ്
നിന്റെ ചുംബനങ്ങളിൽ പൂത്തുലഞ്ഞ
സുഗന്ധങ്ങളെ കടൽക്കാറ്റിലെറിഞ്ഞ്
പൊട്ടിയുടഞ്ഞ വളത്തുണ്ടുകളെ
കടൽച്ചിപ്പിയുടെ
കനവിനെറിഞ്ഞ്
നമുക്ക് പ്രണയിക്കാം.

കടലുനീർത്ത കമ്പളത്തിൽ
ആഴങ്ങളില്ലാതെ നമുക്ക് ശയിക്കാം
നിലാവിന്റെ നീലിച്ച പുടവയിൽ
നാം പരസ്പരം നഗ്നരാവുക.

രാവ് തേച്ചു മിനുക്കിയ
ഉടൽച്ചന്തങ്ങളെ
പ്രണയങ്ങളാൽ മുത്തിയെടുത്ത്
കടലിരമ്പങ്ങളെ ഹൃദയത്തിൽ നിറച്ച്
മൗനങ്ങളിൽ കഥമെനഞ്ഞ്
നമുക്ക് രാവു വെളുപ്പിക്കാം.

രാവു തളരുമ്പോൾ
പകലിലേക്ക് തുഴയെറിയുക
കന്യാ വിശുദ്ധിയുടഞ്ഞുതുളുമ്പിയ
ചോരപടർന്ന്
ചക്രവാളമൊരു സൂര്യഗർഭമാവും

വെയിൽ ചുംബനങ്ങളിൽ
തളിർത്ത് തളിർത്ത് മഴ
ആകാശത്തിന് മീതെ
ഒരു മഴവില്ല് വരച്ചു വയ്ക്കും.

എനിക്കറിയാം മഴവില്ലിന്റെ
മരണശാസ്ത്രം …..
എന്നിട്ടുമീ ഞാനോ….
പ്രണയം
കൊണ്ടൊരു പൂവമ്പു തീർക്കും
അനാദിയായ ആകാശത്തിലേക്കതിനെ
കുലച്ചു വയ്ക്കും
പ്രണയത്തിന്റെ ദൂതുമായത്
നക്ഷത്ര ദൂരമളക്കും

പ്രണയം മടുക്കാത്തൊരു
ഗന്ധർവനതിനെ കണ്ടെടുത്തിട്ടിക്കണ്ട
ദൂരമൊക്കെത്താണ്ടി
നിലാവുദിക്കുമ്പോഴെക്കുമെന്നിലേക്കൊരു
പാട്ടായി സ്ഖലിച്ചിറങ്ങും.

പാട്ടിന്റെ മണങ്ങളിൽ ചുറ്റിയും തിരിഞ്ഞും
ഞാനങ്ങനെ കല്പാന്തങ്ങളിലേക്ക്
നീളുന്ന രാഗങ്ങളെപ്പെറും
എന്റെ രാഗങ്ങൾ മീട്ടുമ്പോൾ
ഭൂമിയിലെ പാലകൾ പൂക്കുകയും
ശ്വസിക്കയും ചെയ്യും
ഭൂമിയിലെ അനുരാഗികൾ
പ്രണയിക്കയും കാമിക്കയും ചെയ്യും…
എന്റെ രാഗങ്ങളിൽ വിരഹങ്ങളില്ല
അതിനാൽ പൂവുകൾ കൊഴിയുകയും
നിലാവസ്തമിക്കയുമില്ല.

മേഘം പോലെ അലഞ്ഞങ്ങനെ..
ആകാശം പോലെ അനാദിയായി
പ്രണയം.

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്