അധിനിവേശങ്ങൾ

കഴുകനെ പോലെ
വട്ടമിട്ടു പറക്കുന്ന
ഹെലികോപ്റ്ററുകൾ..

ചിതറി വീഴുന്ന
ഭക്ഷണപ്പൊതികൾക്കായി
കൈകൾ നീട്ടിയോടുന്ന
പിഞ്ചു ബാല്യങ്ങൾ..

ഇതൊക്കെയാണ്
ഒരു അധിനിവേശ നാടിന്റെ
പൊടി പുരണ്ട ചിത്രങ്ങൾ.

പൊട്ടിയ ടാങ്കുകൾ..
മേൽക്കൂര കരിഞ്ഞ വീടുകൾ..
തകർന്ന
റോഡുകളും കെട്ടിടങ്ങളും..
ആധുനിക മനുഷ്യൻ
അധിനിവേശം ഒരു തുടർക്കഥയാക്കുന്നു..

വെടിയുണ്ടകളെ
ഗർഭം ധരിച്ച പുഴകൾ…
ബൂട്ടിട്ട കാലുകളിൽ
ഞെരിഞ്ഞമരുന്ന അമ്മനിലവിളികൾ..
ആധുനികത..
തീ..
കറുത്ത പുക..

സാമ്രാജ്യത്വത്തിന്റെ അടുക്കളയിൽ
ക്ലസ്റ്റർ ബോംബുകൾ
പാകമാവുന്നു..

അധിനിവേശങ്ങൾ
തുടർക്കഥയാവുന്നു..

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)