ചുവന്ന ഇരുട്ടിന്റ ചോരച്ചൂട്,
കണ്ണും കാതും രസനയും
ഗന്ധവുമൊരാദിബിന്ദു.
മാംസവഴികളിലൂടെ
ഊറിയിറങ്ങിയ അമ്മക്കനവുകൾ
നിറഞ്ഞ അകിടിന്റെ പാൽ മണം
നീലിച്ച പാവക്കണ്ണുകൾ ….
ശബ്ദങ്ങളുടെ മൊഴിപ്പിറവികൾ
കളിവണ്ടി, കളിയൂഞ്ഞാൽ
മണലിൽ വിടർത്തിയിട്ട
മുറിയക്ഷരങ്ങൾ
അർത്ഥം തിരഞ്ഞിറങ്ങിയ
വാക്കുകൾ.
പറയണമെന്നേറെ നിനച്ചിട്ടും
മൊഴിയായടർന്നു വീഴാതെ
നെഞ്ചടർത്തിയടർന്നു പോയ പ്രണയം .
കരൾ നീറ്റി ചാരമായ (?) കിനാവുകൾ.
കൺ തിളക്കങ്ങളാൽ പൂത്തുലഞ്ഞ
ഏകാകിനിയുടെ ഉന്മാദങ്ങൾ .
കെട്ടുപോകാതടങ്ങിയ
പ്രണയജ്ജ്വാലകൾ
സീമന്തരേഖയിൽ കുടഞ്ഞിട്ട
ശോണരേണുക്കൾ.
ചുവന്നപൂവുകൾ പടർന്നുലഞ്ഞുപോയ
കിടക്കവിരി.
പിന്നെയും
ഇരുൾദ്രവത്തിലേക്ക്
വഴുതിവീണു ജീവധൂളികൾ
പതിയെ
മിടിച്ചുമിടിച്ചീ വംശവൃക്ഷത്തിന്റെ
ചില്ലയിൽ തലകീഴായൊരു ധ്യാനം.
ചവിട്ടിയും
തൊഴിച്ചുമെന്നെയുമെന്നിലെയിരുട്ടിനേയും
വേരോടെ പിഴുതെടുത്തീയമ്മ നോവിന്റെ
ചുരമിറങ്ങിയ വാത്സല്യം.
വെളിച്ചത്തിന്നമ്മിഞ്ഞപ്പാൽ നുണയവേ
പാൽപ്പല്ലിൽ ദംശനത്താലുറച്ചു പോകുന്ന
വംശമുദ്രണങ്ങൾ ….
മനക്കണ്ണാടിയിൽ കൈയ്യും
കാലുമുടലും വളർന്നേറുമെന്നമ്മക്കനവ്.
കാലത്തിനെത്ര വേഗം!
പൂത്താലമേന്തിയ ചെമ്പുലരികളും
വജ്രതാലങ്ങളുഴിഞ്ഞ
പകൽപ്പാതിയുമെത്ര കടന്നുപോയീ!
ഇനിയീ ജനൽക്കാഴ്ചകളിൽ നിറയുന്നത-
സ്തമനത്തിന്റെ വെയിൽ വിളർച്ചകൾ.
തേഞ്ഞൊട്ടിയ പകലിന്റെ
കവിൾത്തുടിപ്പുകൾ.
വഴിമുറിഞ്ഞു പോയ
ആയുർരേഖകളാലെങ്ങിനെ
എന്റേതെന്നെന്റേതെന്നുറപ്പിക്കാനൊരു
വിരൽപ്പാട്.
തിമിരത്തിന്റെ
നിറം കെട്ട ആകാശത്തി
ലെങ്ങിനെ പടർത്തേണ്ടു മഴവില്ലിൽ
വർണ്ണശബളിമ .
സ്നേഹിച്ചിരുന്നോ നിങ്ങളെന്നെ ..…?
ഓർമ്മയില്ല….
പ്രണയിച്ചിരുന്നോ നീയെന്നെ…?
ഓർമ്മയില്ല……
ഓ .. പ്രണയവും സ്നേഹവും മരിച്ചു കഴിഞ്ഞുവോ..…!
അതില്ലാതെങ്ങിനെ ഞാൻ ……?
പ്രണയവും സ്നേഹവും മരിച്ചുവീണ
മണ്ണിൽ ഞാനിതാ നിശ്ചേഷ്ടയായി
തനിയെ കിടക്കുന്നു.
ഭൂമിയേ കേൾക്കുക !
എന്റെ ഹൃദയ നിശ്ചലതയെ …..
നീ ചേർത്തുപിടിച്ച
ചത്ത ഹൃദയങ്ങളിലൊന്നു ഞാൻ.
എനിക്കു മീതെ
കാലം പൊഴിച്ചിടട്ടെ മണ്ണടരുകൾ
എന്നെയുമൊഴുക്കിയെടുത്തൊരു ഗംഗ
കടൽപ്പെരുമ തിരയട്ടെ.
ഇനിയെന്റെ കൂട്ടുകാരി
നീ പറയുക:
എങ്ങനെയാണത്, എങ്ങനെയാണ് അത്…..?
ഉടൽ ബന്ധനങ്ങളെപതിയെപ്പതിയെ
അഴിച്ചെടുത്തീ കോലായിലെ
ചിതലരിച്ച അച്ചുകൂടത്തിന്നൊരു
കോണിൽ തൂക്കിയിട്ടി-
ട്ടാത്മാവിനെയുമെടുത്തു
നീ പലായനം ചെയ്തത്..
അത്രമേൽ എളുപ്പമായിരുന്നോ അത് …..?