അതിജീവിത

ഭഗവതിക്കാവിൻ്റെ ഇടവഴികൾ കടന്ന് പാടത്തേയ്ക്കുള്ള വഴിയിറങ്ങുമ്പോൾ നന്നേ പണിപ്പെട്ടു. ഈയിടെയായി വല്ലാത്തൊരു ക്ഷീണം. രഘുവിനെ ഒന്നു കാണണം.

“കുടുംബത്ത് ഒരു ഡോക്ടറുള്ളതോണ്ട് ഇനിയാരും അതന്വേഷിച്ചു നടക്കണ്ടാ” . രഘു പഠിപ്പു കഴിഞ്ഞു വന്നപ്പോ അവനെ ചേർത്തു പിടിച്ച് അഭിമാനത്തോടെ ഏട്ടൻ പറഞ്ഞത്  ഇന്നലെ കഴിഞ്ഞതു പോലെ ..

എത്ര വേഗാ കാലങ്ങൾ കടന്നു പോണത്. രഘുവിന് ജില്ലാ ഹോസ്പിറ്റലിൽ ജോലി കിട്ടി. കല്യാണം കഴിഞ്ഞു, രണ്ട് കുട്ടികളായി.

അവൻ്റെ സ്വഭാവത്തിനു മാത്രം ഒരു മാറ്റോ ല്യ. കുട്ടിക്കാലത്ത് അവനെ എടുത്തു വളർത്തിയ തന്നോട് ഇപ്പഴും വല്യേ സ്നേഹമാണ്.

മഴ തുടങ്ങണവരേ ഈ നടപ്പു പറ്റൂ. മഴക്കാലായാൽ റോഡിലൂടെ വളഞ്ഞു വേണം അമ്പലത്തിലെത്താൻ.

കുട്ടിക്കാലത്ത് കൂട്ടുകൂടി വേലിപ്പടർപ്പിലെ മിണ്ടാമിണ്ടിക്കായും കാരമുള്ളിലെ പഴവുമൊക്കെ പറിച്ചുതിന്ന് ദൂരമെത്ര താണ്ടിയാ സ്ക്കൂളിൽ പോവാറ്.

കുന്നുംപാടവും താണ്ടി നടന്നു തീർത്ത ആ വഴികളൊക്കെ മതിലുകളും വേലികളും  കെട്ടിയടച്ചു. യാത്രയ്ക്ക് ഇഷ്ടം പോലെ വാഹനങ്ങളായി.

സ്കൂളിലെ പഠിപ്പു കഴിഞ്ഞ് ടൗണിൽ പോയി പഠിച്ചു. ജോലിയ്ക്കു പോണംന്ന് കലശലായ മോഹമുണ്ടായിരുന്നു.
കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ജോലിയ്ക്കു പോകേണ്ടതില്ല എന്ന അച്ഛൻ്റെ തീരുമാനത്തിനു മുന്നിൽ അനുസരണയുള്ള മകളായി.

ഡിഗ്രി കഴിഞ്ഞ ഉടൻ കല്യാണം. നല്ല കുടുംബം, സുന്ദരൻ വിദ്യാസമ്പന്നൻ, കുടുംബത്തിൽ ഇഷ്ടം പോലെ സമ്പത്ത്. എതിർക്കാൻ യാതൊരു കാരണവും ഉണ്ടായിരുന്നില്ല..

അച്ഛനമ്മമാരുടെ ഇഷ്ടത്തിന്‌ സമ്മതം മൂളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. തൻ്റെ ജീവിതത്തിൽ സംഭവിച്ച ആ ദുരന്തം… സന്തോഷവും സമാധാനവുമറിയാത്ത രാത്രികളും പകലുകളും.

“എന്താ സുഖല്ലേ സുഭദ്രാമ്മേ? ” ഷാരയ്ക്കലെ ശ്രീധരനാണ്. ആരെ കണ്ടാലും ശ്രീധരൻ ഈ ചോദ്യം മാത്രേ ചോദിയ്ക്കൂ. മറുപടി കേൾക്കണന്നൊന്നും അയാൾക്കില്ല..

നോക്കുമ്പോഴേയ്ക്ക് ശ്രീധരൻ നടന്നു നീങ്ങീരുന്നു. പാവം ബുദ്ധി സ്ഥിരതയില്ല..

ഓരോന്നോർത്ത് നടന്നതോണ്ട് വീടെത്തീതറിഞ്ഞില്ല.

നാരായണി എത്തീട്ടുണ്ട്. മുറ്റമടിച്ച് ഇല മതിലരികിൽ കൂട്ടി വച്ചിട്ടുണ്ട്. കയ്യോടെ ചപ്പുചവറുകൾ പിറകിലുള്ള കുഴിയിൽ കൊണ്ടുപോയിടാൻ എത്ര പറഞ്ഞാലും ഈ ശീലം മാറ്റില്ല.

“വേണ്ട ഒന്നും കനപ്പിച്ചു പറയണ്ട… ഇക്കാലത്ത് വേറൊരാളെ കിട്ടാൻ എളുപ്പല്ല “

കാലുകഴുകി ഉമ്മറത്തേയ്ക്കു കയറി. നല്ല വിശപ്പുണ്ട്. എന്തേലും കഴിക്കണം.

മേശപ്പുറത്ത് നോക്കി. ഉപ്പുമാവും കടലക്കറിയുമാണ്. പാത്രത്തിലെടുത്ത് ഇരുന്നപ്പോൾ പെട്ടെന്ന് വർഷങ്ങൾക്കു മുൻപ് ഡൈനിങ്ങ് ടേബിളിനു മുൻപിൽ തലയിലൂടെ ഒലിച്ചിറങ്ങുന്ന കറിയുമായി നിസ്സഹായയായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് മനസ്സിൽ തെളിഞ്ഞത്.

വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഭർത്താവ് എന്നത്  മുതലാളിത്ത പദവിയാണെന്ന് തിരിച്ചറിഞ്ഞു.

അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ എല്ലാവരുടേയും വിവാഹം കഴിഞ്ഞു. അമ്മയും മകനും മാത്രമേയുള്ളൂ സുഭദ്രയുടെ ഭാഗ്യമാണ്. അമ്മ വിവാഹമുറപ്പിച്ച ശേഷം വരുന്നവരോടും പോകുന്നവരോടും പറഞ്ഞിരുന്നതാണ്.

ഒരു ഭാര്യ എന്നതിനേക്കാൾ എല്ലാർക്കും എന്തും പറയാവുന്ന ഒരു പണിക്കാരി എന്ന പദവിയായിരുന്നു അവിടെയുണ്ടായിരുന്നത്.

സഹോദരിമാർ മാറി മാറി വരും.അവർക്ക് സദ്യയൊരുക്കിയും മുഖം കറുപ്പിക്കാതെ വേണ്ടതൊക്കെ ചെയ്തു കൊടുത്തും വേണം നിൽക്കാൻ. അമ്മയുടേയോ സഹോദരിമാരുടേയോ ചെറിയൊരു അതൃപ്തി തൻ്റെ ശരീരത്തിലെ  തിണർത്തു കിടക്കുന്ന പാടുകളായി.

സഹി കെട്ട് ഭർത്താവ് ക്രൂരമായി ഉപദ്രവിയ്ക്കാറുണ്ടെന്ന് അമ്മയോട് പരാതി പറഞ്ഞപ്പോൾ പെൺകുട്ടികൾ പലതും സഹിക്കേണ്ടവരാണ് എന്നാലേ കുടുംബമുണ്ടാവൂ എന്ന ഉപദേശമാണ് കിട്ടിയത്.

വീട്ടിലേയ്ക്ക് പോകാൻ അനുവാദമില്ല. അവിടെ നിന്ന് ആരും വരുന്നതും ഇഷ്ടമായിരുന്നില്ല. വിവാഹത്തിൻ്റെ ആദ്യനാളുകളിലല്ലാതെ ആരും വന്നുമില്ല..

അന്ന് ഏട്ടൻ അമ്മാവൻ്റെ കൂടെ മദിരാശിയിലാണ്. വല്ലപ്പോഴും കത്തയയ്ക്കും. മറുപടി അയയ്ക്കാൻ തനിയ്ക്കു പറ്റാറില്ല.

ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നാളുകൾ. ചിറകരിഞ്ഞിട്ട കിളിക്കുഞ്ഞിനെപ്പോലെ വീടിൻ്റ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിക്കൂടി.

അതൊക്കെ സഹിച്ചു നിന്നു..  എന്നാൽ ജോലിക്കാരി വനജയെ കിടപ്പുമുറിയിൽ കയറ്റി തന്നെ പുറത്താക്കിയ ദിവസം. തന്നിലെ ഭാര്യയെ, സ്ത്രീയെ  അപമാനിച്ച അയാളുടെ തനിനിറം അമ്മയ്ക്കും സഹോദരിമാർക്കും മനസ്സിലാക്കിക്കൊടുക്കണമെന്നു കരുതി താഴെ വന്നു.

അമ്മയും വിരുന്നു വന്ന രണ്ടു സഹോദരിമാരും ടി വി യുടെ മുൻപിൽ തന്നെയുണ്ട്.

എനിയ്ക്കു പകരം മറ്റൊരു സ്ത്രീയാണ് കിടപ്പറയ്ക്കുള്ളിലെന്ന കാര്യം തേങ്ങിക്കരഞ്ഞുകൊണ്ടാണ് അവരോടു പറഞ്ഞത്.

“അതൊന്നും കാര്യമാക്കണ്ട.. വലിയ കുടുംബത്തിലെ ആണുങ്ങൾ ഇങ്ങനൊക്കെത്തന്നെയാണ്. നമ്മൾ അതൊക്കെ കണ്ടില്ലാന്നു വയ്ക്കണം” അമ്മയുടെ ഉപദേശം കേട്ടപ്പോൾ കരച്ചിലടക്കാനായില്ല.

“നീയെൻ്റെ മുറിയിൽ കിടന്നോ .. മുകളിലേയ്ക്ക് പോവണ്ട ” ജാനുവേട്ടത്തിയുടെ ആശ്വസിപ്പിക്കൽ…

ഒന്നും മിണ്ടാതെ തല കുനിച്ച് മുകളിലേയ്ക്ക് കയറി വരാന്തയുടെ മൂലയിലിരുന്നു. എപ്പഴോ കണ്ണടഞ്ഞു പോയി.

താഴെ നിന്ന് ഉറക്കെയുള്ള സംസാരം കേട്ടാണ് ഞെട്ടിയുണർന്നത്. നേരം വല്ലാതെ വെളുത്തിരിക്കുന്നു. താഴേയ്ക്കിറങ്ങി. അടുക്കളയിലേയ്ക്ക് കടക്കുന്ന വഴിയിൽ രൂക്ഷമായി നോക്കിക്കൊണ്ടയാൾ. കണ്ട ഭാവം കാണിച്ചില്ല.

“നിനക്കെന്താ പ്രമോഷൻ കിട്ടിയോ ഉച്ചയ്ക്ക് എഴുന്നേറ്റു വരാൻ എന്നു ചോദിച്ചു കൊണ്ട് തൊട്ടരികിലിരുന്ന പാത്രത്തിൽ വച്ചിരുന്ന കടലക്കറി തല വഴി കമഴ്ത്തി.

അനക്കമറ്റ് കണ്ണീരൊഴുക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..

അന്നു രാത്രി എല്ലാരും ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി. പുറത്തിറങ്ങി നേരെ നടന്നത് അടുത്തുള്ള റെയിൽ പാളത്തിലേയ്ക്കായിരുന്നു.

കാവൽക്കാരൻ ട്രാക്ക് പരിശോധിയ്ക്കാൻ ടോർച്ചടിച്ചു നോക്കിയപ്പോൾ തന്നെ കണ്ടില്ലായിരുന്നെങ്കിൽ അവിടെ തീർന്നേനേ ഈ ജീവിതം. വീട്ടിലേയ്ക്ക് പോവാൻ നിർബന്ധിച്ചിട്ടും കൂട്ടാക്കാതായപ്പോൾ പോലീസ് സ്റ്റേഷനിലേയ്ക്ക്. പരാതി എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. അവരറിയിച്ചതനുസരിച്ച് ഭർത്താവും അമ്മയും സഹോദരിമാരുമെത്തി. അച്ഛനുമമ്മയും ഏട്ടനുമെത്തി.

ഒരു കാരണവുമില്ലാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാം. ഡിപ്രഷനാണ് .. “ഭർത്താവിൻ്റെ വാക്കുകൾ കേട്ട് കണ്ണീരൊഴുക്കുന്ന അമ്മയെക്കണ്ട് ഉള്ളിലുയർന്ന രോഷമടക്കി. അച്ഛനൊന്നും മിണ്ടിയില്ല.

ഏട്ടൻ തൻ്റെ മുഖത്തേയ്ക്ക് നന്നായൊന്നു നോക്കി. തൻ്റെ കൈ പിടിച്ച് നടന്നു നീങ്ങാനൊരുങ്ങിയ ഭർത്താവിൻ്റെ കയ്യിൽ പിടിച്ചു.

ഇവൾ തത്ക്കാലം ഞങ്ങളുടെ കൂടെ വരട്ടെ. എൻ്റെ സുഹൃത്ത് സൈക്കോളജിസ്റ്റാണ്. അവനെ കാണിക്കാം എന്നു പറഞ്ഞപ്പോൾ ഭർത്താവിൻ്റെ കൈ തട്ടിമാറ്റി ഏട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. പലതും പറഞ്ഞ് കൂട്ടിക്കൊണ്ടുപോവാൻ ശ്രമം നടത്തി. ഏട്ടൻ സമ്മതിച്ചില്ല..

പിന്നീടൊരിക്കലും തിരിച്ചുപോയില്ല. അമ്മ എല്ലാം പറഞ്ഞിട്ടും തിരിച്ചു പോകാനാണ് ആവശ്യപ്പെട്ടത്. അച്ഛന് ഒരു കാലത്തും സ്വന്തമായ അഭിപ്രായങ്ങളില്ല. അമ്മയുടെ വാക്കുകളായിരുന്നു അച്ഛൻ്റെ തീരുമാനങ്ങൾ ..

ഏട്ടൻ കൂടെ നിന്നു. വിവാഹ ശേഷം ഏട്ടത്തിയമ്മയും തന്നെ മകളെപ്പോലെ സ്നേഹിച്ചു.

കാനഡയിലുള്ള മോളുടെ അടുത്താ രണ്ടാളും. തണുപ്പ് പറ്റണില്ലാ പെട്ടെന്നു വരുമെന്നാ വിളിച്ചപ്പോ പറഞ്ഞത്.

ഇതുവരെ ഏട്ടൻ തനിക്ക് ഒന്നിനും ഒരു മുട്ടു വരുത്തിയിട്ടില്ല. നേരം പോക്കിന് കുട്ടികൾക്ക് ട്യൂഷനെടുത്തു.. നിർധന കുടുംബങ്ങളിലെ കുട്ടികളാണ്. ഫീസൊന്നും വാങ്ങാറില്ല…

“ആരൂല്ലേ ഇവിടെ ”  ഇത്രയും നേരം ഭക്ഷണവും മുന്നിൽ വച്ച് ഇരിക്യായിരുന്നോ ?

“ആരാണാവോ?  പുറത്തേയ്ക്ക് നടന്നു.

സുഭദ്രമ്മായിയല്ലേ? ഒട്ടും പരിചയം തോന്നിയില്ല. ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. മുൻപെങ്ങും കണ്ടിട്ടില്ല. തൻ്റെ സംശയഭാവം കണ്ട് അവർ സ്വയം പരിചയപ്പെടുത്തി. തെക്കേപ്പാട്ടെ മീനൂട്ടിയുടെ മക്കളാ.

തൊട്ടു മുൻപ് താൻ ചിന്തിച്ചു പോയ ആ ദുരിത ദിനങ്ങളുടെ തുടർച്ചയ്ക്കായാണോ ഇവരെത്തിയത്?
തെക്കേപ്പാട്ടെ എന്ന പേരുകേട്ടപ്പോൾഉള്ളിലുയർന്നു വന്ന വെറുപ്പും ദേഷ്യവും പണിപ്പെട്ട് നിയന്ത്രിച്ചു.

തൻ്റെ മുഖം കണ്ട് എന്തു പറയണമെന്നറിയാതെ കുഴങ്ങിപ്പോയെങ്കിലും പെൺകുട്ടി ചിരിച്ചു കൊണ്ട് വന്ന കാര്യം അവതരിപ്പിച്ചു. മോഹനമ്മാവന് അമ്മായിയെ കാണണമെന്നു പറഞ്ഞു..

ആ പേരുകേട്ടതും ശരീരത്തിൽ പലപ്പോഴായി കൊണ്ട അടികളുടെ വേദന ശരീരമാകെ വ്യാപിക്കുന്നതു പോലെ തോന്നി.

സുഭദ്രയ്ക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്ന് പറഞ്ഞേക്കു. മക്കളുപൊയ്ക്കോളൂ. എനിയ്ക്കൊന്ന് കിടക്കണം. അവരുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മുൻവാതിലടച്ച് അകത്തേയ്ക്ക് കടക്കുമ്പോൾ ജീവിതത്തിലെ ഈ താളുകൾ ഇനിയൊരിക്കലും ഓർമ്മയിലേക്കു വരല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സുനിറയെ. 

തൃശൂർ കേച്ചേരി സ്വദേശി. കുന്നംകുളം ബഥനി സെൻറ് ജോൺസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപികയാണ്