അഞ്ചു കവിതകൾ

പറന്നുപോകൂ

അറിയാതെ വീട്ടിനുള്ളിൽ 
പെട്ടുപോയ കിളിയെന്നു തോന്നുന്നുവോ
ഇനി ഒന്നും ചെയ്യാനാവില്ലെന്ന്?
ചിറകടിക്കൂ
മുറിയിൽ തളം കെട്ടിയ വായുവിനെ
നൃത്തം ചെയ്യിക്കൂ
ശേഷം പറന്നുപോകൂ. 

നൂലിനെക്കുറിച്ച്

സൂചിയെപ്പറ്റി നിർത്താതെ പറയുന്നു,
നൂലിനെക്കുറിച്ച്
പരമാവധി നിശ്ശബ്ദത പാലിച്ചുകൊണ്ട്.
മുറിവുകൾ തന്നു
സൂചി കടന്നുപോയ ശേഷവും,
ചേർത്തു പിടിച്ചുകൊണ്ട്
നൂൽ കൂടെയുണ്ടെന്നറിഞ്ഞിട്ടും.

വേഗം

ഈ കുതിപ്പ്
കുറഞ്ഞ നേരത്തിനേ ഇണങ്ങൂ
ദീർഘകാലത്തെ കടന്നുപോകാൻ
പതുക്കെ
കരുതലോടെയുള്ള
ചുവടുവെപ്പുകൾ വേണം
ഘടികാരത്തിലെ
മണിക്കൂർസൂചി
സെക്കന്റ്സൂചിയെ പഠിപ്പിക്കുകയാണ്.

ഒപ്പം

എനിക്കു മുന്നിൽ നടക്കാനാളെത്ര!
പിന്നിൽ വരാനുമുണ്ടാളുകൾ
എനിക്കു വേണ്ടത് ഒപ്പം നടക്കുന്ന ഒരാളെയാണ്.
ദൈവം ചോദിച്ചു:
ഞാൻ മതിയാകുമോ ? 

ഉരഗമേ

പത്തിയുയർത്തിയുള്ള
ആ ഒരു നിമിഷത്തെ നിൽപ്പിൽ
ഇന്നുവരേയുള്ള മുഴുവൻ ഇഴച്ചിലുകളും
റദ്ദായിപ്പോയിരിക്കുന്നു.

ജലഭൂപടം, മാന്ത്രികൻ, ഓട്ടോഗ്രാഫ്, മൺവീറ്, വീരാൻ കുട്ടിയുടെ കവിതകൾ, മിണ്ടാപ്രാണി Always In Bloom, A Stroll Grazing Each Other എന്നിവ കവിതാസമാഹാരങ്ങൾ. ഉണ്ടനും നൂലനും, നാലുമണിപ്പൂവ്, കുഞ്ഞൻപുലി കുഞ്ഞൻമുയലായ കഥ എന്നിവ ബാലസാഹിത്യകൃതികൾ. കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വീരാൻ കുട്ടിയുടെ കവിതകൾ എന്ന സമാഹാരം ഗലേറിയ ഗാലന്റ് അവാർഡ് നേടി. ചെറുശ്ശേരി അവാർഡ്, പി കുഞ്ഞിരാമൻ നായർ കാവ്യപുരസ്കാരം, അയനം എ അയ്യപ്പൻ അവാർഡ്, വിടി കുമാരൻ കാവ്യ പുരസ്കാരം, കെ എസ് കെ തളിക്കുളം അവാർഡ്, തമിഴ് നാട് സി ടി എം എ സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ നേടി. ബാലസാഹിത്യത്തിന് എസ് ബി ടി അവാർഡ് ലഭിച്ചിട്ടുണ്ട്. മടപ്പള്ളി ഗവ.കോളജിൽ മലയാള വിഭാഗം മേധാവിയാണ്