അച്ഛനെപ്പോലെ ഒരാൾ

ചെരിപ്പിടാതെ
നടന്നുപോകുന്നു
ഒരാൾ.

അച്ഛന്റെ
അതേ നടത്തം
നടക്കുമ്പോൾ ഉറച്ച കാൽവയ്പ്പ്
കൈ വീശുമ്പോഴുള്ള വേഗത
കൈക്കുഴയിൽ തൂങ്ങി നടക്കും
ടൈറ്റാൻ വാച്ച്
ഉലഞ്ഞ ഖദർ ഷർട്ട്
മാടിക്കുത്തിയ അതേ രാംരാജ് മുണ്ട്.

‘അച്ഛാ’ എന്ന് ഉള്ളിൽ വിളിച്ച്
ചെരിപ്പിടാതെ
ഇടവഴിവരെ ഓടിച്ചെല്ലുന്ന
ഒരു ബാല്യമെപ്പോഴുമുണ്ടാകും
എത്ര മുതിർന്നാലും
ചില പെൺകുട്ടികൾക്ക്.

ചീറിപ്പായും
വണ്ടിയിലിരുന്ന് നോക്കുമ്പോൾ
പിറകിലേക്കാവുന്ന
അനേക വൃക്ഷങ്ങൾക്കിടയിലൂടെ
തിരിഞ്ഞു നോക്കാതെ പോകുന്നു ഒരാൾ.

നടന്നുനടന്നു പോകുന്നത്
നോക്കി നിൽക്കുമ്പോൾ
അച്ഛന് തലയെടുപ്പ്,
മുന്നിലെ
വമ്പൻ മലകൾക്കും മീതെ.

പോകപ്പോകെ ഇരുട്ട് കുമിയുമ്പോൾ
ഒരെട്ടുവയസ്സുകാരിയുടെ
അനിശ്ചിതത്വത്തിലേക്ക്
ഇടറിവീഴുന്നു,
ആ കുന്നും മലകളും.

‘അച്ഛാ, എനിക്കൊരു കരടിപ്പാവ
എനിക്കൊരു ഫ്രോക്ക്
എനിക്കൊരു പമ്പരം
ബലൂൺ, ഓലപ്പീപ്പി…’
സ്വപ്നത്തിലെ
പാവകൾക്കെല്ലാമെന്താണിങ്ങനെ
അച്ഛന്റെ വിദൂരനോട്ടം?

നോക്കി നോക്കിയിരിക്കെ
വൈകുന്നേരമാകുമ്പോൾ
അച്ഛനും
സൂര്യനെപ്പോലെ.

അരക്ഷിതത്വങ്ങളുടെ
ഇരുട്ടിലൂടെ ഓടിപ്പോകുന്നു
ഒരു പെൺബാല്യം.

അവസാനത്തെ നക്ഷത്രവും
ഉറക്കമാകുമ്പോൾ
ചെരിപ്പിടാതെ ഇരുട്ടിൽ
ക്ഷേത്രക്കൊടിമരം കടന്ന്
നടന്നുവരുന്നു ഒരാൾ.

വിരലിനിടയിൽ തെരുപ്പിടിപ്പിച്ച
അമ്പിളിവട്ടമുള്ള
മെഴുകുതിരിനാളത്തിന്റെ വിറയൽ
കൈക്കുഴയിൽ വെള്ളിനിറമുള്ള
ടൈറ്റാൻ വാച്ചിന്റെ തിളക്കം
അച്ഛന്റെ അതേ നടത്തം
‘അമ്മേ… അച്ഛൻ…!’

നോക്കിനോക്കി നിൽക്കെ
ചെമ്പരത്തിക്കാടും കഴിഞ്ഞ്
ഒരാൾപ്പൊക്കമുള്ള
കൈതമുൾക്കാടുകൾ വകഞ്ഞ് മാറ്റി
തോടിനു കുറുകെ പാലം കടന്ന്
വീട്ടിലേക്കുള്ള വഴി തെല്ലുമാറി
തല കുനിച്ച്
നടന്നകന്നു പോകുന്നു
അച്ഛനെപ്പോലെ നടത്തമുള്ളൊരാൾ.

ഇരുട്ടത്ത് രാംരാജ് മുണ്ട്
കുന്നിനപ്പുറം
അകലുന്നൊരു നിലാക്കീറ് പോലെ.

പാതിയുറക്കത്തിനിടെ
‘അച്ഛാ’ എന്ന ഉൾവിളിയിൽ
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ
കിളിവാതിലിനപ്പുറം
അച്ഛനും പുലരിവെട്ടത്തിലെ
അമ്പിളിയമ്മാവനെപ്പോലെ.

അച്ഛാ, അച്ഛാ എന്ന് ഉള്ളിലേങ്ങി
ചെരിപ്പിടാതെ ഇടവഴിവരെ
ഓടിച്ചെല്ലുന്ന ബാല്യത്തിനുമീതെ
നിർത്താതെ പെയ്തു തിമിർത്ത
അനിശ്ചിതത്വത്തിന്റെ
അരക്ഷിതത്വത്തിന്റെ
ഒച്ചയില്ലാത്ത ശൂന്യതയെ കരിച്ചു കളഞ്ഞു
ഒറ്റനിമിഷം കൊണ്ടവളുടെയമ്മ.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു