പ്രഭാതത്തിൽ
പത്രപാരായണത്തിനിടെയായിരുന്നു
അത് പറന്നിറങ്ങിയത്.
ചിറകിൽ
ആയിരം വർണ്ണങ്ങളുടെ
നിഗൂഢഭാഷയുമായി
ഒരു ചിത്രശലഭം.
ചരമക്കോളത്തിന്റെ
മരവിച്ച താള്.
ഋതുക്കളുടെ തേരോട്ടത്തിൽ
മുറിഞ്ഞ വാക്കിന്റെ ഇടർച്ച.
ഗ്രിഗർ സാംസയല്ല,
രൂപാന്തരീകരണത്തിന്.
അടിമുടിയുണങ്ങിക്കരിഞ്ഞ
മരത്തണലിൽ
ധ്യാനത്തിലായിരുന്നിരിക്കാം,
ബോധത്തിൽ നിന്ന്
അതിബോധത്തിലേക്കാഴ്ന്ന
മരീചികയുടെ ഒറ്റമുളം തണ്ട്.
ഒരു രാസലായനിക്കും
അണുവിമുക്തമാക്കാനാവാത്ത
ദുഷിച്ച വൃത്താന്ത ലഹള.
ഉമ്മറമാകെ നിറയുന്ന
ശലഭമഴയിൽ
വിശുദ്ധവർത്തമാനത്തിന്റെ
ലോക് ഡൗൺ
കനലിരമ്പം
കാതുകളെ കൊടുങ്കാട്ടിലേക്ക്
വലിച്ചുകൊണ്ടു പോയി.
അങ്ങനെയാണ്
ആ മഴ തോർന്നത്!