അക്ഷരങ്ങൾ കഥ പറയുന്ന നാളുകൾ

ലോകത്തിന്റെ പുസ്തക തലസ്ഥാനമായ ഷാർജയിൽ ഏറ്റവും വലിയ പുസ്തക ശേഖരവുമായി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് അരങ്ങുണർന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മഹാമേള ഉത്‌ഘാടനം ചെയ്തു. അക്ഷരങ്ങളുടെ കഥ എന്നതാണ് ഇത്തവണത്തെ മുപ്പത്തിയേഴാമത്‌ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രമേയം. പെറുവിലെ മെഷിഹ്വന്‍ഗ എന്നറിയപ്പെടുന്നവരുടെ ഇടയില്‍ ഒരു കഥപറച്ചിലുകാരന്‍ എപ്പോഴുമുണ്ടാകും. ഒരിടത്ത് സ്ഥിരമായി താമസിച്ചാല്‍ സൂര്യന്‍ മണ്ണിലേക്കു വീണുപോകുമെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. അതുകൊണ്ട് അവര്‍ നിരന്തരം സഞ്ചരിക്കുന്നു. അങ്ങനെ പലയിടങ്ങളില്‍ ചിതറിയ അവരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കഥപറച്ചിലുകാരന്‍. ഒരിടത്തുചെന്ന് അയാള്‍ അവിടെ താമസിക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നു. ആ കഥകളും തന്റെ അനുഭവങ്ങളും അവര്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നു. മാരിയോ വര്‍ഗാസ് യോസയുടെ  ‘കഥപറച്ചിലുകാരന്‍’  (El Hablador) എന്ന നോവലിലാണ് ഇത്തരമൊരു മനോഹര ഭാവനയുള്ളത്. അനേകം കാരണങ്ങള്‍കൊണ്ട് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ കഥകള്‍ പരസ്പരം കൂട്ടിയിണക്കുന്നുവെന്ന സുന്ദരമായ ഈ ആശയത്തെ ഓർമ്മിപ്പിക്കുന്നതാണ് പതിനൊന്ന് ദിവസങ്ങളിലായ് അരങ്ങേറുന്ന ഷാർജ പുസ്തകമേള.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേള എന്ന നിലവിലെ റിക്കോർഡ് ഇക്കുറി ഷാർജ ഒന്നാം സ്ഥാനം കൊണ്ട് തിരുത്തി കുറിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് കോടി പുസ്തകങ്ങളാണ് ഇക്കുറി പ്രദർശനത്തിനും വില്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്. 77 രാജ്യങ്ങളിൽ നിന്നുള്ള 16 ലക്ഷം പുസ്തകങ്ങളുടേതാണ് ഇത്രയും കോപ്പികൾ. ഇതിൽ ആദ്യ പ്രതിയായി എത്തുന്ന 80,000 പുസ്തകങ്ങളുണ്ട്. 1874 പ്രസാധകരാണ് ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തക മേളയിൽ പങ്കെടുക്കുന്നത്. ഇതിൽ 12 പുതിയ പ്രസാധകരുമുണ്ട്. തമിഴിൽ നിന്ന് ആദ്യമായി 12 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് 472 എഴുത്തുകാരും മറ്റു കലാകാരന്മാരും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന 1800 വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്. 

രാവിലെ ഒൻപത് മുതൽ രാത്രി പത്തു വരെയാണ് പരിപാടികൾ.വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തിന്ന് വരെയും. 

അറബി ഇംഗ്ളീഷ് ഭാഷകൾ കഴിഞ്ഞാണ് പതിവുപോലെ മലയാളത്തിനാണ് ഇക്കുറിയും പ്രതിനിധ്യം. കഴിഞ്ഞ വർഷം മുതൽ ഏഴാം നമ്പർ ഹാളിലാണ് മലയാളം അടക്കമുള്ള ഇന്ത്യൻ പ്രസാധകർക്ക് ഇടമൊരുക്കിയിരിക്കുന്നത്.

റൈറ്റേഴ്‌സ് ഫോറം എന്ന പുതിയൊരു വേദി കൂടി ഇക്കുറി ഒരുക്കിയിട്ടുണ്ട്. 170 പരം മലയാളം, ഹിന്ദി, ഇംഗ്ളീഷ് പുസ്തകങ്ങൾ എവിടെ പ്രകാശനം ചെയ്യും. 

ശശി തരൂർ, റസൂൽ പൂക്കുട്ടി, സംഗീതജ്ഞൻ ഡോ.എൽ. സിബ്രഹ്മണ്യം, നടൻ മനോജ് കെ.ജയൻ, മനു.എസ്.പിള്ള, യു.കെ. കുമാരൻ, അബ്ദുൽ സമദ് സമദാനി, സന്തോഷ് ഏച്ചിക്കാനം, എസ്.ഹരീഷ്, കെ.വി. മോഹൻ കുമാർ, അൻവർ അലി, പി.രാമൻ, ദിവാകരൻ വിഷ്ണുമംഗലം, ഫ്രാൻസിസ് നൊറോണ, സിസ്റ്റർ ജെസ്മി, ദീപ നിഷാന്ത്, മനോജ് വാസുദേവൻ, ഗൗർ ഗോപാൽ ദാസ്, ചേതൻ ഭഗത്, കരൺ ഥാപർ, നന്ദിദ ദാസ്, കനിമൊഴി, നടൻ പ്രകാശ് രാജ് തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നത്. 

ജപ്പാനാണ് ഇക്കുറി മേളയിലെ അതിഥി രാജ്യം. 13 ജാപ്പനീസ് എഴുത്തുകാർ ഇതിന്റെ ഭാഗമായി പകെടുക്കുന്നുണ്ട്. 

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം