അക്ഷരങ്ങൾ ഉറങ്ങുന്ന കൽത്തൂണുകൾ……

പണ്ട്… വളരെ പണ്ട്  ആയിരത്തോളം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ വിദ്യാ കേന്ദ്രങ്ങൾ  വീടുകൾ ആയിരുന്നു. വിദ്യാഭ്യാസത്തിന്റെ  തുടക്കവും  ഇത്തരം ഭവനങ്ങളിൽ നിന്നുമായിരുന്നു. കുലത്തൊഴിലുകൾക്കു പ്രാധാന്യം നൽകുന്നതിന് വേണ്ടിയായിരുന്നു വീടുകൾ അന്ന് പാഠശാലകൾ ആക്കിയിരുന്നത്.ആയുർവേദം,കളരി,വാസ്തു ശാസ്ത്രം, ജ്യോതിഷം  അങ്ങനെ പലമേഖലകളിലും മികച്ച പരിശീലനം നൽകിയിരുന്ന ഒരു കാലമായിരുന്നു അത്. ചുരുക്കത്തിൽ ചരിത്രത്തോട് ചേർത്തു വായിച്ചാൽ കേരളത്തിലെ പ്രാചീന വിദ്യാകേന്ദ്രങ്ങൾ വീടുകൾ  ആയിരുന്നു എന്ന് തന്നെ പറയാം

വീടുകൾ കഴിഞ്ഞാൽ വിദ്യാശാലകൾ ക്ഷേത്രങ്ങളായിരുന്നു.ക്ഷേത്രങ്ങളോടനുബന്ധിച്ചു വേദപഠനശാലകളും, സഭാമണ്ഡലങ്ങളും ഉണ്ടായിരുന്നു.ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു എന്നുള്ളതിന് അക്കാലത്ത് എഴുതപ്പെട്ട കാവ്യങ്ങൾ സൂചനകൾ നൽകുന്നുണ്ട്. ചരിത്രത്തിന്റെ ഓർമ്മകൾ ഇപ്പോഴും ഉറങ്ങുന്ന ഒരു സർവ്വകലാശാലയുടെ ശേഷിപ്പുകൾ കേരളത്തിന്റെതലസ്ഥാനനഗരിയായ തിരുവനന്തപുരത്തിപ്പോഴും ഉണ്ട്.

തിരുവനന്തപുരത്തെ സർവ്വകലാശാല എന്നു കേൾക്കുമ്പോൾ   കേരള സർവ്വകലാശാല ആണ്‌ ഓർമ്മയിൽ വരിക. ശ്രീചിത്തിരത്തിരുനാൾ മഹാരാജാവിന്റെ  വിളംബരം അനുസരിച്ച് രൂപം കൊണ്ട തിരുവിതാംകൂർ സർവ്വകലാശാലയാണ് ആണ് പിന്നീട്‌ കേരള സർവ്വകലാശാലയായി പരിണമിച്ചത്. എന്നാൽ അതിനും വളരെ മുൻപ് ആയിരം വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്തു ഉണ്ടായിരുന്നു എന്ന് പലർക്കും  അറിയില്ല. ഭാരതത്തിന്റെ പ്രാചീന വിദ്യാകേന്ദ്രമായ നളന്ദയും തക്ഷശിലയും പോലെ ഇന്ത്യയുടെ തെക്ക് തിരുവനന്തപുരത്തുണ്ടായിരുന്ന യൂണിവേഴ്സിറ്റി ആണ് കാന്തളൂർ ശാല. അക്കാലത്ത് നിലനിന്നിരുന്ന വേദപഠനശാലകളിൽ പേര് കേട്ട ഒന്നായിരുന്നു കാന്തളൂർശാല.

ആയിരത്തി ഇരുനൂറ് വർഷം മുൻപുണ്ടായിരുന്ന ഈ വിദ്യാകേന്ദ്രം വെറും ഒരു പഠന ശാല മാത്രമായിരുന്നില്ല.ദക്ഷിണ നളന്ദ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ പഠനകേന്ദ്രം വിവിധ വിഷയങ്ങളും വിജഞാനവും  പകർന്നു നൽകുന്ന ഒരു വിദ്യാലയം ആയിരുന്നു.. ആയ് രാജ വംശത്തിന്റെ അന്നത്തെ തലസ്ഥാനം ആയിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തളൂർ ശാല  എന്ന് ചില വാദഗതികൾ ഉണ്ടെങ്കിലും ശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തെ വലിയശാലയിലാണ് എന്നാണ് തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നത്. ആയ് രാജാവായിരുന്ന കരുന്തടുക്കൻ ആണ്  ഇത് സ്ഥാപിച്ചതെന്നും പിന്നീട് വിക്രമാദിത്യ വരഗുണന്റെ കാലത്ത്   ലോക പ്രശസ്തിയാർജിച്ചു എന്നും പറയപ്പെടുന്നു. കരുന്തടുക്കൻറെ ഹജൂർശാസനങ്ങളത്തിൽ കാന്തളൂർ ശാലയെ കുറിച്ചു പറയുന്നുണ്ട്. മണിപ്രവാള കവിതകളിൽ വ്യത്യസ്തമായ സ്വഭാവ വിശേഷം പുലർത്തുന്ന അനന്തപുര വർണ്ണനതയിലെ സൂചനയിൽ നിന്നും കാന്തളൂർ ശാല തിരുവനന്തപുരത്തെ വലിയശാലയിൽ ആണെന്ന് മനസ്സിലാക്കാം. വലിയ ശാലയിലെ കാന്തളൂർ ക്ഷേത്രത്തെ കുറിച്ചും, തമിഴ് ബ്രാഹ്മണരെ കുറിച്ചും ഇതിൽ വർണ്ണിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലോ രചിക്കപ്പെട്ടു എന്നു പറയപ്പെടുന്ന ഈ കൃതിയിൽ തിരുവനന്തപുരത്തിന്റെ വർണ്ണനയാണ് ഉള്ളത്. ചോളശാസനകളിലും ഈ വിദ്യാശാലയെക്കുറിച്ഛ് പറയുന്നുണ്ട്‌. “വലൈ കീഴ് കാന്തളൂർ ചാലൈ” എന്ന ചോള ശാസനത്തിലെ പരാമർശം ആണ് ഇത്‌ വിഴിഞ്ഞതിനടുത്തുള്ള കാന്തളൂർ എന്ന് പറയുവാൻ കാരണം.

നമ്പൂതിരി സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമായിരുന്നു ശാലയിൽ പഠനം അനുവദിച്ചിരുന്നത്. അതിൽ തന്നെ ആട്,  ഏട് ,ദീക്ഷ ,പിച്ച,ഓത്ത് എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ സ്ഥാനമുള്ളവർക്കു മാത്രമേ വേദ പഠനം അനുവദിച്ചിരുന്നുള്ളൂ. സമാവർത്തനം കഴിഞ്ഞാൽ നമ്പൂതിരി കുട്ടികൾ  വേദ പഠനവും സംസ്കൃതവും സായത്തമാക്കണമെന്നത് നിർബന്ധമായിരുന്നു. വ്യാകരണം, മീമാംസ, പൗരോഹിത്യം, പാണ്ഡിത്യം തുടങ്ങിയവയിൽ ജ്ഞാനം ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശനം നൽകിയിരുനുള്ളു.

ശ്രീലങ്കയിൽ നിന്നുപോലും  വിദ്യാഭ്യാസം നേടുവാൻ വിദ്യാർഥികൾ കാന്തളൂർ ശാലയിൽ എത്തിയിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്.ഗുരുകുല വിദ്യാഭ്യാസം ആയിരുന്നു ശാലയിൽ  തുടർന്ന് പോയിരുന്നത്‌. വളരെ   കഠിന്യമേറിയ  ശിക്ഷണത്തിൽ ആയിരുന്നു ശാലയിലെ പഠനം. വിദ്യാർഥികൾക്കു താമസിച്ചു പഠനം നടത്തുവാനുള്ള സൗകര്യങ്ങളും ,പഠനമുറികൾക്ക് വലിപ്പമുള്ള കൽത്തൂണുകളും ഉണ്ടായിരുന്നു. വേദം,മന്ത്രം,ജ്യോതിശാസ്ത്രം,ശാസ്ത്രം,ആയുർവേദം,കൂടാതെ കലകളും ഈ വിദ്യാശാലയിൽ അഭ്യസിപ്പിച്ചിരുന്നു.

ലോക പ്രശസ്ത സർവ്വകലാശാലകൾ ആയ ഓക്സ്ഫോർഡും കേംബ്രിഡ്ജും ഉണ്ടാകുന്നതിനു വളരെ മുൻപ് അതായത് ആയിരത്തി ഇരുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഭാരതത്തിൽ, അതും കേരളത്തിൽ വിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയിരുന്ന ഒരു യൂണിവേഴ്സിറ്റി ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ്. ഒൻപത് പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ നിലനിന്നിരുന്ന ഈ മഹാശാല തുടർച്ചയായി ഉണ്ടായിരുന്ന ചോള ആക്രമങ്ങളിൽ നശിച്ചു പോയി എന്ന് പറയപ്പെടുന്നു എങ്കിലും പണ്ഡിതന്മാർക്കിടയിൽ ഇതിനെക്കുറിച്ചും ഭിന്ന അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ശാല സ്ഥിതി ചെയ്തിരുന്നതിന്റെ അടുത്തായി വലിയശാല ശിവ ക്ഷേത്രം  നമുക്ക് കാണാം .ക്ഷേത്ര പരിസരത്ത് ശാലയുടേത് എന്നു പറയപ്പെടുന്ന  കൽത്തൂണുകൾ  ഇന്നും കാണുവാൻകഴിയുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ മായാത്ത ബാക്കി പത്രങ്ങളാണ് ഈ കൽത്തൂണുകളും അവശിഷ്ടങ്ങളും. നൂറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാടിനെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയിരുന്ന മഹാവിജ്ഞാനകേന്ദ്രമായിരുന്ന കാന്തള്ളൂർ ശാല ഉൾപ്പെടുന്ന ഈ പ്രദേശം ഇന്ന് കേരളആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ന്റെ പരിധിയിൽ ആണ് .

അക്കാലത്ത് നിലനിന്നിരുന്ന പല വേദ പഠന ശാലകളിലും ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർക്കുമാത്രം വിദ്യാഭ്യാസം നൽകിയിരുന്നത് എന്നത് കൊണ്ട് പണ്ടുകാലത്ത് വിദ്യാഭ്യാസം എന്നത്  ഉന്നത കുലജാതർക്ക് മാത്രമായിരുന്നു എന്ന് തീർപ്പു കല്പിക്കുവാൻ കഴിയില്ല. ബ്രാഹ്മണ ഭാഷയായ സംസ്കൃതം അറിയാവുന്നവരായിരുന്നു അന്നത്തെ അബ്രാഹ്മണരായ ഗുരുക്കന്മാരും, പണ്ഡിതന്മാരും. രാമചരിതകാരൻ  എന്നറിയപ്പപ്പെടുന്നചീരാമകവി ബ്രാഹ്മണൻ എന്ന് ആരും പറഞ്ഞിട്ടില്ല.അതേപോലെ പിന്നീട് വന്ന കണ്ണശ്ശ കവികളും ബ്രാഹ്മണർ അല്ലായിരുന്നു.ചുരുക്കത്തിൽ മലയാള ഭാഷയുടെ പിതാവ് പോലും ഉന്നത കുലത്തിൽ ജനിച്ച ആൾ ആയിരുന്നില്ല.ക്ഷേത്രത്തിൽ നിലനിന്നിരുന്ന ഇത്തരം പഠശാലകൾ വരേണ്യ സമുദായത്തിന്  പ്രാധാന്യം കൊടുത്തിട്ടും  നൂറ്റാണ്ടുകൾക്കപ്പുറത്തു അഗാധപാണ്ഡിത്യമുള്ള അബ്രാഹ്മണർ എങ്ങനെ  ഉണ്ടായി എന്നത് ചിന്തനീയം തന്നെ.

സുജ ജെ.സാഹിബ് (സുജ -വയൽപൂവുകൾ). തിരുവനന്തപുരം സ്വദേശി. അധ്യാപിക. വയല്‍‌പൂവുകള്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്നു. ആനുകാലികങ്ങളില്‍ കഥ, സഞ്ചാര സാഹിത്യം, ലേഖനങ്ങള്‍ എന്നിവ എഴുതുന്നു.