അക്ഷരങ്ങളില്ലാത്ത കവിത

കാലം നുള്ളിയെടുത്ത സ്വപ്നങ്ങളെ
കൂട്ടിവച്ചൊന്നെഴുതുന്ന നേരം
പുസ്തകത്താളിൻ നിറം ചോർന്നിരുന്നു…
തൂലികയിൽ മഷി വരണ്ടിരുന്നു…
തുള്ളിച്ചു തുള്ളിച്ചു തൂലിക ഛർദ്ദിച്ച
കട്ടമഷിയോ കറുത്തിരുന്നു…
പുസ്തകത്താളിനെ
തൊട്ടുരുമ്മുമ്പോഴും
മിഴികൾ തോരാതെ നിന്നിരുന്നു…

കറുത്തമഷി ആ ചുവന്ന പ്രതലത്തിൽ വീണ്
ഉഴറിയലറിക്കരഞ്ഞുപോയി.
മിഴികൾ പെയ്തങ്ങൊഴിഞ്ഞനേരം
‘കമ’യെന്നൊന്നുരിയാടിടാതെ
അക്ഷരങ്ങളൊക്കെയും
മുഖം മറച്ചിരുന്നു…

മഷിപ്പടർപ്പുകൾക്കുള്ളിലൊരു
നേർത്ത തേങ്ങലായ്
കവിതയുമൊടുങ്ങിടുന്നു.

ഭാഷാദ്ധ്യാപികയാണ് . കവിത, ചെറുകഥ, നോവൽ, ലേഖനം തുടങ്ങി നൂറിലധികം രചനകൾ. കവിതകൾ വീഡിയോ രൂപത്തിൽ യൂട്യുബിലും ലഭ്യമാണ്. ഇ.മാസികകളിലും എഴുതാറുണ്ട്. 2020 ൽ കാവാലം നാരായണപ്പണിക്കർ പുരസ്കാരം നേടിയിട്ടുണ്ട്. സ്വദേശം കൊല്ലം .