അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ

രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു. വായനയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകളെപ്പോഴും ആ തട്ടിന് ചുറ്റിലുമുണ്ടാകും. കുറച്ചു കാലങ്ങൾക്ക് ശേഷം നിസാം കോഴിക്കോട് പബ്ലിക് ലൈബ്രറി ബിൽഡിങ്ങിന്റെ താഴത്തെനിലയിലുള്ള ഒറ്റമുറി കടയിൽ “ഐഡിയൽ ബുക്സ് ” എന്ന പേരിൽ സെക്കൻഡ് ഹാൻഡ് ബുക്ക് ഷോപ്പ് തുടങ്ങി. സ്ഥിരമായി ഒരു ഇരിപ്പിടമായപ്പോൾ ബുക്കുകൾ തേടി കൂടുതൽ വായനക്കാരും എഴുത്തുകാരും ഒരുപോലെ അങ്ങോട്ട് എത്തിതുടങ്ങി. അതിൽ മലയാളത്തിന്റെ മഹാനായ കഥാകാരൻ എം.ടി വാസുദേവൻ നായർ മുതൽ നാട്ടിലെ സാധാരണ വായനക്കാരൻ വരെയുണ്ടായിരുന്നു. എല്ലാത്തവണയും നാട്ടിലെത്തുമ്പോൾ ഞാൻ നിസാമിനെ കാണാൻ പോകാറുണ്ട്. തിരികെ പോരുമ്പോൾ നിസാമിന്റെ വിശേഷങ്ങൾക്കൊപ്പം കുറച്ചു ബുക്കുകളും കൂടെ കൂട്ടും. പഴയ ബുക്കുകൾ തേടിയാണ് ഞാനവിടെ ചെല്ലാറുള്ളത്. പലപ്പോഴും മൺമറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരുടെ കൈയ്യൊപ്പോടുകൂടിയ പഴയ ബുക്കുകൾ എനിക്ക് അവിടെനിന്നും കിട്ടിയിട്ടുണ്ട് . ചില ബുക്കുകൾ തലമുറകൾ കൈമാറി ഒടുക്കം നിസാമിന്റെ കടയിൽ സുരക്ഷിതമായെത്തുന്നു, അടുത്ത പ്രയാണത്തിന് മുൻപുള്ള വിശ്രമവേള പോലെ. ആ ചെറിയ മുറിയിൽ നിറയെ ബുക്കുകളാണ്. പുറംചട്ടയുള്ളതും ഇല്ലാത്തതുമായ ബുക്കുകൾ. നിറംമങ്ങി ചെറിയ കീറലുകളും മടക്കുകളുമൊക്കെയുള്ള അവയുടെ പേജുകളിലെ അക്ഷരങ്ങൾ ഇപ്പോഴും വായനക്കാരെ തേടുന്നു. ആ പുസ്തകശേഖരത്തിന് നടുവിൽ നിൽക്കുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, എത്രയോ കഥകൾ ഈ ബുക്കുകൾക്ക് പറയാനുണ്ടാവുമെന്ന്. ഒരു പക്ഷേ ഉള്ളിലെ താളുകളിൽ പറഞ്ഞിരിക്കുന്നതിലും മികച്ച കഥകൾ. ആ പുസ്തകങ്ങൾ കണ്ട ജീവിതങ്ങളുടെ കഥകൾ. കൈമാറിവന്ന ഓരോ വായനക്കാരന്‍റേയും കഥകൾ …

Nissam

തൊണ്ണൂറുകളുടെ തുടക്കം മുതൽതന്നെ മാനാഞ്ചിറയും പരിസരങ്ങളും സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരുടെ കേന്ദ്രമായിരുന്നു . എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അവധി ദിവസങ്ങളിൽ അത്തരമൊരു പുസ്തക കച്ചവടക്കാരന്റെ സഹായിയായി എത്തിയതാണ് നിസാം. ആദ്യമാദ്യം അവധികാലത്തേക്ക് വേണ്ടുന്ന ചെറിയ പോക്കറ്റ്മണിക്ക് വേണ്ടിയായിരുന്നുവെങ്കിൽ പിന്നീട് ആ കച്ചവടം നിസാം ഇഷ്ടപ്പെട്ടു തുടങ്ങി. ഒടുവിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു അയാൾ മുഴുവൻ സമയ കച്ചവടക്കാരനായി മാറി. വായിക്കുന്നവർ, എഴുതുന്നവർ, പ്രശസ്തർ, അപ്രശസ്തർ, അവർ പറയുന്ന കഥകൾ, പലതരം ആളുകളോടുള്ള ഇടപെടൽ ഒക്കെ അയാളെ ഈ കച്ചവടത്തിൽ പിടിച്ചു നിർത്തി. നസീമിനൊപ്പം താനറിയാതെ ഒരു ലോകംകൂടി വളരുകയായിരുന്നു, വായനയുടെയും സൗഹൃദത്തിന്‍റേയും ഒപ്പം കച്ചവടത്തിന്‍റേതുമായ ഒരു ലോകം.

ലൈബ്രറി ബിൽഡിങ്ങിലെ കടയായിരുന്നതിനാൽ ലൈബ്രറിയിൽ വരുന്ന സാഹിത്യകാരന്മാർ ഇടയ്ക്കിടെ ആ ചെറിയ ഷോപ്പിലും വന്നു പോകുക പതിവാണ്. സാഹിത്യകാരന്മാരായ എം.എം.ബഷീർ, പി.കെ. പാറക്കടവ് തുടങ്ങിയവരൊക്കെ അങ്ങനെ സ്ഥിരം വന്നിരുന്നവരാണ്. പബ്ലിക് ലൈബ്രറിയുടെ ഭരണസമതി അംഗങ്ങളായിരുന്ന ഇവരിൽ നിന്നുമാണ് എം.ടി, നിസാമിന്റെ കടയെക്കുറിച്ച് അറിയുന്നത്. അങ്ങനെയൊരു ഞായറാഴ്ച തന്റെ സഹായിക്കൊപ്പം ലൈബ്രറി ബിൽഡിങ്ങിന്റെ നീണ്ട ഇടനാഴിയിൽക്കൂടി അദ്ദേഹം ആ ഷോപ്പിലേക്ക് കടന്നുവന്നു. നിസാം കൊടുത്ത ഒരു കസേരയിലിരുന്നു അദ്ദേഹം ബുക്കുകൾ തിരഞ്ഞു. ആദ്യവരവിൽ കുറച്ച് ഇംഗ്ലീഷ് ത്രില്ലറുകളാണ് തിരഞ്ഞെടുത്തത്. അതിനുശേഷം ഒന്നര രണ്ടാഴ്ച്ച ഇടവേളകളിൽ അദ്ദേഹം നിസാമിന്റെ കടയിലേയ്ക്ക് വരും. ഓരോ വരവിലും ആവശ്യമുള്ള ബുക്കുകൾ അദ്ദേഹം വാങ്ങും.

Photo courtesy : Mathrubhumi / K.K.Santhosh / Nissam

എം.ടി തന്റെ കടയിലിരുന്ന് ബുക്ക് നോക്കുന്ന ഫോട്ടോയുള്ള മാതൃഭൂമിപത്രം ക്യാഷ് കൗണ്ടറിന് പിന്നിലെ ചെറിയ ഷെൽഫിന് മുകളിലായി നിസാം ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. അദ്ദേഹം ആ ഫോട്ടോ അവിടെനിന്നെടുത്ത് എന്റെ കൈയ്യിൽ തന്നു. എം.ടി കടയിൽ വരുമ്പോൾ സ്ഥിരമായിരിക്കാറുള്ള വശത്തേയ്ക്ക് ഞാനറിയാതെ നോക്കിപോയി. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ വളരെ അപൂർവ്വമായി ലഭിച്ചേക്കാവുന്ന ഒരു ഫോട്ടോയാണത്. മുഖവുരയൊന്നും ആവശ്യമില്ലാത്ത മനോഹരമായ ചിത്രം! ആ ഫോട്ടോ എടുത്ത കഥ നിസാമിന്റെ വാക്കുകളിൽ കേൾക്കുമ്പോഴാണതിനൊരു പൂർണ്ണത വരിക.

” ഒരിക്കൽ എം.ടി സാറും സാഹിത്യകാരൻ കെ.എസ്സ്. വെങ്കിടാചലം സാറും ഒന്നിച്ചിവിടെ വന്നു. പതിവുപോലെ കസേരിയിലിരുന്ന് എം.ടി പുസ്തകങ്ങൾ നോക്കുമ്പോൾ അപ്രതീക്ഷിതമായി മാതൃഭുമിയിലെ ഫോട്ടോഗ്രാഫർ സന്തോഷ് ( കെ.കെ.സന്തോഷ് ) ഈ വഴി വന്നു. സന്തോഷ് മിക്കവാറും കടയിൽ വരാറുണ്ട്. എം.ടി യുടെ ധാരാളം ഫോട്ടോകൾ അദ്ദേഹം എടുത്തിട്ടുണ്ട്. എം.ടി ഷോപ്പിലിരിക്കുന്നതു കണ്ടപ്പോൾ ദൂരെ മാറിനിന്ന് അദ്ദേഹമറിയാതെ സന്തോഷെടുത്ത ഫോട്ടോയാണിത്. പിറ്റേന്ന് മാതൃഭൂമിപത്രത്തിൽ ആ ഫോട്ടോ വലിയ വാർത്തയായിവന്നു. പിന്നീട് എത്രയോകാലം അദ്ദേഹം ഇവിടെ വന്നിരിക്കുന്നു. സാറിനെപോലെ വായനയുള്ള ആളുകളെ കണ്ടെത്താൻ പ്രയാസമായിരിക്കും . ഈ പ്രായത്തിലും അദ്ദേഹം വായനയ്ക്ക് വേണ്ടി സമയം മാറ്റിവെക്കുന്നു. വായനയിൽ വിട്ടുപോയ ബുക്കുകളാണ് അദ്ദേഹം ഇവിടെ തിരയുക. പണ്ട് ബുക്കർ പ്രൈസ് ലഭിച്ച കൃതികളൊക്കെ അദ്ദേഹത്തിന് ഇവിടെനിന്നും കിട്ടി. ഇപ്പോൾ അധികം യാത്രയില്ലാത്തതിനാൽ സാറിന്റെ മരുമകനാണ് വരിക. ഞാൻ ബുക്കുകൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തുവിടും. എം.ടിയെപ്പോലെ വലിയ ഒരാളെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നമ്മൾ ബുക്കുകളെപ്പറ്റി ചോദിക്കുമ്പോൾ അദ്ദേഹം അത് വിശദമായി പറഞ്ഞു തരും. അക്ഷരങ്ങൾ കൊണ്ടുവന്ന വലിയ ഭാഗ്യമാണിത്”.

ആദ്യകാലങ്ങളിൽ കച്ചവടത്തിനുള്ള ബുക്കുകളും മാഗസിനുകളും നിസാം വീടുകളിൽ പോയി ശേഖരിച്ചിരുന്നു. ഫ്ലാറ്റ് ജീവിതമൊക്കെ വന്നപ്പോൾ സൂക്ഷിക്കുവാനുള്ള സ്ഥലപരിമിതികൊണ്ട് ആളുകൾ പഴയ ബുക്കുകളൊക്കെ ഒഴിവാക്കിത്തുടങ്ങി. ആരെങ്കിലും പറഞ്ഞുകേട്ട് അത്തരമിടങ്ങളിൽ പോയി നസീം ബുക്കുകൾ ഒന്നിച്ചു എടുക്കാറുണ്ട്. അങ്ങനെ കിട്ടിയിട്ടുള്ള പഴയകാല കോഫി ടേബിൾ ബുക്കുകൾ കടയിൽ കാണാം. കേരളസംസ്ഥാനം രൂപീകൃതമാകും മുൻപുള്ള ധാരാളം ബുക്കുകൾ ഇവിടെയുണ്ട് . 1955 കാലഘട്ടങ്ങളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ ബൈൻഡ് ചെയ്തു ഇവിടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. റഷ്യൻ ബുക്കുകളുടെ നല്ല ശേഖരവുമുണ്ട്. കുട്ടികൾ അധികവും ടെക്സ്റ്റ് ബുക്കുകൾ തേടിയാണ് വരിക. ഹർത്താൽ പോലുള്ള അവസരങ്ങളിലല്ലാതെ കട അടച്ചിടാറില്ല. എപ്പോഴും ട്രെൻഡ് ബുക്കുകൾ ചോദിച്ചും ആളുകൾ എത്തും. “ഹാരി പോർട്ടർ” , “ഡാവിഞ്ചി കോഡ്”, “ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്” എന്നിവ ഒരുകാലത്ത് ട്രെൻഡ് ആയിരുന്നുവെങ്കിൽ ഇപ്പോൾ “റാം കെയറോഫ് ആനന്ദി”, “ഒരിക്കൽ”, “ഏറ്റവും പ്രിയപ്പെട്ട എന്നോട്” എന്നിവയ്ക്കാണ് ഡിമാൻഡ്. ധാരാളം മാഗസിനുകളും കുട്ടികളുടെ കോമിക്ക് കഥകളും സ്കൂൾ കോളേജ് ടെക്സ്റ്റുകളും പല തട്ടുകളിലായി ഇവിടെ അടുക്കി വെച്ചിരിക്കുന്നു. ഇപ്പോൾ പുതിയ ബുക്കുകളും പ്രസാധാരകിൽ നിന്നും നേരിട്ട് എടുക്കുന്നുണ്ട്.

നിസാമിനേയും അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് ബുക്ക് ഷോപ്പിനേയും കോഴിക്കോട്ടെ പുസ്തകപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈയിടെ തൃശ്ശൂരിൽ തെരുവ് പുസ്തക കച്ചവടക്കാരെ ഒഴിപ്പിക്കുവാൻ നഗരസഭ തീരുമാനമെടുത്തിരുന്നു. തൃശ്ശൂരിൽ പാലസ് റോഡ്, സ്വരാജ് റൗണ്ട്, മ്യൂസിയം റോഡ് തുടങ്ങിയ ഇടങ്ങളിൽ ഇരുപതും മുപ്പതും വർഷങ്ങളായി കച്ചവടം ചെയ്യുന്ന നിരവധി സെക്കൻഡ് ഹാൻഡ് ബുക്ക് കച്ചവടക്കാർ അവിടെനിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് നഗരസഭ നോട്ടീസ് കൊടുത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തുടങ്ങിയ അക്ഷരസ്നേഹികളുടെ എതിർപ്പ് മുഖ്യധാരാ മാധ്യമങ്ങളും പൊതുജനങ്ങളും ഏറ്റെടുത്തതോടെ അധികാരികൾ തങ്ങളുടെ തീരുമാനം മാറ്റി.

സർക്കാരും സ്വകാര്യ പ്രസാധകരും കോടികൾ മുടക്കി നാട് മുഴുവനും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ നടത്തുമ്പോൾ തന്നെയാണ് കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം കൂടിയായ തൃശ്ശൂരിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രതിസന്ധികൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. അക്കാദമി മുൻകൈ എടുത്താൽ തൃശ്ശൂരിൽ ഒരു അക്ഷരത്തെരുവോ, അക്ഷരഗ്രാമമോ നിർമ്മിക്കാം. സെക്കൻഡ്ഹാൻഡ് ബുക്കുകളും പുതിയ പ്രസാധകരും ഒക്കെയുള്ള ഒരു തെരുവ്. അവിടെ സാഹിത്യ സംവാദങ്ങൾ, ചർച്ചകൾ, പുസ്തക പ്രകാശനം, പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ, സന്ദർശകർക്ക് വായിക്കുവാനും വിശ്രമിക്കുന്നതിനും വേണ്ട ഇരിപ്പിടങ്ങൾ, ചെറിയ ഭക്ഷണശാലകൾ, ഇവയൊക്കെയായി വളരെ സജീവമായ ഒരു തെരുവ് ഉണ്ടാക്കിയെടുക്കാം. വിനോദസഞ്ചാരികൾക്കും അക്ഷരപ്രേമികൾക്കും ഒരുപോലെ പ്രിയങ്കരമായ ഒരിടമാക്കി അത് മാറ്റിയെടുക്കാം. ഇംഗ്ലണ്ടിനടുത്തുള്ള ലോകത്തെ ആദ്യ ബുക്ക് ടൗൺ ആയ Hay-on-Wye പോലെ ഇവിടേയും ഒരു ചെറിയ ബുക്ക് ടൗൺ സാധ്യമാണ്. സാക്ഷരതയിൽ മുന്നിട്ട് നിൽക്കുകയും സാഹിത്യത്തേയും കലകളേയും നെഞ്ചോട് ചേർത്ത് വെയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ ജനങ്ങൾ അത്തരമൊരു ഉദ്യമത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ( Hay-on-Wyeൽ എല്ലാ വർഷം മെയ് – ജൂണിൽ നടക്കുന്ന Hay Festival – Hay Festival of Literature & Arts – ലോകപ്രശസ്തമാണ്. മൂവായിരത്തിനടുത്തു മാത്രം ജനസംഖ്യയും അൻപതിൽ താഴെ ബുക്ക് ഷോപ്പുകളുമുള്ള ഒരു ചെറു നഗരം ഫെസ്റ്റിവൽ സമയത്ത് പതിനായിരങ്ങളെ കൊണ്ട് നിറയുന്നു. ഷോപ്പുകളിലും സ്ട്രീറ്റുകളിലുമായി നിരവധി പുതിയതും ഉപയോഗിച്ചതുമായ ബുക്കുകൾ വിൽക്കുന്ന പുസ്തക കച്ചവടക്കാർ, ലോകമെമ്പാടും നിന്നെത്തുന്ന വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും ആ പത്തു ദിവസത്തെ അക്ഷരമാമാങ്കത്തിലേക്ക് ഒരുപോലെ സ്വാഗതം ചെയ്യുന്നു. )

Image courtesy : Social Media

ലോകത്ത് എല്ലാ നഗരങ്ങളിലും വലിയ സെക്കന്റ് ഹാൻഡ് ബുക്ക് മാർക്കറ്റുകളുണ്ട്. പല നഗരങ്ങളിലും ചില സ്ട്രീറ്റുകൾ പോലും അറിയപ്പെടുക ഇത്തരം ബുക്ക് വിൽപ്പനയുടെ പേരിലാണ്. ഇന്ത്യയിൽ ഡൽഹിയിലെ ദരിയാ ഗഞ്ച്, മുംബൈയിലെ ഫ്ലോറ ഫൗണ്ടൻ ബുക്ക് സ്ട്രീറ്റ്, കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റ് ( അത് പറയുമ്പോൾ കെ.ഇ.സന്തോഷ് കുമാറിന്റെ പ്രശസ്ത നോവൽ ‘ജ്ഞാനഭാരം’ ഓർമ്മയിൽ വരുന്നു ), ബാംഗ്ലൂരിലെ അവന്യൂ റോഡ് ഇവയൊക്കെ അറിയപ്പെടുന്ന സെക്കന്റ് ഹാൻഡ് ബുക്ക് മാർക്കറ്റുകളാണ്. നസീമിന്റെ കടയിൽ നമ്മൾ എം. ടി യെ കണ്ടതുപോലെ ഈ തെരുവുകളിൽ പല പ്രശസ്ത എഴുത്തുകാരേയും കാണാം.

അറിവിന്റെ ലോകത്തേയ്ക്കുള്ള വാതിലുകളാണ് വായന. അത് അടയാതെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോത്തരുടേയും കടമയാണ്. അക്ഷരഖനികൾക്ക് കാവലിരിക്കുന്ന നിസാമിനെ പോലുള്ളവർ ലോകം മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്.

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം