അകം

തിരിച്ചറിവും
ആത്മാർത്ഥതയും
നിഷ്കളങ്കതയും
അരമതിലിലിരുന്നു ,
കാലുകൾ പിണച്ചാട്ടി ,
കൈകോർത്ത് പതം പറഞ്ഞു.

സ്നേഹിച്ചു, ഇഴുകി പടർന്ന്,
കലപില കൂട്ടി തളിർത്തു.
കണ്ടു കണ്ണ് കടഞ്ഞു,
തീ ഒളിപ്പിച്ചു, സംശയം, ഇത്തിരിയിടം
അരമതിലിനോട് ഭിക്ഷ ചോദിച്ചു.

തൻഭാവത്താൽ
പാതിചാഞ്ഞ അരമതിലിനോടൊട്ടി
സംശയം ചുരുണ്ടു മയങ്ങി.
വിദ്വേഷത്തെ പെറ്റു, പക പോറ്റി,
വിഷം കുമിച്ചു ,
എരിച്ചും പുകച്ചും നീറ്റിച്ചും
സംശയം,
കാഴ്ചപൊത്തി മുറുക്കിവരിഞ്ഞു.

ഇടഞ്ഞും പിടഞ്ഞും ,
കണ്ണുനീർ പൊട്ടിയും
അരമതിലൊഴിഞ്ഞു.
നിന്ന ഹൃദയം
പൊട്ടിത്തെറിച്ച അസ്ഥികൾ,
പിടഞ്ഞെണീറ്റ ഞരമ്പുകൾ
ഒക്കെയും വാരിക്കൂട്ടി  
സംശയം ചിതയിലേക്കെറിഞ്ഞു.

പച്ചിച്ച ഇടങ്ങൾ തേടി,
സംശയം നൂണ്ടു പാഞ്ഞു.
പുതുമുളകൾ
പൊന്തുമെന്നു കാത്ത് കാത്ത്,
അരമതിൽ നരച്ചു തരിശായി.

തിരുവനന്തപുരം സ്വദേശിനി. എറണാകുളത്തത്ത് താമസം. കുറച്ചു വർഷങ്ങൾ ഹ്യൂമൻ റിസോഴ്സ് ലീഡ് ആയി ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ വീട്ടമ്മ