घर (ഖർ)

ഹിന്ദി വാക്കായ “घर” (ഖർ) ഉച്ചരിക്കുമ്പോളൊക്കെ
വയറിലൊരു വര മുന്നോട്ട് വളയുന്നു
ഇവിടെ ഇവിടെ എന്ന് ചൂണ്ടിക്കാട്ടുന്നു
ആ വരയുടെ വളയലിൽ
വയർ ചുരുങ്ങുന്നു

മൂന്ന് പേർ പല കാലങ്ങളിലായി
കുറെ…നാൾ കിടന്നുറങ്ങിയ,
ഒരു സഞ്ചിയുണ്ടതിൽ
നീട്ടി വലിച്ച
റബ്ബർ ബാൻഡ് പോലെ അയഞ്ഞത്.

അതിൽ കിടന്നുറങ്ങിയവരുടെ  ഉറക്കമായിരുന്നു
ആ സഞ്ചിയെ നീട്ടിയത്.

അത് പഴയ പോലെ മുറുക്കമുള്ളതാക്കാനായി
കിണഞ്ഞു പരിശ്രമിച്ചു

മൂന്ന് പേർ പലകാലങ്ങളിലായി
കിടന്നുറങ്ങിയതിൻ്റെ..
കളിച്ചു രസിച്ചതിന്റെ..
ശേഷിപ്പായി..
അലകടലിലെ തിരമാലകളെ പോലെ
ഏറ്റക്കുറച്ചിലിൽ ആഞ്ഞു മറിയാനും
ചുഴിഞ്ഞു തിരിഞ്ഞു തിരികെപ്പോകാനും ആയുന്ന
ചുറ്റോടു ചുറ്റുമുള്ള വരകൾ – വയറിൽ..

മൂന്ന് പേർ കിടന്നുറങ്ങിയതിന്റെ അടയാളങ്ങൾ
കൈകളിൽ വടുക്കളായി തടയുന്നു
കാണപ്പെട്ടവയുടെ ഘനം കുറയ്ക്കാനാകുമോ?

കഴുത്തൊരു ശംഖു കടഞ്ഞെടുത്ത പോലൊന്നുമല്ല
കൊള്ളിമീനുകൾ അത് വഴി
മുകളിൽ നിന്നും താഴോട്ടിറങ്ങും ദിവസങ്ങളിൽ
തലമുടിയിഴകൾ
എത്ര ചീകിയാലും
അടങ്ങാതെ…
ഇങ്ങനെ എഴുന്നു നിൽക്കുന്നു
ആകാശത്തേയ്ക്ക് നോക്കി ചിരിക്കുന്നു

അയഞ്ഞല്ല താഴോട്ടിറക്കം…വിജൃംഭിച്ച്
ഇപ്പൊ പൊട്ടും എന്ന മട്ടിൽ
ആരോ വലിച്ചു പിടിക്കുന്ന കമ്പി പോൽ
ഒന്ന് മറ്റൊന്നിൽ തൊട്ടാൽ ചിതറും പൊരികൾ

വെയിലത്തിട്ട് ഉണക്കാനുമാവില്ല
മഴ വെള്ളത്തിൽ കെടുത്താനുമാവില്ല

ഇവയോടൊക്കെ താദാത്മ്യപ്പെടാനുള്ള പരിശ്രമങ്ങൾ
വാലിൽ വാലിൽ ഞാണ്ടും ഞാണ്ടും
നൂണും ഇറങ്ങി അവസാനത്തെ പടിയിലിരുന്നു
തിരിയുന്നു തിരയിൽ  
സാഗരമഗാധമായി ചുഴിയുന്നു

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം