ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ

ബിന്ദു സന്തോഷ്

ചെറുകഥകളും കവിതകളും സമാഹരിച്ച് വാക്സ്ഥലി എന്ന പുസ്തകം പാപ്പിറസ് ബുക്ക്സ് പ്രസിദ്ധീകരിച്ചു. 1999 സ്നേഹതരംഗ കഥ അവാര്‍ഡ് ഇന്ദുരഞ്ജിനിയുടെ സഞ്ചാരപഥങ്ങള്‍ എന്ന കഥയ്ക്ക് ലഭിച്ചു. 2000 ല്‍ ദിശാസൂചിക എന്ന കവിതയ്ക്ക് ഇശല്‍ അബുദാബി പുരസ്കാരം, ജിദ്ദ അരങ്ങ് പുരസ്കാരം എന്നിവ ലഭിച്ചു. ഒട്ടകപ്പക്ഷിക്ക് ഒളിനിലം അതിജീവനത്തിന് എന്ന കഥയ്ക്ക് 2002 ല്‍ സുനിതാ സ്മാരക ചെറുകഥ അവാര്‍ഡ്. ദുബായ് കൈരളി കലാകേന്ദ്രം കഥാ പുരസ്ക്കാരം 2002 ലും കവിതാ പുരസ്ക്കാരം 2005 ലും ലഭിച്ചു. അക്ഷരക്കൂട്ടം അക്ഷരതൂലികാ പുരസ്കാരം, ഭാവന ആര്‍ട്സ് സൊസൈറ്റി സാഹിത്യപുരസ്കാരം, ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ അല്‍ ഐന്‍ ലിറ്റററി അവാര്‍ഡ് എന്നിവയും 2005 ല്‍ കൈരളl ചാനലും അറ്റലസ് ജ്വല്ലറിയും സംയുക്തമായി ലോകമലയാളി എഴുത്തുകാര്‍ക്കിടയില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ പാന്‍ഗിയ എന്ന കവിതയ്ക്ക് ഒന്നാം സമ്മാനവും ലഭിച്ചു. കാഞ്ഞങ്ങാട് സ്വദേശി. 1996 മുതല്‍ ദുബായില്‍ താമസം.


യാദൃശ്ചികമായി കാഴ്ച നഷ്ട്ടപ്പെട്ട എഴുത്തുകാരി പിന്നീടുള്ള ഏതാണ്ട് മൂന്നു പതിറ്റാണ്ട് കാലംകൊണ്ട് പറഞ്ഞുകൊടുത്ത്‌ എഴുതിച്ച ചെറിയ കഥകളും കവിതകളുമാണ് വാക്സ്ഥലി എന്ന പുസ്തകം. കാഴ്ചയില്ലാതെ പോയതിനു പുറമെ വന്നുചേർന്ന ഗുരുതര രോഗവും ശരീരത്തെ തളർത്തിയെങ്കിലും അക്ഷരങ്ങളും വാക്കുകളും കൂടിച്ചേരുന്ന ശക്തിയിൽ അവർ ജീവിച്ചു. അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തി കുറിച്ച്  ബഷീർ തിക്കോടി എഴുതുന്നു ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ.

മനുഷ്യരെ അവർ ജീവിക്കുന്ന കാലത്തിന്റെ ആഴങ്ങളിലേക്ക്, അവരുടെ സത്തയുടെ ഗന്ധങ്ങളിലേക്ക് ആനയിക്കുകയാണ് കവിതയുടെ ധർമം. യാഥാർഥ്യമെന്ന് നാം കരുതുന്ന കാര്യങ്ങൾക്ക് വിസ്തൃതമായ കാണാപ്പുറങ്ങളുണ്ട്. അനുഭവങ്ങൾ കൊണ്ട് കരിഞ്ഞുണങ്ങിപ്പോയ കാരണ വേരുകളുണ്ട്. കവിത അവ കണ്ടെത്തുന്നു. ആത്മബോധത്തിലേക്കു അപ്പോൾ കവിത സ്വതന്ത്രമായി സഞ്ചരിക്കുന്നു. വ്യാകരണ പിശകുകൾ നിറഞ്ഞ നമ്മുടെ ജീവിതത്തെ നോക്കി നമ്മുടെ മാന്യതകളെ, അമാന്യതകളെ ചൂണ്ടി തുറന്നു കാണിച്ച് വേറിട്ട വഴി കണ്ടെത്തിയ എഴുത്തുകാരിയാണ് ബിന്ദു സന്തോഷ്.

പത്തൊമ്പതാം വയസ്സിൽ ഒരു ഡോക്ടറുടെ കയ്യബദ്ധത്തിൽ രണ്ടു കണ്ണിന്റെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ടിട്ടും എഴുത്തിലൂടെ ലഭിക്കുന്ന ആത്മബലം കൊണ്ട് ജീവിച്ചിരിക്കുകയാണ് ഇവർ. കുറച്ചേ വിളമ്പുന്നുള്ളൂ ഈ എഴുത്തുകാരി, വിനിമയ വിപുലതകളെ ചെറു വാക്യങ്ങളിലേക്ക് ചുരുക്കുന്നു. നെടുമൊഴിക്ക് പകരം കുറുമൊഴിയിൽ പറയുന്നു. അനുഭവങ്ങളുടെ കടലാഴങ്ങളെ ഹ്രസ്വവാക്യങ്ങളുടെ ചെറുമൊഴികളിലേക്ക് സ്ഥാനാന്തരണം ചെയ്യുന്ന മിടുക്ക് അഭിനന്ദനാർഹം തന്നെയാണ്.

‘നിഴലുകൾ ഉണക്കിയെടുത്ത് വെക്കുക.

സന്ദർശകരില്ലാത്ത ദുരിത നാളുകളിൽ

ഉപകരിച്ചേക്കും.’ (തുണ)

വികൃതി, സമൂഹം, കാലം വേരറ്റു പോവുന്ന ജീവിത കാഴ്ചകളുടെ ദൈന്യത, പാരിസ്ഥിതികം, പ്രണയം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അവയുടെ ഭിന്നവും സൂക്ഷ്മവുമായ   ഇടങ്ങളെ കുറിച്ചും ബിന്ദുവിന്റെ കഥകളും കവിതകളും കൂരിരുട്ടിൽ സ്ഫുടതാരകൾ കാണാനുള്ള കാഴ്ചയെ സമ്മാനിക്കുന്നു. സമകാലികമായി നിലനിന്നു കൊണ്ട് കാലാതീതമായ മാനവികതയോട് പ്രാപഞ്ചികാവസ്ഥയോട് എന്നോ നക്ഷ്ടമായ കാഴ്ചയുടെ അകക്കരുത്തു കൊണ്ട് കണ്ടെടുക്കുന്ന ആഴങ്ങളാണ് ബിന്ദുവിന്റെ എഴുത്ത്‌.

‘പ്രണയം മുറിയുന്നത് എല്ലായ്പ്പോഴും

പ്രണയത്തിനു തന്നെ വേണ്ടിയാണത്രെ.

പ്രണയ ദൈർഘ്യത്തിൽ

ഇരു പ്രണയിനികളും

പ്രണയം മറന്ന് വെച്ച്

സ്വത്വത്തിൽ മുഴുകുന്നു.

അങ്ങിനെ ശ്രദ്ധയൊട്ടുമേൽക്കാതെ

പ്രണയം വഴിയിലുപേക്ഷിക്കപ്പെടുന്നു.’ (ഒരു പ്രണയതത്വം)

വർണ്ണ ശബളിമയോ മഹാവേഗമോ ഒന്നും ഈ എഴുത്തിൽ നിന്ന് നമുക്ക് കണ്ടെടുക്കാനാവില്ല. കാൽപ്പനികതയുടെ താള കൊഴുപ്പോ രാഗ സൗഭാഗ്യങ്ങളോ ഇഴകി ചേർന്നിട്ടുമില്ല.  ഉണങ്ങി തുടങ്ങിയ ഭാഷയെ വെടിഞ്ഞു കൊണ്ട്  ചൊടിയുള്ള ചോരയിറ്റുന്ന സ്വരവടിവുകളിലൂടെ ബിന്ദു പുതുമകളാവിഷ്കരിക്കുന്നു.

‘സബീത് മാഡലീവ്’ എന്ന ഉസ്‌ബെക്കിസ്ഥാൻ കവി പാടിയത് പോലെ ‘ദൈവമേ ഇരുട്ടിൽ അവസാനിക്കാൻ എന്നെ അനുവദിക്കരുതെ. ബാക്കിയായത് മുഴുവൻ വെളിച്ചം കൊണ്ട് നിറക്കാൻ ഞാനാഗ്രഹിക്കുന്നു.’

ഡ്രീംസ് എന്ന കവിതയിൽ തേൻ കുമിള പോലെ എന്തോ ഒന്ന് എന്റെ നിറുകയിലേക്കു പാറി വീണു. ഓ ഇതൊരു സ്വപ്നമാണ്. ആരുടെയോ മിഴികളിൽ നിന്നും ഊർന്നു പോയതാവാം. കവിതയുടെ വായ് തലയിൽ തീക്ഷ്ണമായ കനൽ നിറക്കൽ സാധ്യമാവുകയാണിവിടെ. ഇരുട്ട് വിഴുങ്ങിയ കാഴ്ചയുടെ പിന്നാമ്പുറത്തിരുന്ന് ഇരുണ്ട ആകാശങ്ങളെ വെളിച്ചമാക്കുകയാണിവിടെ. അനേകം വ്യാഖ്യാന സാധ്യതകൾക്കിടയിലുള്ള ഏകതയും സ്വാർത്ഥതയും കവിതയുടെ അന്തർ നാദത്തിലുറഞ്ഞു കിടപ്പുണ്ട്.

പയ്യാരപ്പാട്ടിൽ ആശ പെരുത്ത് കൊല്ലക്കുടിയിൽ വിറ്റു നടന്ന സൂചികളെല്ലാം ഒരൊറ്റയൊന്നായി  – മൂന്നാം പാദം നെറുകയിൽ അളന്നു ഉറങ്ങുമ്പോൾ കിനാവ് കാണാനുള്ളതല്ല എനിക്ക് കവിത എന്നും ഉണർന്നിരിക്കുമ്പോൾ ജീവിതം നില നിർത്താനുള്ള ശ്വാസമാണെന്നും ബിന്ദു പറയാതെ പറയുന്നുണ്ട്. മനുഷ്യൻ എങ്ങനെ ആണ് ഭ്രാന്തമായ അന്യവൽക്കരണത്തിന് ഇരയാവുന്നത് എന്ന ചോദ്യം സ്ഫടികം തുളയ്ക്കുന്ന ഒച്ചയായി ഉയരുന്നുണ്ടിവിടെ . ‘ആഴത്തിൽ തറഞ്ഞു കയറിയ ആണികൾ ഒന്നൊന്നായി വലിച്ചൂരിയെടുത്തു അവൾ. കൂർത്തതും വലുപ്പമേറിയതുമായ ഒന്നാമത്തെ ആണി  ഇളകിയപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ തന്നെ ആഞ്ഞു തറച്ചതാണെന്ന് അവൾ ഓർമിച്ചെടുത്തു.’ കാർമുകിൽ മാല  കൊണ്ടും കന്നി വെയിൽ കൊണ്ടും  തൂമഞ്ഞു കൊണ്ടും അളന്ന് വിണ്ണിനെ തീർക്കുന്നസർഗ്ഗാനന്ദമല്ല ബിന്ദുവിനെഴുത്ത്. നീർവഴികളൊഴുകുന്ന ഒരു മുഖത്ത് നിന്നുമുള്ള നേർമൊഴി. നിഷ്ഫലമല്ലീ ജീവിതം എന്ന ബോധ്യത്തിലേക്ക് വായനക്കാരനെ ചേർത്ത് നടത്തിക്കാൻ ബിന്ദുവിന് കഴിയുന്നുണ്ട്. കഥയുടെ പ്രമേയം, ഭാഷ, അതിന്റെ അർത്ഥ തലങ്ങൾ എന്നിവയെ കുറിച്ച് വിപുലമായ ബോധ്യമുള്ള ഒരാൾക്കേ ഇങ്ങനെ ഒരു കഥ എഴുതാൻ കഴിയൂ. പ്രാകൃത ഗോത്ര വൈകൃതങ്ങളിലേക്ക് അകമേ തിരിഞ്ഞു നടക്കുന്നവരും നാഗരിക വിഭ്രമങ്ങളിലേക്ക് ഓടിക്കുരുങ്ങുന്നവരോടും മനുഷ്യത്വത്തിന്റെ ഒരു ആളൽ ബാക്കി വെക്കണമെന്ന് ബിന്ദു പറയുന്നുണ്ട്.

‘അച്ഛനത് കുപ്പികളിൽ വാങ്ങി

അമ്മ ആഡംബരങ്ങളിൽ തേടി

ചേട്ടൻ കുഞ്ഞു കുഞ്ഞ് കടലാസ്സു

പൊതികളിൽ വലിച്ചെടുത്തു .

ചേച്ചി അടിവയറ്റിലേക്ക് സ്വീകരിച്ചു

ഞാൻ  – ഞാനോ ? അത് തിരഞ്ഞ്

തിരഞ്ഞാണ് അക്ഷരങ്ങളുടെ

ഈ കൊടും കെണിയിൽ അകപ്പെട്ടത്.’ (സമാധാനം )

ആഴമേറിയ ജീവിത വായനയുടെയും കാവ്യദർശനത്തിന്റെയും ഉന്നതമായ വിവേകത്തിന്റെയും രാസദീപ്തി  ബിന്ദുവിന്റെ കഥകളിൽ അനുഭവിച്ചറിയാം. മൂർച്ചയുള്ള സൂചകങ്ങൾ കൊണ്ട് പ്രബുദ്ധതയുടെ വീചികൾ പ്രക്ഷേപണം ചെയ്യുന്നുവെന്നതാണ് ഈ കഥകളുടെ കാതൽ. കടുത്ത അനുഭവ മുറിവുകളിൽ നിന്ന് രക്തം വാർന്നു തോരുന്നേയില്ല. വാക്സ്ഥലി മുഗ്ദ്ധമാണെന്ന് മാത്രമല്ല മൂകവും സമർപ്പണവുമാണ്. തിളയ്ക്കുന്ന ദുഃഖരോഷങ്ങളുടെ ജ്വാല അണയുന്നേയില്ല. പക്ഷെ രോഗത്തിന്റെയും സഹനത്തിന്റെയും മലകയറ്റങ്ങൾ വയ്യാതായിരിക്കുന്നു. അനാദ്യന്തമായ പൂർണ്ണതക്കായ് ഏതു ഭൂഖണ്ഡങ്ങളിക്കാണ് ഇനി യാത്ര ആരംഭിക്കേണ്ടത്.

 
പാട്ടും ചുമന്നൊരാൾ, കാഫ്മല കണ്ട ഇശൽക്കാറ്റ്, നാം ഒരു തോറ്റജനത, മരുഭൂമിയിലെ സൗമ്യ സപര്യ, മഞ്ഞു തുള്ളിയിൽ അഗ്നിബാധ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2010 ൽ ഗുണ്ടർട്ട് അവാർഡ് നേടി. ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്നു.