ഹിമയുഗം

തണുത്തുറഞ്ഞു പോയ
ഒരു വൻകടലിന്റെ
ശരീരമാണ് ഞാൻ.
എന്റെ ചലനം നഷ്ടപ്പെട്ടത് ,
കഴിഞ്ഞ നിമിഷം പോലെ,
അല്ലെങ്കിൽ കഴിഞ്ഞ നിമിഷം വരെയും
നിലച്ചു പോകാത്ത എന്റെ ഒഴുക്ക്.

ഉള്ളിലുള്ള
നൂറ്റാണ്ടുകളുടെ
അലയടികളിലേക്ക്
കൈ എത്തി പിടിക്കാനാകാതെ,
സമയത്തിന്റെ
ഭ്രാന്തൻ സ്വപ്നങ്ങളിലേക്ക്
ഇറങ്ങാനാകാതെ

ഒഴുക്കിനും തളർച്ചയ്ക്കും ഇടയിൽ
വേഗത്തിനും വേഗ കുറവിനും ഇടയിൽ
അലർച്ചയ്ക്കും നിശബ്ദതയ്ക്കു മിടയിൽ
ഇന്നിനും ഇന്നലെയ്ക്കുമിടയിൽ
ചർമ്മങ്ങളൊക്കെയും
പൊഴിഞ്ഞു തീർന്ന
പക്ഷികൂട്ടങ്ങളുടെ നിലവിളി
അവ എപ്പോഴേ എന്നെ
വിളിച്ചു.

പർവ്വതങ്ങളുടെ മടിയിൽ
അവ ചുടു കാലങ്ങളെ
ഊതി കാച്ചുന്നുണ്ട്.
അവ കൊക്കിലൊതുക്കി
ഇവിടേക്ക് പാറി എത്തുന്നതിനു മുൻപേ
ഒഴുകി നീങ്ങിയവയെ
തൊടണമെന്നുണ്ട്.
മഞ്ഞിന്റെ
സൂക്ഷ്മ നനവുകൾ കുടിച്ച് വറ്റിച്ച്,
പർവ്വതങ്ങളെ വീണ്ടെടുക്കണമെന്നുണ്ട്.

നനവുകളിൽ നിന്ന്
ഞാനവയ്ക്ക് ഇലച്ചിറകുകൾ നൽകും.
വെളിച്ചങ്ങൾ ഒളിക്കാത്ത
എവിടെങ്കിലും അവ പാറിപോകട്ടെ.
എന്റെ കണ്ണിൽ നിന്ന്
അവയ്ക്ക് ഒരിക്കലും
ഒളിക്കാനാകില്ല.

എങ്കിലും
എന്റെ ദാഹങ്ങൾ
എന്റെ കാഴ്ച്ചയെ
പറിച്ചെടുക്കുന്നു.
ഇപ്പോൾ പകലിനും രാത്രിയ്ക്കുമിടയിൽ
മഞ്ഞ്, പൊടിഞ്ഞു പോയ
അസ്ഥികളുടെ വേദന.
കാഴ്ച്ചക്കാരന്റെ അസ്വാദമില്ലാതെ,
അവ നമ്മളെ തടവിലാക്കുന്നു.

2

അവസാനത്തെ തൊടൽ,
ഏത് കരയിലായിരുന്നെന്ന്
ഓർമ കിട്ടുന്നില്ല
കര മുഴുക്കെയും
തൊടണമെന്നുണ്ടായില്ല
മടിയിലിരുന്ന്,
താഴത്ത് വീഴുന്ന
നക്ഷത്ര വെളിച്ചങ്ങൾ,
എണ്ണിപ്പെറുക്കി
ദേഹത്തെ ആമക്കൂട്ടങ്ങൾ,
ആയുസ്സിന്റെ
നീളമളന്നു

ഇനിയും സൂര്യോദയങ്ങളുണ്ടെന്ന്
വറ്റാത്ത നിലാവിന്റെ രാത്രികളുണ്ടെന്ന്
നനവുകൾക്കപ്പുറം
ചുടു കാടുകൾ,
പരക്കെ നീണ്ട മരുഭൂമികൾ
ഒഴുകി നീങ്ങവേ
ഞാൻ വറ്റി പോകുന്നു
മരുഭൂമികളിൽ നിന്ന്
മുറിവുകൾ ഒലിച്ചിറങ്ങുന്നു
ചുടു കാടുകൾ എനിക്ക് ചുറ്റും
തീ വളയങ്ങൾ നെയ്യുന്നു

കര മുഴുവനും തൊടാതെ
നനവുകളെ വീണ്ടെടുത്ത്
അവസാനം എന്റെ മടക്കയാത്ര
കര പതിയെ പിൻവാങ്ങുന്നു
വേനലിന്റെ പാറകൾ
പൊങ്ങുന്നു.
ഒരോ ഹിമയുഗത്തിനു മുമ്പും,
വേനലുകൾ പൊഴിച്ചിട്ട രോഗങ്ങൾ,
കടലുകളെ ക്ഷയിപ്പിക്കുന്നു.

3

എനിക്കുള്ളിൽ
മുറിവുകളോടെ ചത്തുപോയ
ആയിരം മൃഗങ്ങൾ
മടക്ക യാത്ര നഷ്ടപ്പെട്ട
പുഴകളുടെ ആവികൾ
എനിക്കു മുകളിൽ
അനങ്ങാതെ നില്ക്കുന്നു
കാട്ടുതീയിന്റെ പൊള്ളലേറ്റ്,
പെയ്ത്ത് നിന്നു പോയ കാർമേഘം.

മഞ്ഞുരുക്കങ്ങളുടെ കാലം അവസാനിച്ചെന്ന്
പെയ്യാൻ ഇനി കഴിയാത്ത
മഴയുടെ ഭ്രൂണമാണെന്ന്
എനിക്ക് മുകളിലുള്ള നിൽപ്പിൽ
ഒരു നനവിന്റെ ചൂടെങ്കിലും
അവയ്ക്ക് പൊഴിച്ചിടാനായെങ്കിൽ,
എനിക്കെന്റെ ശരീരത്തെ
കത്തി തീർക്കണമെന്നുണ്ട്.

എന്നിട്ട് ഒരു വഴിയാത്രക്കാരനായി,
അല്ലെങ്കിൽ
ഒരു മഞ്ഞുതുള്ളിയുടെ
ചെറുപ്പമായി
ഇലകളുടെ തുമ്പുകളിൽ.
മണ്ണിന്റെ കുഴികളിൽ
കാടും തീയും,
മൃഗവും പക്ഷിയും
പുഴയും കരയും
എനിക്കുളളിൽ തന്നെ..

കടലുകളൊക്കെയും
ഉൾവലിഞ്ഞ്
തിര,
ഇനിയും നിർത്താൻ കഴിയാത്ത
അലയൊടിയെ
ചതച്ച് കളയാനൊരു
ഇടം തപ്പുന്നു

എനിക്ക് ചുരുങ്ങാനാകുന്നില്ല
എനിക്കെന്നെ തന്നെ
ഉപേക്ഷിക്കാനാകുന്നില്ല
എനിക്ക് കുറുകെ,
എനിക്കൊപ്പം,
കടലിലൂടെ സഞ്ചരിച്ചിരുന്ന
വഴിയാത്രക്കാർ.
അവരുടെ യാത്ര മുടക്കിയതിനെ ചൊല്ലി,
ചക്രവാളങ്ങളെന്നെ
ചാട്ടകൊണ്ട് വരിഞ്ഞു
മുറുകുന്നു.

കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. കഥയും കവിതയും എഴുതുന്നു . പ്രസിദ്ധീകരിച്ച കൃതികൾ: കിടുവൻ്റെ യാത്ര (ബാലസാഹിത്യം ), Loo (ഇംഗ്ലീഷ് കവിതകൾ).