ഹാപ്പിലി എവർ ആഫ്റ്റർ

അങ്ങനെ  രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു എന്നെഴുതിയിടത്ത് ആ കഥ തീർന്നു എന്നു കരുതിയോ.? പിന്നെ എന്തുണ്ടായി എന്ന് അന്വേഷിച്ചിരുന്നോ?

രാജകുമാരിയെ മോചിപ്പിക്കാൻ വേണ്ടി രാജകുമാരൻ കൊന്നുവീഴ്ത്തിയ വ്യാളിക്കും ഒരു കുടുംബം ഉണ്ടായിരുന്നു. ‘വെറുതെ ഒരു രസത്തിന് ആ പെങ്കൊച്ചിനെ പിടിച്ചുവച്ചിട്ട് പണി വാങ്ങി വയ്ക്കണ്ട’ എന്നു ഭർത്താവിനെ ആവും വിധം ഭാര്യവ്യാളി ഉപദേശിച്ചതാണ്. ‘നമ്മളു വ്യാളികല്ല്യോടി, ഇതൊക്കെ അല്ലേ നമ്മടെ കുലത്തൊഴില്, അപ്പനപ്പൂപ്പൻമാരു ചെയ്തുവന്നിരുന്നത്’  എന്നു പറഞ്ഞ ഭർത്താവ് പരലോകത്തേക്കുള്ള ചീട്ടാണല്ലോ താൻ കീറിവച്ചിരിക്കുന്നത് എന്നറിഞ്ഞില്ല. എന്തായാലും കണവനെ കുത്തിമലർത്തിയ രാജകുമാരനേയും അതിനു കാരണമായ കുമാരിയേയും  വ്യാളിത്തള്ളയും പിള്ളേരും അറഞ്ഞു പ്രാകി. രാജകുമാരനും കുടുംബത്തിനും സമാധാനമുണ്ടായില്ല പിന്നെ.

 നാട്ടുകാരുടെ മുന്നിൽ ഒരു ഗമണ്ടൻ വ്യാളിയെക്കൊന്ന് ഒരു പെണ്ണിനെയും രക്ഷിച്ചുകൊണ്ടു വന്ന ധീരൻ.  പെണ്ണാണെങ്കിൽ അതിസുന്ദരി. രാജകുമാരനു ചേരുന്നവൾ. പോരാത്തതിനു വേറേതോ രാജ്യത്തെ രാജകുമാരി. ചേരേണ്ടവർ.

പക്ഷേ വന്നതിൻ്റെ മൂന്നാംപക്കം പെണ്ണിൻ്റെ തനിനിറം ചെറുക്കൻ മാത്രം അറിഞ്ഞുതുടങ്ങി. അവൾ വ്യാളിയുടെ തടവിൽ കിടക്കേണ്ടവൾ തന്നെയെന്നു ബോധ്യപ്പെട്ടുതുടങ്ങി. ‘ചുമ്മാ രാജകുമാരൻ്റെ ഭാര്യയായിരിക്കാനൊന്നും എന്നെക്കിട്ടില്ല. ചുണയുണ്ടെങ്കിൽ രാജാവായിക്കാണിക്കാൻ’ പെണ്ണു  വെല്ലുവിളിക്കാൻ തുടങ്ങി. സംഗതി ശരിയാണല്ലോയെന്ന് പതുക്കെ  അയാൾക്കും തോന്നിത്തുടങ്ങി.

പക്ഷേ രാജാവാകണമെങ്കിൽ കടമ്പകൾ ഏറെയായിരുന്നു. ആദ്യം തന്തപ്പടി ചാകണം. അതു കഴിഞ്ഞാലും മൂത്തതു മൂന്നെണ്ണം ഉണ്ട്. ഇളയതു നാലും. മൂത്തവനായിരിക്കുമല്ലോ കിരീടാവകാശി. എന്തുചെയ്യുമെന്ന് ആലോചിച്ചിരുന്നപ്പോൾ അവൾ തന്നെ മാർഗ്ഗവും പറഞ്ഞു കൊടുത്തു “തട്ടിക്കളയുക”

ആദ്യമൊന്ന് അറച്ചു. പിന്നീട് ‘അറച്ചുനിന്നാൽ അറച്ചുനിൽക്കത്തേയുള്ളൂ’ എന്ന ചൊല്ല് ഓർമ്മ വന്നതു കൊണ്ട് വലിയ പ്രതിഷേധങ്ങളൊന്നുമില്ലാതെ രാജകുമാരൻ കാര്യപരിപാടികൾ നടപ്പിൽ വരുത്തിത്തുടങ്ങി. സംശയങ്ങൾക്കിടനൽകാതെ പെൺബുദ്ധിയും തന്നെക്കൊണ്ടാവുന്ന പിൻബുദ്ധിയും ചേർത്തൊരു കളി.

 വൈകാതെ അപ്പൻമഹാരാജാവ് പാമ്പുകടിയേറ്റു നാടുനീങ്ങി. കുറച്ചു നാൾ ദു:ഖാചരണം. പിന്നെ മൂത്തചേട്ടൻ്റെ സ്ഥാനാരോഹണം. അതു കഴിഞ്ഞ് അധികം നാളായില്ല. കൊടിയ വയറിളക്കം വന്ന് ചേട്ടനും പൂകി കാലപുരി. സംഗതി പന്തിയല്ലെന്നു കണ്ടപ്പോൾ സഹോദരങ്ങൾ തമ്മിൽ തമ്മിൽ സംശയിച്ചു തുടങ്ങി. അവസരം കാത്തിരുന്ന നമ്മുടെ രാജകുമാരൻ ബാക്കിയുള്ള മൂത്തോൻമാരെ തമ്മിലടിപ്പിച്ചു കൊല്ലിച്ചുകളഞ്ഞു.

പിന്നെയാരാ രാജാവ്. അതെ ഇങ്ങേരു തന്നെ.

ഇളയതുങ്ങൾക്കെങ്ങാനും ദു:ർബുദ്ധി തോന്നിയാലോന്നു കരുതി അവറ്റകളെയും പതിയെപ്പതിയെ ഒഴിവാക്കിച്ചു.

ഒറ്റയ്ക്കു ഭരിക്കാൻ തുടങ്ങിയപ്പോൾ അതിനേക്കാളും വലിയ പ്രശ്നങ്ങൾ.  ഇടയ്ക്ക് അയൽരാജ്യങ്ങൾ വക അതിർത്തി കയ്യേറ്റങ്ങൾ, അയൽക്കാരുടെ തന്നെ കുത്തിത്തിരുപ്പുകൾ വഴി ആഭ്യന്തരകലാപങ്ങൾ, തിന്നിട്ട് എല്ലിൻ്റെയിടയിൽ കയറിയ ചില പ്രജകളുടെ വഹ സമരങ്ങൾ, തിന്നാൻ വഹയില്ലാത്ത  ക്ഷാമകാലങ്ങൾ, കുടിക്കാൻ വകയില്ലാത്ത വരൾച്ചകൾ,  ഒരുപാടു കുടിച്ച വെള്ളപ്പൊക്കങ്ങൾ. അതിനിടയ്ക്ക് കഴിഞ്ഞ ജന്മത്തിലെ കുറേ ശത്രുക്കൾ മക്കളായും പിറന്നു. കൗമാരം കടന്നപ്പോഴേക്കും എല്ലാംകൂടി തമ്മിലടി തുടങ്ങി. അങ്ങനെ മുഴുവൻ തേങ്ങ കിട്ടിയ പട്ടിയുടെ കണക്ക് ആകെക്കൂടി ഒരങ്കലാപ്പ്. അതിനിടയിൽ നമ്മുടെ നായകൻ ജീവിക്കാൻ മറന്നു തുടങ്ങി.

ഭരിച്ചും കൊന്നും തല്ലുപിരിച്ചും തല്ലിപ്പിരിച്ചും അടിച്ചൊതുക്കിയും പിടിച്ചടക്കിയും കാലം കടന്നുപോയപ്പോൾ കുമാരനും കുമാരിക്കും തല നരച്ചു, മുടി കൊഴിഞ്ഞു. കുമാരിക്കു കുറച്ചു കൂടുതൽ കൊഴിഞ്ഞു. ദീനം വന്നു. നടുവും തല്ലി ഒരു വീഴ്ച വീണു. കിടപ്പിലായി. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരി ഒരുപ്പോക്കു പോയി.

തന്തയ്ക്കു വയസ്സായി, അധികാരം കൈമാറ്റം ചെയ്യണമെന്നു പിള്ളേരു മറഞ്ഞും തെളിഞ്ഞും പറയാൻ തുടങ്ങി. വിഷം തീണ്ടിയോ അതിസാരം വന്നോ നാടു നീങ്ങാൻ പേടിയുള്ളതു കൊണ്ടു മാറിക്കൊടുത്തു.

മാറിനിൽക്കേണ്ട താമസം മൂത്തവനൊരുത്തൻ സിംഹാസനത്തിൽ കയറി ഇരിപ്പായി. അച്ഛൻ രാജാവു വീണ്ടും കുമാരനായി. താടിയും മുടിയും നരച്ചു പേരക്കുട്ടികളുടെ താടിക്കിട്ടു തട്ടലും നെഞ്ചത്തിരുന്നു പെടുക്കലും സഹിച്ച് കൊട്ടാരത്തിനുള്ളിലെ വൃദ്ധസദനത്തിലേക്ക് ഒതുങ്ങി. പിള്ളേരെ നോക്കേണ്ട സമയത്തൊഴിച്ച് അങ്ങനെയൊരു ജന്മം അവിടെയുണ്ടെന്ന് ആരും ഓർത്തില്ല.

വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കവും വിട്ട്  പണ്ടെങ്ങാണ്ട് ഒരു വ്യാളിയെക്കൊന്ന വീരസാഹസങ്ങളൊക്കെ അയവിറക്കി ഇരിക്കുമ്പോഴാണ് കൊട്ടാരത്തിൽ ഒരു ബഹളം.

അന്വേഷിച്ചപ്പോൾ പടപ്പുറപ്പാടാണ്. ഏതോ ഒരു പേരക്കുട്ടിപ്പെൺകിടാവിനെ വ്യാളി പിടിച്ചു കൊണ്ടുപോയെത്രേ.

പെൺകിടാവിൻ്റെ  പ്രായം വച്ചു നോക്കുമ്പോൾ കിറുകൃത്യം. ചരിത്രം ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും മുന്നിൽക്കണ്ട് വൃദ്ധനായ കുമാരൻ തൻ്റെ അന്ത:പുരത്തിരുന്ന് ഊറിച്ചിരിച്ചു. 

കൊച്ചി വിപ്രോയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. പെരുമ്പാവൂർ സ്വദേശി. 'ദു:സ്വപ്നം പൂക്കുന്ന മരം' എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്.