രാത്രി നന്നായി ഉറങ്ങാത്തതിന്റെ ക്ഷീണം കൊണ്ട് മയങ്ങി കിടക്കു കയായിരുന്നു അയാൾ. അതിനിടയിലാണ് പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടത്. കുറച്ചുനേരം കൂടി കിടന്നുറങ്ങിയിട്ട് വീണ്ടും നൈറ്റ് ഷിഫ്റ്റിനു ജോലിക്കു കയറാനുള്ളതാണ്. അതിനിടയിൽ.
ശല്യപ്പെടുത്തിയതിൽ വല്ലാത്ത ദേഷ്യം തോന്നി അയാൾക്ക്. പിന്നെ കുറച്ചു നേരത്തേക്ക് ഒച്ചയൊന്നും കേൾക്കാതിരുന്നപ്പോൾ അയാൾ ഓർത്തു: ‘തന്നെ ആയിരിക്കില്ല. അടുത്ത മുറിയിലെ വേറെ ആരെയെങ്കിലും ആകും.’
അയാൾ വീണ്ടും ചുരുണ്ടുകൂടി.
അപ്പോഴുണ്ട് വീണ്ടും വിളി കേൾക്കുന്നു. ഇപ്പോൾ അയാൾ ശ്രദ്ധിച്ചു. “കാക്കാ… പാനി… പാനി”
ഒരു കുട്ടിയുടെ ശബ്ദമാണ്. കൂടെ വാതിലിൽ മെല്ലെ മുട്ടുകകൂടി ചെയ്തെന്നു തോന്നുന്നു. അയാൾ എഴുന്നേറ്റു. വാതിൽ തുറന്നു.
പുറത്ത്, വെള്ളം നിറച്ച കുടങ്ങൾ തലയിലേറ്റി ഒരു പെൺകുട്ടി നില്ക്കുന്നു. അയാളുടെ ഉറക്കച്ചടവുള്ള മുഖഭാവം കണ്ട് അവൾ പകച്ചെന്നു തോന്നുന്നു. എന്നാൽ അവളെ കണ്ട നിമിഷം തന്നെ അയാളുടെ ദേഷ്യമെല്ലാം പോയിരുന്നു.
അയാളെ നോക്കി നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു:
“പാനി.”
ഓ, വെള്ളം… അയാൾ ഓർത്തു. ഇന്നലെ ഒരു മലയാളി സുഹൃത്തിനോട് പറഞ്ഞിരുന്നു; ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനുമൊക്കെയായി കുറച്ചു നല്ല വെള്ളം ദിവസവും കിട്ടത്തക്ക വിധത്തിൽ ഏർപ്പാടാക്കി തരുവാൻ. രണ്ടു ദിവസം മുൻപുവരെ വേറെ ആൾ ആയിരുന്നു അയാൾക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തിരുന്നത്. അയാൾക്ക് ഇപ്പോൾ എന്തോ അസൗകര്യമായതിനാൽ. ഒന്നിനു മീതെ മറ്റൊന്നായി രണ്ടു കുടങ്ങൾ തലയിലേറ്റി നിന്ന ആ പെൺകുട്ടി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാൾ വേഗംതന്നെ കുടങ്ങൾ അവളുടെ തലയിൽ നിന്നും താഴെ ഇറക്കിവെച്ചിട്ട് നന്നായൊന്നു പുഞ്ചിരിച്ചു. ഉച്ചവെയിലിനിടയിലും മെല്ലെ വീശുന്ന തണുത്ത കാറ്റേറ്റ് വരണ്ടുണങ്ങിയ അവളുടെ മുഖം പുഞ്ചിരിക്കാനായി ആയാസപ്പെടുന്നതുപോലെ തോന്നി. വല്ലാതെ ക്ഷീണിച്ച ചെറിയ ഒരു കുട്ടിയായിരുന്നു അവൾ.
രണ്ടു കുടം നിറയെ വെള്ളം എങ്ങനെ അവൾ തലയിലേറ്റി എന്ന അത്ഭുതത്തോടെയാണ് പെൺകുട്ടിയെ അയാൾ നോക്കിയത്.
വെയിലിന്റെ ചൂടേറ്റ് സ്പർശനമാത്രയിൽ പറന്നുയരുന്ന അവിടത്തെ കറുത്ത മണ്ണിന്റെ നിറമായിരുന്നു അവൾക്ക്. അവളുടെ വസ്ത്രങ്ങൾക്ക് അവളുടെതന്നെ നിറമായിരുന്നു. എണ്ണമയമില്ലാത്ത മുടിനാരുകൾ നിറംമങ്ങിയ റിബണിനെ അനുസരിക്കാതെ പാറിപ്പറന്ന്. അവളുടെ കൈകളിൽ ഒരു വളപോലും ഇല്ലായിരുന്നുവെന്ന് അയാൾ ശ്രദ്ധിച്ചു. അവൾ ഒരു മൂക്കുത്തി അണിഞ്ഞിരുന്നു. എങ്കിലും അതിനോ അതിൽ പതിപ്പിച്ച മുത്തിനോ അല്പ്പം പോലും ഭംഗി ഉണ്ടായിരുന്നില്ല. തീർച്ചയായും അതിലേറെ തിളക്കം അവളുടെ മുഖത്ത് തുളുമ്പിവീണ വെള്ളത്തിന്റെ നനവിനുണ്ടായിരുന്നു.
അയാൾ കുടങ്ങൾ അകത്തേക്കു കൊണ്ടുപോയി വെള്ളം പാത്രത്തിൽ പകർത്തി മൂടിവെച്ചു. വെള്ളത്തിന്റെ വില അപ്പോൾ കൊടുക്കണമോയെന്ന് അയാൾ ആലോചിച്ചു. വേണ്ട; മാസംതോറും ഒരു തുകയായിട്ടു കൊടുത്താൽ മതി എന്നാണ് സുഹൃത്ത് പറഞ്ഞിരുന്നത്.
ഒഴിഞ്ഞ കുടങ്ങൾ തിരികെ കൊടുത്തു. അതു വാങ്ങി അവൾ മടങ്ങും മുൻപ് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു,
‘കുട്ടീ, നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനിയും ഈ വെയിലത്തു നീ. അല്പ്പനേരം ഇവിടെയെങ്ങാനും വിശ്രമിച്ചിട്ട്…’
പക്ഷെ, അയാൾ അതു പറഞ്ഞില്ല. അയാളുടെ ഭാഷ അവൾക്കോ അവളുടെ ഭാഷ അയാൾക്കോ അറിയില്ലായിരുന്നു.
ഏതെങ്കിലും വിധത്തിൽ പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചാൽതന്നെ അവൾ നില്ക്കുമായിരിക്കില്ല. ഇനിയും അവൾക്ക് എത്രയിടങ്ങളിൽ വെള്ളം എത്തിക്കാൻ ഉണ്ടാകും. ഇതുപോലെ വെള്ളംനിറച്ച കുടങ്ങളുമായി തിരക്കിട്ട് വഴിയിലൂടെ നടന്നുപോകുന്ന കുട്ടികളെ പലവട്ടം കണ്ടിട്ടുള്ളതാണ്.
ചുട്ടുപഴുത്ത മണ്ണിലൂടെ നടന്ന് മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികൾക്കിടയിലൂടെ അവൾ മറയുന്നതു നോക്കി നില്ക്കുമ്പോൾ ആത്മഗതമെന്നോണം അയാൾ പറഞ്ഞു:
‘പാവം കുട്ടി, അവളുടെ കാലുകളിൽ ചെരിപ്പുപോലുമില്ലല്ലോ.’
വ്യവസായങ്ങൾ എത്തിനോക്കാൻ തുടങ്ങിയതുകൊണ്ടു മാത്രം വികസനം സ്വപ്നം കാണുന്ന ഗുജറാത്തിലെ ആ ചെറിയ ഗ്രാമത്തിൽ അയാൾ വന്നിട്ട് ഒരു മാസത്തോളം ആയിരുന്നു. ഈ നാളിനിടയ്ക്ക്, കമ്പിനികളിലെ മുഴുവൻ വിഴുപ്പും വഹിച്ചൊഴുകുന്ന ഒരു ചെറുപുഴയും, കുളിക്കാനും കഴുകാനും മാത്രം വെള്ളമെടുക്കുന്ന പലപ്പോഴും വറ്റിപ്പോകാറുള്ള കിണറുമല്ലാതെ അയാൾ ആ ഭാഗത്ത് തെളിവെള്ളം ഒരിക്കൽപോലും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പെൺകുട്ടിക്ക് എന്നും തെളിവെള്ളം നൽകുന്ന ഉറവ ഏതെന്ന് അയാൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഒരിക്കൽ അതറിയാനായി ഉച്ചയുറക്കം ഉപേക്ഷിച്ച് ഇറങ്ങി തിരിക്കുകയും ചെയ്തു. ഒഴിഞ്ഞ കുടങ്ങളുമായി വെള്ളമെടുക്കാൻ പോകുന്ന പെൺകുട്ടിയുടെ പിന്നാലെ.എന്നാൽ അവൾ കാണാതെ മുൾച്ചെടികളുടെ മറപറ്റി. അവൾ തന്നെ കാണരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. മുൾച്ചെടികൾ തടസ്സപ്പെടുത്താത്ത ഭാഗങ്ങളിലൂടെ ആളുകൾ നടന്നുണ്ടായ വഴിച്ചാലിലൂടെ അയാൾ അവളെ അനുഗമിച്ചു. പെൺകുട്ടി വളരെ വേഗത്തിലാണ് നടന്നിരുന്നത്. പല വഴിച്ചാലുകൾ കൂടിച്ചേരുന്ന ഒരിടത്തെത്തിയപ്പോൾ ഏതിലൂടെയാണ് അവൾ മുന്നോട്ട് പോയതെന്നറിയാതെ അയാൾ വിഷമിച്ചു.
എങ്കിലും അപ്പോൾ തോന്നിയ വഴികളിലൂടെ മുന്നോട്ടു നടന്നു. അയാൾക്ക് പരിചയമില്ലാത്ത വഴികളായിരുന്നു എല്ലാം. കുറെ അലഞ്ഞിട്ടും പെൺകുട്ടിയേയോ അവൾ വെള്ളമെടുക്കുന്ന സ്ഥലമോ കണ്ടെത്താനാവാതെ അയാൾ തിരികെ നടന്നു.
മുറിയിൽ നടന്നെത്തുമ്പോൾ അയാൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.
വെള്ളം നിറച്ച കുടങ്ങളുമായി പെൺകുട്ടി അയാളെ കാണാതെ വിഷമിച്ചു നില്ക്കുകയായിരുന്നു അവിടെ.
വെള്ളം പകർത്തിവെച്ച് ഒഴിഞ്ഞ കുടങ്ങൾ അവൾക്കു കൊടുക്കുമ്പോൾ ആംഗ്യങ്ങളുടെയൊക്കെ സഹായത്തോടെ അയാൾ ചോദിച്ചു:
“ഈ വെള്ളം നീ എവിടെനിന്നാണ് കൊണ്ടുവരുന്നത്?”
മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് എന്തോ അവൾ പറഞ്ഞു.
“സ്ഥലം കണ്ടുപിടിച്ച് എന്നെ ഒഴിവാക്കാനാണല്ലേ?” എന്നോ മറ്റോ ആണ് പറഞ്ഞതെന്ന് അവളുടെ ഭാവത്തിൽ നിന്നും അയാൾ ഊഹിച്ചു.
“ഏയ്, അതിനൊന്നുമല്ല. വെറുതെ അറിയാൻ മാത്രം. അല്ലാതെ നിന്നെ ഒഴിവാക്കാൻ.”
അങ്ങനെ പറഞ്ഞത് അവൾക്ക് മനസിലായോ എന്തോ. ഏതായാലും അവളെ തെറ്റുധരിപ്പിക്കേണ്ട എന്നുകരുതി അയാൾ പിന്നെ അതേക്കുറിച്ചൊന്നും ചോദിച്ചില്ല. ഉച്ചയുറക്കത്തിൽ ഒരു ഇടവേളയുമായാണ് അവൾ ദിവസവും എത്തിയിരുന്നത്. പലപ്പോഴും അയാൾ അറിയാതെ ദേഷ്യപ്പെട്ടുപോയിട്ടുണ്ട്. എങ്കിലും വെള്ളം നിറച്ച കുടങ്ങൾ തലയിലേറ്റി, വെയിലേറ്റു തളർന്ന അവളുടെ രൂപം കാണുമ്പോൾ ആ ദേഷ്യമെല്ലാം പെട്ടെന്ന് തണുക്കും. പിന്നെപിന്നെ പെൺകുട്ടി എത്തുന്നതിനു മുൻപുതന്നെ അവളുടെ വിളി കേൾക്കുന്നതിനെന്നോണം അയാൾ ഉണർന്നു തുടങ്ങി. പതിവായി എത്താറുള്ള സമയം കഴിഞ്ഞും അവൾ വരാതിരുന്നാൽ അയാൾ അസ്വസ്തനാകും. കിടക്കുന്നിടത്തുനിന്നും എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്ന് അവസാനം അവൾ അകലെനിന്നു വരുന്നതു കാണുമ്പോൾതന്നെ മുറ്റത്തേങ്ങിറങ്ങിച്ചെന്ന് എത്രയും വേഗം അവളുടെ തലയിൽനിന്നും ആ ഭാരം. അയാൾക്ക് വലിയ കാര്യമായിരുന്നു അവളെ. കൊമ്പുകൾ നിറയെ മുള്ളുകളുള്ള, എന്നാൽ എത്ര വെയിലേറ്റാലും വാടാതെ, തളിരിലകൾ നീട്ടി തണലായി നില്ക്കുന്ന അവിടത്തെ പേരറിയാത്ത ചെറുമരങ്ങളോടും അതേ വാൽസല്യമാണ് അയാൾക്ക് തോന്നിയിട്ടുള്ളത്.
ഓരോ ദിവസവും വെള്ളവുമായി വരുമ്പോൾ അയാൾക്ക് അവളോട് പലതും ചോദിക്കണമെന്നുണ്ടായിരുന്നു.
നിന്റെ പേരെന്താണ്? വീട്?
വീട്ടിൽ ആരൊക്കെയുണ്ട്?
നീ പഠിക്കാനൊന്നും പോകുന്നില്ലേ?
കൂട്ടുകാരൊത്തു കളിച്ചും ചിരിച്ചുമൊക്കെ നടക്കേണ്ട പ്രായത്തിൽ നീയിങ്ങനെ ഭാരവും ചുമന്ന്..
പക്ഷേ, തിരക്കുപിടിച്ചുള്ള അവളുടെ വരവിനും പോക്കിനുമിടയിൽ അതൊന്നും ചോദിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഭാഷ അറിയില്ല എന്നത് പറയാനൊരു കാരണം മാത്രമായിരുന്നു.
അന്ന് കുറേ നേരമായി കട്ടിലിൽ അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. എത്രനേരം കഴിഞ്ഞിട്ടും അയാൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് സമയവും നോക്കുന്നുണ്ട്. വെള്ളം തരാൻ തുടങ്ങിയിട്ട് ഇത്രയും ദിവസത്തിനിടയിൽ അവൾ ഇതുപോലെ മുടക്കു വരുത്തിയിട്ടില്ലല്ലോ എന്ന് അയാൾ ഓർത്തു. വെള്ളവുമായി പെൺകുട്ടി വരാതായിട്ട് നാലു ദിവസമായിരുന്നു. ഈ ദിവസങ്ങളിലെല്ലാം അയാൾ പുറത്തുനിന്നാണ് ഭക്ഷണം കഴിച്ചത്. ചായ തിളപ്പിക്കാനും കുടിക്കാനും മറ്റും അത്യാവശ്യം വേണ്ട വെള്ളം അയാൾക്ക് മുറി വാടകയ്ക്കു കൊടുത്തിരുന്ന കാക്കിയുടെ കാലുപിടിച്ചു വാങ്ങുകയായിരുന്നു. ഇപ്പോൾ അയാൾക്ക് ദാഹം തോന്നുന്നുണ്ട്. എങ്കിലും ഇനിയും വെള്ളത്തിനായി ചെന്ന് അവരെ ബുദ്ധിമുട്ടിക്കുവാൻ ഒട്ടും താല്പര്യം തോന്നിയില്ല. പെൺകുട്ടിയുടെ വീട് എവിടെയാണെന്ന് അറിയാമായിരുന്നെങ്കിൽ പോയി അന്വേഷിക്കാൻ അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അയാൾക്ക് അവളേക്കുറിച്ച് അതൊന്നും അറിയില്ലായിരുന്നല്ലോ, പേരുപോലും. അയാൾക്ക് ദാഹം ഏറിവരുകയായിരുന്നു.
ഏതായാലും വെള്ളം തരുവാൻ അവളെ ഏർപ്പാടാക്കി തന്ന സുഹൃത്തിനെ ഒന്നുപോയി കാണാൻ തീരുമാനിച്ചു. അയാൾ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്തായി ചായക്കട നടത്തുന്ന മലയാളിയാണ്. വേഗം വേഷംമാറി മുടിപോലും ചീകാൻ നിൽക്കാതെ അയാൾ ഇറങ്ങി. നല്ല വെയിലുണ്ടായിരുന്നു. മണ്ണിൽനിന്നും മുഖത്തേക്ക് ഏശുന്ന ചൂടാണ് അയാൾക്ക് അതിലേറെ അസഹ്യമായി തോന്നിയത്. മുൾച്ചെടികൾക്കിടയിൽ ഏതാനും മയിൽപ്പീലികൾ കിടക്കുന്നത് അയാൾ കണ്ടു. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ നാട്ടിൽ ചെല്ലുമ്പോൾ കുട്ടികൾക്കു കൊടുക്കാനെന്ന പേരിൽ അയാൾ അതെല്ലാം പെറുക്കിയെടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള സാവകാശമൊന്നും അയാൾക്കില്ലായിരുന്നു. സുഹൃത്തിന്റെ കടയിലേക്ക് നടന്നെത്തുമ്പോൾ അയാൾ വല്ലാതെ ക്ഷീണിച്ചുപോയി. ചെന്നെത്തിയ ഉടനെ മൺകുടത്തിൽ വെച്ചിരുന്ന വെള്ളത്തിൽനിന്നും കുറെയെടുത്തു കുടിച്ചു. കമ്പനിയിൽ നിന്നും ചില ജോലിക്കാർ ചായകുടിക്കാൻ ഇറങ്ങിയ സമയമായിരുന്നു അപ്പോൾ. പലരുടെയും മുഖം ആരെന്നു തിരിച്ചറിയാൻ കഴിയാത്തവിധം പൊടി പുരണ്ടിരുന്നു.
ഏലക്കായുടെ മണവും രുചിയുമുള്ള ചായ അവർ ആർത്തിയോടെ കുടിച്ചു. വഴിയിൽനിന്നും ചെരിപ്പിൽ തറഞ്ഞു കയറിയിരുന്ന മുള്ളുകൾ എടുത്തുകളഞ്ഞുകൊണ്ട് കടയിലെ തിരക്കൊഴിയാനായി അയാൾ കാത്തിരുന്നു. സുഹൃത്തിന്റെ ജോലിത്തിരക്ക് ഒഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു: “ഏ… ബായ്, എനിക്കു വെള്ളം കൊണ്ടുവന്നിരുന്ന പെൺകുട്ടി കുറച്ചുദിവസമായി അങ്ങോട്ടൊന്നു തിരിഞ്ഞുപോലും നോക്കിയിട്ടില്ലട്ടോ…”
“കഷ്ടംതന്നെ” ചായ ഗ്ലാസുകള് കഴുകുന്നതിനിടയിൽ സുഹൃത്ത് തുടർന്നു: “താനറിഞ്ഞില്ലേ, ഗാവിലെ ചിലർക്ക് എന്തോ മാരകമായ പകർച്ചവ്യാധി പിടിപെട്ടിരിക്കുകയാണത്രെ”
അവരുടെ സംസാരം കേട്ടിരുന്ന മറ്റൊരു മലയാളി പറഞ്ഞു: “ഹജീറ ഗാവിലെ കാര്യമല്ലേ. അവിടെയുള്ളവർക്ക് അസുഖം വന്നില്ലങ്കിലേ അത്ഭുതമുള്ളൂ. നേരം വെളുക്കാൻ തുടങ്ങുമ്പോൾ കാണാം ഓരോന്നുങ്ങൾ വഴിയരികിലെല്ലാം”
അയാൾ നെറ്റി ചുളിച്ചു. “രണ്ടുമൂന്നു കുട്ടികൾ മരിച്ചുവത്രേ. ഒരുപക്ഷേ…”
അവസാനത്തെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അയാൾ കേട്ടത്.
മരിച്ച കുട്ടികളിലൊരാൾ.
അതേക്കുറിച്ചോർത്തപ്പോൾ അയാൾക്ക് വല്ലാത്ത വിഷമം തോന്നി. ഇത്രയും ദിവസങ്ങളിൽ ദാഹം തീർക്കാൻ വേണ്ട വെള്ളം തന്ന കുട്ടിയല്ലേ. അവൾക്ക് അതിനുള്ള പ്രതിഫലം പോലും… ഇല്ല; അങ്ങനെയൊന്നും സംഭവിച്ചിരിക്കില്ല.
എങ്കിലും അയാൾ പറഞ്ഞു: “ഗാവില് എവിടെയാണ്? അവളുടെ വീടൊന്നു അറിഞ്ഞിരുന്നെങ്കിൽ ഒന്നുപോയി തിരക്കാമായിരുന്നു. ഒരുപക്ഷെ എന്തെങ്കിലുമൊരു സഹായം വേണമെങ്കിൽ…”
അതുകേട്ടപ്പോൾ സുഹൃത്ത് പറഞ്ഞു: “വെറുതെ വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ട. അവിടെയുള്ളവർ തന്നെ ഇപ്പോൾ വേറെ എങ്ങോട്ടോയൊക്കെ… പകർച്ചവ്യാധിയല്ലേ”
പിന്നെയും എന്തൊക്കെയോ സുഹൃത്ത് പറഞ്ഞു. പക്ഷെ, അതൊന്നും ശ്രദ്ധിക്കുവാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.
പിന്നെ, പുറത്തേക്കിറങ്ങി എങ്ങോ ലക്ഷ്യമാക്കി അയാൾ നടന്നു. വേഗത്തിൽ നടക്കുന്നതിനിടയിൽ മണ്ണിന്റെയും വെയിലിന്റെയും ചൂട് അയാൾ അറിഞ്ഞേയില്ല. മുൾച്ചെടികൾക്കിടയിൽ കൊഴിഞ്ഞുവീണുകിടന്ന നീലക്കണ്ണുകൾ അയാളെ നോക്കി. അയാൾ പക്ഷെ, ഒന്നും കാണുന്നുണ്ടായിരുന്നില്ല.