സർഗ്ഗവിപ്ലവം / ബഹുസ്വരത

എനിക്കൊന്നു വിവക്ഷിക്കാൻ,
കടലാസിൻ കരുത്തില്ല.
നിവർന്നച്ചിൽ മിനുങ്ങിയ,
അഴകേറും കൂട്ടരില്ല.

കനൽച്ചൂടിൽ പതിയും-
തീമുന, ചാന്താൽക്കെടുത്തിയ ,
കരി ചാലിച്ചെഴുതും –
പൂങ്കവിതേ, നീയൊന്നു പാടൂ!

കൃതിയാകാനാശയങ്ങൾ
പ്പതിയുമ്പോളെഴുത്താണി-
ക്കതീതം തീ ഗുഹക്കുള്ളിൽ*1
പ്പതിയും രൂപമായ് കാണും.

2*നിനക്കേ സർവ്വധികാര –
സ്സരിത്തിന്നാഴവും –
തീരത്തല തല്ലി –
അല.. യല.. ഞ്ഞലയു-
മോർമ്മകൾ പോലും.

മഴവില്ലും കനപ്പിൻ,
സാമ്രാജ്യ ഭാവപ്പെരുക്കത്തിൻ
നിറം ചാർത്തും സർഗ്ഗലോക-
സ്സമത്വം മൺഭരണികൾ!

മധുരം താൻ നിറച്ചാർക്കും,
ചെറു പ്രാണിക്കൂട്ടമാകെ –
ക്കരുതും തേനതിൻ വായ –
ക്കഴുത്തിൽപ്പോയ് കുരുങ്ങുന്നോർ.

ബലമാർന്ന കരങ്ങൾ
വന്നുടച്ചാപ്പൂ മധുരത്തെ,
യൊഴുക്കും കാലമേ സർഗ്ഗ
വസന്തം നേർവിരിഞ്ഞീടും.

*1.പ്ലാറ്റോവിന്റെ കേവ് തിയറി.

*2.കാവ്യ ദേവത.

തൃശ്ശൂർ കോളങ്ങാട്ടുകര സ്വദേശിനി. പെരുമ്പിലാവ് മാർ ഒസ്താത്തിയോസ് കോളേജ് അധ്യാപികയാണ്. ആനുകാലികങ്ങളിൽ (സാമാന്തര, ഓൺലൈൻ ) ഇടങ്ങളിൽ എഴുതുന്നു.