രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ
ആദ്യമായവളെ കണ്ടത്
എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ്
ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്
എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾ
പുറങ്കാഴ്ച കാണുന്നതു പോലെ
പുറന്തിരിഞ്ഞു നിന്നു
പിന്നെ പിന്നെ കാക്കയെപ്പോലെ
കടക്കണ്ണുനീട്ടി.
നഗര വേഷമില്ലാതെ
ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ
‘എനിക്കൊരു പുഴ തരൂ
ഞാൻ പഴയൊരാരുചി തരാം’
എന്ന വരിയാണെന്റെയുള്ളിൽ
പിന്നെയെന്നാണ്
ഞാൻ നീയെന്നില്ലാതെ നമ്മളായത്
മതിലുകളില്ലാത്ത മൺ വഴികളായത്
വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെനാം
ഒന്നും മിണ്ടാതെ
ഒരായിരം കഥ പറഞ്ഞിരുന്നില്ലെ
എന്റെ ഓരോ സ്ക്കൂട്ടറോട്ടവും
നിന്നിലേക്കായിരുന്നു
ഒന്നാലോചിച്ചിട്ടുണ്ടോ?
എത്രയും ആളുകളുണ്ടായിട്ടും
എന്തുകൊണ്ടായിരിക്കും ഇത്രയേറെ
ജന്മബന്ധംപ്പോലെ നമ്മൾ നമ്മെ
ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവുക
എന്നിട്ടും നീഎന്നെ വിട്ട് പോയി!
മൗനമായിപ്പോലും
നീ ഒരുവാക്ക് മിണ്ടിയില്ലല്ലോ?
എത്ര പ്രതീക്ഷയോടെയാണ് എന്നിട്ടും
ഞാനെന്നും സ്കൂട്ടറോടിച്ചത്
ഒറ്റമരമായി ഓർത്തോർത്ത് നിന്നത്
കൊലുസിൻ കിലുക്കത്തിന്
കാതോർത്ത് നിന്നത്
പിണങ്ങുവാൻ ഇന്നുവരെ മിണ്ടിയിട്ടില്ല നാം
പറഞ്ഞകഥയെല്ലാം മൗനത്തിന്റെ ഭാഷയിലും
എന്നിട്ടും പോയില്ലെ നീ
നീയും ഞാനുമല്ലാതിരുന്നിട്ടും
നമ്മളായിട്ടും ആങ്ങളേ പെങ്ങളേയെന്ന്
മനസ്സ് തുറക്കാൻ കഴിഞ്ഞില്ലല്ലോ
ഒരിക്കൽപ്പോലും നമുക്ക്
ഇന്നും നടത്താറുണ്ട്
ഞാൻ നിന്നിലേക്ക് സ്കൂട്ടറോട്ടങ്ങൾ
നീയില്ലെന്നറിഞ്ഞിട്ടും
നീയുണ്ടെന്നോർക്കാനാണ് എനിക്കേറെയിഷ്ട്ടം
ആ പ്രതീക്ഷകളാണ്
എന്റെ രാവിനെ വെളുപ്പിക്കുന്നത്
നിന്നിലേക്കുള്ളയെന്റെ
സ്കൂട്ടറോട്ടങ്ങളെ പ്രേരിപ്പിക്കുന്നത്.