സ്മൃതിനാശം

ഇന്നലെകളുടെ പൊത്തുകളിലേക്ക്
ഊഴ്ന്നിറങ്ങിയപ്പോഴാണ്
ജീവൻ്റെ തുടിപ്പായ
മാണിക്യക്കല്ല്
നഷ്ടമായതറിഞ്ഞത്.

നീരില്ലാത്ത ജലാശയത്തിലെ
ആമ്പൽപ്പൂവുകളെ
അന്വേഷിച്ചപ്പോഴാണ്
ഭ്രാന്തിയെന്ന വിളികേട്ടത്.

വേരുകളുടെ നാമങ്ങൾ
ഓർക്കാതായപ്പോഴാണ്
കുലദ്രോഹിയെന്ന
പേരു കിട്ടിയത്.

ദൈവങ്ങളുടെ പേര്
ഉച്ഛരിക്കാതായപ്പോഴാണ്
നാസ്തികനെന്ന്
അടയാളപ്പെടുത്തിയത്.

മരുന്നുകളുടെ പേരും
മറന്നപ്പോൾ മാത്രമാണ്
മറവിരോഗമെന്ന്
വൈദ്യനാൽ
സാക്ഷ്യപ്പെടുത്തിയത്.

കൊല്ലം, അഞ്ചൽ സ്വദേശം. ദുബായിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനിടെ ഗവേഷണ പഠനത്തിനായി നാട്ടിലെത്തി. ഇപ്പോൾ ആനുകാലികങ്ങളിലും നവ മാധ്യമ കൂട്ടായ്മകളിലും എഴുതുന്നു