വർഷങ്ങൾക്കു ശേഷമാണ് അയാൾ ആ വിദ്യാലയ മുറ്റത്ത് വരുന്നത്. അതും ഏറെക്കാലത്തെ മറുനാട്ടിലെ ജീവിതത്തിന് ശേഷമുള്ള വരവ്. അയാളുടെ ബാല്യ കൗമാരങ്ങളുടെ ബാക്കിപത്രം അന്വേഷിച്ചുള്ള വരവ്. വിശാലമായ ആ പറമ്പിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തേയും മുകളിൽ കുരിശുരൂപം വഹിച്ചു നില്ക്കുന്ന ആരാധനാലയത്തേയും അയാൾ നിർന്നിമേഷനായി നോക്കിനിന്നു.
ക്ലാസിലെ കലാ സദസ്സുകളിൽ അയാൾ പാടാറുള്ള പാട്ടിന്റെ അലയടികൾക്കായി ഒരുനിമിഷം കാതോർത്തു. ഇല്ല, ഒന്നും കേൾക്കാനില്ല, മദ്ധ്യവേനലവധിക്കാലമായതിനാൽ തികച്ചും നിശബ്ദതയാണ് അയാളെ കാത്തിരുന്നത്. വിദ്യാലയത്തിന് അടുത്തുള്ള ആരാധനാലയത്തിന്റെ ചവിട്ടുപടികൾ അയാൾ സാവധാനം കയറി. ആരാധനാലയത്തിന് മുന്നിൽ അയാൾ അന്ന് സ്ഥിരം ഇരിക്കാറുള്ള ഇരിപ്പിടത്തിൽ തന്റെ കൈകൊണ്ട് സ്പർശിച്ചു. ആ ഭാഗം ഇപ്പോൾ മാർബിൾ പതിച്ച് നല്ല മിനുസ്സമുള്ളതാക്കിയിരിക്കുന്നു.
അന്നൊരിക്കൽ ഒരു ഉച്ചസമയത്താണ് അവൾ ഇവിടെ തന്റെ കൂടെ വന്നിരുന്നത്. ഒരേ ക്ലാസ്സിലായിരുന്നെങ്കിലും അങ്ങിനെ അടുപ്പമൊന്നും അവർ തമ്മിൽ ഉണ്ടായിരുന്നില്ല. മുഖാമുഖം കാണുമ്പോൾ ഒരു നോട്ടത്തിലോ, ചിരിയിലോ ഒതുങ്ങുന്ന സൗഹൃദം. അയാളെപ്പോലെത്തന്നെ അവളും കലാ സദസ്സുകളിൽ പാട്ടുകാരി ആയിരുന്നു. എന്നാൽ പാട്ടിന്റെ കാര്യത്തിൽ മനസ്സുകൊണ്ട് രണ്ടാൾക്കും ഒരു മത്സരബുദ്ധി ഉണ്ടായിരുന്നു.
അടുത്ത് വന്നിരുന്ന അവൾ തന്റെ കയ്യിലുള്ള ഉപ്പിലിട്ട നെല്ലിക്ക അവന് നേരെ നീട്ടി. അതിൽ നിന്നൊരെണ്ണം എടുത്തപ്പോൾ അവൾ ഒരു ചെറു ചിരിയോടെ, ഇരുവശത്തും മെടഞ്ഞിട്ട തന്റെ മുടി മുന്നിലേക്കെടുത്തിട്ട് അവനിൽ നിന്നകന്ന് ഇരുന്നു. പിന്നെ നെല്ലിക്ക മെല്ലെ കടിച്ചപ്പോഴുള്ള പുളിപ്പ് മുഖത്ത് പ്രകടമാക്കി അവൾ മൊഴി ഞ്ഞു.
“ഞാനിന്ന് ഉച്ചകഴിഞ്ഞാൽ വീട്ടിൽ പോകും. ഇന്ന് രാത്രിയിലാണ് ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നത്. വീട്ടിൽ പോയി എല്ലാം ശരിയാക്കി സന്ധ്യയോടുകൂടി തിരിച്ചുവരും. നീ വരുന്നില്ലേ ഊട്ടിയിലേക്ക്?”
“ഇല്ല, ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വാ… അവളുടെ മുഖം മ്ലാനമായി. പിന്നെ മെല്ലെയവൾ പറഞ്ഞു.
“ഞാൻ കരുതി നീയും ഉണ്ടാവുമെന്ന്. നീയുണ്ടാരുന്നെങ്കിൽ എനിക്കൊരു കൂട്ട് ആയേനെ. നമുക്ക് പാട്ടുപാടി തകർക്കാമായിരുന്നു.”
അവൾക്കറിയില്ലല്ലോ തന്റെ വീട്ടിലെ സ്ഥിതി. നിത്യച്ചിലവുകൾക്കുതന്നെ ബുദ്ധിമുട്ടുന്ന വീട്ടിൽ ഇങ്ങിനെയൊരു വിനോദയാത്രയെകുറിച്ച് എങ്ങിനെ പറയും. ധരിക്കാൻ സ്വന്തമായി നല്ലൊരു വസ്ത്രം വരെ ഇല്ലാത്ത താനെങ്ങിനെ ഇങ്ങിനെ ഒരു യാത്ര ആഗ്രഹിക്കും. അവന്റെ മൗനം കണ്ടിട്ട് അവൾ പറഞ്ഞു.
“നീയെന്താ ഒന്നും പറയാത്തത്. നിനക്ക് കാശ് ഞാൻ തരാം , ചിലവിനുള്ളത് മാത്രം നീയെടുത്താൽ മതി.”
അതിന് തടസ്സമിട്ടുകൊണ്ട് അവൻ പറഞ്ഞു.
“വേണ്ട , വേണ്ട ഞാൻ വരുന്നില്ല. അതൊന്നും ശരിയാകില്ല. നീ പോയിട്ട് വാ…”
അവൾ അപേക്ഷാരൂപേണ പറഞ്ഞു.
“എനിക്കൊരു കൂട്ടായിട്ടെങ്കിലും നിനക്കൊന്ന് വന്നുകൂടെ,പ്ലീസ്….”
നിഷേധാർത്ഥത്തിൽ അവൻ ശിരസ്സാട്ടിയപ്പോൾ അവളുടെ മുഖം ഒന്നുകൂടി മ്ലാനമായി. കയ്യിൽ പറ്റിയിരുന്ന ഉപ്പുവെള്ളം പാവാടത്തുമ്പിൽ തുടച്ച് എഴുന്നേറ്റുകൊണ്ട് അവൾ പറഞ്ഞു.
“ശരി, എന്നാൽ ഞാൻ പോകട്ടെ, ബെല്ലടിക്കാറായി. നീ വെള്ളം കുടിക്കാൻ വരുന്നോ…, നെല്ലിക്ക തിന്ന് വെള്ളംകുടിക്കാൻ നല്ല രസാ….”
അതിനും അവൻ വരുന്നില്ലെന്ന് തലയാട്ടിയപ്പോൾ അവൾ തിരിഞ്ഞു നിന്ന് ആരാധനാലയത്തിന് മുകളിലെ കുരിശ്ശൂരൂപത്തെ നോക്കി, നെറ്റിയിലും നെഞ്ചിലും തൊട്ട് കുരിശു വരച്ച് മെല്ലെ നടന്നകന്നു.
അടുത്തദിവസം വിദ്യാലയത്തിൽ പോകാൻ നല്ല ഉത്സാഹം തോന്നി. വിനോദയാത്രക്ക് അദ്ധ്യാപകർ പലരും പോയതുകൊണ്ട് പല പിരീഡുകളിലും പഠനം ഉണ്ടാകില്ല. ആരാധനാലയത്തിന് മുന്നിൽ എത്തിയപ്പോഴാണ് അത് കണ്ടത്. വിദ്യാലത്തിന്റെ ഓഫീസ് ജനലിൽ കെട്ടിയ നിശ്ചലമായ ഒരു കറുത്തകൊടി. ആരോ മരിച്ചിരിക്കുന്നു. അത് അറിയാനുള്ള ആകാംഷയോടെ ക്ലാസ്സിലേക്ക് വേഗം നടന്നു. അവിടെ ചെന്നപ്പോഴുള്ള വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരുന്നു.
അതെ, അവൾ പോയിരിക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത യാത്രക്ക് ദൈവം അവളെ തിരഞ്ഞെടുത്തിരിക്കുന്നു. ഉച്ചക്ക് വീട്ടിൽ പോയ അവൾ വിനോദയാത്രക്ക് പോകാനുള്ളതെല്ലാം ഒരുക്കിവച്ച്, അടുത്തുള്ള പുഴയിലേക്ക് അനുജനേയും കൂട്ടി കുളിക്കാൻ പോയി. നിശബ്ദമായൊഴുകുന്ന പുഴയുടെ കാണാച്ചുഴിയിൽ അനിയൻ ജീവനുവേണ്ടി പിടഞ്ഞപ്പോൾ, അവൾ തന്റെ ജീവൻ നല്കി അവനെ രക്ഷിച്ചു.
വിദ്യാലയത്തിൽ നിന്നും അവളുടെ വീട്ടിലേക്ക് ഞങ്ങൾ യാത്രയായി. അവളുടെ ജീവനപഹരിച്ച് നിശബ്ദമായി ഒഴുകുന്ന പുഴയെ അവൻ വെറുപ്പോടെ നോക്കി. ആ വീടിന്റെ മുറ്റത്ത് ഒരു പെട്ടിയിൽ അലങ്കരിച്ച പുഷ്പ്പങ്ങൾക്കിടയിൽ അവൾ നീണ്ടുനിവർന്ന് കിടക്കുന്നു. യാത്രക്ക് കൂട്ടുവിളിച്ചപ്പോൾ നിഷേധിച്ചതുകൊണ്ടാകാം അവനെ കാണുമ്പോൾ ആചുണ്ടിൽ തെളിയാറുള്ള മന്ദസ്മിതം അപ്പോൾ ഉണ്ടായിരുന്നില്ല. പൗഡർ കട്ടപിടിച്ച് അവളുടെ സുന്ദരമുഖം വികൃതമായിരിക്കുന്നത് കണ്ട് അവൻ മു ഖം തിരിച്ചു.
അവിടെനിന്ന് മടങ്ങിവരുമ്പോൾ കുറ്റബോധം കൊണ്ട് അവന്റെ ഉള്ള് നീറി.
“എന്നോട് ക്ഷമിക്കൂ… പ്രിയപ്പെട്ട കൂട്ടുകാരീ… ഒരിക്കലും മടങ്ങിവരാത്ത യാത്രക്കാണ് നീയ്യന്ന് എന്നെ വിളിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇത്രയും വെള്ളം കുടിക്കാനായിരുന്നോ നീയ്യന്ന് ആ ഉപ്പിലിട്ട നെല്ലിക്ക മുഴുവൻ തിന്നത്. നീയ്യന്ന് വെള്ളം കുടിക്കാൻ വിളിച്ചിട്ടും ഞാൻ നിന്റെകൂടെ വന്നില്ല … മാപ്പ് കൂട്ടുകാരി മാപ്പ്. ഇന്ന് ജീവിത പാതയിൽ പലരുടേയും അവഗണനയേറ്റുവാങ്ങുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, അന്ന് നീ വിളിച്ചപ്പോൾ നിന്നോടൊപ്പം ഒരിക്കലും തിരിച്ചുവരാത്ത ആ യാത്രക്ക് ഞാൻ സന്നദ്ധത കാട്ടിയിരുന്നെങ്കിൽ എന്ന്.
ആരാധനാലയത്തിന്റെ മാർബിൾ പടിയിൽ അയാൾ ഒന്നുകൂടി തഴുകി. തന്റെ വിരലിൽ നനവ് തോന്നിയപ്പോൾ അയാൾ വിരൽ തന്റെ നാക്കിൽ തൊടുവിച്ചു. ഉപ്പു വെള്ളത്തിന്റെ ചവർപ്പ് അപ്പോൾ അയാളെയാകെ പൊതിയാൻ തുടങ്ങിയിരുന്നു.