സ്പീഡ്

ആളൊഴിഞ്ഞ ജീവിതത്തിൽ
ഒറ്റയ്ക്ക് നടക്കുന്നവർക്കടുത്ത്
ബൈക്കിലെത്തി
ഒരു നോട്ടം തരുമോന്ന് ചോദിച്ച്
ഒരു കണ്ണ് പിച്ചികൊണ്ട് പായുന്ന
പിടിച്ചുപറിക്കാരനാണ് ഞാനും

ജീവനുള്ള പാറ്റയെ, ചെല്ലിയെ
കൈവെള്ളയിൽ മുറുക്കുമ്പോലെ
തോന്നും ചിലത്
ചിലത് കരയിൽ വീണ വരാൽ
ചിലത് കരയാനറിയാത്ത ഭ്രൂണം
ചിലത് ചുട്ടുപഴുത്ത താക്കോൽ
ചിലത് അപ്പോൾ വിടർന്ന റോസ്സ്

ചിലത്
ചിലത്
ഒരു പിടി മണ്ണ്
വിത്തുകൾ അനങ്ങുന്നത്
ചോരയുണങ്ങാത്തത്
ആരോ പിടിച്ചു പറിക്കാൻ
നോട്ടമിട്ട്
അളന്നു തിരിച്ചത്.

ഒറ്റ കണ്ണ് കത്തിച്ച
ട്രയിൻ വേഗത്തിലോടുന്നു
ദേശാന്തരഗമനം ചെയ്യുന്ന
കിളികളെ പോലെ പ്രതീക്ഷകളും
പുറപ്പെട്ടു പോകുന്നു
തിരിച്ചു വരുന്നു.

നശ്വരത
അനശ്വരതയിലേയ്ക്ക്
പായുന്നത് റെയിലാണെന്ന
കവിത
ഈ യാത്രയിലെഴുതുന്നു,

ഉല്ലാസ സൂചകമായി
രണ്ടു വിരൽ
വായിൽ തിരുകി
ഒരു വിസിലടിക്കുകയും .

കൊല്ലം, കുണ്ടറയിൽ താമസം. കവി, ചിത്രകാരൻ, ഇല്ലസ്ട്രേറ്റർ, നാടകപ്രവർത്തകർ , തിരക്കഥാകൃത്ത്, littnow.com എഡിറ്റർ. പുസ്തകം ,പിമ്പുകളുടെ നരത്തിൽ.