സൂറാബിയുടെ കവിതാ പുസ്തകം

“അപ്പോ ഇങ്ങള് തീരുമാനിച്ചാ, സൂറാത്താ?”

“അതിനിപ്പോ സുക്കൂറെ, എഴുതീത് കുറച്ചെണ്ണംണ്ട്. അതിപ്പോ നീ തന്ന്യല്ലേ ആദ്യന്നെ വായിച്ചേക്കുന്നെ . മജീദ്ക്കയ്ക്ക് പെരുത്ത് സന്തോഷം. ഓരു പറയണത്, ഇങ്ങള് കൊടുക്കപ്പ, കവർ കീറണ പരിപാടി ഇമ്മക്ക് കേമായിട്ട് നടത്താന്ന്”

“അതന്ന്യാ ഞാൻ പറയണത്. നിങ്ങളൊന്നു നിന്ന് തന്നാ മതിത്താത്ത, ബാക്കി കാര്യം ഞങ്ങളേറ്റു.”

“എന്നാലും ൻ്റെ സുക്കൂറെ, മുപ്പതിനായിരം ന്നൊക്കെ പറഞ്ഞാല് ഇച്ചിരി കൂടുതലല്ലേ, ഒരു പവനെടുക്കണ കാശാണ്. പെൺകുട്ടിയോളു രണ്ടും ഒപ്പത്തിനൊപ്പാ നിക്കുന്നെ. എൻ്റുള്ളില് തീയാ. മജീദ്ക്ക ചോര നീരാക്കിണ്ടാക്കണ കാശാ…”

“സൂറാത്താ, ങ്ങൾക്ക് കവ്യാവണോ അതോ കരിപിടിച്ച അടുക്കളേല് ഇരിക്കണാ. ഇങ്ങള് ന്റെ മജീദ് ക്കാന്റെ ബീവിയാ. ങ്ങൾക്കിത്തിരി പേര് കിട്ടുന്ന കാര്യല്ലേ. അതിനിയ്ക്കും ഇത്തിരി ഗമയാ.”

“പൊന്നു വാങ്ങി പെട്ടിയിൽ വെച്ച് നടന്നാ ഇങ്ങക്ക് ഇങ്ങനെയൊരു വാസനിള്ള കാര്യം നാട്ടുകാരറിയോ?
മുപ്പതിനായിരം ഒന്ന്വല്ലന്റെ സൂറത്താ”

“ഇയ്യൊന്ന് പതുക്കെ പറ സുക്കൂറെ, ഉമ്മാ കേക്കണ്ട”

“ഇങ്ങള് ഇതിന്ന് എത്ര കായിണ്ടാക്കാൻ പറ്റുന്നാലോചിക്ക്. പത്രത്തിലും ടിവിയിലും പടം വരണ കാര്യാ. മാളികപ്പുരയിലെ സൂറാബി പിന്നെ ആരാ ? കവിയാ കവി.”

“പിന്നെ കായിന്റെ കാര്യം. 500 ബുക്കിന് 30000 രൂപ. ഒരു ബുക്കിന് ചെലവ് 60 രൂപ. മ്മടെ ബുക്കിൻ്റെ വെല 160 രൂപ. ബുക്ക് ഒന്ന് വിറ്റാ 100 രൂപ ലാഭം. 300 ബുക്ക് വിറ്റാത്തന്നെ ഈയെറക്കണ മുപ്പതിനായിരം തിരിച്ചുകിട്ടില്ലേ.  പിന്നത്തെ 200 ബുക്കിൻ്റെ കാശ് ഇമ്മക്ക് ലാഭക്കാശാ”.

കരിഞ്ഞു പിടിച്ച കറിക്കലം സ്റ്റീലിന്റെ സ്ക്രബർ കൊണ്ട് ചുരണ്ടിയിരുന്ന സൂറാബി പണി നിർത്തി സുക്കൂറിനെ നോക്കി

“നേരാണല്ലോടാ, ഇനിക്ക് ഇതൊന്നും തോന്നില്യാ”

“അതാ പറഞ്ഞെ, ഇതിപ്പോ കവിത ആയോണ്ടാ. കഥയാണെങ്കില് ഡിസീം മാതൃഭൂമിയും കാശില്ലാണ്ട് പുസ്തകാക്കിയേനെ. മ്മള് കായൊന്നും എറക്കണ്ട. ഓര് ക്ക് കഥയ്ക്കാ ഡിമാൻഡ്.”

“എല്ലാ സൂറാത്താ, ഇങ്ങള് എഴുത്ത് കോപ്പി പിഡിഎഫ് ആക്കാൻ കൊടുത്തീനി”

എൻ്റെ സുക്കൂറെ, കോളേജില് പോണോളോട് രണ്ടീസായി പറയുന്നു. ഓള് പറയാ, എനിക്കിപ്പോ ഇതാ പണീന്ന്. നീയന്നെ കൊണ്ടുപോയി ശരിയാക്ക്.”

“നമ്മളെ കവി കെ വി പണിക്കര് ഇതിനൊരു കുറിപ്പ് എഴുതിവച്ചിട്ടുണ്ട്. ആകെയുള്ള കോപ്പി ഓര്ക്ക് കൊടുത്തില്ലേ. ഇപ്പൊ എന്തായാലും ഇങ്ങടേല്ള്ളത് എടുക്ക്. ഞാൻ തന്നെ പിഡിഎഫിന് കൊടുക്കാം”

“സുക്കൂറെ, ഒരു കോപ്പി എനിക്ക് തന്നോളാ ട്ടാ. ഇൻ്റേലു വേറെയില്ല. “

“സൂറത്താ ഏൽപ്പിക്കണ എന്തേലും കാര്യം എടങ്ങാറായിണ്ട. “

മുറ്റത്തെയ്ക്ക് ഇറങ്ങു ന്നതിനിടയിൽ സുക്കൂറ് പറഞ്ഞു. സുറാബീ വീണ്ടും പണിത്തിരക്കുകളിൽ വ്യാപൃതയായി. പതിവില്ലാത്ത ആനന്ദത്തോടെ അവൾ ജോലികൾ തീർത്തു.

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം വൈകുന്നേരം സുക്കൂറ് വന്ന നേരത്താണ് ഇളയോള് ഐഷു ഓടി വന്നു ചോദിച്ചത്.

“ചെറിയുപ്പാ, ഞാനൊരു കവിത ചൊല്യാ ഇങ്ങക്ക് പറയാൻ പറ്റോ ആരട്യാ ന്ന്”

“അതിനു നീ ചൊല്ലെൻ്റെ ഐഷു”

ഓളു ചൊല്ലിയത് എവിടെയോ കേട്ട് മറന്ന വരികൾ. പിന്നെയാണ് മനസ്സിലായത് കുത്തിക്കുറിച്ച പുസ്തകത്തിൽ നിന്ന് പകർത്തിയെടുത്ത് പഠിച്ചതാണെന്ന്. ഓളത് ഭംഗിയായി ചൊല്ലി. കേട്ടപ്പോഴേ മനസ്സ് നിറഞ്ഞു.

സുക്കൂറത് വീഡിയോ എടുത്ത് മജീദ് ക്കയ്ക്ക് അയച്ചു കൊടുത്തു. അപ്പോ തുടങ്ങി മൂപ്പര് പറയണതാ ഇത് പുസ്തകാക്കണം ന്ന്.

സുറാബി പഠിക്കാൻ മിടുക്കിയായിരുന്നു. എന്നാൽ അവളുടെ ബാപ്പ അവളെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിപ്പിക്കാൻ സമ്മതിച്ചില്ല. മജീദിന്റെ ആലോചന വന്നപ്പോൾ കെട്ടിച്ചു കൊടുക്കായിരുന്നു. മജീദിന് അവളെ പഠിപ്പിക്കാൻ വിടണംന്ന്ണ്ടായിരുന്നു. എന്നാൽ അവൻ്റെ ഉമ്മയും ബാപ്പയും അതിന് സമ്മതിച്ചില്ല. അങ്ങനെ കൊഴിഞ്ഞുപോയ സ്വപ്നങ്ങളും മുറിഞ്ഞുപോയ കനവുകളും പെറുക്കിയെടുത്ത് ഒരു കൊച്ചു പുസ്തകത്തിൽ നിറച്ചു വെച്ചതാണ് ഈ കവിതകൾ. ഇനി ആ സ്വപ്നം അടുത്ത് തന്നെ സത്യാവും.

ആനന്ദാതിരേകത്താൽ അടുക്കളയിൽ നിന്നും പുറത്തേക്ക് ഒഴുകിയ കവിതാശകലങ്ങൾ പിന്നാമ്പുറത്ത് കാലും നീട്ടിയിരുന്നു മുറുക്കുന്ന കദീശുമ്മയുടെ അടുത്ത് എത്തിയതും സഡൻ ബ്രേക്കിട്ടു. സ്വർണം പോലെ തിളങ്ങുന്ന ഓട്ടു കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി അടുത്തിരുന്ന് വെറ്റിലയിൽ നൂറു തേയ്ക്കുന്ന ജാനുവിനോട് അവർ പറഞ്ഞു.

“പടച്ച തമ്പുരാനു നിരക്കാത്ത കാര്യങ്ങളാ.  എയുത്തുകാരി ആവാൻ പോണ്. എന്റെ കുടുംബത്തിലൊന്നും ഇങ്ങനെയൊരു കഥ കേട്ടിട്ടില്ല. കവിത്യാത്രെ. എന്തോരം പണിണ്ട് ഈ വീട്ടില്. ഇപ്പൊ എത്ര കറിക്കലം കരിഞ്ഞൂന്നാ. തേച്ചുമിനുക്കി വയ്ക്കട്ടെ. ഇന്നലെ ചായ വെക്കാൻ പാത്രം എടുത്തപ്പോൾ വെള്ളം മുഴുവൻ താഴെ. ഓട്ടയാ. അടുപ്പത്ത് വെച്ച് കിനാവ് കണ്ടുനിന്നാ പാത്രം ഓട്ടയാവില്ലേ”

“എൻ്റോടിണ്ട് ഒരുത്തി. ഡാൻസ് പഠിക്കാൻ നടക്കാ. അരങ്ങേറ്റാത്രേ. മൂത്തോളെ കെട്ടിക്കാറായി. അപ്പഴാ അമ്മേടെ തുള്ളല്. “

“എൻ്റെ ചെക്കനെ പറഞ്ഞാൽ മതിയല്ലോ ഓനൊരു പെൺകോന്തൻ.” ജാനു എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് മുറ്റത്തേക്ക് നീട്ടിത്തുപ്പി.

“ജാനു മുറുക്കണതൊക്കെ കൊള്ളാട്ടോ. മുറ്റത്തേക്ക് തുപ്പണ്ട. ചെക്കൻ കാശ് ചെലവാക്കി ടൈലിട്ടതാ തെങ്ങിൻ്റെ ചോട്ടിലേക്ക് പൊക്കോ”

“അയ്യന്റമ്മോ, നിങ്ങടെ മുറ്റം ഞാനായിട്ട് ചീത്തയാക്കണില്ല , ഞാമ്പോണു”

“നീ പിണങ്ങണ്ട ജാനു നാളെ വരുമ്പോൾ നല്ല തളിര് വെറ്റില ഇത്തിരി കൊണ്ടുവന്നോളാ.”

കദീശുമ്മ മടിക്കുത്തിൽ നിന്നും 50 രൂപ നോട്ടെടുത്ത് നീട്ടി. അപ്പോൾ അവരുടെ കൈവളകൾ ചിരിച്ചു . മടിക്കുത്തിലെ താക്കോൽക്കൂട്ടം ചിലമ്പി. ഒപ്പം കാതിലെ അലക്കുകളും. ജാനുവമ്മയുടെ വെറ്റ മുറുക്കി ചുവന്ന ചുണ്ടുകൾ വിടർന്നു. തിടുക്കത്തിലാ പണം കൈനീട്ടി വാങ്ങി മടിക്കുത്തിൽ ഒളിപ്പിച്ചു അവർ മുറ്റത്തേക്ക് ഇറങ്ങി നടന്നു.

കാത്തുനിന്ന കവിതാശകലങ്ങൾ അടുക്കളയിലേക്ക് പിൻവാങ്ങി. വടക്കേപ്പുറത്ത് കൂടി മുറ്റത്തേക്ക് ഇറങ്ങി.

“എന്തായി സുറാബിയെ നിൻ്റെ പുസ്തകത്തിൻ്റെ കാര്യം” ഗംഗേടത്തി മതിലിനരികിൽ നിന്നും എത്തിനോക്കി

സുക്കൂറു കൊണ്ടോയിട്ടുണ്ട്. കുറിപ്പ് എഴുതീത് ഇന്ന് കിട്ടും. ഏടത്തിക്ക് അറിയോ കെ വി പണിക്കരാ എഴുതുന്നത്. എനിക്ക് വലിയ ഇഷ്ടമാണ് പുള്ളിയുടെ എഴുത്ത്.”

“പെണ്ണേ കോളടിച്ചല്ലോ ചെലവ് ചെയ്യണം” ഗംഗയുടെ പിന്നിയിട്ട നീണ്ട മുടിയിൽ നിറയെ മുല്ലപ്പൂക്കൾ പതിവില്ലാതെ സാരിയാണ് വേഷം.

“ഗംഗേടത്തി എവിടെ പോയിരിക്കുവായിരുന്ന്. ഇവിടെ കണ്ടില്ല”

“ഡാൻസിന്റെ റിഹേഴ്സലുണ്ടായിരുന്നു.” അരങ്ങേറ്റം അടുത്തമാസം കൃഷ്ണന്റെ അമ്പലത്തില് വച്ചിട്ട്”

“എനിക്കിങ്ങടെ ഡാൻസ് കാണാൻ വരാമ്പറ്റില്ലല്ലോ. ഗംഗേടത്തി. ഉമ്മ എന്നെ കൊല്ലും”

“നീയാ വല്യ എഴുത്തുകാരി, ഇതിനൊക്കെ എതിരെയാ കവിത എഴുതുന്നത്. എന്നിട്ട് നിനക്ക് തന്നെ തടവറയാ”

“ഗംഗേടത്തി, എത്ര പാത്രാ അടികരിഞ്ഞത്, രണ്ടെണ്ണം ഓട്ടയായി. എന്തേലും ചെയ്യുമ്പോഴാ ഇങ്ങനെ ചിന്തിച്ചു നിൽക്കുക. കരിഞ്ഞു പിടിക്കുന്നത് അറിയാൻ കൂടി പറ്റണില്ല. എൻ്റുമ്മാനോട് ഇനി എന്നെ കാണാൻ വരുമ്പോൾ പുതിയ പാത്രം കൊണ്ട് വന്നാ മതി ന്നാ മൂപ്പത്തിയാരുടെ പറച്ചില്.”

“ഇത്തിരി ധൈര്യം കാണിക്ക് പെണ്ണേ എഴുത്തിലുമാത്രല്ല”

“ചെലപ്പോ തോന്നും ഒന്നും വേണ്ടാരുന്നൂന്ന് ഗംഗേടത്തീ. ൻ്റെ കുട്ട്യോള് വലുതായി വരാ..  ഓരുക്ക് ജീവിതല്യാണ്ടാവും”

“പിന്നേ, നിൻ്റെ എഴുത്ത് വച്ചല്ലെ ഓരുടെ ജീവിതം വരച്ചേക്കുന്നെ. എൻ്റെ സൂറാബ്യെ അപ്പോ അൻ്റെ പുസ്തകം”

“അത് സുക്കൂറിൻ്റെ നിർബന്ധം. ഇതോടുകൂടി ഞാൻ നിർത്തി”

രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം സുക്കൂറ് വന്നു . സുറാബി ആകാംക്ഷയോടെ അടുത്ത് ചെന്നു.

“കുറിപ്പ് എഴുതി കിട്ടിയിട്ടുണ്ട്. പുസ്തകോം കുറിപ്പും കൂടി അജയനെ ഏൽപ്പിച്ചിട്ടുണ്ട്. കാശിന്റെ കാര്യം എന്തായി? അത് കൊടുത്താലേ അവന്മാര് പണി തുടങ്ങു.. എന്തോരം പണിയാ കിടക്കണേ..  നിങ്ങടെ നല്ല ഫോട്ടോ ഉണ്ടെങ്കിൽ ഒരെണ്ണം എടുത്തു വയ്ക്കീട്ടോ. അക്കാദമീലാവാം പ്രകാശനം. ഇനി പ്രകാശനത്തിന് ആളെ നോക്കണം . മജീദ് ക്കാ അടുത്തമാസം വരുമോ. സൂറാത്തെ “

“വരുംന്ന് പറയണ് “

“നന്നായി…. മ്മക്ക് സിംസൺ സാറിനെ വിളിച്ചാലോ? മാനങ്ങത്തെ. ഞാൻ സൂചിപ്പിച്ചിട്ടുണ്ട് അങ്ങേരാവുമ്പോ നല്ല പബ്ലിസിറ്റി കിട്ടും.”

“പിന്നെ കാട്ടൂരത്തെ സുധാകരൻ സാറിനോടും പറയാം. കായിന്റെ കാര്യം എന്തായി.”

“എനക്ക് പേടിയാവുന്നുണ്ട് ട്ടോ . സുക്കൂറെ, വേണ്ടാന്ന് ഒരു തോന്നൽ.”

“അതെന്താ മജീദ്ക്കാനെ വിളിച്ചപ്പോൾ അയക്കാംന്ന് പറഞ്ഞിരുന്നല്ലോ .”

“ഇക്കാ കാശ് തന്നിട്ടുണ്ട്. പക്ഷേങ്കില് പുസ്തകം വേണ്ട.”

“നിങ്ങളിങ്ങനെ രണ്ടു വഞ്ചിയിൽ നിന്നാ എങ്ങന്വാ. ഇത് നേരത്തെ പറയാർന്നില്ലേ. ഞാനാണെങ്കിൽ എത്ര ആളെ കണ്ടു. കഷ്ടം. നിങ്ങൾ പോയി കാശ് എടുത്തു കൊണ്ടു വരി. നമ്മക്ക് പ്രിന്റ് ചെയ്യിച്ചു വയ്ക്കാന്ന്.
മജീദിക്ക വന്നിട്ട് കവർ പൊളിക്കലും നടത്താം. അപ്പൊ ങക്ക് ധൈര്യാവൂലോ.”

സുറാബി പതിയെ അകത്തു പോയി. അലമാരയിൽ കൈവച്ചപ്പോൾ എന്തെന്നില്ലാത്ത ഒരാവലാതി അവളെ പൊതിഞ്ഞു. കാശെണ്ണി നോക്കി സുക്കൂറു മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവൾ കൈയെഴുത്ത് പ്രതിയെക്കുറിച്ച് ആലോചിച്ചത്.

“സുക്കൂറെ, എൻ്റെ കുത്തിക്കുറിച്ച ബുക്ക്  എവിടെയാ .”

“അതും കൂട്ട്യല്ലെ അജയന് കൊടുത്തത്. പുതിയ ബുക്ക് ഒരു മാസത്തിനുള്ളിൽ കിട്ടും പിന്നെന്തിനാ കുത്തിക്കുറിച്ചത്?”

വാക്കുകളറ്റുപോയ അവൾ നോക്കി നിൽക്കെ സുക്കൂർ പടികടന്നു പോയി.

ഒരു മാസം പോയിട്ട് രണ്ടാഴ്ച പോലും കാത്തിരിക്കേണ്ടി വന്നില്ല. ഡാൻസിന് പോയി വന്ന ഗംഗയാണ് അവളോട് സത്യം പറഞ്ഞത്. സുക്കൂറ് നാടുവിട്ടു പോയെന്ന്.

“സത്യമാണോ ഗംഗേടത്തി?”

 വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും ചോദിച്ചു.

“എന്തിനാ നിൻറെടുത്ത് നുണ പറയണേ . ഓന്റെകൂടെ നമ്മുടെ മനയ്ക്കലെ ആരതിക്കുട്ടിയും പോയിട്ടുണ്ട്. രണ്ടാളും ഇഷ്ടത്തിലായിരുന്നൂന്നാ എല്ലാവരും പറയണത്.”

“പടച്ചോനെ എൻ്റെ കാശ്.”

“നീയോന് കാശുകൊടുത്തോ?”

“കൊടുത്തു ഗംഗേടത്തി.”

“മുഴുവനും.”

“പറഞ്ഞ കാശ് മുഴുവനും കൊടുത്തു.” അവൾ വിങ്ങിപ്പൊട്ടി.

“മണ്ടിപ്പെണ്ണ്, വലിയ എഴുത്തുകാരി. അനക്കിത്ര ബോധല്യാണ്ടായി പോയില്ലോ.”

“സുറാബിയെ, അന്റെ പൊന്നാര അനിയൻ സുക്കൂറ് നാടുവിട്ടു പോയിട്ടാ. നമ്പൂരി പെണ്ണിൻ്റെ കൂട്യാ. ഇനി ഇങ്ങട് വന്നാലും പെരെലിക്ക് കേറ്റണ്ട. പിള്ളേര് ചീത്തയാവും. “

പിറുപിറുത്തു കൊണ്ട് പടി കടന്നുവരുന്ന കദീശുമ്മയെ കണ്ടതും ഒഴുകാൻ തുടങ്ങിയ കണ്ണുനീർ സുറാബിയുടെ കണ്ണിലേക്ക് തന്നെ തിരിച്ചു നടന്നു.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.