സൂര്യകാന്തം

എന്നിലേയ്ക്ക് നീട്ടിയ

നനുത്ത വിരലിൽ

കൊരുത്തിരിക്കുന്ന

നിറമുള്ള ഒരു മൗനം.

കണ്ണുനീരുപ്പളത്തിനു മേൽ

പ്രണയത്തിന്റെ പരവതാനിക്ക്

പച്ചനിറം.

അതിനും മുകളിൽ

നീ നട്ടുനനയ്ക്കുന്ന സൂര്യകാന്തികൾ.

വസന്തത്തിന്റെ ഭ്രൂണങ്ങളും പേറി,

ഇടനെഞ്ചിനൊപ്പമെരിഞ്ഞ

മണൽക്കാടിന്റെ ദൂരങ്ങൾ

താണ്ടിവരുന്ന കാറ്റ്.

മഴ പെയ്യുന്നുണ്ട്,

കല്പനയുടെ ചില്ലുജാലകങ്ങളിലൂടെ

എത്തിനോക്കുന്നത്

കാമനയുടെ തൂവാനം.

ഈറനായ ജാലകപ്പഴുതിലൂടെ

അവളുടെ

ആകാശങ്ങളുടെ അതിർത്തികൾ കടന്ന്

അവന്റെ കാറ്റിന്റെ തേർത്തടത്തിൽ

പ്രതീക്ഷയുടെ വെൺമേഘക്കീറുകൾ.

ഇപ്പോൾ

മഴയൊഴിഞ്ഞ ആകാശത്തിന് ചുവട്ടിൽ

നനവിന്റെ രോമക്കുപ്പായത്തിനുളളിൽ

തുടുത്തു നിൽക്കുന്ന ഭൂമി; നീ

ഗന്ധർവന്റെ വെള്ളിമേഘങ്ങൾക്ക് നേരെ

നീട്ടിയ ആശ്ലേഷത്തിന്റെ വിരൽത്തുമ്പുകളിൽ

കൊരുത്തിരിക്കുന്ന മൗനം.

പ്രണയത്തിന്റെ മഹാഗീതങ്ങൾ പാടുന്ന

നിറമുള്ള മൗനം.

സൂര്യൻ,

അവന്റെ ചൂടുള്ള കരങ്ങൾ

പുൽകിയുണർത്തുന്ന പ്രണയപുഷ്പങ്ങൾ.

നിന്റെ ഉദ്യാനത്തിൽ ഇപ്പോൾ

സൂര്യകാന്തിപ്പൂക്കൾ വിരിയുന്ന സംഗീതം

എറണാകുളം ജില്ലയിലെ കളമ്പൂർ സ്വദേശി. മുൻപ് ദൃശ്യമാധ്യമ രംഗത്ത് സജീവമായിരുന്നു. കുറെ വർഷങ്ങളായി യുണൈറ്റഡ്‌ അറബ് എമിറേറ്റ്സിൽ ജോലി ചെയ്യുന്നു