സൂചിമുനകൾ

ചില വാക്കുകൾ
പൊട്ടിയടർന്ന്
സൂചിമുനകൾ പോലെ
മൂർച്ചയുള്ളതാകുന്നു.

അത്
നരച്ച നിറമുള്ള
അതിർത്തികൾ
തുന്നിയ
കുപ്പായങ്ങളിൽ
നെടുകെയും
കുറുകെയും
തെറ്റുകളുടെ
ചിഹ്നം പതിപ്പിക്കും.

ശരികളുടെ
നേർരേഖകൾ
തുന്നിപ്പിടിപ്പിക്കാൻ
തെരുവുകളിലേക്കിറങ്ങും.

ഇടം നഷ്ടമായവരുടെ
നിറങ്ങളെ അനേകം
നൂലുകൾ കൊണ്ട്
കണ്ണിയടരാതെ
ചേർത്തുകെട്ടും.

സൂചിമുനകൾ
കാലത്തെ
തുന്നിച്ചേർക്കുന്നത്
നിലവിളികളുടെ,
വിശപ്പിൻ്റെ,
പലായനങ്ങളുടെ
കണ്ണീരുവീണ്
തേഞ്ഞടർന്ന പോയ
പാതകളിലും
കൂടിയാണ്.

വാക്കുകളുടെ
കഷ്ണങ്ങൾ ഇത്രയും
മൂർച്ചയുള്ളതാവുന്നത്
കണ്ണീരിൻ്റെ
ഉപ്പുരസത്തിൽ അവ
രാകുന്നതിനാലാവാം

പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. എം ആർ എസ് അട്ടപ്പാടിയിലെ അധ്യാപകനാണ്,