സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍)

മതവും സമൂഹവും ഒരിയ്ക്കലും ശരിയാക്കാനാവാത്ത രണ്ടു വാസ്തവികതകള്‍ ആണ്. ഒന്ന് മറ്റൊന്നിന്റെ ഇരയാണ് എന്നു വേണമെങ്കില്‍ പറയാം. ലോക ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ദുഷ്കരമായ സംഭവ വികാസങ്ങളും അനുഭവങ്ങളും മതത്തിന്റെ മാത്രം സംഭാവനകള്‍ ആയി കരുതാം . ജനന സമയത്തോ വികാസ സമയത്തോ യുക്തിപരമായ കാഴ്ചപ്പാടുകളോ വേവലാതികളോ ഇല്ലാതിരുന്ന സമൂഹത്തില്‍, ആഴത്തിൽ വേരോടിയ അര്‍ബുദമായി മതം നിലനില്‍ക്കുന്നു. ഒന്നിന്റെ വിജയം മറ്റൊന്നിന്റെ ജനനത്തിന് കാരണമാകുന്നു. വേറിട്ട ചിന്താ ഗതികളും ഭാവനയും മേധാവിത്വത്തിന്റെ ത്വരകളും പുതിയ പുതിയ മതങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും ഉണ്ടാകുവാനും അവകള്‍ പ്രാവര്‍ത്തികമാക്കാനോ അധീശത്വം ലഭിക്കുവാനോ ചോര പൊടിയലുകള്‍ക്ക് കളമൊരുങ്ങുകയും ചെയ്തുപോരുന്നു. ഇത് മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കൊപ്പം ഉടലെടുത്തതിനാല്‍ ഇതിന്റെ വേരുകള്‍ അത്രയേറെ ആഴത്തില്‍ താഴ്ന്നു കിടക്കുകയാണ്. രണ്ടായിരം വർഷം മാത്രം പഴക്കമുള്ള ഒരു മതവിശ്വാസമാണ് ക്രൈസ്തവ മതം. എങ്കിലും ഇന്ന് ലോകത്തെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു മതമായി അത് വളര്‍ന്ന് പടര്‍ന്ന് കിടക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചാരണം എല്ലാ ക്രൈസ്തവ വിശ്വാസികളിലും അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ബാധ്യത അല്ല. അതിനായി സഭ കാലാകാലങ്ങളായി സുവിശേഷ പ്രചാരക സംഘങ്ങളെ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. മതങ്ങളുടെ ഉത്ഭവകാലത്ത് അവര്‍ ചിന്തിക്കാതെ പോയ ചില കാര്യങ്ങള്‍ പിന്നീടവര്‍ക്ക് ബുദ്ധിമുട്ടുകളും സമൂഹത്തില്‍ അവമതികളും ഉണ്ടാക്കിയെടുക്കാന്‍ പ്രേരകമാകാറുണ്ട് . ക്രൈസ്തവ സഭയിലെ സുവിശേഷ സംഘങ്ങളുടെ കാര്യത്തിലും ഇത് നമുക്ക് കാണാന്‍ കഴിയും. പുരോഹിത വര്‍ഗ്ഗവും കന്യാസ്ത്രീ വര്‍ഗ്ഗവും അടങ്ങിയ ആ സംഘത്തിന് വൈവാഹിക , ലൈംഗിക ജീവിതത്തോടുള്ള മുഖം തിരിച്ചു നില്ക്കാന്‍ നല്കിയ നിര്‍ദ്ദേശമാണ് അതില്‍ പ്രധാനം. സീസണല്‍ പ്രജനനകേളികള്‍ അല്ല മനുഷ്യവര്‍ഗ്ഗത്തിന്റെ ലൈംഗികത . ആവശ്യത്തിന് ഭക്ഷണം, ഉറക്കം, ആകുലതകള്‍ ഇല്ലായ്മ എന്നീ അവസ്ഥകള്‍ സംജാതമായിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ ചിന്തിക്കുക ശരീരവിശപ്പിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചാകും. സ്ത്രീ ജാതികളെ അപേക്ഷിച്ച് പുരുഷജാതികള്‍ ആയ മനുഷ്യജീവികളിലാണ് ലൈംഗികത അതിശക്തമായ ഒരു വികാരമായി മേല്‍പ്പറഞ്ഞ അനുകൂലനങ്ങള്‍ സാധ്യമായാല്‍ അങ്കുരിക്കുക. അതിനു പുരോഹിതനെന്നോ അധികാരിയെന്നോ ഗുരുവെന്നോ ഉള്ള ഒരു ഒഴിവുകഴിവുകളും ഉണ്ടാകുന്നില്ല. ക്രൈസ്തവ സഭയിലെ പുരോഹിതവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തുടക്കകാലം മുതലേ ഉള്ള ഒരു വസ്തുതയാണ് ലൈംഗിക അരാജകത്വവും ആരോപണങ്ങളും. സ്വവര്‍ഗ്ഗ രതി, ബാല രതി, സ്ത്രീകളോടുള്ള ലൈംഗിക ബന്ധങ്ങള്‍ എന്നിവ പുരോഹിതര്‍ക്കിടയില്‍ സെമിനാരികളിലും പള്ളികളിലും മഠങ്ങളിലും ഒക്കെ നിര്‍ലോഭം നടന്നു വരുന്നുണ്ട്. എല്ലാ പുരോഹിതരും ഇങ്ങനെയാണെന്നോരു പൊതുവത്കരണം ചെയ്യുന്നില്ല. പക്ഷേ ഭൂരിഭാഗവും ഇതിന്റെ ആരോപണ ചുറ്റുവട്ടങ്ങളില്‍ പെടുന്നവരായാണ് കണ്ടു വരുന്നത് . സിസ്റ്റര്‍ ലൂസി കളപ്പുര എന്ന കന്യാസ്ത്രീയായ അധ്യാപിക അനുഭവിച്ച മനോവിഷമങ്ങള്‍ , ശാരീരിക ആക്രമണങ്ങള്‍ ഒക്കെയും അവരുടെ ഭാഷയില്‍ പറയുന്നതു പോലെ എം കെ രാമദാസ് എഴുതിയ പുസ്തകമാണ് കര്‍ത്താവിന്റെ നാമത്തില്‍. മേല്‍പ്പറഞ്ഞ വസ്തുതകളെ ശരിവയ്ക്കുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയുക. പുരോഹിതവര്‍ഗ്ഗം ആത്മീയ കാര്യങ്ങളുടെ ചട്ടക്കൂടുകള്‍ ഉണ്ടാക്കി അതിനുള്ളില്‍ തങ്ങളുടെ ദാസ്യപ്പണിക്കും ശാരീരിക ആവശ്യങ്ങൾക്കും വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ ആണ് കന്യാസ്ത്രീകള്‍ എന്നു കരുതേണ്ടിയിരിക്കുന്നു.

ഇടവകകളില്‍ നിന്നും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ ആത്മീയ വിഷയങ്ങളില്‍ കൂടുതല്‍ അടുപ്പിച്ചുകൊണ്ടു അവരുടെ വീട്ടുകാരെ സ്വാധീനിച്ചു ദൈവ വിളി എന്ന ഓമനപ്പേരില്‍ സഭയിലേക്ക് കൊണ്ട് വരികയും കന്യാസ്ത്രീപട്ടം കൊടുത്തു മഠങ്ങള്‍ക്കു ആളുകൂട്ടുകയും ചെയ്യുന്നത് മതത്തിന്റെ ആഭ്യന്തര വിഷയവും പരസ്യമായ രഹസ്യവും ആണ്. ഇതിനെ തുടര്‍ന്നു അച്ചന്‍ പട്ടം കിട്ടിയ വിത്തുകാളകള്‍ മഠങ്ങൾ തോറും കയറിയിറങ്ങി തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കുന്നു. ആദ്യമായി കന്യാസ്ത്രീയാകുന്ന കുട്ടികളെ നഗ്നരായി മുന്നില്‍ നിര്‍ത്തി ആസ്വദിക്കല്‍, മടിയില്‍ എടുത്തു കിടത്തി ആസ്വദിക്കല്‍, അവരുടെ മുറിയിലേക്ക് എപ്പോ വേണമെങ്കിലും കയറിച്ചെന്നു അവരുടെ ശരീരത്തെ ആക്രമിക്കല്‍ ഇതൊക്കെ പുരോഹിതര്‍ക്ക് അനുവദനീയം എന്നു സഭ കരുതുന്നുണ്ടാകണം. ഇതൊക്കെ അനുവദിക്കപ്പെടേണ്ടതാണ് എന്ന ധാരണ ഈ പെൺകുട്ടികളിലും ചെലുത്തുന്നുണ്ടാകാം. അതുകൊണ്ടാണ് പലരും അതൊക്കെ ആസ്വദിക്കുകയും, ചിലരൊക്കെ അത് കൊണ്ടുള്ള ട്രോമകളില്‍ വീണു ജീവിതം മുഴുവന്‍ ഭയന്നും വിഷമിച്ചും ജീവിക്കുന്നതും ചിലരൊക്കെ ജലസമാധികള്‍ ആകുന്നതും എന്നു കരുതാതെ വയ്യ. സിസ്റ്റര്‍ ലൂസി അത്തരം മൂന്നോ നാലോ അവസരങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നതും, ചിലതൊക്കെ അവര്‍ കൂടി ആസ്വദിക്കുകയും അതൊരു വലിയ കാര്യമായി എടുക്കാതെ മനസ്സിനെ ലളിതവത്കരിച്ചു സ്വയം സമാശ്വസിക്കുകയും ചെയ്തതായി പറയുന്നുണ്ട് പുസ്തകത്തില്‍. കന്യാസ്ത്രീകള്‍ക്കിടയില്‍ ഉള്ള സ്വവര്‍ഗ്ഗ രതിയും ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ടതുണ്ട്. കാരണം അത്തരം ഒരു അനുഭവത്തിലും വിനീതമായി അതിനു വഴങ്ങിക്കൊടുക്കുന്ന സിസ്റ്റര്‍ ലൂസിയെ അവര്‍ സ്വയം വെളിപ്പെടുത്തുന്നുണ്ട് .

ആത്മീയതയുടെ പുതപ്പ് അണിയാനും അതിന്റെ സുഖം ആസ്വദിക്കാനും ഒരധ്യാപിക കൂടിയായ സിസ്റ്റര്‍ ലൂസിക്ക് വലിയ ആകാംഷയും ആഗ്രഹവും ഉണ്ടായിരുന്നു. ഒരു വാഴ്ത്തപ്പെട്ടവളുടെ ഭാവികാലത്തെ സ്വപ്നം കണ്ടുകൊണ്ട് സാന്ത്വന ചികിത്സകള്‍ നടത്തിയ സംഭവങ്ങൾ വിവരിക്കുന്ന സിസ്റ്ററെ ഇതില്‍ കാണാം . ഒരു വിനീത വിധേയയുടെ മനസ്സും പ്രവര്‍ത്തിയും അടിസ്ഥാന സ്വഭാവമായി നിലനിര്‍ത്തിക്കൊണ്ട് തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ , കടന്നു കയറ്റങ്ങളില്‍ പ്രതികരിക്കാതെ , അല്ലെങ്കില്‍ ദുര്‍ബ്ബലമായി പ്രതികരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു കന്യാസ്ത്രീ അതേസമയം മറ്റ് കന്യാസ്ത്രീകളുടെ സമാന പ്രശ്നങ്ങളില്‍ , അവയോടനുബന്ധിച്ചുള്ള പ്രക്ഷോഭങ്ങളില്‍ ഒക്കെ പങ്കെടുക്കുന്നതും മറ്റും കാണാം . തന്റെ ആത്മീയതയില്‍ ഊന്നിയുള്ള സാമൂഹ്യ സേവനങ്ങളില്‍ സഭ അനുവദിക്കാതെ പോകുന്നതും തന്റെ ആവശ്യങ്ങളെ തടയുകയും ചെയ്യുന്നതാണ് സിസ്റ്റര്‍ ലൂസി സഭയോടു സമരം ചെയ്യാനുള്ള കാരണമായി ഈ പുസ്തകത്തില്‍ ഉടനീളം പറയുന്നതു എന്നു കാണാം . ആ നിലയ്ക്ക് അവര്‍ കുറച്ചുകൂടി സത്യസന്ധയായി നിന്നുകൊണ്ടു , ഒരു സിസ്റ്റത്തിന്റെ പോരായ്മകളെ എടുത്തുപറയുകയും അതിനെ നവീകരിക്കുവാന്‍ വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ നടക്കാനും ആശിക്കുന്നത് വളരെ നല്ലൊരു നിലപാട് തന്നെയാണ്. തുറന്നു പറച്ചിലുകളുടെ , സ്വയം വിമര്‍ശനങ്ങളുടെ പുതിയ കഥകള്‍ വരട്ടെ ആത്മീയ മൂടുപടങ്ങള്‍ക്കിടയില്‍ നിന്നും ഇനിയുമിനിയും. എങ്കില്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ. പുരോഹിതന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹവും, ലൈംഗിക സ്വാതന്ത്ര്യവും നല്കാനും കാഴ്ചപ്പാടുകള്‍ മാറ്റാനും സഭ തീരുമാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കാലത്തോളം ഇത്തരം തുറന്നുപറച്ചിലുകളും പ്രതിക്ഷേധങ്ങളും സമൂഹത്തില്‍ കാഴ്ചകള്‍ ആയി നില്ക്കും എന്നു പറയേണ്ടി വരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍)
എം കെ രാമദാസ്
ഡി സി ബുക്സ്
വില : 252 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.