
എന്തൊരു വേഗമെന്ന്
കൗതുകം തൂവി
കുന്നത്തങ്ങാടി
നീളത്തിൽ വളർന്നു..
വളർന്നു വളർന്ന്
പുതുമോടിയായി..
എന്നിട്ടും പല്ലടർന്നതല്ലാതെ
സിദ്ധിയമ്മക്ക് മാറ്റമേയില്ല..
അങ്ങാടിയുടെ വളർച്ചക്കൊപ്പം
വലിയൊരു ബസ്റ്റാന്റു വന്നു..
ഏതെക്സ്പ്രസും നിറുത്തുമിടം..
ആളനക്കം പിന്നെ അവിടെയായി..
അതുവരെ ബസ്സുകാത്തു നിന്ന
ബസ്സ്റ്റോപ്പിൽ ആളൊഴിഞ്ഞു..
സിദ്ധിയമ്മ പിന്നെ
അവിടെ പൊറുതിയായി.
ആധാരമെഴുത്താപ്പീസിന്റെ
തിണ്ണയിലായിരുന്നു അതുവരെ..
ഇടവിട്ട ദിവസങ്ങളിൽ
ഏതെങ്കിലുമൊരു വീട്ടുമുറ്റത്ത്
സിദ്ധിയമ്മ ചെന്നിരിക്കും;
ഒരു ഗ്ലാസ് അരിക്കൊപ്പം
പച്ചക്കറിയെന്തെങ്കിലും
സഞ്ചിയിലിട്ട്കൊടുക്കുംവരേ..
ബസ്സ്റ്റോപ്പിൽ അടുപ്പുകൂട്ടി
അവ പാകപ്പെടുത്തി,
ഒരു ദിവസം ഒറ്റ ആഹാരം!
രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ
പുഴക്കരയിൽ
അലക്കിയ തുണികളാറാനിട്ട്,
കുളിയുംകഴിഞ്ഞ് വെയിൽകായും…
കാണുമ്പോഴൊക്കെ നാട്ടുകാർ
സിദ്ധിയമ്മേന്ന് സ്നേഹിക്കും..
അമ്മെടെ മുത്തേന്നവർ
തിരിച്ചും സ്നേഹിക്കും..
എന്നിട്ടും…..
ഒരുനാൾ സിദ്ധിയമ്മ
ഉറക്കമുണർന്നില്ല!!
ഇനി ഉണരുകയില്ലെന്ന്..
ചുടുകാട്ടിൽ അനാഥയായി
സിദ്ധിയമ്മ
അവസാനമായി
കുളിപ്പിക്കാൻ,
അണിയിച്ചൊരുക്കി
യാത്രയാക്കാൻ
അമ്മെടെ മുത്തേ
എന്ന വിളിയിൽ
വിളികേട്ടവരാരും
ആ വഴി വന്നതേയില്ല..
ഒടുവിൽ
ഒരമ്മ അലക്കാനിട്ട
തുണികൾ
പുഴക്കരയിലിട്ട്
സിദ്ധിയമ്മയെ കുളിപ്പിച്ചൊരുക്കി..
കുന്നത്തങ്ങാടി
പിന്നെയും വളർന്നു,
കെട്ടിടങ്ങളുയർന്നു,
നിരത്തുകൾക്ക് വീതിയേറി,
സിദ്ധിയമ്മയേ പോലെ
ബസ്സ്റ്റോപ്പും അപ്രത്യക്ഷമായി…
ഓർമകളെ ഉള്ളിലൊതുക്കി
നിരത്ത് നീണ്ടുകിടന്നു,
സിദ്ധിയമ്മ ഉറങ്ങും പോലെ.








